*ബാങ്കുകളിൽ അനാഥമായി കിടന്ന 35,012 കോടി റിസർവ് ബാങ്കിലേക്ക്*

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ അവകാശികളില്ലാതെ കിടന്ന ഏകദേശം 35,000 കോടി രൂപ റിസർവ്വ്ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തു. പത്ത് വർഷമോ അതിലധികമോ ആയി പ്രവർത്തിക്കാത്ത അക്കൗണ്ടുകളിലെ നിക്ഷേപതുകയാണ് ആർബിഐയിലേക്ക് മാറ്റിയത്. 2023 ഫെബ്രുവരി വരെയുള്ള കണക്കാണിത്. കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത്കരാദ് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ പട്ടികയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 8,086 കോടി രൂപയുടെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളാണ് എസ്ബിഐയിലുള്ളത്. അവകാശികളില്ലാത്ത അക്കൗണ്ടുകൾ സെറ്റിൽ ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥർ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രവർത്തനരഹിതമായ, അതായത് രണ്ട് വർഷത്തിനിടെ അക്കൗണ്ടിൽ ഇടപാടുകളൊന്നും നടന്നിട്ടില്ലാത്ത അക്കൗണ്ടുകളുടെ കാര്യത്തിൽ ഇടപാടുകാർ/നിയമപരമായ അവകാശികൾ എവിടെയാണെന്ന് കണ്ടെത്തുന്നതിന് ഒരു പ്രത്യേക ഡ്രൈവ് ആരംഭിക്കുന്നത് പരിഗണിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പത്ത് വർഷമോ അതിൽ കൂടുതലോ പ്രവർത്തനരഹിതമായ, ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ ലിസ്റ്റ് ബാങ്കുകൾ അതത് വെബ്‌സൈറ്റുകളിൽ പ്രദർശിപ്പിക്കേണ്ടതുണ്ട്. അക്കൗണ്ട് ഉടമയുടെ പേരുകളും വിലാസങ്ങളും അടങ്ങുന്ന ലിസ്റ്റാണ് വെബ്‌സൈറ്റിൽ ഉണ്ടാവുക. ഇതുവഴി അവകാശികളില്ലാത്ത അക്കൗണ്ട് ഉടമകളുടെ നിയമപരമായ അവകാശികൾക്ക് (നോമിനി) അതത് ബാങ്കുകളെ സമീപിച്ച് നടപടികൾ തുടങ്ങാവുന്നതാണ്. പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ കണ്ടെത്തി അവകാശികളെ തേടാൻ നടപടികൾ സ്വീകരിക്കണമെന്ന് ആർബിഐയും ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.