രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,830 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. 11 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 40,215 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ 79 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. 40,215 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,47,76,002 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച 5676 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥീരീകരിച്ചിരുന്നത്.
അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കേരളമാണ് ഏറ്റവും മുന്നിലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ മാസം മൂന്ന് മുതൽ ഒമ്പതുവരെയുള്ള കാലയളവിൽ 11,296 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.