◾കോഴിക്കോട് ട്രെയിനില്‍ തീയിട്ടതിന് മഹാരാഷ്ട്ര രത്നഗിരിയില്‍ പിടിയിലായ ഷാറുഖ് സെയ്ഫിയെ കേരളത്തില്‍ എത്തിച്ചു. പ്രതിയെ മഹാരാഷ്ട്ര എടിഎസ് സംഘം ഇന്നലെ ഉച്ചയോടെ കേരള പൊലീസിനു കൈമാറി. പ്രതിയുമായി കേരള പൊലീസ് സംഘം റോഡ് മാര്‍ഗം ഇന്നു പൂലര്‍ച്ചെയാണു കേരളത്തിലെത്തിയത്. കണ്ണൂര്‍ കടാച്ചിറയില്‍ വാഹനത്തിന്റെ ടയര്‍ പഞ്ചറായതുമൂലം അല്‍പസമയം യാത്ര തടസപ്പെട്ടു.
◾ട്രെയിനില്‍ തീയിട്ട ഷാറൂഖിനെ ഉപകരണമാക്കിയവരെക്കുറിച്ച് അന്വേഷണവുമായി പോലീസ്. ട്രെയിനില്‍ തീയിട്ടാല്‍ ജീവിതത്തില്‍ നല്ലതു സംഭവിക്കുമെന്ന് ഒരാള്‍ ഉപദേശിച്ചതനുസരിച്ചാണ് തീയിട്ടതെന്നാണ് ഷാറൂഖ് പോലീസിനു നല്‍കിയ മൊഴി. ഡല്‍ഹിയില്‍ നിന്ന് മുംബൈവരെ ഒരു സുഹൃത്ത് ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് ട്രെയിന്‍ ഇറങ്ങിയ ഉടനേ പെട്രോള്‍ പമ്പില്‍നിന്നു മൂന്ന് കുപ്പി പെട്രോള്‍ വാങ്ങി. തൊട്ടടുത്ത ട്രെയിനില്‍ കയറി പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ കൊണ്ട് കത്തിക്കുകയായിരുന്നെന്നും പ്രതി പറഞ്ഞു.
◾ട്രെയിന്‍ ആക്രമണത്തിന് ശേഷം എലത്തൂരില്‍ ഉപേക്ഷിച്ച ബാഗില്‍നിന്ന് കേരള പോലീസിനു ലഭിച്ച കുറിപ്പുകളും ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവുമാണ് പ്രതിയിലേക്ക് എത്താന്‍ നിര്‍ണായകമായ തുമ്പ് അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചത്. ഫോണില്‍ രണ്ടു സിമ്മുകള്‍ ഉപയോഗിച്ചിരുന്നെന്നു വ്യക്തമായിരുന്നു. പുലര്‍ച്ചയോടെ രത്നഗിരിയില്‍ ഇതില്‍ ഒരു സിം ഓണായതോടെ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം വിവരം മഹാരാഷ്ട്ര എടിഎസിന് വിവരം കൈമാറുകയായിരുന്നു. ഇതേസമയം, ഷാറൂഖിന്റെ പിതാവിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. കേരള പോലീസും ഒപ്പമുണ്ട്.
◾കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് 14 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഇതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഹര്‍ജി പിന്‍വലിച്ചു. എന്‍ഫോഴ്സ്മെന്റ്, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുന്നു എന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.
◾സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകങ്ങളില്‍നിന്ന് മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ട ആര്‍എസ്എസ് നിരോധനത്തെക്കുറിച്ചുള്ള ചില ഭാഗങ്ങളും നീക്കം ചെയ്തു. ജനാധിപത്യം, മുഗള്‍ ഭരണകാലം തുടങ്ങിയ ഭാഗങ്ങള്‍ നീക്കം ചെയ്തതു നേരത്തെ വിവാദമായിരുന്നു.
◾സംസ്ഥാനത്ത് അര്‍ഹതപ്പെട്ട എല്ലാവരേയും ഭൂമിയുടെ അവകാശികളാക്കുന്ന പട്ടയം മിഷന്‍ ഏപ്രില്‍ 25 ന് കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അറിയിച്ചു. എം.എല്‍.എമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ 140 നിയോജക മണ്ഡലങ്ങളിലും യോഗങ്ങള്‍ ചേര്‍ന്നു പരിഹാരമുണ്ടാക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കു കീഴില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയടക്കം കണ്ടെത്തി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യും. മന്ത്രി പറഞ്ഞു.
◾സ്വര്‍ണത്തിനു റിക്കാര്‍ഡ് വില. പവന് 45,000 രൂപ. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 5,625 രൂപയായി.
◾ദേവികുളത്തെ സിപിഎം എംഎല്‍എയായിരുന്ന എ. രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും സ്റ്റേയുടെ സമയപരിധി ഹൈക്കോടതി നീട്ടാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിയമസഭാംഗത്വം നിയമസഭാ സെക്രട്ടറി റദ്ദാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരളത്തില്‍ ഇതാണ് ഇടതുപക്ഷ സര്‍ക്കാരുകളുടെ കീഴ്‌വഴക്കം. എന്നാല്‍ സ്വന്തം പാര്‍ട്ടി എംഎല്‍എയെ സംരക്ഷിക്കുകയാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. മാര്‍ച്ച് 20 നാണ് തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. 10 ദിവസത്തെ സ്റ്റേ കാലാവധി മാര്‍ച്ച് 31 ന് തീര്‍ന്നതാണ്.
◾ക്രൈസ്തവര്‍ക്കു ഇന്നു പെസഹാ. യേശു ശിഷ്യരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് വിനയത്തിന്റെ സന്ദേശം പകരുകയും അന്ത്യത്താഴത്തില്‍ പങ്കെടുത്ത് വിശുദ്ധ കുര്‍ബാന സ്ഥാപിക്കുകയും ചെയ്തതിന്റെ ഓര്‍മപുതുക്കലാണ് പെസഹാ. ദേവാലയങ്ങളിലെ തിരുക്കര്‍മങ്ങളില്‍ വിശ്വാസികള്‍ പങ്കെടുക്കും. നാളെ ദുഃഖവെള്ളി. ഞായറാഴ്ചയാണ് ഈസ്റ്റര്‍.
◾സംസ്ഥാനത്തെ ജയിലുകളില്‍ മതപരമായ തിരുക്കര്‍മങ്ങളും പൂജകളും നിരോധിച്ചെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിച്ചു. കുര്‍ബാനയും പൂജയും മാത്രമല്ല, മതപഠന ക്ലാസുകളും ആധ്യാത്മിക പഠനങ്ങളും വിലക്കിയാണ് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ ഉത്തരവിറക്കിയത്. പ്രതിഷേധം ഉയര്‍ന്നതോടെ അപേക്ഷ നല്‍കിയാല്‍ കുര്‍ബാന അനുവദിക്കുമെന്ന് ജയില്‍ മേധാവി അറിയിച്ചു. ദുഃഖവെള്ളി, ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജയില്‍ മേധാവിക്കു നിര്‍ദേശം നല്‍കി.
◾എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഫോണ്‍ ഹാക്ക് ചെയ്തെന്നു പരാതി. പണം ആവശ്യപ്പെട്ട് പിസിസി അധ്യക്ഷന്മാര്‍ക്കും നേതാക്കള്‍ക്കും ഫോണ്‍ സന്ദേശം ലഭിച്ചു. പരാതി വേണുഗോപാല്‍ ട്വിറ്റ് ചെയ്തിട്ടുണ്ട്.
◾മധു കേസിലെ പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ കുറഞ്ഞതിനു സര്‍ക്കാരാണ് ഉത്തരവാദിയെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിധിക്കെതിരെ സര്‍ക്കാര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാക്ഷികളെ സ്വാധീനിക്കാന്‍ അവസരം നല്‍കിയതും പൊലീസ് പ്രതികളെ സഹായിച്ചതുമെല്ലാം അങ്ങാടിപ്പാട്ടായിരുന്നെന്നും സുരേന്ദ്രന്‍.
◾പാഠപുസ്തകങ്ങളില്‍ ചരിത്രത്തെ വികലമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി കേരളം അംഗീകരിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. സങ്കുചിത രാഷ്ട്രീയ ലാക്കോടെയുള്ള പാഠപുസ്തക നിര്‍മിതി അക്കാദമികമായി നീതീകരിക്കാന്‍ കഴിയില്ല. മന്ത്രി പറഞ്ഞു.
◾ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റു വേണമെന്ന വാദവുമായി കേരള കോണ്‍ഗ്രസ് എം. കോട്ടയത്തിനു പുറമെ വിജയ സാധ്യതയുള്ള പത്തനംതിട്ടയും ഇടുക്കിയും വേണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
◾ദേശീയപാത വികസനത്തിന് കൂടുതല്‍ പണം കേന്ദ്ര സര്‍ക്കാരിനു നല്‍കിയ സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ അറിയിച്ചെന്നു സിപിഎമ്മിന്റെ ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍. കഴിഞ്ഞ അഞ്ചു വര്‍ഷം 2,465 കിലോമീറ്റര്‍ ദേശീയപാത വികസിപ്പിച്ച ഉത്തര്‍പ്രദേശ് കേന്ദ്രത്തിന് നല്കിയത് വെറും 2,097. 39 കോടി രൂപയാണെന്നും ഇതിന്റെ നാലിലൊന്ന് കിലോമീറ്റര്‍ മാത്രം ദേശീയപാത വികസിപ്പിക്കുന്ന കേരളം 5,519 കോടി രൂപ നല്കിയെന്നും ബ്രിട്ടാസ് വിശദീകരിച്ചു.
◾ഭിന്നശേഷി സൗഹൃദ വാഹനം സൗജന്യമായി തരണമെന്ന അപേക്ഷയുമായി ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ ആറ്റിങ്ങല്‍ നെടുങ്ങണ്ടം സ്വദേശി റഹീമിന് ഭിന്നശേഷി സൗഹൃദ വാഹനം സമ്മാനിച്ച് മുഖ്യമന്ത്രി. അപേക്ഷയുമായി വീല്‍ചെയറില്‍ എത്തിയതറിഞ്ഞ് ഓഫീസിലുണ്ടായിരുന്ന മുഖ്യമന്ത്രി താഴേക്ക് ഇറങ്ങിച്ചെന്നാണ് അപേക്ഷ വാങ്ങിയത്. വാഹനം കൈമാറിയ മുഖ്യമന്ത്രി, റഹീമിന്റേതു പോലെയുള്ള അനേകം പുഞ്ചിരികള്‍ നമുക്കു ചുറ്റും വിരിയട്ടെയെന്ന് ഫേസ്ബുക്കില്‍ കുറിച്ചു.
◾എറണാകുളത്തെ വീട്ടമ്മയുടെ മരണത്തിനു ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാലടി സ്വദേശി മഞ്ഞപ്ര ആനപ്പാറ അരീയ്ക്കല്‍ വീട്ടില്‍ മിനി (51) ആണ് മരിച്ചത്. ഭര്‍ത്താവ് ജോയിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
◾വളാഞ്ചേരിയില്‍ ഒരു കോടി 68 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാക്കള്‍ പിടിയിലായി. ഊരകം സ്വദേശികളായ യഹിയ,മന്‍സൂര്‍ എന്നിവരാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്.
◾കണ്ണൂരില്‍നിന്ന് എറണാകുളത്തേക്കു വന്ന ഇന്റര്‍സിറ്റി എക്സ്പ്രസിന് നേരെ ഇടപ്പള്ളി പാലത്തിനു സമീപം കല്ലേറ്. രാത്രി എട്ട് മണിയോടെയാണു സംഭവം. പോലീസ് കേസെടുത്തു.
◾ത്യശൂര്‍ ജില്ലാ കളക്ടറായി ചുമതലയേറ്റശേഷം ലഭിച്ച ആദ്യ ശമ്പളം വി ആര്‍ കൃഷ്ണ തേജ നിര്‍ധന വിദ്യാര്‍ത്ഥികളെ സംരക്ഷിച്ചു പഠിപ്പിക്കുന്ന തൃശൂര്‍ മുളയത്തെ എസ്ഒഎസ് വില്ലേജിനു കൈമാറി.
◾തൃക്കാക്കരയില്‍ പതിനഞ്ചുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. .ഒഡീഷ സ്വദേശിയായ ദീപ മാലിക്ക് എന്ന പെണ്‍കുട്ടി വിവാഹിതയായിരുന്നു. ഭര്‍ത്താവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.
◾പുല്‍പ്പള്ളി ചീയമ്പം 73 കാപ്പിത്തോട്ടത്തില്‍ കരടിയെ ചത്ത നിലയില്‍ കണ്ടെത്തി. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ആഴ്ചകളായി പ്രദേശത്ത് കരടിയുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
◾പൊതുമേഖലാ ബാങ്കുകളില്‍ അവകാശികള്‍ കൈപ്പറ്റാതെ കിടന്ന 35000 കോടി രൂപ റിസര്‍വ്വ് ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. പത്തു വര്‍ഷമോ അതിലധികമോ പ്രവര്‍ത്തിക്കാത്ത അക്കൗണ്ടുകളിലെ നിക്ഷേപമാണ് റിസര്‍വ് ബാങ്കിലേക്ക് കണ്ടുകെട്ടിയത്. പ്രവര്‍ത്തനരഹിതമായ പത്തേകാല്‍ ലക്ഷം അക്കൗണ്ടുകളിലെ പണമാണിതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ലോക്‌സഭയില്‍ അറിയിച്ചു.
◾റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയര്‍ത്തിയേക്കും. ധനനയ പ്രഖ്യാപനം ഇന്നുണ്ടാകും. 25 ബേസിസ് പോയിന്റിന്റെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ റിപ്പോ നിരക്ക് ആറര ശതമാനമാണ്.
◾അദാനി- മോദി ബന്ധം, രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടങ്ങിയ വിഷയങ്ങളെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രണ്ടു മണിവരെ സഭകള്‍ നിര്‍ത്തി വച്ചു. ഉച്ചക്കുശേഷവും ബഹളം തുടര്‍ന്നതോടെ ലോക്സഭ പിരിഞ്ഞു. ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. ഇരുപക്ഷവും ബഹളംവച്ചതിനാല്‍ സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ ഒരു ദിവസം പോലും ഇരുസഭകളും സമ്മേളിക്കാനായില്ല. എന്നാല്‍ ബജറ്റും ബില്ലുകളും പാസാക്കി.
◾ഹനുമാന്‍ ജയന്തി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോടു കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആഘോഷങ്ങള്‍ സമാധാനപൂര്‍വമെന്ന് ഉറപ്പാക്കണമെന്നും മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ നിരീക്ഷിക്കണമെന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
◾അടുത്ത പതിറ്റാണ്ടുകളിലൊന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തില്ലെന്ന് കോണ്‍ഗ്രസ് വിട്ട് കാഷ്മീരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച ഗുലാം നബി ആസാദ്. പാര്‍ട്ടിയുടെ ദുരവസ്ഥയ്ക്കു കാരണം രാഹുലിന്റെ നേതൃത്വപാടവമില്ലായ്മയാണ്. രാഹുല്‍ഗാന്ധി തന്നെ ബിജെപി ഏജന്റ് എന്നു വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച തെലുങ്കാനയില്‍ എത്താനിരിക്കേ, ബിജെപി സംസഥാന പ്രസിഡന്റ് ബണ്ടി സഞ്ജയ്കുമാറിനെ തെലുങ്കാന പോലീസ് അറസ്റ്റു ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസിലാണ് വീട്ടില്‍നിന്ന് വലിച്ചിഴച്ച് അറസ്റ്റു ചെയ്തത്.
◾പൂര്‍ണ്ണമായി ത്രീ ഡി പ്രിന്റ് ചെയ്ത ക്രയോജനിക് എന്‍ജിന്‍ വിജയകരമായി പരീക്ഷിച്ച് സ്വകാര്യ റോക്കറ്റ് നിര്‍മ്മാതാക്കളായ സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്. ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യ കമ്പനിയാണിത്. തദ്ദേശീയമായി വികസിപ്പിച്ച മൊബൈല്‍ ക്രയോജനിക് എന്‍ജിന്‍ ടെസ്റ്റ് പാഡ് ഉപയോഗിച്ച് മഹാരാഷ്ട്രയിലെ സോളാര്‍ ഇന്‍ഡസ്ട്രീസ് പ്രൊപ്പല്‍ഷന്‍ ടെസ്റ്റ് ഫെസിലിറ്റിയില്‍ വച്ചാണ് 'ധവാന്‍- സെക്കന്‍ഡി' ന്റെ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് നടത്തിയത്.
◾വിവാഹസമാനമായി ലഭിച്ച ഹോം തിയേറ്റര്‍ മ്യൂസിക് സിസ്റ്റം പൊട്ടിത്തെറിച്ച് നവരനും സഹോദരനും കൊല്ലപ്പെട്ട സംഭവത്തില്‍ വധുവിന്റെ മുന്‍ കാമുകനെ അറസ്റ്റു ചെയ്തു. ഛത്തീസ്ഗഡിലെ കബീര്‍ദാം ജില്ലയില്‍ ബാലാഘട്ടില്‍ നിന്നുള്ള സര്‍ജു മര്‍കം എന്ന യുവാവാണു പിടിയിലായത്. നവ വരനായ ഹേമേന്ദ്ര മെരാവി (30), സഹോദരന്‍ രാജ്കുമാര്‍ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളെ കൊല്ലാനാണ് സേ്ഫോടകവസ്തു ഘടിപ്പിച്ച ഹാം തിയേറ്റര്‍ സമ്മാനിച്ചതെന്നു പോലീസ് പറഞ്ഞു.
◾അവസാന ഓവര്‍ വരെ വിജയപ്രതീക്ഷ നല്‍കി രാജസ്ഥാന്‍ റോയല്‍സ് പൊരുതി വീണു. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ഇന്നലെ നടന്ന മത്സരത്തിലാണ് രാജസ്ഥാന്‍ 5 റണ്‍സിന്റെ തോല്‍വി ഏറ്റു വാങ്ങിയത്. 86 റണ്‍സ് നേടിയ ശിഖര്‍ ധവാന്റേയും 60 റണ്‍സ് നേടിയ പ്രഭ്സിമ്രാന്‍ സിംഗിന്റേയും മികവില്‍ പഞ്ചാബ് കിംഗ്സ് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ ബാറ്റ് വീശിയ രാജസ്ഥാന് 192 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തുടക്കത്തില്‍ സഞ്ജു സാംസണും അവസാന ഓവറുകളില്‍ ഷിംറോണ്‍ ഹെറ്റ്മെയറും ധ്രുവ് ജുറേലും പൊരുതിയെങ്കിലും നാല് വിക്കറ്റ് നേടിയ നഥാന്‍ എല്ലിസിന്റെ പ്രകടനത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ രാജസ്ഥാന് സാധിച്ചില്ല.
◾ലോകത്തെ ഏറ്റവും സമ്പന്നരുടെ റാങ്കിംഗുമായി ഈ വര്‍ഷത്തെ ഫോബ്സ് പട്ടിക പുറത്ത്. പട്ടിക പ്രകാരം ഇന്ത്യയില്‍ 169 ശതകോടീശ്വരന്മാരാണുള്ളത്. ഇതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി (8340 കോടി ഡോളര്‍) ആണ് ഏറ്റവും മുന്നിലുള്ളത്. അദ്ദേഹമാണ് ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍. ലോക റാങ്കിംഗില്‍ 9-ാം സ്ഥാനവും മുകേഷ് അംബാനി സ്വന്തമാക്കി. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 24-ാം സ്ഥാനത്തേക്ക് വീണതോടെയാണ് മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി വീണ്ടും സ്ഥാനം നേടിയത്. ഫോബ്സ് പട്ടിക പ്രകാരം ഇന്ത്യക്കാരില്‍ രണ്ടാമന്‍ ഗൗതം അദാനി (4720 കോടി ഡോളര്‍) തന്നെ. ഇവര്‍ക്ക് പിന്നാലെയുള്ളത് എച്ച്‌സിഎല്‍ സഹസ്ഥാപകന്‍ ശിവ് നാടാര്‍ (2560 കോടി ഡോളര്‍), സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപകന്‍ സൈറസ് പൂനാവാല (2260 കോടി ഡോളര്‍), ആഴ്‌സിലര്‍ മിത്തല്‍ ചെയര്‍മാന്‍ ലക്ഷ്മി മിത്തല്‍ (1770 കോടി ഡോളര്‍) എന്നിവരാണ്. ഇന്ത്യയിലെ സ്ത്രീ സമ്പന്നരില്‍ മുന്നില്‍ സാവിത്രി ജിന്‍ഡലാണ് (1750 കോടി ഡോളര്‍). ലോകത്താകെ 2648 ശതകോടീശ്വരന്മാരില്‍ 21,100 കോടി ഡോളര്‍ ആസ്തിയുമായി ലൂയി വുട്ടോണ്‍ ഉടമ ബെര്‍ണാഡ് അര്‍നോള്‍ട്ട് ആണ് ഫോബ്‌സ് പട്ടികയില്‍ ലോകത്തെ ഏറ്റവും സമ്പന്നന്‍. 18,000 കോടി ഡോളര്‍ ആസ്തിയുള്ള ഇലോണ്‍ മസ്‌ക് രണ്ടാമനും, 11,400 കോടി ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് മൂന്നാമനുമാണ്. ഈ പട്ടികയില്‍ ഒന്‍പത് മലയാളികളും ഇടം നേടിയിട്ടുണ്ട്. 530 കോടി ഡോളര്‍ ആസ്തിയുമായി ലോകത്തിലെ സമ്പന്നരായ മലയാളികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എംഎ യൂസഫലിയുള്ളത്. ലോക റാങ്കിംഗില്‍ 497-ാമതാണ് യൂസഫലിയുടെ സ്ഥാനം. ക്രിസ് ഗോപാല കൃഷ്ണന്‍, രവി പിള്ള, സണ്ണി വര്‍ക്കി, ജോയ് ആലുക്കാസ്, ഡോം ഷംസീര്‍ വയലില്‍, ബൈജു രവീന്ദ്രന്‍, എസ്.ഡി ഷിബുലാല്‍, പിഎന്‍സി മേനോന്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
◾അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ നായികാ നായകന്മാരാകുന്ന ചിത്രം 'അടി'യിലെ ഒരു ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ 'തോനേ മോഹങ്ങള്‍' എന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടത്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും വേഷമിടുന്നു. 'ലില്ലി', 'അന്വേഷണം' എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു.ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. 'വരനെ ആവശ്യമുണ്ട്', 'മണിയറയിലെ അശോകന്‍', 'കുറുപ്പ്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്.
◾വെള്ളം സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടര്‍മാന്‍ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രം 'നദികളില്‍ സുന്ദരി യമുന' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസും ധ്യാനും നേര്‍ക്ക് നേര്‍ വരുന്ന പോസ്റ്റര്‍ ആദ്യ കാഴ്ചയില്‍ തന്നെ ചിരിയുണര്‍ത്തുന്നുണ്ട്. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍, എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമാറ്റിക്കയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു. സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍ ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാര്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു.
◾സോളോ എന്ന സിനിമയിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മലയാളത്തിലെത്തിയ നായിക നേഹ ശര്‍മ ഒരു മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍ഇ ലക്ഷ്വറി എസ്യുവി സ്വന്തമാക്കി. 300ഡി, 450, 400ഡി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് മെഴ്‌സിഡസ് ബെന്‍സ് വില്‍ക്കുന്നത്. 88 ലക്ഷം രൂപ മുതല്‍ 1.05 കോടി രൂപ വരെയാണ് ഈ ആഡംബര എസ്യുവിയുടെ എക്‌സ്‌ഷോറൂം വില. വാഹനം സ്വന്തമാക്കിയ വിവരം താരം തന്നെയാണ് ട്വീറ്റ് ചെയ്തത്. 245 എച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് 300ഡിക്ക് കരുത്തേകുന്നത്. 325 എച്ച്പിയും 700 എന്‍എം ഉത്പാദിപ്പിക്കുന്ന ആറ് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുമായി വരുന്ന 400ഡി കൂടുതല്‍ ശക്തമാണ്. 365 എച്ച്പി പവറും 500 എന്‍എം പവറും ഉല്‍പ്പാദിപ്പിക്കുന്ന പെട്രോള്‍ എഞ്ചിനാണ് 450ന് ലഭിക്കുന്നത്. എല്ലാ എഞ്ചിനുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ മെഴ്‌സിഡസിന്റെ 4മാറ്റിക് സിസ്റ്റവും ഓഫറിലുണ്ട്.
◾നിലവിലുള്ള വൈക്കം സത്യാഗ്രഹചരിത്രങ്ങളില്‍നിന്ന് തികച്ചും ഭിന്നമായ ഒരു രീതിശാസ്ത്രം ഉപയോഗിച്ച് രചിച്ച ഗ്രന്ഥമാണിത്. 1924 -25 കാലഘട്ടത്തില്‍ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്ന (പ്രധാനമായും തമിഴില്‍) പത്രമാസികകളും സര്‍ക്കാര്‍ രേഖകളും പില്‍ക്കാല സാഹിത്യ - ചരിത്രകൃതികളും കണ്ടെത്തി അതില്‍ നിന്നും വൈക്കം സത്യാഗ്രഹത്തിന്റെ നാള്‍വഴിചരിത്രം വരച്ചിടുന്ന വിശിഷ്ടഗ്രന്ഥമാണിത്. ഈ പുസ്തകം മലയാള ചരിത്രഗവേഷണത്തിനും പുതിയൊരു രീതിശാസ്ത്രം സംഭാവന ചെയ്യുന്നു. 'വൈക്കം സത്യാഗ്രഹം'. പഴ.അതിയമാന്‍. ഡിസി ബുക്സ്. വില 585 രൂപ.
◾ആഹാരക്രമം, ജീവിതശൈലി, ജനിതകഘടന എന്നിങ്ങനെ പല ഘടകങ്ങള്‍ ചേര്‍ന്നതാണ് നമ്മുടെ ആരോഗ്യം. ശരീരത്തിലെ ഓരോ ഘടകങ്ങളും ഹോര്‍മോണുകളും ആരോഗ്യം നിലനിര്‍ത്തുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാന്‍ പ്രധാനമാണ് പാന്‍ക്രിയാസ് ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍. ചില ആളുകള്‍ ഇന്‍സുലിന്‍ പ്രതിരോധം എന്ന അവസ്ഥ അനുഭവിക്കുന്നുണ്ട്. ഇത് പ്രമേഹം, കുറഞ്ഞ പ്രതിരോധശേഷി, കൊളസ്‌ട്രോള്‍ തുടങ്ങി പല ജീവിതശൈലിരോഗങ്ങള്‍ക്കും കാരണമാകും. സാധാരണ രക്തപരിശോധന നടത്തിയാണ് ഇന്‍സുലിന്‍ പ്രതിരോധം നിര്‍ണ്ണയിക്കുന്നത്. എന്നാല്‍, ഇത് കണ്ടെത്താന്‍ ശരീരം ചില സൂചനകള്‍ നല്‍കും, ഈ ലക്ഷണങ്ങള്‍ അറിയാം. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെവരികയും എല്ലാം മറക്കുന്നതുപോലെ തോന്നുകയും ചെയ്താല്‍ ഇത് നിങ്ങളുടെ ശരീരം ഇന്‍സുലിനെ പ്രതിരോധിക്കുന്നതിന്റെ സൂചനയാകാം. അധികസമയം ഏകാഗ്രത പുലര്‍ത്താന്‍ കഴിയാതെവരുന്നത് ഇന്‍സുലിന്‍ പ്രതിരോധത്തിന്റെ രഹസ്യ സൂചനയാണ്. എപ്പോഴും വിശപ്പ് തോന്നുന്നതും ശരീരം ഇന്‍സുലിന്‍ പ്രതിരോധിക്കുന്നുണ്ടെന്നതിന്റെ സൂചനയാണ്. ഇടയ്ക്കിടെ വിശപ്പ് തോന്നുക, ഭക്ഷണം കഴിച്ചിട്ടും വിശപ്പ് അനുഭവപ്പെടുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. ശരീരഭാരം കുറയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതും ചയാപചയ സംവിധാനത്തിന്റെ നിരത്ത് കുറയുന്നതും ഇന്‍സുലിന്‍ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഒരുപക്ഷെ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെപ്പോലും ബാധിച്ചേക്കാം. ഉറക്കം, എപ്പോഴും ക്ഷീണം, അലസത തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണവും ഇന്‍സുലിന്‍ പ്രതിരോധമാകാം. എപ്പോഴും ഉറക്കംതൂങ്ങിയിരിക്കുന്നതും ഇന്‍സുലിന്‍ പ്രതിരോധത്തിന്റെ സൂചനയാണ്. ശരീരത്തിന്റെ ഊര്‍ജ്ജത്തില്‍ പെട്ടെന്നുണ്ടാകുന്ന കയറ്റിറക്കങ്ങളും ഇതിന്റെ സൂചനയാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ നാട്ടിലെ ഏറ്റവും മികച്ച പൂച്ചയെ കണ്ടെത്താനുള്ള മത്സരമാണ് അവിടെ നടക്കുന്നത്. മറ്റാരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുന്ന പൂച്ചക്കാണ് സമ്മാനം. പൂച്ചകളുമായി ഉടമസ്ഥര്‍ എത്തി. എല്ലാ പൂച്ചകള്‍ക്കും ഒരേ പോലെയുള്ള പാത്രത്തില്‍ അവര്‍ പാല്‍ നല്‍കി. എല്ലാവരും ഓടി വന്ന് പാല് കുടിച്ചപ്പോള്‍ ഒരു പൂച്ചമാത്രം മണത്തുനോക്കിയിട്ട് തിരിഞ്ഞുനടന്നു. മറ്റുള്ളവരേക്കാള്‍ വ്യത്യസ്തമായി ചെയ്യുന്ന പൂച്ചക്കാണല്ലോ സമ്മാനം. അങ്ങനെ ആ പൂച്ച വിജയിയായി മാറി. സംഘാടകര്‍ ഉടമസ്ഥനോട് ചോദിച്ചു: താങ്കളുടെ പൂച്ചമാത്രം എന്താണ് പാല് കുടിക്കാഞ്ഞത്? അയാള്‍ പറഞ്ഞു: ഒരിക്കല്‍ ഞാന്‍ തിളച്ചപാലാണ് അതിന് നല്‍കിയത്. അത് കുടിച്ച് നാവ് പൊള്ളിയതില്‍ പിന്നെ പാല് കണ്ടാല്‍ പൂച്ച തിരിഞ്ഞോടും അനുഭവബന്ധിതമാണ് ഓരോ പ്രവൃത്തിയും. നേരിട്ടനുഭവിച്ച പാഠങ്ങളെ ആയുസ്സുമുഴുവന്‍ പലപ്പോഴും മുറുകെ പിടിക്കും. പക്ഷേ, സന്തോഷാനുഭവങ്ങളെ കൂട്ടുപിടുക്കുന്നതിനേക്കാള്‍ ദുരനുഭവങ്ങളെ കൂട്ടുപിടിക്കുന്നതിനാണ് പലര്‍ക്കും താല്‍പര്യം. ഒരിക്കലുണ്ടായ അനിഷ്ടസംഭവത്തെ ന്യായീകരിച്ച് ജീവിതകാലം മുഴുവന്‍ അവ കൊണ്ടുനടക്കും. പക്ഷേ, അന്നത്തെ ആ അനുഭവം അപ്പോഴത്തെ സാഹചര്യം കൊണ്ട് മാത്രം ഉടലെടുത്തതായിരിക്കാം. ഓരോ സംഭവങ്ങളും നമ്മെ പഠിപ്പിക്കേണ്ടത്, ഒന്നില്‍ നിന്നും ഒളിച്ചോടാനല്ല, അവയെ കരുതലോടെ നേരിടാനാണ്. ഒരു പ്രശ്‌നമുണ്ടായാല്‍ വീണ്ടും അത് ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ നടപടികളും ഉണ്ടായാല്‍ തരണം ചെയ്യാനുള്ള പ്രതിവിധികളുമാണ് കൈക്കൊള്ളേണ്ടത്. ആത്മധൈര്യവും കരുത്തും അതിന് കൈമുതലാകട്ടെ - ശുഭദിനം.