*പ്രഭാത വാർത്തകൾ*2023 | ഏപ്രിൽ 9 | ഞായർ |

◾ഇന്ന് ഈസ്റ്റര്‍. എല്ലാവര്‍ക്കും മീഡിയ 16 ന്യൂസിന്റെ ഈസ്റ്റര്‍ ആശംസകള്‍. ഈസ്റ്റര്‍ പ്രമാണിച്ച് ഇന്നു സായാഹ്ന വാര്‍ത്തകള്‍ക്ക് അവധി.

◾കെഎസ്‌യു സംസ്ഥാന നേതൃത്വം പുനസംഘടിപ്പിച്ചതിനു പിറകേ, പ്രതിഷേധവുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. ധാരണയ്ക്കു വിരുദ്ധമായാണ് പുനഃസംഘടനയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഡല്‍ഹിയില്‍നിന്നാണ് പുനഃസംഘടന പ്രഖ്യാപനമുണ്ടായത്. 14 ജില്ലകളിലും പുതിയ പ്രസിഡന്റുമാരെ നിയമിച്ചു. സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യര്‍ ചുമതലയേറ്റതിനു പിറകേ രണ്ടു വൈസ് പ്രസിഡന്റുമാരെ സീനിയര്‍ വൈസ് പ്രസിഡന്റുമാരാക്കി. നാലു പുതിയ വൈസ് പ്രസിഡന്റുമാരേയും നിയമിച്ചു. 30 ജനറല്‍ സെക്രട്ടറിമാരടക്കം നിര്‍വാഹക സമിതിയില്‍ 43 പേരുണ്ട്. അനര്‍ഹര്‍ അടങ്ങുന്ന ജംബോ കമ്മിറ്റിയാണെന്ന് ആരോപിച്ച് വിടി ബല്‍റാമും കെ ജയന്തും കെഎസ്‌യുവിന്റെ സംസ്ഥാന ചുമതല ഒഴിഞ്ഞു.

◾കെഎസ്യു, മഹിള കോണ്‍ഗ്രസ് പുനഃസംഘടനയില്‍ അതൃപ്തിയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. സംസ്ഥാനത്തെ ധാരണകള്‍ മറികടന്ന് അവസാനഘട്ടത്തില്‍ ഡല്‍ഹിയില്‍ പട്ടിക മാറ്റിയെന്നാണ് ആക്ഷേപം. അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചു. ബല്‍റാമും ജയന്തും അതൃപ്തി കെപിസിസി പ്രസിഡന്റിനേയും അറിയിച്ചു.

◾കെഎസ്യു ഭാരവാഹിപ്പട്ടികയില്‍ കൊലക്കേസ് പ്രതികളും. എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിധിന്‍ ലൂക്കോസിനെയാണ് കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റായി നിയമിച്ചത്. കേസിലെ അഞ്ചാം പ്രതി ജിതിന്‍ ഉപ്പുമാക്കലിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും നിയമിച്ചു.

◾സിഎന്‍ജി വില കിലോഗ്രാമിന് 8.13 രൂപയും പിഎന്‍ജി വില 5.06 രൂപയും കുറച്ചു. കേന്ദ്ര സര്‍ക്കാര്‍ പുതിയ വിലനിയന്ത്രണ സംവിധാനം പ്രഖ്യാപിച്ചതിനു പിറകേയാണ് വില കുറച്ചത്. അദാനി ഗ്രൂപ്പിന്റെ അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡാണു ആദ്യം നിരക്കു കുറച്ചത്.

◾അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗിക്കുന്നെന്ന് ആരോപിച്ച് അഴിമതി പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഞെട്ടിക്കുന്ന മറുപടിയാണു കോടതി നല്‍കിയതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. തെലുങ്കാനയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജന്‍സികളെ തടയാനാവില്ലെന്നു കോടതി ഉത്തരവിട്ടെന്നും മോദി പറഞ്ഞു.

◾കേന്ദ്ര സര്‍ക്കാരിനെതിരേ വ്യാജവാര്‍ത്തകള്‍ തടയുന്നതിനുള്ള പുതിയ ഐടി നിയമ ഭേദഗതി മാധ്യമങ്ങള്‍ക്കെതിരായ സെന്‍സര്‍ഷിപ്പാണെന്ന ആരോപണവുമായി പ്രതിപക്ഷം. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് നിയമഭേദഗതി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരേ മാധ്യമപ്രവര്‍ത്തകരുടെ പ്രസ്ഥാനമായ എഡിറ്റേഴ്സ് ഗില്‍ഡും പ്രതിഷേധിച്ചിട്ടുണ്ട്.

◾ട്രെയിന്‍ കത്തിക്കല്‍ സംഭവത്തിനു പിറകില്‍ ആസൂത്രണമുണ്ടെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയയാളെ കണ്ടെത്തേണ്ടതുണ്ടെന്നും പോലീസ്. ഇതു സംബന്ധിച്ച് തുമ്പൊന്നും ലഭിച്ചിട്ടില്ല. പ്രതി ഷാറുഖ് സെയ്ഫിയുടെ രണ്ടു വര്‍ഷത്തെ ബന്ധങ്ങളും ഫോണ്‍ സംഭാഷണങ്ങളും ചാറ്റുകളും അന്വേഷണ സംഘം പരിശോധിക്കും.

◾ട്രെയിന്‍ തീവയ്പു കേസന്വേഷണം പ്രഹസനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പ്രതി കേരളം വിട്ടുപോയത് സംസ്ഥാന പൊലീസിന്റെ വീഴ്ചകൊണ്ടാണ്. ഇപ്പോഴും ദുരൂഹതകള്‍ തുടരുകയാണ്. വിവിധ അന്വേഷണ ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികള്‍ പ്രാഥമിക അന്വേഷണം നടത്തിയെന്നും അദ്ദേഹം പ്രതികരിച്ചു. ആക്രമണത്തില്‍ ഇരകളുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾സംസ്ഥാനത്ത് പേവിഷ പ്രതിരോധ സിറം കിട്ടാനില്ല. മെഡിക്കല്‍ കോളേജ് ആശുപത്രികളിലടക്കം ഇമ്യൂണോ ഗ്ലോബുലിന്‍ ഇല്ല. കഴിഞ്ഞ ദിവസം പാറശാലയില്‍ പട്ടിയുടെ കടിയേറ്റ കുട്ടിയ്ക്ക് നല്‍കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇമ്യൂണോ ഗ്ലോബുലിന്‍ ഉണ്ടായിരുന്നില്ല.

◾കേരളത്തില്‍ 1,801 പേര്‍ക്കുകൂടി കോവിഡ്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ രോഗവ്യാപനം. നാളേയും ചൊവ്വാഴ്ചയുമായി സംസ്ഥാനത്തെ ഏതാനും ആശുപത്രികളില്‍ കോവിഡുമായി ബന്ധപ്പെട്ട മോക് ഡ്രില്‍ നടത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചാണു മോക് ഡ്രില്‍ നടത്തുന്നത്.

◾വഴിക്കടവില്‍ മോട്ടോര്‍ വാഹന വകുപ്പ് ചെക്പോസ്റ്റില്‍ രാത്രി വിജിലന്‍സ് പരിശോധന. കണക്കില്‍പെടാത്ത 13,260 രൂപ കണ്ടെത്തി. വിജിലന്‍സിന്റെ പരിശോധനകള്‍ക്കിടയിലും കൗണ്ടറില്‍ കൈക്കൂലി പണവും പഴങ്ങള്‍ അടക്കമുള്ള സാധനങ്ങളും കാണിക്കവച്ച് ഡ്രൈവര്‍മാര്‍ പോയി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

◾എന്‍സിഇആര്‍ടി സിലബസില്‍നിന്ന് ചരിത്രപ്രാധാന്യമുള്ള പാഠഭാഗങ്ങള്‍ വെട്ടി മാറ്റിയ എന്‍സിഇആര്‍ടി പുനസംഘടിപ്പിക്കണമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഓരോ സംസ്ഥാനങ്ങളിലേയും പ്രതിനിധികളെ ഉള്‍പ്പെടുത്തണം. പാഠഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ബിജെപി അജണ്ട നടപ്പാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

◾ഇടഞ്ഞോടിയ ആന റോഡിലെ ലോറി മറിച്ചിടാന്‍ ശ്രമിക്കുന്നിതിനിടെ ആനയുടെ കൊമ്പൊടിഞ്ഞു. തൃശൂര്‍ മുടിക്കോട് ദേശീയപാതയില്‍ ശ്രീകൃഷ്ണപുരം വിജയ് എന്ന ആനയാണ് ഇടഞ്ഞ് അതിക്രമങ്ങള്‍ നടത്തിയത്. സമീപത്തെ വാഴത്തോട്ടത്തില്‍ കയറിയ ആന വാഴകള്‍ നശിപ്പിച്ചു.

◾ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയ വടകര സ്വദേശിനിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ എസ് ഐക്കെതിരെ കേസ്. എടച്ചേരി പൊലീസ് സ്റ്റേഷനിലെ മുന്‍ എസ് ഐ അബ്ദുള്‍ സമദിനെതിരെയാണ് കോടതി നിര്‍ദേശ പ്രകാരം വടകര പോലീസ് കേസെടുത്തത്.

◾പോസ്റ്റോഫീസില്‍ 21 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ വനിതാ പോസ്റ്റുമാസ്റ്ററെ അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് പോസ്റ്റോഫീസില്‍ ഗ്രാമീണ ടാക്ക് സേവക് സര്‍വ്വീസായി ജോലിചെയ്തിരുന്ന ആലപ്പുഴ പള്ളിപ്പുറം പാമ്പുംതറയില്‍ വീട്ടില്‍ അമിത നാഥിനെ (29) ആണ് മാരാരിക്കുളം പൊലീസ് അറസ്റ്റു ചെയ്തത്.

◾വേസ്റ്റ് ടു എനര്‍ജി പ്ലാന്‍ സംബന്ധിച്ച് സോണ്‍ട കമ്പനി പ്രതിനിധി ഡെന്നിസ് ഈപ്പന്റെ ശബ്ദരേഖയിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതെന്ന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി. ഇടനിലക്കാര്‍ വഴി അവര്‍ മുഖ്യമന്ത്രിയെ കണ്ടത് അഴിമതിക്കു വേണ്ടിയാണ്. 50 കോടിയുടെ അഴിമതി നടന്നെന്നും സിബിഐ അന്വേഷിക്കണമെന്നും ടോണി ചമ്മിണി ആവശ്യപ്പെട്ടു.  

◾രാജ്യത്തുടനീളം ക്രിസ്ത്യാനികള്‍ക്കെതിരേ അക്രമം നടക്കുമ്പോള്‍ ഈസ്റ്റര്‍ ദിനത്തില്‍ ബിജെപിക്കാര്‍ ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത് ധൃതരാഷ്ട്രാലിംഗനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഹിന്ദുരാഷ്ട്രത്തിനുവേണ്ടി എന്തും ചെയ്യുന്ന സംഘപരിവാര്‍ ശക്തികള്‍ ഞെക്കിക്കൊല്ലുന്നതിനു മുന്നോടിയായി നക്കിക്കൊല്ലുകയാണെന്നും സുധാകരന്‍ പറഞ്ഞു.

◾കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മത്സരിക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനാണെന്ന് മുസ്ലീംലീഗ് നേതാവ് പികെ അബ്ദു റബ്ബ്. എസ്ഡിപിഐ മത്സരിച്ച് കോണ്‍ഗ്രസിനു ലഭിക്കേണ്ട വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയെ വിജയിപ്പിക്കാനാണ് ശ്രമം. ഇങ്ങനെ സഹായിക്കുന്നത് കൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച ബിജെപി എസ്ഡിപിഐയെ നിരോധിക്കാത്തതെന്ന് അബ്ദു റബ്ബ് പറഞ്ഞു.

◾സംസ്ഥാനത്ത് നരേന്ദ്രമോദി സര്‍ക്കാരിന് അനുകൂലമായ ജനവികാരം ശക്തമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ബിജെപിയുടെ പ്രചാരണതന്ത്രത്തിന്റെ ഭാഗമായി താമരശേരി ബിഷപ് മാര്‍ റമീജിയോസ് ഇഞ്ചനാനിയിലിനെ സന്ദര്‍ശിച്ച് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾എഴുപത്തഞ്ചുകാരിയെ പീഡിപ്പിക്കുന്നതിനിടെ ശ്വാസം മുട്ടിച്ച് കൊന്ന ബന്ധുവായ യുവാവ് അറസ്റ്റില്‍. പ്രതിയടക്കമുള്ള ബന്ധുക്കളാണ് വയോധികയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചത്. പരിശോധിച്ച ഡോക്ടറാണു പീഡന വിവരം പൊലീസില്‍ അറിയിച്ചത്.

◾വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന പോലീസുകാരന്‍ നിയന്ത്രണംവിട്ടു പാഞ്ഞു വന്ന കാറിടിച്ച് മരിച്ചു. എറണാകുളം മടക്കത്താനം സ്വദേശി നജീബാണ് (46) മരിച്ചത്. പോത്താനിക്കാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായിരുന്നു.

◾കൊച്ചിയില്‍ എടിഎം കൗണ്ടര്‍ പൊളിച്ച് അകത്ത് കയറാന്‍ ശ്രമിച്ച ഝാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍. പനമ്പിള്ളി നഗറിലെ എടിഎം കൗണ്ടര്‍ പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെ ഹോം ഗാര്‍ഡാണ് പ്രതിയെ പിടികൂടിയത്.

◾കേന്ദ്ര മന്ത്രി നിയമമന്ത്രി കിരണ്‍ റിജ്ജുവിന്റെ കാര്‍ ജമ്മു കാഷ്മീരിലെ ബെനിഹാലില്‍ ട്രക്കുമായി കൂട്ടിയിടിച്ചു. മന്ത്രിക്കു പരിക്കില്ലെന്നാണു റിപ്പോര്‍ട്ട്.

◾ഈസ്റ്റര്‍ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിസ്ത്യന്‍ പള്ളി സന്ദര്‍ശിക്കും. ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ വൈകുന്നേരം ആറിനു മോദിയെത്തും. ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കുട്ടോ സ്വീകരിക്കും. ക്രിസ്മസ് ദിനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇതേ പള്ളി സന്ദര്‍ശിച്ചിരുന്നു.

◾അദാനിയുമായുള്ള ബന്ധത്തിലെ സത്യം മറച്ചുവയ്ക്കാനാണ് ബിജെപി ദിവസവും വിഷയം മാറ്റുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കോണ്‍ഗ്രസില്‍നിന്നു രാജിവച്ച നേതാക്കളുടെ പേരിനൊപ്പം അദാനിയുടെ പേരും എഴുതിയാണ് വിമര്‍ശനം. ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ കുമാര്‍ റെഡ്ഡി, ഹിമന്ത ബിശ്വാസ് ശര്‍മ എന്നിവരുടെ പേരിനൊപ്പം എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ പേരും എഴുതിയിട്ടുണ്ട്.

◾ബോഫോഴ്സ്, നാഷണല്‍ ഹെറാള്‍ഡ് ഇടപാടുകളിലെ അഴിമതിപ്പണം എവിടെയാണ് ഒളിപ്പിച്ചതെന്ന് രാഹുല്‍ഗാന്ധി വെളിപെടുത്തണമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കാര്യങ്ങള്‍ രാഹുലിനോടു കോടതി ചോദിക്കുമെന്നും ഏഴു വര്‍ഷം മുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഹിമന്ത പറഞ്ഞു.

◾രാഹുല്‍ ഗാന്ധിയുടെ കോലാര്‍ സന്ദര്‍ശന തീയതി വീണ്ടും മാറ്റി. ഏപ്രില്‍ 10 ന് നടത്താനിരുന്ന പരിപാടി ഏപ്രില്‍ 16-ലേക്ക് മാറ്റിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. 25 സീറ്റുകളില്‍ സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കം പരിഹരിക്കാത്തതാണു കാരണം. സിദ്ധരാമയ്യ കോലാറില്‍ മത്സരിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

◾പ്രതിഷേധങ്ങള്‍ക്കിടെ തെലങ്കാനയിലും തമിഴ്നാട്ടിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പര്യടനം. തെലങ്കാനയില്‍ വിവിധ വികസനപദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തമിഴ്നാട്ടിലെ ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ചേര്‍ന്ന് സ്വീകരിച്ചു. ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയ അന്താരാഷ്ട്ര ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു. രണ്ടേകാല്‍ ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ ടെര്‍മിനല്‍ 1260 കോടി രൂപ ചെലവിട്ടാണ് നിര്‍മിച്ചത്. ചെന്നൈയില്‍നിന്ന് കോയമ്പത്തൂരിലേക്കുള്ള വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു. രാമകൃഷ്ണ മഠത്തിന്റെ 125 ാം വാര്‍ഷികാഘോഷവും ഉദ്ഘാടനം ചെയ്തു.

◾യുക്രെയിന്‍ വിദേശകാര്യ ഉപമന്ത്രി എമിന്‍ സാപറോവ ഇന്ന് ഇന്ത്യയില്‍ എത്തും. റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്ന യുക്രെയിന്റെ പുനരുദ്ധാരണത്തിനു സഹായിക്കണമെന്ന അഭ്യര്‍ഥനയുമായാണ് മന്ത്രി എത്തുന്നത്.

◾കടക്കെണി ഒഴിവാക്കാന്‍ പാക്കിസ്ഥാന്‍ ഇനിയും അടിയന്തരമായി വിദേശ വായ്പ വാങ്ങണമെന്ന് ലോകബാങ്കിന്റെ ഉപദേശം. ഈ സാമ്പത്തിക വര്‍ഷം ഏകദേശം 40 ലക്ഷം പാക്കിസ്ഥാനികളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്.

◾ഐപിഎല്ലിലെ ഇന്നലത്തെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. 31 പന്തില്‍ 60 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളിന്റേയും 51 പന്തില്‍ 79 റണ്‍സ് നേടിയ ജോസ് ബട്ലറുടേയും ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. യശസ്വി ജയ്സ്വാളാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

◾ഐപിഎല്ലിലെ ആവേശകരമായ രണ്ടാമത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുടെ പ്രകടനത്തിന്റെ മികവില്‍ ചെന്നൈ മുംബൈയെ 157 റണ്‍സിലൊതുക്കി. വെടിക്കെട്ട് പ്രകടനം നടത്തി ഏവരെയും അത്ഭുതപ്പെടുത്തിയ വെറ്ററന്‍ താരം അജിങ്ക്യ രഹാനെയുടെ മികവില്‍ 18.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ വിജയലക്ഷ്യത്തിലെത്തി. അജിങ്ക്യ രഹാനെ 27 പന്തില്‍ 61 റണ്‍സെടുത്തു.

◾വ്യക്തികള്‍, കോര്‍പ്പറേറ്റ് മേഖല വിഭാഗങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാരിതര മേഖലയില്‍ നിന്നും കൂടുതല്‍ ആളുകള്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്നതോടെ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം, അടല്‍ പെന്‍ഷന്‍ യോജന എന്നിവയുടെ മൊത്തത്തിലുള്ള കൈകാര്യ ആസ്തി മാര്‍ച്ച് വരെ ഏകദേശം 9,00,000 കോടി രൂപയിലെത്തി. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കി. 2022-23 കാലയളവില്‍ വ്യക്തികള്‍, കോര്‍പ്പറേറ്റ് വിഭാഗങ്ങളിലായി പത്ത് ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്തതിലൂടെ 2023 മാര്‍ച്ച് വരെയുള്ള മൊത്തം കൈകാര്യ ആസ്തി 8,98,000 കോടി രൂപ വര്‍ധിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്‍പിഎസ് വരിക്കാരുടെ എണ്ണം 2.11 കോടിയില്‍ നിന്ന് 6.33 കോടിയായി ഉയര്‍ന്നു. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പെന്‍ഷന്‍ നിക്ഷേപ സംവിധാനങ്ങളിലൊന്നാണ് എന്‍പിഎസ്. പിഎഫ്ആര്‍ഡിഎ ആണ് ഇത് നിയന്ത്രിക്കുന്നത്. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇത് നിര്‍ബന്ധമാണ്. 18 മുതല്‍ 60 വയസ്സുവരെയുള്ള ഏതൊരു ഇന്ത്യന്‍ പൗരനും എന്‍പിഎസ് അക്കൗണ്ട് തുറക്കാന്‍ കഴിയും. രണ്ട് പതിറ്റാണ്ട് പഴക്കമുള്ള എന്‍പിഎസ് ഇപ്പോള്‍ 6.33 കോടി വരിക്കാരോടെ ഏകദേശം 9,00,000 കോടി രൂപ കൈകാര്യം ചെയ്യുന്നു.

◾മണിരത്നത്തിന്റെ ഇതിഹാസ ചിത്രം പൊന്നിയിന്‍ സെല്‍വന്‍' രണ്ടാം ഭാഗത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടു. 'വീര രാജ വീര' എന്ന പുതിയ ഗാനമാണ് പുറത്തുവിട്ടത്. രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യും. പുതിയ ഗാനം ശങ്കര്‍ മഹാദേവനും കെ എസ് ചിത്രയും ഹരിണിയുമാണ് ആലപിച്ചിരിക്കുന്ന. ശക്തിശ്രീ ഗോപാലന്‍ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. 'അഗ നാഗ' എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടതും ഹിറ്റായി മാറിയതും. ജയം രവി, ജയറാം, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ ഒട്ടേറേ അഭിനേതാക്കളും 'പൊന്നിയിന്‍ സെല്‍വനി'ലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നായിരുന്നു റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

◾അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ ചിത്രം 'അടി'യിലെ പുതിയ ഗാനം പുറത്തുവിട്ടു. ഹരിശ്രീ അശോകന്‍ പാടിയ 'കൊക്കരക്കോ' എന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടത്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും വേഷമിടുന്നു. 'ലില്ലി', 'അന്വേഷണം' എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. 'വരനെ ആവശ്യമുണ്ട്', 'മണിയറയിലെ അശോകന്‍', 'കുറുപ്പ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്.

◾ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ കവാസാക്കി ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ വാഹന പോര്‍ട്ട്‌ഫോളിയോ പരിഷ്‌കരിച്ച് പുതിയ മോഡലായ കാവസാക്കി വള്‍ക്കന്‍ എസ് പുറത്തിറക്കി. വിലകുറഞ്ഞ രൂപവും കരുത്തുറ്റ എഞ്ചിനും സജ്ജീകരിച്ചിരിക്കുന്ന ഈ ബൈക്കിന്റെ വില 7.10 ലക്ഷം രൂപ (എക്‌സ്-ഷോറൂം, ഇന്ത്യ) നിശ്ചയിച്ചിരിക്കുന്നത്. സിംഗിള്‍ മെറ്റാലിക് മാറ്റ് കാര്‍ബണ്‍ ഗ്രേ നിറത്തിലാണ് കമ്പനി ഈ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ബൈക്കിന്റെ ഡിസൈനില്‍ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ബൈക്കില്‍ 649 സിസി ശേഷിയുള്ള പാരലല്‍-ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഉപയോഗിക്കുന്നു. 59.9 ബിഎച്ച്പിയും 62.4 എന്‍എം ടോര്‍ക്കും ഇത് ഉത്പാദിപ്പിക്കുന്നു. സിംഗിള്‍-പോഡ് ഹെഡ്‌ലാമ്പ്, റൈഡര്‍-ഒണ്‍ലി സാഡില്‍, അണ്ടര്‍ബെല്ലി എക്‌സ്‌ഹോസ്റ്റ്, വൃത്താകൃതിയിലുള്ള റിയര്‍ ഫെന്‍ഡര്‍, സ്ലീക്ക് എല്‍ഇഡി ടെയില്‍ലാമ്പ്, മുന്നിലും പിന്നിലും അലോയ് വീലുകള്‍ എന്നിവയുമായാണ് വാഹനം വരുന്നത്. 235 കിലോഗ്രാമാണ് ഈ ബൈക്കിന്റെ ഭാരം. ഇതിന്റെ ഉയരം 705 മില്ലീമീറ്ററും ഗ്രൗണ്ട് ക്ലിയറന്‍സ് 130 മില്ലീമീറ്ററുമാണ്.

◾സിനിമ എന്നത് എഴുത്ത്, അഭിനയം, സംഗീതം, നൃത്തം, ചിത്രം, ശില്പം എന്നിവയൊക്കെ സമ്മേളിക്കുന്ന, സമൂഹത്തില്‍ ഏറ്റവും സ്വാധീനശക്തിയുള്ള കലാരൂപമാണ്. സ്വവര്‍ഗാനുരാഗികളും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടെയുള്ള എല്‍.ജി.ബി.ടി.ക്യു. കമ്മ്യൂണിറ്റിയുടെ സ്വാഭിമാനത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പ്രതീകമാണ് മഴവില്‍ പതാക. ഒരു ഗേ പുരുഷന്റെ കണ്ണിലൂടെയുള്ള മലയാള സിനിമകളുടെ കാഴ്ചകളാണ് ഈ പുസ്തകം. ജെന്‍ഡര്‍, സെക്ഷ്വാലിറ്റി എന്നിവയില്‍ ഊന്നിക്കൊണ്ട് ക്വിയര്‍ ഭാവുകത്വത്തോടെ ജനപ്രിയസിനിമകളെ നോക്കിക്കാണുമ്പോള്‍ അത് വായനക്കാരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. 'മഴവില്‍ കണ്ണിലൂടെ മലയാള സിനിമ'. കിഷോര്‍ കുമാര്‍. ഡിസി ബുക്സ്. വില 144 രൂപ.

◾മാതാപിതാക്കളുടെ രക്ഷാകര്‍തൃ രീതികള്‍ കുട്ടികളുടെ മാനസികാരോഗ്യത്തില്‍ സ്വാധീനം ചെലുത്തുമെന്ന് പഠനം. 9 മാസം മുതല്‍ 9 വയസ്സുവരെയുള്ള കുട്ടികളില്‍ നടത്തിയ ഗവേഷണം നടത്തിയത്. എപ്പിഡെമിയോളജി ആന്‍ഡ് സൈക്യാട്രിക് സയന്‍സസ് എന്ന മെഡിക്കല്‍ ജേണലിലാണ് ഈ ഗവേഷണം പ്രസിദ്ധീകരിച്ചത്. ഇതിന്റെ ഭാഗമായി അയര്‍ലന്റിലെ 9 മാസം മുതല്‍ 9 വയസ്സ് വരെ പ്രായമുള്ള 7,500-ലധികം കുട്ടികളുടെ വിവരങ്ങള്‍ പഠിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെയും ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളേജിലെയും ഗവേഷകരുടെ അഭിപ്രായത്തില്‍, മൂന്നാം വയസ്സില്‍, ദേഷ്യത്തോടെയുളള രക്ഷാകര്‍തൃത്വത്തിന് അഥവാ ഹോസ്റ്റെയില്‍ പേരെന്റിങ്ങിന് വിധേയരായ കുട്ടികള്‍ക്ക് അവരുടെ സമപ്രായക്കാരേക്കാള്‍ മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 1.5 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. മാനസിക പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളില്‍ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കണമെങ്കില്‍ കഴിവതും ദേഷ്യത്തോടെയുളള, ശത്രുതാപരമായ രക്ഷകര്‍തൃത്വം ഒഴിവാക്കേണ്ടതാണ്. സമ്മര്‍ദ്ദം കൂടുതലുളള മാതാപിതാക്കളുടെ കുട്ടികളും കൂടുതല്‍ സമ്മര്‍ദ്ദത്തിലാണെന്നും ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങളുമായി പൊരുതുന്നവരാണെന്നും ഗവേഷണങ്ങള്‍ കണ്ടെത്തി. ഇത്തരം മാതാപിതാക്കള്‍ അവരുടെ രക്ഷകര്‍തൃ കഴിവുകള്‍ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. കുട്ടികളെ എല്ലായ്‌പ്പോഴും ശകാരിക്കുന്നത് ശരിയല്ല. ചെറിയ തെറ്റുകള്‍ക്കും കുട്ടികള്‍ക്ക് വലിയ ശിക്ഷ കൊടുക്കുക, തെറ്റ് ചെയ്തതിന് കുട്ടികളെ മാറ്റി നിര്‍ത്തുക, അവരുടെ ആത്മാഭിമാനം വ്രണപ്പെടുത്തുന്ന തരത്തില്‍ വഴക്ക് പറയുക തുടങ്ങിയ കാര്യങ്ങളൊന്നും ചെയ്യരുത്. വളരെ സ്‌നേഹത്തില്‍ പെരുമാറുന്ന മാതാപിതാക്കളുടെ കുട്ടികളുടെ വിവരങ്ങളും ഗവേഷകര്‍ പഠിച്ചു. ഇത്തരം കുട്ടികളില്‍ മാനസിക വിഭ്രാന്തി ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. കുട്ടികളുടെ മാനസികാരോഗ്യം എന്നത്. ലിംഗഭേദം, ശാരീരിക ആരോഗ്യം, സാമൂഹിക സാമ്പത്തിക നില എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും ഗവേഷകര്‍ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 10-20% കുട്ടികളും കൗമാരക്കാരും മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നണ്ട്.

*ശുഭദിനം*
*കവിത കണ്ണന്‍*
ഇതൊരു കാട്ടിലെ കഥയാണ്. വളരെ ചെറിയകാര്യത്തിനാണ് കൂട്ടുകാരായിരുന്ന ആ രണ്ടു പുലികളും വഴക്കുകൂടിയത്. കാട്ടിലെ മറ്റ് പുലികളും പക്ഷം പിടിച്ച് അവരുടെ വഴക്കില്‍ ചേര്‍ന്നു. വഴക്ക് അവസാനിച്ചപ്പോള്‍ അവര്‍ രണ്ട് ചേരിയായി മാറി. കാട്ടിലൂടെ ഒഴുകികൊണ്ടിരുന്ന ചെറിയൊരു അരുവിയുടെ അക്കരയും ഇക്കരയുമായി ഇവര്‍ താമസം ആരംഭിച്ചു. പരസ്പരം നോക്കുക പോലും ചെയ്യാതെ പക്ഷം പിടിച്ചവര്‍ കൂട്ട് ചേര്‍ന്ന് അരുവിയുടെ രണ്ടു കരകളിലായി അവര്‍ കഴിഞ്ഞു. അരുവി അങ്ങനെ അവരുടെ ജീവിതത്തി്‌ന്റെ തന്നെ അതിര്‍ത്തിയായി മാറി. അങ്ങനെയിരിക്കെ വേനല്‍ക്കാലം വന്നു. വൈകാതെ ആ അരുവി വററി വരണ്ടു. അതിര്‍ത്തിയില്ലാതായി. രണ്ടു കൂട്ടരും ചര്‍ച്ചയായി. അതിര്‍ത്തി കാണാതെ ഇനി നമ്മുടെ പ്രദേശം എങ്ങിനെ തിരിച്ചറിയും? അതിര്‍ത്തി എങ്ങനെയെങ്കിലും അടയാളപ്പെടുത്തിയേ പറ്റൂ. ഇതെല്ലാം കേട്ട് ഒരു മലമ്പാമ്പ് മരത്തില്‍ കിടക്കുന്നുണ്ടായിരുന്നു. പാമ്പ് പറഞ്ഞു: ഞാന്‍ നിങ്ങളുടെ സംസാരമെല്ലാം കേട്ടു. ഒരു കാര്യം ചെയ്യാം.. അരുവിക്ക് പകരം ഞാന്‍ അതിര്‍ത്തിയായി ഇഴഞ്ഞുനീങ്ങാം. പുലികള്‍ പൊട്ടിച്ചിരിച്ചു. അതുകൊണ്ട് എന്ത് കാര്യം നീ രണ്ടുമിനിറ്റ് കൊണ്ട് ഇഴഞ്ഞങ്ങുപോകില്ലേ.. അതോടെ അതിര്‍ത്തി പിന്നെയും ഇല്ലാതാകും... പാമ്പ് പറഞ്ഞു: നിങ്ങളെ കുറച്ച് നേരത്തേക്കേ എനിക്ക് വേര്‍തിരിച്ചു നിര്‍ത്താനാകൂ.. അരുവിയും അതുപോലെ തന്നെയായിരുന്നു.. കുറച്ച് മാസങ്ങള്‍ ഇതുവഴി ഒഴുകിയിരുന്നു എന്ന് മാത്രം. അരുവി ഒഴുകിയിരുന്നപ്പോള്‍ ഇത് രണ്ടു കരകളായി നിങ്ങള്‍ക്ക് തോന്നി. അരുവിയില്ലാതായതോടെ ഇരുകരകളും ഒന്നായി. ഇതു പോലെ തന്നെയാണ് നിങ്ങളുടെ കാര്യവും.. വേര്‍പിരിഞ്ഞത് കുറച്ച് കാലത്തേക്ക് മാത്രമായിരുന്നു. അതിന് മുമ്പ് നിങ്ങള്‍ ഒന്നായിരുന്നില്ലേ... സാമൂഹ്യജീവിയായി ജീവിതം തുടരുമ്പോള്‍ വഴക്കുകള്‍ പലപ്പോഴും അതിന്റെ ഭാഗമാവുകയാണ് പതിവ്. അതിര്‍വരമ്പുകള്‍ അവിടെയും സൃഷ്ടിക്കപ്പെടാം. പക്ഷേ, വിദ്വേഷത്തിന്റെ അരുവികള്‍ തീര്‍ക്കുന്ന അതിര്‍വരമ്പുകള്‍ കുറച്ച് കാലത്തേക്ക് മാത്രമേ നിലനിര്‍ത്താവൂ.. സുഹൃത്തുക്കള്‍ക്കിടയിലെ ഒരു ശത്രുതയും സ്ഥായിയാവരുത്. വിദ്വേഷത്തിന്റെ അരുവികളെ നമുക്ക് മായ്ചുകളയാം. ഒരു ശത്രുതയും സ്ഥിരമായി നിലനില്‍ക്കുന്നതാവാതിരിക്കട്ടെ , ഏതൊരു അതിര്‍ത്തികളേയും മായ്ചുകളയാന്‍ പരസ്പരസ്‌നേഹത്തിന് സാധിക്കും. സ്‌നേഹം പരക്കട്ടെ... ഈസ്റ്റര്‍ ആശംസകള്‍- ശുഭദിനം.