വീടിന്റെ പറമ്പിൽ കെണിവെച്ച് വന്യമൃഗങ്ങളെ പിടികൂടി ഇറച്ചിയാക്കി വില്പന നടത്തും; യുവാവ് അറസ്റ്റിൽ

കെണിവെച്ച് വന്യമൃഗങ്ങളെ പിടികൂടി ഇറച്ചിയാക്കി വിൽക്കുന്ന യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. വട്ടപ്പാറ ചിറമുക്ക് പൂവത്തൂർ കൊച്ചുവീട്ടിൽ അജേഷ് കുമാറിനെയാണ് (37) വട്ടപ്പാറ പൊലീസ് പിടികൂടിയത്.ചിറമുക്ക്, വട്ടപ്പാറ, നരിക്കൽ തുടങ്ങിയ സ്ഥലങ്ങളിലെ വന്യമൃഗങ്ങളെയാണ് ഇയാൾ കെണിവെച്ച് പിടികൂടി ഇറച്ചിയാക്കി വിറ്റിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡിവൈ.എസ്.പി ബൈജുകുമാറും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വന്യമൃഗങ്ങളെ പിടികൂടാനായി ഇയാളുടെ വീടിന്റെ പറമ്പിലും മറ്റ് പലയിടത്തും വ്യാപകമായി കെണിയും കുരുക്കും സ്ഥാപിച്ചിട്ടുണ്ടെന്ന് വട്ടപ്പാറ പൊലീസ് പറയുന്നു. വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങളും പൊലീസിന് ലഭിച്ചിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് വട്ടപ്പാറ പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയത്.