50 പവൻ പണയ സ്വർണവുമെടുത്ത് മടങ്ങി; മോഹനനെ കാണാതായിട്ട് 3 വർഷം; അന്വേഷണം നിർണ്ണായക സൂചനകളിലേക്ക്

തിരുവനന്തപുരം: 50 പവൻ പണയ സ്വർണവുമായി തിരുവനന്തപുരം വഴയിലയിൽ നിന്ന് കാണാതായ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ ആര്യനാട് മോഹനന്റെ തിരോധാനത്തിൽ അന്വേഷണം നിര്‍ണ്ണായക സൂചനകളിലേക്ക്. പേരൂർക്കട സഹകരണ സംഘത്തിൽ നിന്നും 50 പവൻ പണയ സ്വർണവുമെടുത്ത് മടങ്ങുന്നതിനിടെ മോഹനനെ കാണാതായതിന് പിന്നിൽ സ്വര്‍ണ്ണ ക്വട്ടേഷൻ സംഘത്തിന് പങ്കുണ്ടെന്ന നിഗമനത്തിലാണിപ്പോൾ ക്രൈം ബ്രാഞ്ച്.

ഇവിടെയാണ് അന്വേഷണത്തിന്റെ ട്വിസ്റ്റ്. കൊവിഡ് നിയന്ത്രണമുള്ള ഒരു ദിവസം പേരൂര്‍ക്കടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 50 പവനും 65000 രൂപയും പിൻവലിച്ച് ഇറങ്ങിയ മോഹനനെ കാണാതായിട്ട് വര്‍ഷം മൂന്നായി. ചുരുളഴിയാതെ പരമ്പരയിൽ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നൽകിയതിന് പിന്നാലെയാണ് എസ്പിയുടെ പ്രതികരണം. സ്വർണം തട്ടുന്ന സംഘത്തിലെ ചിലരുടെ ഫോണ്‍ വിശദാംശങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ക്രൈം ബ്രാഞ്ചിന് സംശയങ്ങള്‍ ബലപ്പെടുന്നത്. മോഹനൻ വഴയില വരെ സ്കൂട്ടറോടിച്ചെത്തിയതിന് മാത്രമാണ് തെളിവുണ്ട്, പിന്നെ മോഹനൻ എവിടെ പോയി. ആളെപ്പോയിട്ട് വാഹനം പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.സ്വർണം തട്ടിയെടുത്ത് പങ്കുവയ്ക്കുന്ന ക്വട്ടേഷൻ സംഘത്തിലെ ചിലർക്ക് ഈ സംഭവത്തിന് ശേഷമുണ്ടായ വരുമാന വർദ്ധവും ക്രൈംബ്രാഞ്ച് നിരീക്ഷിച്ച് വരികയാണ്. തിരുവനന്തപുരം ക്രൈം ബ്രാഞ്ചിലെ കൂടുതൽ ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ മോഹനൻ തിരോധാനം അന്വേഷിക്കുന്ന സംഘത്തെ വിപുലപ്പെടുത്തി.