സാങ്കേതിക സർവകലാശാലയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണം രണ്ടുമാസത്തിനുള്ളിൽ ആരംഭിക്കും. സർവകലാശാല ആസ്ഥാനത്തിന് സമീപത്തായി തിരുവനന്തപുരം എൻജിനിയറിംഗ് സയൻസ് ആൻഡ് ടെക്‌നോളജി പാർക്ക് (ട്രെസ്റ്റ് പാർക്ക്) നിർമിക്കും. ഇതിന്റെ ഭാഗമായാണ് 68 ഭൂവുടമകളുടെ 50 ഏക്കർ ഭൂമി രണ്ടാംഘട്ടമായി ഏറ്റെടുത്തത്. 136 ഭൂവുടമകളുടെ 50 ഏക്കർ ഭൂമി ആദ്യഘട്ടത്തിൽ സർവകലാശാലയ്ക്ക് കഴിഞ്ഞ വർഷം കൈമാറിയിരുന്നു. മദ്രാസ് ഐ.ഐ.ടി പാർക്കിന്റെ മാതൃകയിലുള്ള വ്യവസായ ഗവേഷണ പാർക്കാണ് പണിയുന്നത്.
21 വീടുകൾ ഉൾപ്പെടുന്ന ഭൂമിയാണ് സർവകലാശാല ഏറ്റെടുത്തത്. കിഫ്ബി വഴി 190 കോടി രൂപയാണ് നഷ്ടപരിഹാരമായി രണ്ടാംഘട്ടത്തിൽ നൽകുന്നത്. നഷ്ടപരിഹാരം ഒരാഴ്ചക്കുള്ളിൽ ഭൂവുടമകളുടെ അക്കൗണ്ടുകളിലെത്തും. ആദ്യഘട്ടത്തിൽ 184 കോടി രൂപയുടെ നഷ്ടപരിഹാരം, സർവകലാശാല നൽകി. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമ പ്രകാരം അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് നഷ്ടപരിഹാരം കണക്കാക്കിയത്. വസ്തുവിന്റെ വില, അതിന്റെ സൊലേഷ്യം, മരങ്ങളുടെ വില, കെട്ടിടങ്ങളുടെയും ചമയങ്ങളുടെയും വില, കിടപ്പാടവും തൊഴിലും നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം എന്നിവയുൾപ്പെടെയാണ് നഷ്ടപരിഹാരം നൽകുന്നത്.