◾കോഴിക്കോട് ട്രെയിന്‍ കത്തിക്കല്‍ കേസിലെ പ്രതി നോയിഡ സ്വദേശി ഷെഹറുഖ് സെയ്ഫിയാണെന്നു പോലീസ്. മുപ്പതുകാരനായ ഇയാള്‍ നിര്‍മാണ തൊഴിലാളിയാണ്. അശോകപുരത്താണു താമസിച്ചിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ തേടി അശോകപുരത്ത് പോലീസ് എത്തിയെങ്കിലും രേഖാചിത്രത്തിലുള്ളയാളെ ആരും തിരിച്ചറിഞ്ഞില്ല. ജോലി ചെയ്തിരുന്ന സ്ഥലത്തും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിയുടെ ബാഗില്‍നിന്നു ലഭിച്ച ഫോണില്‍ സിം കാര്‍ഡ് ഉണ്ടായിരുന്നില്ല.
◾ട്രെയിന്‍ കത്തിക്കല്‍ കേസ് മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി പി. വിക്രമന്റെ നേതൃത്വത്തില്‍ 18 അംഗ പ്രത്യേക സംഘം അന്വേഷിക്കും. എഡിജിപി എംആര്‍ അജിത് കുമാര്‍ മേല്‍നോട്ടം വഹിക്കും. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെന്ന് ഡിജിപി അനില്‍ കാന്താണു വെളിപെടുത്തിയത്.
◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സ്ഥിര ജാമ്യം അനുവദിച്ച് സൂററ്റ് സെഷന്‍സ് കോടതി. എന്നാല്‍ വിധി സ്റ്റേ ചെയ്തില്ല. മാനനഷ്ടക്കേസില്‍ ശിക്ഷിച്ച മജിസ്ട്രേറ്റ് കോടതി നേരത്തെ 30 ദിവസത്തേക്കു ജാമ്യം അനുവദിച്ചിരുന്നു. സെഷന്‍സ് കോടതി ഏപ്രില്‍ 13 ന് അപ്പീല്‍ പരിഗണിക്കും.
◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കിയ കേസ് ഏപ്രില്‍ 12 ന് ലോകായുക്ത ഫുള്‍ ബഞ്ച് പരിഗണിക്കും. വാദം പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞ് ഭിന്ന വിധി വന്നതിനാലാണ് കേസ് ഫുള്‍ ബെഞ്ചിന് വിട്ടത്. മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. വിഷയം പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിരുന്നു.
◾സിഡ്കോ ടെലികോം സിറ്റി പദ്ധതിയിലെ 5.24 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. സിഡ്കോയുടെ മണല്‍വാരല്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. തിരുവനന്തപുരം മേനാംകുളം മണല്‍ വാരല്‍ അഴിമതിയില്‍ 11 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ സിഡ്കോ മുന്‍ എംഡി സജി ബഷീറിനെയും കുടുംബത്തെയും ഇഡി ചോദ്യം ചെയ്തിരുന്നു.
◾അട്ടപ്പാടി മധുവധക്കേസില്‍ മണ്ണാര്‍ക്കാട് പ്രത്യേക കോടതി ഇന്നു വിധി പറയും. കൊലപാതകം നടന്ന് അഞ്ചു വര്‍ഷത്തിനു ശേഷമാണ് വിധി. 103 സാക്ഷികളെ വിസ്തരിച്ച കേസില്‍ 24 പേര്‍ കൂറു മാറി.
◾മാര്‍ച്ച് നാലിന് നടന്ന വ്യവസായ പരിശീലന വകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) പരീക്ഷ പിഎസ് സി റദ്ദാക്കി. 90 ശതമാനം ചോദ്യവും ഒരു ഗൈഡില്‍നിന്ന് വന്നതുകൊണ്ടാണ് പരീക്ഷ റദ്ദാക്കിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
◾തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേ ബുധനാഴ്ച വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതുവരെ അടച്ചിടും. ഈ സമയത്തെ വിമാന സര്‍വീസുകള്‍ പുനക്രമീകരിച്ചു. ശ്രീപത്നാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാലാണ് റണ്‍വേ അടച്ചിടുന്നത്.
◾സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്കു കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം. കൊല്ലം എഫ്എച്ച്സി അഴീക്കല്‍ 93 ശതമാനം സ്‌കോര്‍ നേടി. കോഴിക്കോട് എഫ്എച്ച്സി ചെക്കിയാട് 92 ഉം പത്തനംതിട്ട എഫ്എച്ച്സി ചന്ദനപ്പള്ളി 90 ഉം ശതമാനം സ്‌കോര്‍ നേടി. ഇതോടെ സംസ്ഥാനത്തെ 160 ആശുപത്രികള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടാനായതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
◾ലോട്ടറിയടിച്ചതിന് നടത്തിയ മദ്യസല്‍ക്കാരത്തിനിടെ ലോട്ടറി ജേതാവിനെ കൊലപ്പെടുത്തി. കേരള ലോട്ടറിയുടെ എണ്‍പത് ലക്ഷം രൂപയുടെ ലോട്ടറിയടിച്ച തിരുവനന്തപുരം പാങ്ങോട് മതിര തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവ് ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കു മദ്യ സല്‍ക്കാരം നടത്തുന്നതിനിടെ വീടിന്റെ മണ്‍തിട്ടയില്‍നിന്ന് താഴേക്കു വീണാണ് മരിച്ചത്. സുഹൃത്തായ മായാവി എന്ന സന്തോഷ് സജീവിനെ തള്ളിയിട്ടെന്നാണ് ബന്ധുക്കളുടെ പരാതി.
◾തൃശൂര്‍ അവണൂരില്‍ ഇഡളിയും കടലക്കറിയും കഴിച്ച് ഗ്രഹനാഥന്‍ ശശീന്ദ്രന്‍ മരിച്ച സംഭവത്തില്‍ കറിയില്‍ വിഷം കലര്‍ത്തിയ ആയുര്‍വേദ ഡോക്ടറായ മകന്‍ മയൂര്‍നാഥന്‍ (25) അറസ്റ്റില്‍. രണ്ടാനമ്മയോടുള്ള വൈരാഗ്യംമൂലമാണ് ഓണ്‍ലൈനില്‍ വരുത്തി സ്വയം നിര്‍മിച്ച വിഷം കലര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. ഭക്ഷണം കഴിച്ച ശശീന്ദ്രന്റെ അമ്മ കമലസാക്ഷി (92), ഭാര്യ ഗീത (45), തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രന്‍ (55), ചന്ദ്രന്‍ (60) എന്നിവരും രക്തം ഛര്‍ദിച്ച് ആശുപത്രിയിലാണ്.
◾മലപ്പുറം വാഴക്കോട് യുവതിയെ വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വാഴക്കാട് ചെറുവട്ടൂര്‍ നെരോത്ത് പുതാടമ്മല്‍ നജ്മുന്നീസ (33) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് മുഹിയുദീന്‍ അറസ്റ്റിലായത്. ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ രഹസ്യമായി എത്തിയ നജ്മന്നീസയുമായി വഴക്കുണ്ടായെന്നും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്.
◾വ്യാപാരിയെ ആക്രമിച്ചതിന് അറസറ്റിലായ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനു മുന്നില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അതിക്രമം നടത്തി മോചിപ്പിച്ചു. ആറ്റുവരമ്പ് ബ്രാഞ്ച് സെക്രട്ടറി ആര്‍.എസ്.രതീഷിന്റെയും സംഘത്തിന്റെയും നേതൃത്വത്തിലായിരുന്നു പൊലീസ് സ്റ്റേഷനിലെ ഭീഷണി. ഒടുവില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണനെ പോലീസ് വിട്ടയച്ചു.
◾ട്രെയിന്‍ ആക്രമിക്കപ്പെട്ടത് ആസൂത്രിത ഭീകര പ്രവര്‍ത്തനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരളത്തിന്റെ സമാധാനം തകര്‍ക്കലാണ് ലക്ഷ്യം. അക്രമത്തിന്റെ അടിവേര് കണ്ടെത്തണമെന്നും ഇ പി ജയരാജന്‍.
◾ട്രെയിന്‍ ആക്രമണത്തില്‍ പ്രതികളാരും പിടിയിലായിട്ടില്ലെന്ന് മന്ത്രി ഏ.കെ ശശീന്ദ്രന്‍. എലത്തൂര്‍ റെയില്‍വേ സ്റ്റേഷനിലും അപകടം നടന്ന സ്ഥലത്തും സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ആക്രമണത്തില്‍ പൊള്ളലേറ്റവര്‍ക്കു മെഡിക്കല്‍ കോളജില്‍ സൗജന്യ ചികില്‍സ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
◾കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടു കോവിഡ് മരണം. 78 വയസുള്ള പുരുഷനും 80 വയസുള്ള സ്ത്രീയുമാണു മരിച്ചത്.
◾വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ് നായര്‍ നടത്തിയ പ്രചരണം വസ്തുതാ വിരുദ്ധമായിരുന്നെന്ന് മന്ത്രി ആന്റണി രാജു. ശമ്പളം ആറു ദിവസം വൈകിയപ്പോള്‍ 41 ദിവസം ശമ്പളം മുടങ്ങിയെന്നാണ് അഖില പ്രചരിപ്പിച്ചത്. സ്ഥലംമാറ്റം നടത്തിയത് ശരിയല്ലെന്നാണ് സിഎംഡി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഖിലയുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയതെന്നും ആന്റണി രാജു പറഞ്ഞു.
◾അരിക്കൊമ്പന്‍ ആനയെ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ആനയിറങ്കല്‍ സന്ദര്‍ശിച്ചു. ആന തകര്‍ത്ത റേഷന്‍ കടയും തൊഴിലാളി ലായവും സന്ദര്‍ശിച്ചു. പ്രദേശത്ത് ജനപ്രതിനിധികളുമായും ജനങ്ങളുമായും വിദഗ്ധ സമിതി സംസാരിച്ചു.
◾ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ പാപ്പാനാകാന്‍ പൂരത്തിരക്ക്. പത്ത് താല്‍ക്കാലിക ആന പാപ്പാന്‍മാരുടെ ഒഴിവിലേക്കു കൂടിക്കാഴ്ചയ്ക്കെത്തിയത് 75 പേരാണ്. ആനത്താവളമായ പുന്നത്തൂര്‍ ആനക്കോട്ടയിലാണ് പാപ്പാന്‍മാര്‍ക്കായുള്ള പ്രായോഗിക പരീക്ഷയും കൂടിക്കാഴ്ചയും നടന്നത്.
◾സോണ്‍ട കമ്പനി എംഡി രാജ് കുമാര്‍ ചെല്ലപ്പന്‍ പിള്ള മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. ജര്‍മന്‍ പൗരനായ പാട്രിക് ബൗര്‍ നല്‍കിയ വഞ്ചനാക്കേസിലാണ് ബെംഗളുരു അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ വ്യാഴാഴ്ച കോടതി വിധി പറയും.
◾എറണാകുളം തേവരയില്‍ തീപിടിത്തം. പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമിയിലെ പുല്ലിലും മാലിന്യത്തിലുമാണു തീപടര്‍ന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
◾കുന്നംകുളം ആര്‍ത്താറ്റ് സെന്റ് മേരിസ് ഓര്‍ത്തഡോക്സ് സിറിയന്‍ കത്തീഡ്രലില്‍ നിര്‍മ്മാണത്തിലിരുന്ന ഊട്ടുപുര തകര്‍ന്നുവീണു. ആര്‍ക്കും പരിക്കില്ല. 20 ലക്ഷം രൂപ ചിലവഴിച്ചാണ് ഊട്ടുപുര നിര്‍മ്മിക്കുന്നത്.
◾പട്ടാമ്പിയില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഷോക്കേറ്റ് മരിച്ചു. വാഷിംഗ് മെഷിനില്‍ നിന്നും ഷോക്കറ്റ് ലിബിര്‍ട്ടി സ്ട്രീറ്റില്‍ പുല്ലാറട്ട് വീട്ടില്‍ മാധവന്റെ മകന്‍ മഹേഷ് (29) ആണ് മരിച്ചത്.
◾പോക്സോ കേസ് പ്രതിക്കു മരണം വരെ ജീവപര്യന്തം തടവ്. കാഞ്ഞിരപ്പള്ളിയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് പ്രതി അരുണ്‍ സുരേഷിന് (29) ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതി 2,50,000 രൂപ പിഴ ഒടുക്കുകയും വേണം.
◾സത്യമാണ് തന്റെ ആയുധമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. മാനനഷ്ടക്കേസില്‍ സ്ഥിരജാമ്യം ലഭിച്ച ശേഷമാണ് രാഹുല്‍ ഇങ്ങനെ കുറിച്ചത്. 'മിത്രങ്ങളില്‍'നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. മോദിയുടെ മിത്രങ്ങളെന്ന് ആരോപിക്കുന്ന അദാനി അടക്കമുള്ള കുത്തക മുതലാളിമാരെയാണ് മിത്രങ്ങള്‍ എന്ന വിശേഷണത്തോടെ രാഹുല്‍ പരാമര്‍ശിച്ചത്.
◾അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയിലെ പ്രധാന ഉന്നത കലാലയങ്ങളായ ഐഐടി, എന്‍ഐടി, ഐഐഎം തുടങ്ങിയ സ്ഥാപനങ്ങളില്‍ 61 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുബാഷ് സര്‍ക്കാര്‍ ലോകസഭയെ അറിയിച്ചു. ബെന്നി ബെഹനാന്‍, ടിഎന്‍ പ്രതാപന്‍, ഡീന്‍ കുരിയാക്കോസ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ മുരളീധരന്‍ തുടങ്ങിയവവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
◾ഛത്തീസ്ഗഡിലെ ബിലാസ്പുറില്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ സ്റ്റേജ് തകര്‍ന്നുവീണു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സംഘടിപ്പിച്ച 'ടോര്‍ച്ച് റാലി' സമ്മേളനത്തിനിടെ സ്റ്റേജില്‍ നേതാക്കളും പ്രവര്‍ത്തകരുമെല്ലാം ഇടിച്ചു കയറിയതാണ് തകര്‍ന്നു വീഴാന്‍ കാരണം. ആര്‍ക്കും ഗുരുതര പരിക്കില്ല.
◾കര്‍ണാടക കോണ്‍ഗ്രസില്‍ സീറ്റ് മോഹികളുടെ പ്രതിഷേധം. സീറ്റിനായി ആത്മഹത്യാ ഭീഷണിയുമായി കെപിസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇതേസമയം, സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാറിനെ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയാക്കില്ലെന്നും താന്‍തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു.
◾തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ തിരുമഞ്ഞോലയ്ക്ക് സമീപം തമിഴ്നാട് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് ബസും ട്രക്കും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ മൂന്നു സ്ത്രീകള്‍ മരിച്ചു.
◾മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 36 പേരുടെ ജീവനെടുത്ത കിണറപകടത്തിനു പിറകേ ക്ഷേത്രത്തിലെ അനധികൃത നിര്‍മ്മിതികള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ജെസിബി ഉപയോഗിച്ചു പൊളിച്ചു. രാമനവമി ആഘോഷത്തിനിടെയാണ് ശ്രീ ബലേശ്വര്‍ ജുലേലാല്‍ ക്ഷേത്രത്തിലെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് 36 പേര്‍ മരിച്ചത്.
◾ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക് ഡൊണാള്‍ഡ് അമേരിക്കയിലെ എല്ലാ ഓഫീസുകളും താല്‍ക്കാലികമായി അടച്ചുപൂട്ടുന്നു. കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായാണു നടപടി. തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലിചെയ്യണമെന്ന് യുഎസിലെ ജീവനക്കാര്‍ക്കും, ചില ഇന്റര്‍നാഷണല്‍ സ്റ്റാഫ്‌സിനും കമ്പനി കഴിഞ്ഞയാഴ്ച ഇ മെയില്‍ അയച്ചിരുന്നു.
◾ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 12 റണ്‍സിന് പരാജയപ്പെടുത്തി ഐപിഎല്‍ 16-ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. 31 ബോളില്‍ 57 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്ക്വാദിന്റേയും 29 ബോളില്‍ 47 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വേയുടേയും ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവില്‍ ചെന്നൈ ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തുകയും 13 ബോളില്‍ 19 റണ്‍സെടുക്കുകയും ചെയ്ത മോയിന്‍ അലിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
◾യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനത്തിലെ ഇടപാടുകളുടെ എണ്ണം മാര്‍ച്ചില്‍ 60 ശതമാനം വര്‍ധിച്ച് 870 കോടിയെത്തിയതായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കി. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇടപാടുകള്‍ 46 ശതമാനം വര്‍ധിച്ച് 14,05,000 കോടി രൂപയായി. ഫെബ്രുവരിയില്‍ 750 കോടി ഇടപാടുകളും ജനുവരിയില്‍ 800 കോടി ഇടപാടുകളും നടന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ജനുവരിയില്‍ 12,98,000 കോടി രൂപയായിരുന്ന ഇടപാടുകള്‍ ഫെബ്രുവരിയില്‍ 12,35,000 കോടി രൂപയായി കുറഞ്ഞു. പ്രതിദിനം 100 കോടി യുപിഐ ഇടപാടുകള്‍ പ്രോസസ്സ് ചെയ്യാനുള്ള ബാന്‍ഡ്വിഡ്ത്ത് ഈ സംവിധാനത്തിലുണ്ടെന്ന് എന്‍പിസിഐ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ദിലീപ് അസ്ബെ പറഞ്ഞു. നിലവില്‍ ഒരു ദിവസം ഏകദേശം 3 ലക്ഷം ഇടപാടുകള്‍ യുപിഐ പ്രോസസ്സ് ചെയ്യുന്നു.