ആകെ 24 വില്ലേജുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. റിങ് റോഡിന്റെ നിർമാണത്തിന് ആദ്യഘട്ടത്തിൽ ഏഴ് വില്ലേജുകളിലെ 75 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിൽ വാമനപുരം ഒഴികെയുള്ള മറ്റ് 16 വില്ലേജുകളിലെ സർവേ 13ന് മുൻപായി പൂർത്തിയാക്കണമെന്നാണ് തിങ്കളാഴ്ചത്തെ യോഗത്തിൽ ദേശീയപാത അതോറിറ്റി, റവന്യു വകുപ്പിനെ അറിയിച്ചിരിക്കുന്നത്. 24ന് ശേഷം ഹിയറിങ്ങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ട്രംപെറ്റ് ഫ്ലൈഓവറുകൾക്കും ഉടൻ തന്നെ കല്ലിട്ട് തുടങ്ങും. ഇവിടങ്ങളിൽ ഏകദേശം 1,200 മീറ്റർ സ്ഥലത്താണ് ട്രംപെറ്റ് നിർമിക്കാനുള്ള സ്ഥലം ഏറ്റെടുക്കുക. ഇവയുടെ രൂപരേഖകൾ റവന്യുവിഭാഗത്തിന് ദേശീയപാത അതോറിറ്റി നൽകിക്കഴിഞ്ഞു.
റിങ്ങ് റോഡിന്റെ ഭാഗമായി ടൗൺഷിപ്പുകൾക്ക് പ്രത്യേക സാമ്പത്തിക മേഖലകളാണ് ഉയർന്ന് വരുന്നത്. വിഴിഞ്ഞം തുറമുഖത്തിന് സമീപമാണ് ആദ്യ ടൗൺഷിപ്പ് വരുന്നത്. എന്നാൽ, ഭൂമി വ്യവസായത്തിന് ഉറപ്പാക്കണമെങ്കിൽ പ്രത്യേക നിക്ഷേപമേഖലാ നിയമത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. പിന്നീട്, ലാൻഡ് പൂളിങ് വഴിയാണ് ഭൂമി കൈമാറുക. അതേസമയം, ഇതുവഴി ഉടമസ്ഥാവകാശം ഭൂവുടമയ്ക്ക് തന്നെയാകും. മധ്യ കേരളവും തെക്കൻ കേരളവും തമ്മിൽ ബന്ധിപ്പിക്കുന്ന എംസി റോഡിന്റെ ബദൽ ദേശീയ പാത ആരംഭിക്കുന്നതും ഈ ഔട്ടർ റിങ്ങ് റോഡിൽ നിന്നുമാണ്.