പ്രഭാത വാർത്തകൾ2023 | ഏപ്രിൽ 8 | ശനി |

കൊവിഡ് വ്യാപിക്കുന്നതിനാല്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എല്ലാ സംസ്ഥാനങ്ങളിലും ആശുപത്രികളില്‍ മോക്ഡ്രില്‍ നടത്തും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ച ആരോഗ്യമന്ത്രിമാരുടെ യോഗത്തിലാണ് ഈ നിര്‍ദേശം. മോക്ഡ്രില്‍ നടത്തുന്ന ആശുപത്രികള്‍ ആരോഗ്യ മന്ത്രിമാര്‍ സന്ദര്‍ശിക്കണം. സംസ്ഥാനങ്ങളില്‍ പരിശോധനയും ജനിതക ശ്രേണീകരണവും വര്‍ധിപ്പിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പിന്തുടരണമെന്നും യോഗത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു.
◾ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരേ കൊലക്കുറ്റം ചുമത്തി. പ്രതി കുറ്റം സമ്മതിച്ചെന്ന് അന്വേഷണ സംഘത്തലവന്‍ എഡിജിപി എംആര്‍ അജിത്കുമാര്‍. പ്രതിയെ കോടതി 11 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കനത്ത സുരക്ഷയോടെയാണ് പൊലീസ് പ്രതിയുമായി കോടതിയിലെത്തിയത്. മാലൂര്‍ക്കുന്ന് എ ആര്‍ ക്യാമ്പിലാണു ചോദ്യം ചെയ്യുന്നത്. ട്രാക്കില്‍ കണ്ടെത്തിയ ബാഗ് പ്രതിയുടേതാണെന്നും എഡിജിപി വ്യക്തമാക്കി.
◾സംസ്ഥാനത്തെ നാലു പഞ്ചായത്തുകള്‍ക്കു ദേശീയ പുരസ്‌കാരം. മികച്ച ശിശു സൗഹൃദ പഞ്ചായത്തായി ആലപ്പുഴ ജില്ലയിലെ ചെറുതന തെരഞ്ഞെടുക്കപ്പെട്ടു. സ്വയംപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ആലപ്പുഴയിലെത്തന്നെ വിജയപുരം പഞ്ചായത്തിനാണ് ഒന്നാം സ്ഥാനം. ജലപര്യാപ്തതാ പ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. സല്‍ഭരണത്തിന് തൃശൂര്‍ അളഗപ്പ പഞ്ചായത്ത് മൂന്നാം സ്ഥാനം നേടി.
◾താമരശ്ശേരിയില്‍ രാത്രി പത്തോടെ ദമ്പതിമാരെ തട്ടിക്കൊണ്ടു പോയി. ഭാര്യയെ വഴിയില്‍ ഇറക്കിവിട്ട് ഭര്‍ത്താവുമായി അക്രമി സംഘം കടന്നുകളഞ്ഞു. പരപ്പന്‍പൊയില്‍ സ്വദേശി ഷാഫി, ഭാര്യ സെനിയ എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ഷാഫിയെ കൊണ്ടുപോയ സംഘത്തെ കുറിച്ച് വിവരമില്ല. താമരശേരി പൊലീസ് അന്വേഷണം തുടങ്ങി.
◾കെ.എസ്.ആര്‍.ടി.സിക്കു ദയാവധം നല്‍കുന്നതിനാണ് സര്‍ക്കാര്‍ സ്വിഫ്റ്റ് കമ്പനിയെ പരിപോഷിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും കെടുകാര്യസ്ഥതയ്ക്കും പിടിപ്പുകേടിനും ശിക്ഷിക്കുന്നത് പാവപ്പെട്ട തൊഴിലാളികളെയാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാദ്ധ്യതയില്ലെന്ന സര്‍ക്കാര്‍ നിലപാട് കടുത്ത തൊഴിലാളി വഞ്ചനയാണെന്നും സുധാകരന്‍ പറഞ്ഞു.
◾കണ്ണൂര്‍ ചിറക്കലില്‍ പെരുങ്കളിയാട്ടത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെയ്യമായി കനലിലൂടെ നടത്തിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പോലീസ് മേധാവിക്കു കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. തീ കനലിലൂടെ ചാടിയശേഷം അവശനിലയിലായ കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
◾പള്ളുരുത്തിയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറില്‍നിന്ന് 177 കിലോ കഞ്ചാവ് പിടിച്ചു. വാടകക്കെടുത്ത കാറിലായിരുന്നു കഞ്ചാവ് കടത്ത്. പത്തു ദിവസം മുന്‍പ് ആന്‍ ഗ്രൂപ്പ് എറണാകുളം എന്ന സ്ഥാപനം വാടകയ്ക്കു നല്‍കിയ കാര്‍ തിരിച്ചെത്താതായതോടെ ഉടമ ജി.പി.എസ് വഴി അന്വേഷിച്ചപ്പോഴാണ് പള്ളുരുത്തിയില്‍ റോഡരികില്‍ കാര്‍ കിടക്കുന്നത് കണ്ടത്. ഉടമ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
◾മലപ്പുറത്ത് പതിനാലുകാരന്‍ ഇരുചക്ര വാഹനം ഓടിച്ചതിന് കുട്ടിയുടെ പിതാവിനും വാഹനം നല്‍കിയ യുവതിക്കും തടവും പിഴയും ശിക്ഷ. കുട്ടിയുടെ പിതാവ് കല്‍പകഞ്ചേരി അബ്ദുല്‍ നസീര്‍ (55) ന് 25,000 രൂപ പിഴശിക്ഷ. ബൈക്ക് ഉടമയായ കല്പകഞ്ചേരി ഫൗസിയ (38) ക്ക് അയ്യായിരം രൂപയാണു പിഴശിക്ഷ. ഇരുവര്‍ക്കും വൈകീട്ട് അഞ്ചിനു കോടതി പിരിയുംവരെ തടവുശിക്ഷയും മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചു.
◾പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരി കലാമണ്ഡലം ദേവകി തൃശൂരില്‍ അന്തരിച്ചു. 75 വയസായിരുന്നു. എരുമപ്പെട്ടി നെല്ലുവായ് സ്വദേശിയാണ്.
◾തൃശൂര്‍ ചേര്‍പ്പിലെ ബസ് ഡ്രൈവര്‍ സഹാറിനെ മര്‍ദിച്ചു കൊന്ന കേസിലെ ഒന്നാം പ്രതി രാഹുല്‍ മുംബൈയില്‍ അറസ്റ്റിലായി. ഗള്‍ഫില്‍നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയ ഉടനെ പിടികൂടുകയായിരുന്നു. ഇയാളെ തിങ്കളാഴ്ച തൃശൂരില്‍ എത്തിക്കും.
◾മദ്യപിച്ചു മര്‍ദിച്ച ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. കാസര്‍കോട് പാണത്തൂര്‍ പുത്തൂരടുക്കം സ്വദേശി ബാബു ആണ് കൊല്ലപ്പെട്ടത്. 54 വയസായിരുന്നു. ഭാര്യ സീമന്തിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം ചിത്രീകരിച്ച വീഡിയോയില്‍ കുട്ടിയാന ചരിയുന്ന രംഗം. കൊല്ലം അച്ചന്‍കോവില്‍ സ്റ്റേഷന്‍ എസ്എച്ച്ഒ കൃഷ്ണകുമാറും സംഘവും മടങ്ങുന്നതിനിടെ കാട്ടാനസംഘം റോഡിലിറങ്ങി. അര മണിക്കൂറോളം ഗതാഗത തടസമുണ്ടാക്കി. ഇതിനിടെ വീഡിയോ പകര്‍ത്തവേയാണ് കുട്ടിക്കൊമ്പന്‍ റോഡരികില്‍ കുഴഞ്ഞുവീണത്. ഇതോടെ കുഴഞ്ഞുവീണ കുട്ടിക്കൊമ്പന് അരികിലേക്ക് ആനകള്‍ മാറി. കുട്ടിക്കൊമ്പന്‍ കളിക്കുകയാണെന്നാണ് കരുതിയ പോലീസ് സംഘം സ്ഥലംവിട്ടു. പിന്നീടാണ് കുട്ടിയാന ചത്തുവീണതാണെന്നു മനസിലായത്. വീഡിയോ വൈറലായി.
◾മലമ്പുഴ അകമലവാരത്ത് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കോഴിമലയ്ക്കു സമീപമാണ് പിടിയാനയുടെ നാലു ദിവസം പഴക്കമുള്ള ജഡം കണ്ടെത്തിയത്.
◾വയനാട് മുത്തങ്ങയില്‍ ഓടുന്ന കാറിനു മുകളിലേക്കു പുള്ളിമാന്‍ ചാടി. കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്ന് കര്‍ണാടക സ്വദേശികളായ യാത്രക്കാര്‍ക്കു പരിക്കേറ്റു. മാന്‍ ചത്തു.
◾ഡ്രൈ ഡേയില്‍ വിദേശ മദ്യം വിറ്റ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വെഞ്ചാക്കോട് വികാസ് നഗര്‍ സ്വദേശി രതീഷാണ് (38) പിടിയിലായത്. സിവി നഗര്‍ പ്രദേശത്ത് വെച്ച് 18 കുപ്പി വിദേശ മദ്യവുമായാണ് പ്രതിയെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.
◾കൊല്ലം കണ്ണനല്ലൂരില്‍ ബാറിനു മുന്നില്‍നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. മുട്ടക്കാവ് സ്വദേശികളായ യാക്കൂബ്, അനില്‍കുമാര്‍ എന്നിവരെയാണ് കണ്ണനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
◾എറണാകുളം കിഴക്കമ്പലത്ത് വൈദിക വേഷം ധരിച്ച് പള്ളിയില്‍ മോഷണം. മലയിടംതുരുത്ത് സെന്റ് മേരീസ് പളളി ഓഫീസ് കുത്തിത്തുറന്ന് 40,000 രൂപ കവര്‍ന്നു. സിസിടിവിയില്‍ പതിഞ്ഞെങ്കിലും മഖംമൂടി ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ്.
◾ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം പുത്തന്‍വേലിക്കരയില്‍ താമസിക്കുന്ന തൃശൂര്‍ മേലൂര്‍ കല്ലൂത്തി സ്വദേശി റോഷന്‍ എന്ന പതിനെട്ടുകാരനെയാണ് അറസ്റ്റു ചെയ്തത്.
◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വ്യത്യസ്ത കേസുകളിലാണ് യുവാക്കളെ നിലമ്പൂര്‍ പൊലീസ് പിടികൂടിയത്. അരീക്കോട് സ്വദേശി വടക്കയില്‍ മുഹമ്മദ് യൂനസ് (26) മമ്പാട് സ്വദേശി റംഷീദ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടു കേസിലും 16 വയസുള്ള പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്.
◾മുന്നൂറു കിലോ തൂക്കമുള്ള കൂറ്റന്‍ തിരണ്ടിയെ വലയിലാക്കി മത്സ്യത്തൊഴിലാളികള്‍. പൊന്നാനി ഹാര്‍ബറിലെ മത്സ്യബന്ധന മത്സ്യത്തൊഴിലാളികളാണ് കൂറ്റന്‍ തിരണ്ടിയെ കരയില്‍ എത്തിച്ചത്.
◾അദാനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി അന്വേഷണ സമിതിയെ നിയോഗിച്ചിരിക്കേ, പാര്‍ലമെന്റിന്റെ സംയുക്ത സമിതി അന്വേഷണം അനാവശ്യമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. അദാനിക്കെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പ്രത്യേക ലക്ഷ്യംവച്ചുള്ളതാണ്. പാര്‍ലമെന്റില്‍ വിഷയത്തിന് അനാവശ്യ പ്രാധാന്യമാണ് നല്‍കിയതെന്നും ശരത് പവാര്‍ പറഞ്ഞു.
◾ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന്‍ അംഗവും നടിയുമായ ഖുശ്ബു സുന്ദറിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും ക്ഷീണവും മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
◾തമിഴ്നാട് ദിണ്ടിഗല്‍ ജില്ലയിലെ നത്തം ടൗണില്‍ ഓടുന്ന ബസില്‍ യുവതിയെ വെട്ടിക്കൊന്നു. ഗണവായ്പ്പട്ടി സ്വദേശി ദമയന്തിയാണ് മരിച്ചത്. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് കൊല നടത്തിയ ഭര്‍തൃ സഹോദരന്‍ രാജാംഗത്തെ പോലീസ് അറസ്റ്റു ചെയ്തു.

◾വിവാഹത്തിനുള്ള തടസങ്ങള്‍ നീക്കാനുള്ള കര്‍മങ്ങള്‍ക്ക് എത്തിയ കാമുകിയെ ലൈംഗികമായി ഉപദ്രവിച്ച മന്ത്രവാദിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. ലിംഗം മുറിച്ചു മാറ്റിയ ശേഷം കല്ലുകൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. ഹൊസൂര്‍ കലവറപ്പള്ളി സ്വദേശി ശശികുമാറാണ് മരിച്ചത്. പ്രതികളായ ദിനേശ്, ഗുണാലന്‍ എന്നിവര്‍ ബെന്നഗരം കോടതിയില്‍ കീഴടങ്ങി.