അവസാന ഓവറിൽ സഞ്ജുപ്പട വീണു. ബാംഗ്ലൂർ വിജയം 7 റൺസിന്.

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഒരു ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 റൺസിന്റെ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ബാംഗ്ലൂരിനായി ബാറ്റിംഗിൽ മാക്സ്വെല്ലും ഡുപ്ലസീസും തിളങ്ങിയപ്പോൾ ബോളിങ്ങിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഹർഷൽ പട്ടേൽ മികച്ച പ്രകടനം നടത്തുകയായിരുന്നു. പലപ്പോഴും ടൂർണമെന്റിൽ വമ്പൻ സ്കോറുകൾ പ്രതിരോധിക്കാൻ സാധിക്കാതെ വന്ന ബാംഗ്ലൂരിന് വലിയ ആശ്വാസം തന്നെയാണ് റോയൽസിനെതിരായ വിജയം.ടോസ് നേടിയ രാജസ്ഥാൻ മത്സരത്തിൽ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിയെ(0) ട്രെന്റ് ബോൾട്ട് വീഴ്ത്തി. പിന്നീടെത്തിയ അഹമ്മദും(2) പെട്ടെന്ന് തന്നെ കൂടാരം കയറുകയുണ്ടായി. എന്നാൽ നാലാം വിക്കറ്റിൽ ഡുപ്ലസീസും മാക്സ്വെല്ലും ബാംഗ്ലൂരിന്റെ നട്ടെല്ലായി. ഇരുവരും നാലാം വിക്കറ്റിൽ 127 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി. ഇതോടെ ബാംഗ്ലൂർ മത്സരത്തിൽ ആധിപത്യം നേടി. മാക്സ്വെൽ 44 പന്തുകളിൽ 6 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെടെ 77 റൺസ് നേടി. ഡുപ്ലസിസ് 39 പന്തുകളിൽ 8 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെടെ 62 റൺസ് ആണ് നേടിയത്. എന്നാൽ ഇരുവരും പുറത്തായതിനു ശേഷം ക്രീസിലെത്തിയ ഒരു ബാറ്റർക്ക് പോലും നിലയുറപ്പിക്കാൻ സാധിച്ചില്ല. ഇതോടെ ബാംഗ്ലൂർ അവസാന ഓവറുകളിൽ പതറുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 189 റൺസാണ് ബാംഗ്ലൂർ നേടിയത്.മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ആദ്യം തന്നെ വലിയ തിരിച്ചടി ലഭിക്കുകയുണ്ടായി. സ്റ്റാർ ഓപ്പണർ ജോസ് ബട്ലറെ മുഹമ്മദ് സിറാജ് ആദ്യം തന്നെ വീഴ്തുകയുണ്ടായി. എന്നാൽ മൂന്നാം വിക്കറ്റിൽ ജെയിസ്വാളും പടിക്കലും ക്രീസിൽ ഉറച്ചതോടെ രാജസ്ഥാന് പ്രതീക്ഷകൾ വർദ്ധിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ സംയമനപൂർവ്വം ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തു. 98 റൺസ് സ്കോർബോർഡിൽ ചേർത്ത ശേഷമായിരുന്നു ഇരുവരും മടങ്ങിയത്. പടിക്കൽ 34 പന്തുകളിൽ 52 റൺസും ജയ്സ്വാൾ 37 പന്തുകളിൽ 47 റൺസും നേടി. എന്നാൽ ഇരുവരും ചെറിയ ഇടവേളയിൽ കൂടാരം കയറിയതോടെ രാജസ്ഥാൻ തകരുമെന്ന് തോന്നി.നാലാമനായി ക്രീസിലെത്തിയ സഞ്ജു സാംസണ്(22) മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാൻ സാധിച്ചില്ല. അങ്ങനെ രാജസ്ഥാന് അവസാന 3 ഓവറുകളിൽ വിജയിക്കാൻ വേണ്ടത് 45 റൺസ് ആയിരുന്നു. എന്നാൽ 18ആം ഓവറിൽ ഹെറ്റമെയ്ർ പുറത്തായതോടെ രാജസ്ഥാൻ പ്രതീക്ഷകൾ മങ്ങി. പക്ഷെ ധ്രുവ് ജൂറൽ ഒരു വശത്ത് ഉറച്ചു. അവസാന ഓവറിൽ രാജസ്ഥാന് ആവശ്യം 20 റൺസായിരുന്നു. അവസാന ഓവറിൽ ഹർഷൽ പട്ടേലിനെതിരെ 2 ബൗണ്ടറികൾ അശ്വിൻ നേടിയെങ്കിലും രാജസ്ഥാന് വിജയത്തിലേക്ക് അടുക്കാൻ സാധിച്ചില്ല. അവസാന 2 പന്തുകളില്‍ 10 റണ്‍ വേണമെന്നിരിക്കെ മലയാളി താരം അബ്ദുള്‍ ബാസിത് ക്രീസില്‍ എത്തിയെങ്കിലും സിംഗിള്‍ മാത്രമാണ് നേടാനായത്.മത്സരത്തിൽ 7 റൺസുകളുടെ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്.