ഒരു ദിനം 6050 പുതിയ രോഗികൾ; കൊവിഡ് കേസുകൾ കൂടുന്നു, പോസിറ്റിവിറ്റി നിരക്കും! മാസ്ക്ക് നിർബന്ധമാക്കി സിക്കിം

ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതിൽ ആശങ്ക. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നതോടെയാണ് ആശങ്ക വർധിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 6050 പേർക്കാണ്. കൊവിഡിനൊപ്പം തന്നെ പോസിറ്റിവിറ്റി നിരക്കും കൂടുന്നുണ്ട്. 3.39 ശതമാനം ആണ് നിലവിലെ പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിലെ ആശങ്ക ചർച്ചചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഇന്ന് ആരോഗ്യ മന്ത്രിമാരുടെ യോഗം ചേരും. അതിനിടെ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സിക്കിമിൽ മാസ്ക് നിർബന്ധമാക്കി. 7 ശതമാനമാണ് സിക്കിമിലെ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക്.