ഭാര്യയെ കാണാനില്ല, പരാതിയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ, അന്വേഷണം; ഭാര്യ കാമുകനായ പൊലീസുകാരനൊപ്പം മൂന്നാറിൽ!

മൂന്നാർ: ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്‍റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി ഇടുക്കി ജില്ലക്കാരനായ ഒരു പൊലീസുകാരനുമായി മൂന്നാറിൽ ഉള്ളതായി കണ്ടെത്തി. ഇരുവരെയും പിടികൂടുന്നതിനായി ഇന്നലെ പൊലീസ് മൂന്നാറിൽ വ്യാപകമായി പരിശോധന നടത്തിയെങ്കിലും മൂന്നു തവണ പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

നെടുമ്പാശ്ശേരി സ്വദേശിനിയും രണ്ടു മക്കളുടെ അമ്മയുമായ യുവതിയെ കാണാനില്ലെന്ന ഭർത്താവിന്‍റെ പരാതിയെത്തുടർന്നാണ് പൊലീസ് എല്ലാ സ്റ്റേഷനുകളിലേക്കും അറിയിപ്പുനൽകിയത്. കാമുകനായ മുട്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥനൊപ്പമാണ് യുവതി കടന്നതെന്നാണ് അന്വേഷണത്തിൽ കണ്ടത്തിയത്. ടവർ ലൊക്കേഷനിൽ ഇരുവരും മൂന്നാറിലുള്ളതായി കണ്ടെത്തിയതോടെയാണ് എസ് ഐ അജേഷ് കെ ജോണിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. മറയൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുള്ള ആളാണ് പൊലീസുകാരൻ. പൊലീസ് എത്തിയെന്ന് മനസിലാക്കിയ ഇയാൾ അവിടുന്നും മുങ്ങിയോ എന്ന സംശയത്തിലാണ് പൊലീസ്.
അതേസമയം പൊലീസിനെ വെട്ടിച്ച് കടന്നുകളയുന്നതിനിടെ ഇന്നലെ രാത്രി പഴയ മൂന്നാർ ഹൈഡൽ പാർക്കിലെത്തിയ ഇവർ സഞ്ചരിച്ചിരുന്ന വാഹനം പാർക്കിലെ വിലപിടിപ്പുള്ള കളി ഉപകരണങ്ങൾ ഇടിച്ചു തകർത്തിരുന്നു. പാർക്കിലെ സാമഗ്രികൾ തകർത്തതിന് മൂന്നാർ പൊലീസ് കേസെടുത്തിട്ടുണ്ട്.