ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ മോഷണശ്രമം; തെളിവ് അന്വേഷിച്ചെത്തി, 3 ദിവസത്തിനു ശേഷം


ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ മോഷണശ്രമം നടന്നു രേഖകളെല്ലാം തേഞ്ഞുമാഞ്ഞു കഴിഞ്ഞ് 3 ദിവസം പിന്നിടുമ്പോള്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡുമെല്ലാം എത്തി. തങ്ങള്‍ പലവട്ടം അറിയിച്ചിട്ടും തെളിവു ശേഖരിക്കാന്‍ നടപടി വൈകിയതില്‍ വിഷമമുണ്ടെന്ന് ആശ്രമം അധികൃതര്‍ പൊലീസിനോടു പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 3നായിരുന്നു കവര്‍ച്ചാശ്രമം . നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ 2 പേര്‍ ആശ്രമകവാടം പൂട്ടിയിട്ടിരുന്ന ചങ്ങല കണ്ണികള്‍ ഇളക്കി മാറ്റി വലിയ വാതില്‍ തുറന്നാണ് ക്ഷേത്രമണ്ഡപത്തിലേക്ക് കയറിയത്. ക്ഷേത്രങ്ങളുടെ മുന്നിലെ കാണിക്ക വഞ്ചികളുടെ പൂട്ട് തകര്‍ക്കാനും ശ്രമിച്ചിട്ടുണ്ട്. കാണിക്ക വഞ്ചികളില്‍ ഒന്നും ഇല്ലെന്നു കണ്ടതോടെ ഇരുവരും ഉള്ളിലെ ലൈബ്രറിയില്‍ കടന്നു മേശ അറകളും തുറന്നു നോക്കി. 10 മിന്നിറ്റോളമാണ് ഇവര്‍ അകത്തുണ്ടായിരുന്നത്. ഇടയ്ക്ക് ഒരാള്‍ പുറത്തേക്കു പോയതടക്കം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ആശ്രമത്തിനു മുന്നില്‍ റോഡരികിലെ ആല്‍മരത്തിന്റെ ചുവട്ടില്‍ സ്ഥാപക സ്വാമി നീലകണ്ഠഗുരുപാദരുടെ പ്രതിമയ്ക്കു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള കാണിക്കവഞ്ചിയും ഇരുമ്പുവടികൊണ്ട് തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. മോഷണ ശ്രമം നടത്തിയ ശേഷം തുണി കൊണ്ട് കാണിക്ക വഞ്ചികള്‍ തുടച്ച ശേഷമാണ് മോഷ്ടാക്കള്‍ മടങ്ങിയത്. ഇവര്‍ ഉപയോഗിച്ചതായി കരുതുന്ന സിഗരറ്റ് പായ്ക്കറ്റും ലൈറ്ററും സമീപം കണ്ടെത്തിയിരുന്നു. പൂജയ്ക്ക് സഹായിയായിട്ടുള്ള മുകുന്ദനാണ് പുലര്‍ച്ചെ ആശ്രമ വാതില്‍ താഴിന്റെ ചങ്ങല മുറിച്ചു മാറ്റിയ നിലയില്‍ കിടക്കുന്നത് കണ്ടത്. ഇക്കാര്യം അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് പോത്തന്‍കോട് പൊലീസിനെ അറിയിക്കുകയും അവര്‍ സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു മടങ്ങിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായത് ദിവസങ്ങള്‍ക്കു ശേഷമാണ്.

ആശ്രമത്തിന് നേരത്തെ തന്നെ സുരക്ഷാ ഭീഷണിയുണ്ടെന്നും കവാടവും കടന്ന് ആശ്രമത്തിനുള്ളില്‍ വരെ മോഷ്ടാക്കളെത്തിയത് ഗൗരവമായാണ് കാണുന്നതെന്നും അനധികൃതമായി അകത്തു കയറിയവരെ ഉടന്‍ കണ്ടെത്താന്‍ നടപടി വേണമെന്നും ശ്രീരാമദാസ ആശ്രമം അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായും മോഷ്ടാക്കളെ ഉടന്‍ പിടികൂടുമെന്നും പോത്തന്‍കോട് എസ്എച്ച്ഒ ഡി. മിഥുന്‍ പറഞ്ഞു