43 അംഗൻവാടികളിലേക്ക് ടിവി വിതരണം, ഒരെണ്ണം മാത്രം ലക്ഷ്യം കണ്ടില്ല, ആ ടിവി പോയ വഴി കണ്ടെത്തി സിസിടിവി !

തിരുവനന്തപുരം: പൂവച്ചൽ പഞ്ചായത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് പഞ്ചായത്തിലെ 43 അംഗൻ വാടികളിലേക്ക് വിതരണം ചെയ്യാൻ എത്തിച്ച ടിവികളിൽ ഒന്ന് അജ്ഞാതൻ കടത്തിക്കൊണ്ട് പോയി. തിങ്കളാഴ്ച പൊതു അറിയിപ്പും പരസ്യവും ഉദ്ഘാടനവും ഒന്നും ഇല്ലാതെ നടത്തിയ ടിവി വിതരണത്തിനിടെയാണ് സംഭവം. നീല ഷർട്ടും കാക്കി പാൻറ്റും ധരിച്ച ആൾ ടിവിയുമായി കടന്നു പോകുന്ന സിസി ടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.

പൂവച്ചൽ അംഗൻ വാടിക്കായുള്ള ടിവിയുമായി ആണ് അജ്ഞാതൻ കടന്നത്. അംഗൻവാടിയിൽ ടിവി എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് അംഗൻ വാടിയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഓരാൾ ടിവിയുമായി പോകുന്നത് സി സി ടിവി ദൃശ്യത്തിൽ കണ്ടെത്തിയത്.തുടർന്ന് പഞ്ചായത്ത് അധികൃതർ കാട്ടാക്കട പൊലീസിൽ പരാതി നൽകി. 


കെ എസ് ശബരിനാഥൻ എംഎൽഎ ആയിരുന്നപ്പോൾ എംഎൽഎ ആസ്ഥിവികസന ഫണ്ടിൽ നിന്നുള്ള തുകയും കെഎസ്എഫ്ഇ പങ്കാളിത്തവും ഉറപ്പാക്കിയാണ് 43 മൂന്ന് ടിവികൾ വാങ്ങാൻ തീരുമാനിച്ചത്. എന്നാൽ അന്നത്തെ പൂവച്ചൽ പഞ്ചായത്ത് ഭരണ സമിതി പദ്ധതി നടപ്പാക്കാനായി എംഎൽഎ ഫണ്ട് വേണ്ടെന്നും പഞ്ചായത്ത് ഫണ്ട് വിനോയിഗിച്ച് ടിവി നൽകാം എന്നും നിലപാട് എടുത്തതോടെ എംഎൽഎ തുടർ നടപടികളിൽ നിന്നും വിട്ടു നിന്നു.
ശേഷം തെരഞ്ഞെടുപ്പ് ചട്ടം വരുകയും പദ്ധതി പാതിവഴിയിൽ ആകുകയും ചെയ്തു.എന്നാല് ആ കാലയളവിൽ തന്നെ എംഎൽഎ ഫണ്ടിന് ഒപ്പം ഫണ്ട് അനുവദിച്ച കെഎസ് എഫ് ഇ അധികൃതർ പദ്ധതി ഉടൻ നടപ്പാക്കുകയോ അല്ലെങ്കിൽ അനുവദിച്ച ഫണ്ട് തിരികെ നൽകുകയോ വേണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് കത്ത് നൽകിയതോടെ അന്നത്തെ പദ്ധതിക്ക് വീണ്ടും ജീവൻ വച്ചതെന്ന് യുഡിഎഫ് അംഗങ്ങൾ പറഞ്ഞു. തുടർന്ന് പഞ്ചായത്ത് യോഗത്തിൽ യുഡിഎഫ് അംഗങ്ങൾ ഒറ്റക്കെട്ടായി പദ്ധതി നടപ്പാക്കണം എന്ന് ആവശ്യപ്പെടുകയും അംഗൻ വാടികളിൽ ടിവി നൽകാം എന്നു ഭരണ സമിതി തീരുമാനം എടുക്കുകയും ചെയ്തു. എന്നാൽ ഇക്കഴിഞ്ഞ മാർച്ചിൽ എത്തിച്ച ടിവികൾ, മുൻ എംഎൽഎ യുടെ ഫണ്ട് എന്ന നിലക്ക് പേര് ശബരി നാഥന് ലഭിക്കാതിരിക്കാൻ ഉദ്ഘാടനം പോലും നടത്താതെ വിതരണം ചെയ്യുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു. ഇതിനിടെയാണ് ഒരു ടിവിയുമായി അജ്ഞാതൻ കടന്ന സംഭവവും ഉണ്ടായത്.