മട്ടന്നൂർ സ്വദേശി റഹ്മത്ത്, ഇവരുടെ സഹോദരി പുത്രി രണ്ട് വയസുകാരി സഹറ എന്നിവര്‍ക്കൊപ്പം മട്ടന്നൂർ സ്വദേശി നൗഫിക്ക് എന്നയാളും മരിച്ചിരുന്നു. ട്രെയിൻ വേഗത കുറക്കുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയതാണ് മരണത്തിന് കാരണമായതെന്നാണ് പൊലീസ് കരുതുന്നത്. റെയിൽവേ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് വയസുകാരി സഹറയുടെ ഉമ്മ കോഴിക്കോട്ട് പഠിക്കുകയാണ്. ഇവിടെ നിന്ന് കുഞ്ഞുമായി കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു റഹ്മത്ത്. മരിച്ച നൗഫീഖ് ആക്കോട് നോമ്പു തുറ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. കോഴിക്കോട് നിന്നാണ് ഇയാൾ ട്രെയിൻ കയറിയത്. മൂന്നുപേരുടെയും മൃതദേഹങ്ങൾ എലത്തൂർ കോരപ്പുഴ പാലത്തിന് സമീപമുള്ള റെയിൽവേ പാളത്തിലാണ് ഇന്ന് പുലർച്ചെ കണ്ടെത്തിയത്. അതേസമയം, മരിച്ച മട്ടന്നൂർ സ്വദേശി റഹ്മത്തിന്റയും കോടോളിപ്രം സ്വദേശി നൗഫീഖിന്റെയും മൃതദേഹം ഖബറടക്കി. റഹ്മത്തിന്റെ മൃതദേഹം പാലോട്ട് പള്ളി ഖബർസ്ഥാനിലും നൗഫിഖിന്റെ മൃതദേഹം എടയന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിലും ആണ് ഖബറടക്കിയത്.