ഏപ്രില്‍ 30ന് കൊല്ലുമെന്ന് റോക്കിഭായ്, വീണ്ടും സൽമാൻ ഖാന് വധഭീഷണി

ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന് വീണ്ടും വധഭീഷണി. ഏപ്രില്‍ 30ന് സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഫോണിലൂടെയാണ് ഭീഷണി മുഴക്കിയത്.

മുംബൈ പൊലീസിനാണ് ഭീഷണി കോള്‍ ലഭിച്ചത്. റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പൊലീസ് കണ്‍ട്രോള്‍ റൂമിന് ഇന്നലെയാണ് കോള്‍ ലഭിച്ചത്. 

രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നാണ് വിളിക്കുന്നതെന്നാണ് റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയയാള്‍ പറഞ്ഞതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. കഴിഞ്ഞമാസവും സമാനമായ നിലയില്‍ സല്‍മാന്‍ ഖാന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. 

ഇ-മെയില്‍ മുഖേനയാണ് അന്ന് ഭീഷണി സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ സല്‍മാന്‍ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. അടുത്തിടെ സുരക്ഷയുടെ ഭാഗമായി സല്‍മാന്‍ ഖാന്‍ ബുള്ളറ്റ്പ്രൂഫ് എസ് യുവി വാങ്ങിയിരുന്നു. ലോറന്‍സ് ബിഷ്‌നോയി അടക്കമുള്ളവരുടെ ഭീഷണി സന്ദേശത്തെ തുടര്‍ന്നാണ് വാഹനം മാറ്റിയത്.