ഹെലികോപ്റ്ററിന് സമീപം സെൽഫി എടുക്കുന്നതിനിടെ ഉത്തരാഖണ്ഡ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്ററിന് സമീപം സെൽഫി എടുക്കുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് അതോറിറ്റിയിലെ ഫിനാൻഷ്യൽ കോൺട്രോളറായ ജിതേന്ദ്ര സൈനിയാണ് മരണപ്പെട്ടത്. ഇന്ന് ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഹെലിപ്പാഡിൽ സ്ഥിതിചെയ്തിരുന്ന ഹെലികോപ്റ്ററിന് സമീപം സെൽഫി എടുക്കാൻ ശ്രമിക്കവെയാണ് മരണപ്പെട്ടത്. സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ സൈനി ഹെലികോപ്റ്ററിന്റെ കറങ്ങുന്ന ടെയിൽ റോട്ടർ ബ്ലേഡിന്റെ അടുത്തേക്ക് വരുകയായിരുന്നു.അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ഗംഗോത്രിയിലേക്കും യമുനോത്രിയിലേക്കും പ്രവേശനം അനുവദിച്ചിരുന്നു. അക്ഷയ തൃതീയയിൽ നടക്കുന്ന ചാർ ധാം യാത്ര കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. 16 ലക്ഷത്തിലധികം തീർത്ഥാടകർ ഇതിനകം തീർഥാടനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, തീർത്ഥാടനത്തിനായി കേദാർനാഥ് ഏപ്രിൽ 25 നും ബദരീനാഥ് ഏപ്രിൽ 27 നും തുറക്കും.