ഫേസ്ബുക്ക് വഴി 25 ലക്ഷം രൂപയുടെ ലോണ്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയില്‍

ഫേസ്ബുക്ക് വഴി ബിസിനസ് ലോണായി 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് നീലംപേരൂര്‍ സ്വദേശിയില്‍ നിന്നും ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപ കൈക്കലാക്കിയ കേസില്‍ പ്രതി പിടിയില്‍. തൃശൂര്‍ അരനാട്ടുകര പാരികുന്നത്തു വീട്ടില്‍ ഷബീര്‍ അലിയെയാണ് ആലപ്പുഴ കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മാസത്തില്‍ ആയിരുന്നു കേസിനു ആസ്പദമായ സംഭവം. സോഷ്യല്‍ മീഡിയയില്‍ ബിസിനസ് ലോണ്‍ പരസ്യം കണ്ടു ഫോണില്‍ ബന്ധപ്പെട്ട നീലംപേരൂര്‍ സ്വദേശികളാണ് തട്ടിപ്പിന് ഇരകളായത്. എറണാകുളത്തുള്ള ഹോട്ടലിലേക്ക് വിളിച്ചു വരുത്തി കൂടിക്കാഴ്ച്ച നടത്തുകയും ആദ്യ പലിശ ആയി 135000 രൂപ അടച്ചാല്‍ മാത്രമേ ലോണ്‍ കിട്ടുകയുള്ളു എന്നുമാണു ഇവരോട് പറഞ്ഞത്.

തുടര്‍ന്ന് പരാതിക്കാരന്‍നീലംപേരൂര്‍ എസ്ബിഐ ശാഖ വഴി പ്രതിയുടെ അക്കൗണ്ടിലേയ്ക്ക് തുക അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് പ്രതിയെ ഫോണില്‍ ബന്ധപെടുവാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായി എന്ന് മനസിലായത്. സംഭവത്തില്‍ കൈനടി പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.തട്ടിപ്പ് നടത്തിയ ശേഷം കേരളത്തില്‍ വിവിധ ഇടങ്ങളിലും ബാംഗ്ലൂരിലും ആയി പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. ഫ്‌ലാറ്റുകളില്‍ വാടകയ്ക്ക് താമസിച്ചു ഒളിവില്‍ കഴിയുന്നതിനു ഇടയില്‍ പ്രതി രഹസ്യമായി ഉപയോഗിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തില്‍ ആണ് തൃശ്ശൂരിലെ ഒരു ഫ്‌ലാറ്റില്‍ നിന്നും പ്രതിയെ കൈനടി പോലീസ് അറസ്റ്റ് ചെയ്തത്. കൈനടി പോലീസ് സ്റ്റേഷനില്‍ കൂടാതെ പ്രതിക്ക് കൊടകര, ഗുരുവായൂര്‍, വടക്കാഞ്ചേരി, മേലക്കര തുടങ്ങിയ സ്റ്റേഷനുകളിലും വഞ്ചന കേസുകള്‍ ഉണ്ട്.കൊടകര പോലീസ് സ്റ്റേഷനില്‍ പ്രതിക്കെതിരെ 18 വാറണ്ടുകള്‍ നിലവില്‍ ഉണ്ട്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അറസ്റ്റ് കൈനടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രാജീവ്. ആര്‍ -ന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ടി. എസ്. രാഘവന്‍കുട്ടി, ഷിബു. എസ് ,സിവില്‍ പോലീസ് ഓഫീസര്‍മാരായ സനോജ്, സാംജിത്ത്, രാഹുല്‍ എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ്പ്രതിയെ അറസ്റ്റ് ചെയ്തത്.