സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. മധ്യ, തെക്കൻ ജില്ലകളിൽ കിഴക്കൻ മേഖലയിലാണ് കൂടുതൽ മഴ സാധ്യത.വൈകീട്ടോടെയാകും മഴ മെച്ചപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് ഇടുക്കിയിലും പത്തനംതിട്ടയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ടയിലും വ്യാഴാഴ്ച എറണാകുളത്തും യെല്ലോ അലേർട്ടായിരിക്കും.മഴ കിട്ടുമെങ്കിലും താപനില ജാഗ്രതയും തുടരണം. അഞ്ച് ജില്ലകളിൽ താപനില മുന്നറിയിപ്പുണ്ട്.പാലക്കാട്, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്ന് (2023 ഏപ്രിൽ 24) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം,ആലപ്പുഴ, കൊല്ലം ജില്ലയിൽ 37°C വരെയും തിരുവനന്തപുരം ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 2 °C – 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം 2023 ഏപ്രിൽ 24 ന് (മഞ്ഞ അലർട്ട്), മലയോര പ്രദേശങ്ങൾ ഒഴികെ, ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.