ആദ്യ മൊബൈൽ ഫോണിന് നാളെ 50 വയസ്സ്.ജീവിതം മാറ്റിമറിച്ച അരനൂറ്റാണ്ട്.

മൊബൈൽഫോണിലൂടെ ഒരാൾ ആദ്യമായി സംസാരിച്ചത് 1973 ഏപ്രിൽ 3 ണ് .മനുഷ്യൻറെ ചിന്തകളെയും പ്രവൃത്തികളെയും മാറ്റിമറിച്ച
 മൊബൈൽ ഫോണിന് തിങ്കളാഴ്ച 50 വയസ്സ് തികയുന്നു. കൈയിൽ കൊണ്ടുനടക്കാവുന്ന 
മൊബൈൽഫോണിലൂടെ ഒരാൾ ആദ്യമായി സംസാരിച്ചത് 1973 ഏപ്രിൽ മൂന്നിനാണ്. യു.എസ്.
 കമ്പനിയായ മോട്ടോറോളയിലെ എൻജിനിയർ മാർട്ടിൻ കൂപ്പറാണ് ഡൈനടാക് (DynaTAC) 
എന്ന ഫോൺ രൂപകല്പനചെയ്ത് ‘ഹലോ മോട്ടോ’ എന്ന് സംസാരിച്ചത്.
പിന്നെ
 ഓരോ വർഷവും സംഭവിച്ചത് അദ്ഭുതകരമായ മാറ്റങ്ങൾ. ഇഷ്ടികവലുപ്പമുള്ള 
ഹാൻഡ്സെറ്റുകളിൽനിന്ന് കംപ്യൂട്ടറിനെപ്പോലും തോൽപ്പിക്കുന്ന 
പ്രവർത്തനക്ഷമതയുള്ള സ്മാർട്ട്ഫോണുകളിലേക്ക് കാലം കുതിച്ചുകയറി. 
മറ്റൊരാളുമായി സംസാരിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ മൊബൈൽ പിന്നീട് 
സന്ദേശങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും നമ്മെ വശീകരിച്ചു. ഇപ്പോൾ ശരീരത്തിലെ
 ഒരു അവയവംപോലെ, ജീവിതത്തിന്റെ ഭാഗമായി. 
ചരിത്രനിമിഷങ്ങൾ 
 * 1973: മോട്ടോറോളയുടെ ഡൈനടാക് (DynaTAC) മൈബൈൽ ഫോണിലൂടെ ആദ്യ സംഭാഷണം. 
1983: മോട്ടോറോള ഡൈനാടാക് 8000 X എന്ന മോഡൽ യു.എസിൽ വിൽപ്പന തുടങ്ങി. ഭാരം 
ഒരു കിലോ. വലിപ്പം 33 സെൻറീമീറ്റർ. 3.3 ലക്ഷം രൂപയോളം വില. 
* 1992 ഡിസംബർ 3: മൊബൈൽഫോണിലെ
 ആദ്യ ടെക്സ്റ്റ് സന്ദേശം പിറന്നു. വോഡഫോൺ ജീവനക്കാരൻ റിച്ചാർഡ് ജാർമിസിന് 
‘മെറി ക്രിസ്‌മസ്’ എന്ന സന്ദേശമാണ് ലഭിച്ചത്. 
*1997: ഫിൻലൻഡ് കമ്പനിയായ നോക്കിയ 6110 എന്ന മോഡലിൽ മൊബൈൽ ഗെയിമുകൾ അവതരിപ്പിച്ചു. 
*1999: നോക്കിയയുടെ 7110 എന്ന 
മോഡലിൽ വയർലെസ് നെറ്റ്‍വർക്ക് ബ്രൗസിങ് തുടങ്ങി. അതേവർഷം നോക്കിയ 3210 എന്ന
 മോഡലിലൂടെ പ്രവചനാത്മക ടൈപ്പിങ്ങിന് തുടക്കമായി. 
*1999: കായ്സിറ എന്ന ജപ്പാൻ കമ്പനിയായാണ് വി.പി. 210 (Kyocera VP-210) എന്ന മോഡലിലൂടെ ആദ്യ വീഡിയോ കോൾ സംവിധാനം തുടങ്ങിയത്
*2000: ജപ്പാൻ കമ്പനിയായ ഷാർപ്പ് ബാക്ക് ക്യാമറയോടെയുള്ള ആദ്യ മൊബൈൽ ഫോൺ എസ്.എച്ച്. 04 (SH04) പുറത്തിറക്കി. 
*2001: ത്രീജി അതിവേഗ ഇന്റർനെറ്റ് സാങ്കേതികവിദ്യ ആദ്യമായി ജപ്പാനിൽ തുടങ്ങി.
*2003: നോക്കിയയുടെ 1100 മോഡൽ പുറത്തിറങ്ങി. 25 കോടിയോളം യൂണിറ്റുകൾ വിറ്റഴിച്ച് ലോകത്ത് ഏറ്റവും കൂടുതൽ വിൽപ്പനനടന്ന ഫോണായി മാറി.
* 2007: ആദ്യ ഐഫോൺ പുറത്തിറങ്ങി. 
* 2008: ആപ്പ് സ്റ്റോർ 
യാഥാർഥ്യമായി. ഇതേവർഷം ഗൂഗിളിന്റെ ആൻഡ്രോയ്‌ഡ് ഓപ്പറേറ്റിങ് സിസ്റ്റം 
ഉപയോഗിച്ച് എച്ച്.ടി.സി.യുടെ ഡ്രീം എന്ന മോഡൽ പുറത്തിറക്കി. 
*2009: വാട്സാപ്പ് തുടങ്ങി. 
ഇതേവർഷം സ്വീഡനിലെ സ്റ്റോക്ക്ഹോം നഗരം ആദ്യമായി അതിവേഗ ഇന്റർനെറ്റ് 
ഉപാധിയായ 4 ജി സൗകര്യം ലഭിക്കുന്ന നഗരമായി.
*2019: ദക്ഷിണകൊറിയയിൽ ആദ്യമായി 5 ജി സേവനം തുടങ്ങി. 
സ്രഷ്ടാവ് പറയുന്നു: ‘പാഴാക്കരുത് സമയം...’-
മൊബൈൽഫോണിൽ ആളുകൾ കൂടുതൽ സമയം
 ചെലവഴിക്കുന്നതാണ് പ്രശ്നം. അനന്തസാധ്യതകളുള്ള ഉപകരണമാണ് നമ്മുടെ കീശയിൽ 
കിടക്കുന്നത്. ഒരുനാൾ അവയ്ക്ക് രോഗങ്ങളെപ്പോലും ശമിപ്പിക്കാൻ 
സാധിച്ചേക്കാം. മൊബൈൽ ഫോണിൽ നോക്കിക്കൊണ്ട് ഒരാൾ റോഡ് 
മുറിച്ചുകടക്കുന്നത് കാണുന്പോൾ എനിക്ക് വിഷമംവരും. അവരുടെ മനസ്സ് അവരുടെ 
കൈയിലല്ല. എന്റെ കൊച്ചുമക്കളും അവരുടെ മക്കളും മൊബൈൽ ഉപയോഗിക്കുന്ന 
വേഗത്തിൽ എനിക്കൊരിക്കലും ഉപയോഗിക്കാൻ സാധിക്കില്ല. -മാർട്ടിൻ കൂപ്പർ 
*ലോകത്തെ മൊബൈൽഫോൺ ഉപയോക്താക്കൾ- 730 കോടി 
2025-ൽ 749 കോടിയിലെത്തും 
*ലോകത്ത് നിലവിലുള്ള മൊബൈൽ ഫോണുകളുടെ എണ്ണം- 1680 കോടി
2025-ൽ 1820 കോടിയിലെത്തും
* ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ എണ്ണം 100.7 കോടി 
2025-ൽ 113.2 കോടിയിലെത്തും, 2040-ൽ 153 കോടിയാകും
* ഏകദേശ കണക്ക് (അവലംബം: statista.com)