സഞ്ജു തിരി കൊളുത്തി, 'ഹിറ്റ്‌മെയര്‍' പൂര്‍ത്തിയാക്കി; ഗുജറാത്തിനോട് കടംവീട്ടി റോയല്‍സ്32 പന്തില്‍ മൂന്ന് ഫോറും ആറ് സിക്‌സും സഹിതം 60 എടുത്തു മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണ്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 16-ാം സീസണിലെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ മൂന്ന് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയവുമായി രാജസ്ഥാന്‍ റോയല്‍സ്. 178 റണ്‍സ് വിജയലക്ഷ്യവുമായി ചേസിംഗ് തുടങ്ങിയ രാജസ്ഥാനെ നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗില്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ വിഷു വെടിക്കെട്ടുമായി ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ വിജയിപ്പിച്ചു. നാല് പന്ത് ശേഷിക്കേ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ രാജസ്ഥാന്‍ ലക്ഷ്യം കണ്ടു. കഴിഞ്ഞ ഐപിഎല്ലിലെ ഫൈനലിലേറ്റ തോല്‍വിക്ക് ഇതോടെ ടൈറ്റന്‍സിനോട് പകരംവീട്ടാന്‍ റോയല്‍സിനായി. 26 പന്തില്‍ രണ്ട് ഫോറും 5 സിക്‌സും സഹിതം 56* റണ്‍സുമായി ഹെറ്റ്‌മെയര്‍ പുറത്താവാതെ നിന്നു.  

ഞെട്ടിത്തരിച്ച് രാജസ്ഥാന്‍


മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ തുടക്കം പാളി. മുഹമ്മദ് ഷമിയുടെ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രം നേടിയ രാജസ്ഥാന് ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ രണ്ടാം ഓവറില്‍ യശസ്വി ജയ്‌സ്വാളിനെ നഷ്‌ടമായി. ഏഴ് പന്തില്‍ ഒരു റണ്ണെടുത്ത താരത്തെ ശുഭ്‌മാന്‍ ഗില്‍ പിടികൂടുകയായിരുന്നു. ഷമി വീണ്ടും പന്തെടുത്തപ്പോള്‍ മൂന്നാം ഓവറിലെ അ‌ഞ്ചാം പന്തില്‍ വെടിക്കെട്ട് വീരന്‍ ജോസ് ബട്‌ലര്‍ പൂജ്യത്തില്‍ മടങ്ങി. ഇതോടെ 2.5 ഓവറില്‍ 4-2 എന്ന നിലയില്‍ രാജസ്ഥാന്‍ പ്രതിരോധത്തിലായി. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 26-2 എന്ന നിലയിലായിരുന്ന രാജസ്ഥാന്‍ ഒന്‍പത് ഓവറിലാണ് 50 തികച്ചത്. എന്നാല്‍ റാഷിദ് ഖാനെ അലക്ഷ്യ ഷോട്ടിന് ശ്രമിച്ച് ദേവ്‌ദത്ത് പടിക്കലും(25 പന്തില്‍ 26), റിയാന്‍ പരാഗും(7 പന്തില്‍ 5) വിക്കറ്റ് വലിച്ചെറിഞ്ഞതോടെ ടീം വീണ്ടും പ്രതിരോധത്തിലായി.
സഞ്ജു ദ ക്ലാസ്, മാസ്

ഇതിന് ശേഷം ക്രീസിലൊന്നിച്ച സഞ്ജു സാംസണ്‍-ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ സഖ്യത്തിലേക്കായി കണ്ണുകളെല്ലാം. 13-ാം ഓവറില്‍ റാഷിദ് ഖാനെ ഹാട്രിക് സിക്‌സറിന് പറത്തി സഞ്ജു ഗിയര്‍ മാറ്റി. പിന്നാലെ അല്‍സാരി ജോസഫിനെ ആദ്യ പന്തില്‍ സിക്‌സിന് ശിക്ഷിച്ച് ഹെറ്റ്‌മയര്‍ സൂചന കാട്ടി. ഇതോടെ 14 ഓവറില്‍ രാജസ്ഥാന്‍ 100 തൊട്ടു. 29 പന്തില്‍ സഞ്ജു ഫിഫ്റ്റി തികച്ചതോടെ ഗുജറാത്ത് ഭയന്നു. പിന്നാലെ നൂര്‍ അഹമ്മദിനെ സിക്‌സിനും ഫോറിനും ശിക്ഷിച്ച സഞ്ജു തൊട്ടടുത്ത പന്തില്‍ മില്ലറുടെ ക്യാച്ചില്‍ മടങ്ങി. 32 പന്തില്‍ മൂന്ന് ഫോറും ആറ് സിക്‌സും സഹിതം 60 എടുത്തു മലയാളി താരം. അവസാന അഞ്ച് ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 64 റണ്‍സ് വേണമെന്നായി.  

ഹിറ്റ്‌മെയര്‍!

ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ ഹിറ്റ്‌മെയറായതോടെ അവസാന മൂന്ന് ഓവറില്‍ 36 റണ്‍സായി വിജയലക്ഷ്യം കുറച്ച് കൊണ്ടുവരാന്‍ രാജസ്ഥാന്‍ റോയല്‍സിനായി. റാഷിദ് ഖാന്‍റെ 18-ാം ഓവറില്‍ 13 ഉം മുഹമ്മദ് ഷമിയുടെ 19-ാം ഓവറില്‍ 16 ഉം റണ്‍സടിച്ച് രാജസ്ഥാന്‍ ആവേശമാക്കി. ഇതിനിടെ ധ്രുവ് ജൂരെലിനെ(10 പന്തില്‍ 18) ഷമി, മൊഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചിരുന്നു. ശേഷം ക്രീസിലെത്തിയ അശ്വിന്‍ ഷമിയെ ഫോറിനും സിക്‌സിനും ശിക്ഷിച്ച് മൂന്ന് പന്തില്‍ 10 റണ്‍സുമായി പുറത്തായി. 25 പന്തില്‍ ഫിഫ്റ്റി കണ്ടെത്തിയ ഹെറ്റ്‌മെയര്‍ 20-ാം ഓവറിലെ രണ്ടാം പന്തില്‍ സിക്‌സോടെ മത്സരം ഫിനിഷ് ചെയ്‌തു. 

ഗില്‍, മില്ലര്‍, അഭിനവ്...

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് 20 ഓവറില്‍ 7 വിക്കറ്റിന് 177 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ 45 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അവസാന ഓവറുകളില്‍ മിന്നലാടിയ ഡേവിഡ് മില്ലറും അഭിനവ് മനോഹറും ഗുജറാത്തിന് മികച്ച സ്കോര്‍ ഉറപ്പിച്ചു. മില്ലര്‍ 30 പന്തില്‍ 46 ഉം മനോഹര്‍ 13 പന്തില്‍ 27 ഉം നേടി. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 28ലും സായ് സുദര്‍ശന്‍ 20ലും വൃദ്ധിമാന്‍ സാഹ നാലിലും മടങ്ങി. സന്ദീപ് ശര്‍മ്മ നാല് ഓവറില്‍ 25ന് രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ട്രെന്‍ഡ് ബോള്‍ട്ടും ആദം സാംപയും യുസ്‌വേന്ദ്ര ചഹലും ഓരോരുത്തരെ മടക്കി.