ലോഗിന്‍ ചെയ്തപ്പോള്‍ അക്കൗണ്ടിലേക്ക് 2800 രൂപ എത്തി, കോടികള്‍ ലഭിച്ചെന്നു ഗ്രൂപ്പിലെ അംഗങ്ങളും; വലയിലായപ്പോള്‍ പോയത് ലക്ഷങ്ങള്‍

ഓണ്‍ലൈന്‍ ട്രേഡിങ് വഴി കോടികള്‍ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് തലസ്ഥാനത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. ഓണ്‍ലൈന്‍ ഇടപാടിലൂടെ രണ്ടുപേരില്‍ നിന്നായി 41.5 ലക്ഷം രൂപ തട്ടി. പൂജപ്പുര തമലം സ്വദേശി പി.ആര്‍. ഗാര്‍ഡന്‍സ് ടി.സി 47/2255(32)ല്‍ സനോജ് ജോര്‍ജിന്റെ 34,49,418 രൂപയും തൈക്കാട് ഈശ്വരവിലാസം റോഡ് ഇവിആര്‍എ 394 ടിസി 44/629ല്‍ ബി.ആനന്ദിന്റെ 7,16,000 രൂപയും നഷ്ടമായി. മാര്‍ച്ച് 14, 26 തീയതികളിലായിരുന്നു തട്ടിപ്പ്. പരാതിയില്‍ ഇന്നലെ സൈബര്‍ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പൊലീസ് പറഞ്ഞത്: ടെലിഗ്രാം ഗ്രൂപ്പ് വഴി നല്‍കിയ 15 അക്കൗണ്ട് നമ്പറുകളിലേക്കു മാര്‍ച്ച് 14ന് ആണ് സനോജ് പണം അയച്ചു കൊടുത്തത്. മൊബൈല്‍ നമ്പറിലേക്കു നിരന്തരം വിളിച്ചും വാട്‌സ് ആപ്, ടെലിഗ്രാം എന്നിവ വഴി സന്ദേശം അയച്ചും തട്ടിപ്പുസംഘം സനോജിനെ വലയിലാക്കുകയായിരുന്നു. ഓണ്‍ലൈന്‍ ട്രേഡിങ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത സമയം സനോജിന്റെ അക്കൗണ്ടിലേക്ക് 2800 രൂപ എത്തിയതാണ് തുടക്കം. ഇതോടെ സനോജിനു ട്രേഡിങ്ങില്‍ വിശ്വാസം കൂടി. കോടികള്‍ ലഭിച്ചെന്നു ടെലിഗ്രാം ഗ്രൂപ്പിലെ അംഗങ്ങള്‍ അനുഭവം പങ്കുവച്ചതും സനോജിനെ സ്വാധീനിച്ചു.

 തട്ടിപ്പുകാര്‍ നല്‍കിയ 15 തരം അക്കൗണ്ട് നമ്പറുകളിലേക്ക് ഓണ്‍ലൈന്‍ വഴി സനോജ് പണം കൈമാറുകയായിരുന്നു. പൂട്ടുകള്‍ നിര്‍മിക്കുന്ന കമ്പനിയിലെ സെയില്‍സ് വിഭാഗം ജീവനക്കാരനാണ് സനോജ്. പലരില്‍ നിന്നു പണം കടം വാങ്ങിയാണ് ഓണ്‍ലൈന്‍ ട്രേഡിങ് നടത്തിയതെന്ന് പൊലീസിനോട് പറഞ്ഞു. വാട്‌സാപ് വഴി പരിചയപ്പെട്ട ആളാണ് ട്രേഡിങ് വഴി പണം സമ്പാദിക്കാമെന്ന് പറഞ്ഞ് ആനന്ദിനെ കുടുക്കിയത്. ഇയാള്‍ നിര്‍ദേശിച്ചതനുസരിച്ച് 51,000രൂപ, 1,05000, 5,60000 വീതം അയച്ചുകൊടുക്കുകയായിരുന്നു.