കിണറ്റിൽ വീണ കരടി ചത്തു; വെള്ളത്തിൽ കിടന്നത് 50 മിനിറ്റ്; പാകപ്പിഴ പറ്റിയെന്ന് മയക്കുവെടിവച്ച ഡോക്ടർ

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്തു. 50 മിനിറ്റിന് ശേഷമാണ് വെള്ളത്തിൽ വീണ കരടിയെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. 9.25 മണിയോടെ മയക്കുവെടിയേറ്റ കരടി ആഴമുള്ള കിണറിൽ മുങ്ങിത്താഴുകയായിരുന്നു. വലയിൽ വലിച്ചുകയറ്റാനുള്ള ശ്രമത്തിനിടെയാണ് കരടി വെള്ളത്തിലേക്ക് വീണത്.
വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിലാണ് വീണത്. കോഴികളെ പിടിക്കാന്‍ വന്ന കരടി, ആളുകളുടെ ശബ്ദം കേട്ട് ഭയന്നോടുന്നതിനിടെ 20 അടി താഴ്ചയുള്ള കിണറ്റില്‍ വീഴുകയായിരുന്നു. കരടിയെ പുറത്തെടുക്കുന്നതില്‍ പാകപ്പിഴ പറ്റിയെന്ന് മയക്കുവെടിവച്ച ഡോക്ടർ ജോക്കബ് അലക്സാണ്ടര്‍ പറഞ്ഞു. മയക്കുവെടി വെച്ചത് കൃത്യമായിരുന്നു, എന്നാല്‍ വലയുടെ ഒരു വശത്ത് മുറുക്കും കുറഞ്ഞുവെന്നും ഇതാണ് കരടി വെള്ളത്തില്‍ വീഴാന്‍ കാരണമായതെന്നുമാണ് ഡോ. ജോക്കബ് അലക്സാണ്ടര്‍ പറയുന്നത്. സങ്കടകരമായ അവസ്ഥയാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.ഇന്നലെ രാത്രി കൂട് പൊളിച്ചാണ് കരടി കോഴികളെ പിടിച്ചത്. തുടർന്ന് ബഹളം കേട്ടാണ് ആളുകൾ ശ്രദ്ധിക്കുന്നത്. ആളുകളുടെ ശബ്ദം കേട്ട് ഭയന്നോടുന്നതിനിടെയാണ് കരടി കിണറ്റിൽ വീണത്. പ്രദേശത്ത് കരടിയെ കണ്ടതിൽ ആശങ്കയെന്ന് പ്രദേശവാസിക​ൾ പറഞ്ഞു. വല വിരിച്ചതിന് ശേഷം കരടിയെ മയക്കുവെടിവെച്ചെങ്കിലും അത് വലയിൽ നിന്ന് വഴുതി കിണറിന്‍റെ ആഴങ്ങളിലേക്ക് പോകുകയായിരുന്നു.