ഓപ്പണര്‍മാര്‍ പോയി, ഞെട്ടി രാജസ്ഥാന്‍ റോയല്‍സ്; പ്രതീക്ഷയോടെ സഞ്ജു ക്രീസില്‍

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 178 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന് മോശം തുടക്കം. മുഹമ്മദ് ഷമിയുടെ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രം നേടിയ രാജസ്ഥാന് ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ രണ്ടാം ഓവറില്‍ യശസ്വി ജയ്‌സ്വാളിനെ നഷ്‌ടമായി. ഏഴ് പന്തില്‍ ഒരു റണ്ണെടുത്ത താരത്തെ ശുഭ്‌മാന്‍ ഗില്‍ പിടികൂടുകയായിരുന്നു. ഷമി വീണ്ടും പന്തെടുത്തപ്പോള്‍ മൂന്നാം ഓവറിലെ അ‌ഞ്ചാം പന്തില്‍ ബട്‌ലര്‍ പൂജ്യത്തില്‍ മടങ്ങി. അഞ്ച് പന്ത് നേരിട്ടിട്ടും ബട്‌ലര്‍ അക്കൗണ്ട് തുറന്നില്ല. ഇതോടെ 2.5 ഓവറില്‍ 4-2 എന്ന നിലയില്‍ രാജസ്ഥാന്‍ പ്രതിരോധത്തിലായി. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ സഞ്ജു സാംസണും(4*), ദേവ്‌ദത്ത് പടിക്കലും(19*) ക്രീസില്‍ നില്‍ക്കേ രാജസ്ഥാന്‍ 6 ഓവറില്‍ 26-2 എന്ന നിലയിലാണ്. നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് 20 ഓവറില്‍ 7 വിക്കറ്റിന് 177 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ 45 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അവസാന ഓവറുകളില്‍ മിന്നലാടിയ ഡേവിഡ് മില്ലറും അഭിനവ് മനോഹറും ഗുജറാത്തിന് മികച്ച സ്കോര്‍ ഉറപ്പിച്ചു. മില്ലര്‍ 30 പന്തില്‍ 46 ഉം മനോഹര്‍ 13 പന്തില്‍ 27 ഉം നേടി. സന്ദീപ് ശര്‍മ്മ നാല് ഓവറില്‍ 25ന് രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ട്രെന്‍ഡ് ബോള്‍ട്ടും ആദം സാംപയും യുസ്‌വേന്ദ്ര ചഹലും ഓരോരുത്തരെ മടക്കി. ടൈറ്റന്‍സിന്‍റെ നന്ദി മില്ലറിനും അഭിനവിനും

കളി തുടങ്ങി മൂന്നാം പന്തില്‍ തന്നെ വൃദ്ധിമാന്‍ സാഹയെ(3 പന്തില്‍ 4) ട്രെന്‍ഡ് ബോള്‍ട്ട് കൂട്ടിയിടിക്കൊടുവില്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയിരുന്നു. ഇതിന് ശേഷം അഞ്ചാം ഓവറില്‍ ടീം സ്‌കോര്‍ 32ല്‍ നില്‍ക്കേ സായ് സുദര്‍ശനെ(19 പന്തില്‍ 20) ബട്‌ലര്‍-സഞ്ജു സഖ്യം റണ്ണൗട്ടാക്കി. ഐപിഎല്‍ കരിയറില്‍ 2000 റണ്‍സ് തികച്ച് മുന്നേറുകയായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ(19 പന്തില്‍ 28) യുസ്‌വേന്ദ്ര ചഹല്‍, യശസ്വി ജയ്‌സ്വാളിന്‍റെ കൈകളില്‍ എത്തിച്ചതോടെ ഗുജറാത്ത് 10.3 ഓവറില്‍ 91-3. 16-ാം ഓവറില്‍ ടീം സ്കോര്‍ 121ല്‍ നില്‍ക്കേ ഗില്ലിനെ(34 പന്തില്‍ 45) സന്ദീപ് ശര്‍മ്മ, ബട്‌ലറുടെ കൈകളിലെത്തിച്ചു. ഇതിന് ശേഷം ഡേവിഡ് മില്ലറും അഭിനവ് മനോഹറുമാണ് ഗുജറാത്തിനെ മികച്ച സ്കോറിലെത്തിച്ചത്. 

13 പന്തില്‍ മൂന്ന് സിക‌്‌സുകളുടെ സഹായത്തോടെ 27 റണ്‍സ് നേടിയ മനോഹറിനെ ആദം സാംപയുടെ 19-ാം ഓവറിലെ അവസാന പന്തില്‍ ദേവ്‌ദത്ത് പടിക്കല്‍ പിടികൂടി. സന്ദീപ് ശര്‍മ്മയുടെ അവസാന ഓവറില്‍ രണ്ട് പന്ത് അവശേഷിക്കേ ഡേവിഡ് മില്ലര്‍(30 പന്തില്‍ 46), ഷിമ്രോന്‍ ഹെറ്റ്‌മെയറുടെ ക്യാച്ചില്‍ മടങ്ങി. മില്ലര്‍ മൂന്ന് ഫോറും രണ്ട് സിക്‌സും പേരിലാക്കി. തൊട്ടടുത്ത പന്തില്‍ റാഷിദ് ഖാന്‍(1) റണ്ണൗട്ടായി. രാഹുല്‍ തെവാട്ടിയയും(1*), അല്‍സാരി ജോസഫും(0*) പുറത്താവാതെ നിന്നു