പ്രഭാത വാർത്തകൾ2023 / ഏപ്രിൽ 7 | വെള്ളി

◾വൈദ്യുതി ചാര്‍ജ് യൂണിറ്റിനു മുപ്പതു പൈസ നിരക്കില്‍ വര്‍ധിപ്പിക്കണമെന്ന് കെഎസ്ഇബി. അടുത്ത മാസം നിരക്കു വര്‍ധന നടപ്പാക്കണമെന്നാണ് ആവശ്യം. ഓഗസ്റ്റ് മുതല്‍ മൂന്നു മാസത്തേക്കു 14 പൈസകൂടി സര്‍ചാര്‍ജ് ഇനത്തില്‍ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷന്‍ മുമ്പാകെയാണ് അപേക്ഷ നല്‍കിയത്.

◾മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അംഗത്വം നല്‍കി. കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ എന്നിവരും പങ്കെടുത്തു. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്ന അനില്‍ ആന്റണിക്ക് ബിജെപിയില്‍ എന്തു പദവി നല്‍കുമെന്നു അടുത്ത ദിവസങ്ങളില്‍ അറിയാം.

◾പ്രകൃതി വാതക വില കുറയും. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ വിലയുമായി പ്രകൃതി വാതക വില ബന്ധിപ്പിച്ചു വിലനിര്‍ണയ മാനദണ്ഡം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. പൈപ്പ് വഴി ലഭിക്കുന്ന പ്രകൃതി വാതകത്തിന്റെയും സിഎന്‍ജിയുടെയും വില കുറയും.  

◾ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ മഞ്ഞപ്പിത്തംമൂലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരളിന്റെ പ്രവര്‍ത്തനത്തില്‍ ചെറിയ തകരാറുകളുണ്ടെന്നും സ്ഥിരീകരിച്ചു. പരസ്പരവിരുദ്ധമായ മൊഴികളാണ് പ്രതി ഷാറൂഖ് സെയ്ഫി നല്‍കുന്നത്. തീയിട്ടതിനു പിറകില്‍ ആരുമില്ലെന്നും തന്റെ കുബുദ്ധിയാണു കാരണമെന്നുമാണ് ഷാറൂഖ് പറയുന്നത്. എന്നാല്‍, ട്രെയിനില്‍ തീയിട്ടാല്‍ ഐശ്വര്യമുണ്ടാകുമെന്ന് ഒരാള്‍ തന്നെ ഉപദേശിച്ചതനുസരിച്ചാണു തീയിട്ടതെന്നു മഹാരാഷ്ട്ര പോലീസിനോട് ഷാറൂഖ് പറഞ്ഞിരുന്നു.  


◾സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ സ്വത്തു കണ്ടുകെട്ടാനുള്ള നോട്ടീസ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. സ്വപ്ന ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം തൈക്കാട് വില്ലേജ് ഓഫീസറെ ഏഴു ദിവസത്തിനകം അറിയിക്കണമെന്ന് ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.

◾ഇന്നു ദുഃഖവെള്ളി. യേശുവിനെ കുരിശിലേറ്റി കൊന്നതിന്റെ ഓര്‍മദിനമായാണ് ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിക്കുന്നത്. ദേവാലയങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ വിശ്വാസികള്‍ പങ്കെടുക്കും.

◾രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫീസിന്റെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ബിഎസ്എന്‍എല്‍ വിച്ഛേദിച്ചു. രാഹുല്‍ ഗാന്ധി എം പി സ്ഥാനത്തുനിന്ന് അയോഗ്യനായതോടെയാണ് നടപടി.

◾കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയായെന്ന് ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണി. ഒരു കുടുംബത്തിനു വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസിന് ഭാവിയില്ല. ബിജെപി രാജ്യത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. നരേന്ദ്രമോദി അഴിമതി രഹിത നേതാവാണ്. അച്ഛന്‍ എകെ ആന്റണിയോട് ഏറ്റവും സ്നേഹവും ബഹുമാനവുമുണ്ട്. അതില്‍ കുറവില്ലെങ്കിലും അച്ഛന്റെ രാഷ്ട്രീയത്തോടു വിയോജിപ്പുണ്ട്. അനില്‍ പറഞ്ഞു.

◾മകന്‍ അനില്‍ ബിജെപിയില്‍ ചേര്‍ന്ന തീരുമാനം വേദനയുണ്ടാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. 82 വയസായ തന്റെ അവസാന കാലത്ത് ഇങ്ങനെയൊരു തെറ്റായ തീരുമാനം കാണേണ്ടിവന്നതില്‍ വേദനയുണ്ടെന്ന് വികാരാധീനനായി ആന്റണി പറഞ്ഞു. അവസാന ശ്വാസം വരെയും താന്‍ കോണ്‍ഗ്രസുകാരനായിരിക്കും. ബിജെപിക്കും ആര്‍എസ് എസിനുമെതിരെ ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ഗുജറാത്ത് വംശഹത്യ കേസുകളില്‍ സുപ്രീം കോടതി കുറ്റമുക്തനാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി ബിബിസി സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിക്കെതിരേ പ്രതികരിച്ചതോടെയാണ് അനില്‍ ആന്റണി പരസ്യമായി ബിജെപിയോട് അടുത്തത്. രാഹുല്‍ഗാന്ധിക്കെതിരായ പ്രതികരണങ്ങള്‍ക്കൊപ്പം മോദിക്കും സ്മൃതിക്കും ജയശങ്കറിനും പ്രശംസയും നല്‍കി. കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ ചുമതലക്കാരനായിരുന്ന അനില്‍ പാര്‍ട്ടിയില്‍ അസംതൃപ്തനായിരുന്നു.

◾അനില്‍ ആന്റണി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം രാജ്യ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നയാളാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ച ചടങ്ങിലാണ് മുരളീധരന്റെ പരാമര്‍ശം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.

◾മുപ്പതു വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത ദിവസത്തില്‍ അനില്‍ ആന്റണി സ്വന്തം പിതാവിനേയും കോണ്‍ഗ്രസിനേയും ഒറ്റിക്കൊടുത്തെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. എ.കെ ആന്റണിയുടെ മകനെന്നതിനപ്പുറം അനില്‍ ആന്റണി കോണ്‍ഗ്രസില്‍ ആരുമല്ല. കോണ്‍ഗ്രസിനായി സമരം ചെയ്തിട്ടുമില്ല. സുധാകരന്‍ പറഞ്ഞു.

◾അനിലിന്റെ സഹോദരന്‍ അജിത് പോള്‍ ആന്റണി കോണ്‍ഗ്രസിനൊപ്പമെന്നു വെളിപെടുത്തി ഫേസ് ബുക്കില്‍ പോസ്റ്റ്. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം അജിത്ത് ആന്റണി ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്തു.

◾രാത്രി ആര്‍എസ്എസ് ബന്ധം പുലര്‍ത്തുന്നവര്‍ കോണ്‍ഗ്രസില്‍ വേണ്ടെന്ന എ.കെ. ആന്റണിയുടെ ശാസന ശിരസാ വഹിച്ചാണ് മകന്‍ അനില്‍ രാത്രിക്കു പുറമേ പകലും ബിജെപിയില്‍ ചേര്‍ന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പകലും രാത്രിയും ബിജെപി ആയി പ്രവര്‍ത്തിക്കാന്‍ അനില്‍ ആന്റണി തീരുമാനിച്ചത് അങ്ങനെയാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

◾കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണി, പിതാവ് എ.കെ. ആന്റണിയെ ഇത്രയേറെ വേദനിപ്പിക്കരുതായിരുന്നെന്ന് കെ. മുരളീധരന്‍ എംപി. അനില്‍ ആന്റണിയുടെ പോക്ക് കോണ്‍ഗ്രസിനെ ബാധിക്കില്ല. കോണ്‍ഗ്രസില്‍ എല്ലാം ഭദ്രമെന്നു പറയാനാകില്ല. പാര്‍ട്ടിയില്‍ പലര്‍ക്കും തിക്താനുഭവങ്ങളുണ്ട്. പക്ഷേ അനില്‍ ബിജെപിയില്‍ ചേര്‍ന്നതു തെറ്റാണെന്നും മുരളീധരന്‍.

◾ബിജെപിയില്‍ ചേരാനുള്ള അനില്‍ ആന്റണിയുടെ തീരുമാനം അപക്വമെന്ന് രമേശ് ചെന്നിത്തല. ബിജെപിയെ അറിയാവുന്ന ആരും ഇത് ചെയ്യില്ല. അനിലിന്റെ രാഷ്ട്രീയമാറ്റം കേരളത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

◾വയനാട് മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവു മൂലം മധ്യവയസ്‌കന്‍ മരിച്ചെന്ന് പരാതി. തരുവണ വിയ്യൂര്‍കുന്ന് കോളനിയിലെ രാമന്‍ ആണ് മരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടും രോഗിയെ തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. മെഡിക്കല്‍ കോളേജില്‍ ബന്ധുക്കളും ഡോക്ടര്‍മാരും തമ്മില്‍ വാക്കേറ്റവുമുണ്ടായി.

◾കാറിന്റെ ബോണറ്റില്‍ രാജവെമ്പാല. കോട്ടൂര്‍ കാവടി മൂല സ്വദേശി അബ്ദുള്‍ വഹാബുദീന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് രാജവെമ്പാല കയറിയത്. വീട്ടുകാര്‍ പരുത്തിപ്പള്ളി വനംവകുപ്പില്‍ വിവരമറിയിച്ചു. പാമ്പ് പിടിത്തക്കാരനായ മുതിയാവിള രതീഷ് എത്തി രാജവെമ്പാലയെ പിടികൂടി.  

◾വര്‍ക്കലയില്‍ ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയോടു ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആറ്റിങ്ങല്‍ സ്വദേശിയായ പതിനേഴുകാരിയുടെ പരാതിയില്‍ പുത്തന്‍ചന്ത സ്വദേശി പി.സുരേഷ് കുമാറിനെതിരെയാണ് കേസെടുത്തത്.

◾പത്തനംതിട്ട കുളനട ഇടക്കടവില്‍ അച്ചന്‍കോവിലാറ്റില്‍ പതിനേഴുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഉള്ളന്നൂര്‍ സ്വദേശി ഗീവര്‍ഗീസാണ് മരിച്ചത്.

◾എറണാകുളം കാലടിയില്‍ പാര്‍ക്കിന്‍സണ്‍സ് രോഗിയായ വീട്ടമ്മ മിനിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് ജോയിയെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. തോര്‍ത്ത് കൊണ്ട് കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.

◾പത്തനംതിട്ട പെരുനാട്ടില്‍ പശുക്കളെ കൊന്നത് കടുവ തന്നെയെന്ന് സ്ഥിരീകരണം. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.

◾മാനന്തവാടിയില്‍ ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചു കടന്ന ജിമ്മന്‍ എന്ന സജിത്ത് കുമാര്‍ പിടിയിലായി. കായംകുളം സ്വദേശിയായ സജിത്ത് കുമാര്‍ നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയാണെന്നു പോലീസ്.

◾പെരുമ്പിലാവില്‍ 800 ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്നു തമിഴ്നാട്ടുകാരെ കുന്നംകുളം എക്സൈസ് പിടികൂടി. ജോണ്‍ ഡേവിഡ്, വിഗ്നേഷ്, വിജയ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾അദാനി വിവാദത്തില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രതിപക്ഷ ബഹളം. സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ബഹളംമൂലം തടസപ്പെട്ട ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. മോദി അദാനി ഭായ് ഭായ് വിളികളുമായാണ് പ്രധാനമന്ത്രിയെ പ്രതിപക്ഷം വരവേറ്റത്.

◾കര്‍ണാടകയില്‍ ഏവിയേഷന്‍ കോഴ്സിനു ചേര്‍ന്ന വിദ്യാര്‍ഥികളെ വിദ്യാഭ്യാസ ഏജന്‍സി വഞ്ചിച്ചെന്നു പരാതി. ദേവാമൃത ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെയാണ് 15 വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. ചാത്തന്നൂര്‍ പൊലീസ് അഞ്ചു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസെടുത്തു.

◾പതിനഞ്ചു കോടി രൂപ കെട്ടിവയ്ക്കാതെ നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ വിശാലിന്റെ സിനിമകള്‍ റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. 2019 മുതല്‍ 21.29 കോടി രൂപ വിശാല്‍ തരാനുണ്ടെന്ന് അവകാശപ്പെട്ടുള്ള ലൈക്ക പ്രൊഡക്ഷന്‍സിന്റെ ഹര്‍ജിയില്‍ കഴിഞ്ഞ വര്‍ഷം 15 കോടി രൂപ കെട്ടിവയ്ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ വിശാല്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കാന്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വിസമ്മതിക്കുകയായിരുന്നു.

◾ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 81 റണ്‍സിന്റെ വിജയം. 29 ബോളില്‍ 68 റണ്‍സ് നേടിയ ശാര്‍ദുല്‍ ഠാക്കൂറിന്റെയും 57 റണ്‍സ് നേടിയ റഹ്‌മാനുള്ള ഗുര്‍ബാസിന്റേയും മികവില്‍ കൊല്‍ക്കത്ത 204 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ റോയല്‍ചാലഞ്ചേഴ്സ് ബാംഗ്ലുര്‍ 17.4 ഓവറില്‍ 123 റണ്‍സിന് പുറത്തായി. ശാര്‍ദൂല്‍ ഠാക്കൂറാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

◾ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള മൂലധന നിക്ഷേപം 2023 ജനുവരി-മാര്‍ച്ചില്‍ 2022ലെ സമാനപാദത്തേക്കാള്‍ 72 ശതമാനം ഇടിവ് രേഖപ്പെടുത്തി. 1,380 കോടി ഡോളറില്‍ നിന്ന് 383 കോടി ഡോളറിലേക്കാണ് ഇടിവെന്ന് ഗവേഷണ സ്ഥാപനമായ 'ട്രാക്ഷന്‍' വ്യക്തമാക്കി. 2021ലെ സമാനപാദത്തില്‍ 762 കോടി ഡോളറും 2020ലെ ഇതേ പാദത്തില്‍ 693 കോടി ഡോളറും സ്റ്റാര്‍ട്ടപ്പുകള്‍ നേടിയിരുന്നു. 2019ലെ ജനുവരി-മാര്‍ച്ചില്‍ നേടിയത് 545 കോടി ഡോളറായിരുന്നു. അന്തിമഘട്ട ഫണ്ടിംഗിലാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞപാദത്തില്‍ (ജനുവരി-മാര്‍ച്ച്) നിരവധി വലിയ ഇടപാടുകള്‍ നടന്നെങ്കിലും മൊത്തം മൂലധന നിക്ഷേപം കുറയുകയായിരുന്നു. ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായ ഫോണ്‍പേ മാത്രം കഴിഞ്ഞ പാദത്തില്‍ 65 കോടി ഡോളര്‍ സമാഹരിച്ചിരുന്നു. മലയാളി സംരംഭമായ ഫ്രഷ് ടു ഹോം 10.40 കോടി ഡോളറും മിന്റിഫൈ 11 കോടി ഡോളറും ക്രെഡിറ്റ്ബീ 12 കോടി ഡോളറും നേടിയിരുന്നു.