ചെമ്പഴന്തി ശ്രീനാരായണ ഗുരുകുല കണ്‍വന്‍ഷന്‍ ഏപ്രില്‍ 30ന് തുടങ്ങും


  ചെമ്പഴന്തി : ശ്രീനാരായണ ഗുരുദേവന്‍റെ പിറവി കൊണ്ട് പവിത്രമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ഇക്കൊല്ലത്തെ ത്രിദിന കണ്‍വന്‍ഷന്‍ ഏപ്രില്‍ 30 മേയ് 1, 2 തീയതികളില്‍ നടക്കും. 30ന് രാവിലെ നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയര്‍ത്തും. ഒന്‍പതിന് പ്രതിനിധികളുടെ രജിസ്ട്രേഷന്‍, 10ന് ധനകാര്യവകുപ്പ് മന്ത്രി ശ്രീ. കെ.എന്‍. ബാലഗോപാല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ശ്രീ.കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. 
  തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീ. ചെമ്പഴന്തി ഉദയന്‍, ഡോ. പല്‍പ്പു സ്മാരക എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്‍റ് ശ്രീ. ഉപേന്ദ്രന്‍ കോണ്‍ട്രാക്ടര്‍, ഗുരുധര്‍മ്മപ്രചരണ സഭാ ജില്ലാ പ്രസിഡന്‍റ് ഡോ.കെ. സുശീല എന്നിവര്‍ പ്രസംഗിക്കും. വീണ്ടും വീണ്ടും ഗുരുവിനെ കണ്ടെത്തണം എന്ന വിഷയത്തില്‍ ശ്രീ. എം.കെ. ഹരികുമാര്‍ പ്രഭാഷണം നടത്തും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും സ്വാമി ശങ്കരാനന്ദ കൃതജ്ഞതയും പറയും. അക്ഷരജാലകം സാഹിത്യപംക്തിയില്‍ 25 കൊല്ലം പിന്നിട്ട ശ്രീ. എം.കെ. ഹരികുമാറിനെ ചടങ്ങില്‍ ആദരിക്കും.  
  രണ്ട് മുതല്‍ ആലുവാ അദ്വൈതാശ്രമത്തിലെ സ്വാമി പ്രബോധതീര്‍ത്ഥ ബ്രഹ്മവിദ്യാപഞ്ചകം എന്ന വിഷയത്തിലും നാലിന് സ്വാമി അഭയാനന്ദ ശ്രീനാരായണ ഗുരുവിന്‍റെ ക്ഷേത്ര സങ്കല്‍പ്പം എന്ന വിഷയത്തിലും പ്രഭാഷണങ്ങള്‍ നടത്തും. 
  രണ്ടാംദിവസം മേയ് ഒന്നിന് രാവിലെ 9.30 ന് ജീവകാരുണ്യ പഞ്ചകത്തില്‍ ഡോ.അജയ് എസ്. ശേഖര്‍ പഠന ക്ലാസ് നയിക്കും. 11.30 ന് വൈക്കം സത്യാഗ്രഹ ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍ ഗുരു വിഭാവനം ചെയ്ത മനുഷ്യസമുദായം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 
  രണ്ടിന് സര്‍വ്വമത സമ്മേളന ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ചര്‍ച്ചാ സമ്മേളനത്തില്‍ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അധ്യക്ഷത വഹിക്കും. പ്രൊഫ. ആശ ജി വക്കം, ഗുരുധര്‍മ്മപ്രചരണസഭ ഉപദേശക സമിതി കണ്‍വീനര്‍ ശ്രീ. കുറിച്ചി സദന്‍, സഭ മുന്‍ പിആര്‍ ഒ., ശ്രീ. സത്യന്‍ പന്തത്തല പത്രാധിപര്‍ കെ. സുകുമാരന്‍ സ്മാരക എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്‍റ് ശ്രീ ആലുവിള അജിത്ത് എന്നിവര്‍ പ്രസംഗിക്കും. ഷൈജു പവിത്രന്‍ സ്വാഗതവും ഗുരുധര്‍മ്മ പ്രചരണസഭാ കേന്ദ്രസമിതിയംഗം കെ.എസ്. മനോഹരന്‍ കൃതജ്ഞതയും പറയും. 
  സമാപന ദിവസം മേയ് രണ്ടിന് 9.30ന് ഭക്തി ദര്‍ശനത്തില്‍ കാളീകുളങ്ങര ക്ഷേത്രം & മഠത്തിലെ സ്വാമി അനപേക്ഷാനന്ദയും 11 ന് മഹാകവി കുമാരനാശാന്‍റെ 150-ാം ജയന്തിയുടേയും ചണ്ഡാല ഭിക്ഷുകി രചനാ ശതാബ്ദിയുടേയും പശ്ചാത്തലത്തില്‍ കേരളാ സര്‍വ്വകലാശാല അന്തര്‍ദേശീയ ശ്രീനാരായണഗുരു പഠന കേന്ദ്രം ഡയറക്ടര്‍ ഡോ.എം. എ. സിദ്ദിഖ് പഠനക്ലാസ് നയിക്കും.   
  രണ്ടിന് ജീവിതത്തിന് അര്‍ത്ഥമില്ലാതാകുമോ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ സ്വാമി സൂക്ഷ്മാനന്ദ മോഡറേറ്ററാകും. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ശ്രീ. പ്രേം കുമാര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ശ്രീമതി ഉഷാ എസ്. നായര്‍, ചെമ്പഴന്തി ശ്രീനാരായണഗുരു അന്തര്‍ദേശീയ പഠനകേന്ദ്രം ഡയറക്ടര്‍ പ്രൊഫ. എസ് ശിശുപാലന്‍ എന്നിവര്‍ സംസാരിക്കും. ശിവഗിരി മാസിക എഡിറ്റര്‍ മങ്ങാട് ബാലചന്ദ്രന്‍ സ്വാഗതവും സ്വാമി മഹാദേവാനന്ദ കൃതജ്ഞതയും പറയും. അഞ്ചു മണിക്ക് കണ്‍വന്‍ഷന്‍ സമാപനവും സമൂഹ പ്രാര്‍ത്ഥനയും നടക്കും.