അക്ഷയതൃതീയ 2023; സംസ്ഥാനത്ത് നാളെ സ്വർണോത്സവം, തയ്യാറെടുത്ത് സ്വർണാഭരണ വിപണി

തിരുവനന്തപുരം: നാളെ അക്ഷയ തൃതീയ, സ്വർണം വാങ്ങുന്നതിന് ഏറ്റവും മികച്ച ദിനമായി വിശ്വസിക്കപ്പെടുന്ന ഈ ദിനത്തെ വരവേൽക്കാൻ സംസ്ഥാനത്തെ സ്വർണ വിപണി ഒരുങ്ങികഴിഞ്ഞു. ഈ വർഷത്തെ അക്ഷയതൃതീയ,കേരളത്തിലെ സ്വർണ വ്യാപാരികൾ സ്വർണോത്സവമായി ആഘോഷിക്കാനാണ് തയ്യാറെടുക്കുന്നത്. ജ്യോതിശാസ്ത്ര പ്രകാരം ഈ വർഷത്തിലെ അക്ഷയതൃതീയ മുഹൃത്തം ഏപ്രിൽ 22 ന് തുടങ്ങി 23 ന് അവസാനിക്കുന്നതിനാൽ 2 ദിവസമായാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കേരളത്തിലെ സ്വർണ വ്യാപാരികൾ സ്വർണോത്സവം ഒരുക്കുന്നത്. സംസ്ഥാനത്തിലെ എല്ലാ സർണ വ്യാപാര സ്ഥാപനങ്ങളും സ്വർണോൽസവത്തിൽ പങ്കെടുക്കുന്നുണ്ട്. 
അക്ഷയ തൃതീയ വിപണിയിലേക്ക് പുതിയ സ്റ്റോക്കുകളും ലൈറ്റ് വെയിറ്റ് ആഭരണങ്ങളും എത്തിയിട്ടുണ്ട്. അക്ഷയതൃതീയ ദിനത്തിൽ 5 ലക്ഷം കുടുംബങ്ങൾ കേരളത്തിലെ സ്വർണാഭരണശാലകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അക്ഷയതൃതീയ സ്വർണോൽസവം വലിയ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇത്തവണ വലിയൊരു ആഘോഷമായി അക്ഷയ തൃതീയ മാറും എന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. അതിനാൽത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്. നിരവധി ഓഫറുകളും, പുതിയ ഡിസൈനുകളും പല ജ്വല്ലറികളിലും നിരന്നുകഴിഞ്ഞു. സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയങ്ങള്‍ ചെറിയ ആഭരണങ്ങള്‍ എന്നിവയാണ് ഭൂരിഭാഗവും. ലക്ഷ്മി ലോക്കറ്റുകള്‍, മൂകാംബികയില്‍ പൂജിച്ച ലോക്കറ്റുകള്‍, ഗുരുവായൂരപ്പന്‍ ലോക്കറ്റുകള്‍ എന്നിവയ്ക്കും വന്‍ ഡിമാന്‍റാണ്.