വിഴിഞ്ഞം തുറമുഖവും ഔട്ടർ റിംഗ് റോഡും മുന്നോട്ട് വെയ്ക്കുന്ന നിക്ഷേപക സാധ്യതകൾ ഉപയോഗപ്പെടുത്താൻ കാട്ടാൽ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കൗൺസിൽ (കെ.ഐ.ഡി.സി) സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമം കേരളത്തിലെ 140 നിയോജക മണ്ഡലങ്ങൾക്കും മാതൃകയാകുമെന്ന് ഐ.ബി സതീഷ് എം.എൽ.എ. മെയ് അഞ്ചിന് നടക്കുന്ന നിക്ഷേപക സംഗമത്തിന്റെ കൂടിയാലോചനയ്ക്കായി ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ നേതൃത്വത്തിൽ കളക്ടറുടെ ചേംബറിൽ യോഗം ചേർന്നു. വ്യവസായ വകുപ്പും കെ.ഐ.ഡി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലൂടെ അന്താരാഷ്ട്ര നിക്ഷേപകരെയടക്കം കാട്ടാക്കടയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. മുന്നോടിയായി മണ്ഡലത്തിൽ ഒഴിഞ്ഞു കിടക്കുന്നതും നിക്ഷേപങ്ങൾ തുടങ്ങാൻ കഴിയുന്നതുമായ ഭൂമി കണ്ടെത്തി ലാന്റ് ബാങ്ക് തയാറാക്കും. ഭൂവുടമകളുമായി ചർച്ച നടത്തി ഇവരെ നിക്ഷേപക സംഗമത്തിന്റെ ഭാഗമാക്കുമെന്നും എം.എൽ.എ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുന്ന സെമിനാറുകളും ഇതിൽ ഉൾപ്പെടുത്തും.
അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം മണ്ഡലത്തിൽ നിലവിലും ഭാവിയിലുമുളള നിക്ഷേപ സൗഹൃദ അന്തരീക്ഷവും, സാധ്യതകളും നിക്ഷേപകർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നതിനാണ് സംസ്ഥാനത്ത് ആദ്യമായി ഇത്തരത്തിൽ നിക്ഷേപക സംഗമം നടത്തുന്നത്. കാർഷിക-അനുബന്ധ, വിവര സാങ്കേതികവിദ്യ, വിനോദസഞ്ചാരം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലും വിഴിഞ്ഞം തുറമുഖത്തിലൂടെയും കാട്ടാക്കടയ്ക്കുണ്ടാകുന്ന വികസന സാധ്യതകൾ പരിചയപ്പെടുത്തുന്ന വിഷൻ കാട്ടാക്കട പദ്ധതിയുടെ ഭാഗമാണിത്. വിഴിഞ്ഞം തുറമുഖത്തിന് സമീപ പ്രദേശമെന്ന നിലയിൽ തുറമുഖം പ്രവർത്തന സജ്ജമാകുമ്പോൾ ഉണ്ടാകാവുന്ന വികസന സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താൻ കാട്ടാക്കടയ്ക്ക് കഴിയും. മണ്ഡലത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്ന നിർദ്ദിഷ്ട ഔട്ടർ റിംഗ് റോഡ് കാട്ടാക്കടയിലേക്കുള്ള ഗതാഗതവും സുഗമമാക്കുന്നു. ഔട്ടർ റിംഗ് റോഡിന് ചുറ്റും അന്താരാഷ്ട്ര മാതൃകയിൽ നിർമിക്കാനുദ്ദേശിക്കുന്ന സാമ്പത്തിക ഇടനാഴിയും അനന്തമായ നിക്ഷേപ സാധ്യതകളാണ് തുറന്നിടുന്നത്. ഇത് പരമാവധി പ്രയോജനപ്പെടുത്താനായി നിരവധി നിക്ഷേപകരെ സംഗമത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും സഹായത്തോടെ പരമാവധി നിക്ഷേപ സാധ്യതകൾ കണ്ടെത്താനും യോഗത്തിൽ തീരുമാനമായി. നിക്ഷേപക സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തണമെന്നും കളക്ടർ നിർദ്ദേശം നൽകി.
ലാൻഡ് യൂസ് ബോർഡ് കമ്മിഷണർ നിസാമുദ്ദീൻ, സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.
#ഒരുമയോടെtvm #orumayodetvm