◾നാടു വിറപ്പിച്ച അരിക്കൊമ്പനെ കാടുകടത്തി. ഇടുക്കി ചിന്നക്കലാലില്‍ വന്‍നാശമുണ്ടാക്കിയ അരിക്കൊമ്പനെ മയക്കുവെടിവച്ചു ലോറിയില്‍ കയറ്റി പെരിയാറിലെ സീനിയറോട വനമേഖലയിലേക്കു കൊണ്ടുപോയി. അതിസാഹസികമായാണ് ആനയെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റിയത്. മയക്കുവെടി വച്ചിട്ടും നിയന്ത്രണ വിധേയനാകാത്തതിനാല്‍ ആറ് ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടിവന്നു. കനത്ത മഴയും കാറ്റും കോടമഞ്ഞും അതിജീവിച്ചാണ് ദൗത്യസംഘം ആനയെ ലോറിയിലേക്കു കയറ്റിയത്. 122 കിലോമീറ്റര്‍ യാത്രക്കിടെയും അരിക്കൊമ്പന്‍ പരാക്രമം തുടര്‍ന്നു.
◾പ്രശ്നക്കാരനായ അരിക്കൊമ്പനെ പെരിയാര്‍ വനത്തിലെ ആദിവാസികള്‍ മംഗളാദേവി ക്ഷേത്രത്തിനരികില്‍ പൂജ നടത്തിയാണ് സീകരിച്ചത്. പെരിയാര്‍ വന്യ ജീവി സങ്കേതത്തില്‍ നിന്ന് 22 കിലോമീറ്റര്‍ ഉള്ളിലേക്കു മാറി മേതകാനത്താണ് ആനയെ തുറന്നുവിട്ടത്. തമിഴ്നാട് അതിര്‍ത്തിയിലെ നിബിഡ വനമാണിത്. ആനയെ എത്തിക്കുന്നതു പ്രമാണിച്ച് കുമളിയില്‍ വൈദ്യുതി ബന്ധം വിശ്ചേദിച്ചിരുന്നു. കുമളി പഞ്ചായത്തില്‍ ഇന്നു രാവിലെ ഏഴുവരെ നിരോധനാജ്ഞയാണ്.
◾സംസ്ഥാനത്ത് ഇന്നു ശക്തമായ മഴ. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മത്സ്യതൊഴിലാളികള്‍ ഇന്നു മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ്.
◾അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ വിധി ചൊവ്വാഴ്ച. അപ്പീലില്‍ മറുപടി സമര്‍പ്പിക്കാന്‍ പൂര്‍ണേഷ് മോദിക്ക് കോടതി സമയം നല്‍കി. അപകീര്‍ത്തിക്കു തെളിവുകളില്ലെന്ന് രാഹുലിനുവേണ്ടി വാദിച്ച സുപ്രീം കോടതി അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി ചൂണ്ടിക്കാട്ടി. പരാമര്‍ശങ്ങളും പ്രസ്താവനകളും നടത്തുമ്പോള്‍ സ്വന്തം സ്ഥാനമെന്തെന്ന് ഓര്‍ക്കണമെന്നു കോടതി നിരീക്ഷിച്ചു.
◾കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ചു ലേഖനമെഴുതിയതിന് ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരേ കാരണം കാണിക്കല്‍ നോട്ടീസ്. രാജ്യസഭ ചെയര്‍മാനായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ആണ് നോട്ടീസ് നല്‍കിയത്. ലേഖനം ദേശവിരുദ്ധമാണെന്ന് ആരോപിച്ച് ബിജെപി നല്‍കിയ പരാതിയിലാണ് നോട്ടീസ്.
◾ഇന്നു തൃശൂര്‍ പൂരം. ഇന്നലെ രാത്രി പെയ്ത മഴ പൂരാവേശത്തെ നനയ്ക്കുമോയെന്ന ആശങ്കയിലാണു പൂരക്കമ്പക്കാര്‍. ഇന്നു രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരത്തിനു തുടക്കമാകും. രാവിലെ എട്ടിനു തിരുവമ്പാടിയും ഉച്ചയ്ക്കു 12 നു പാറമേക്കാവും എഴുന്നള്ളിപ്പ് ആരംഭിക്കും. ഉച്ചയ്ക്കു 12 നു തിരുവമ്പാടിയുടെ മഠത്തില്‍ വരവ്, രണ്ടിന് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, അഞ്ചിനു തെക്കോട്ടിറക്കവും കുടമാറ്റവും നാളെ പുലര്‍ച്ചെ മൂന്നിന് വെടിക്കെട്ട്.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ കേരളാ സന്ദര്‍ശനത്തിനു കേരളാ ടൂറിസം വകുപ്പ് ആവശ്യപ്പെട്ടത് 95 ലക്ഷം രൂപ. ഈ മാസം 20 നാണ് ടൂറിസം ഡയറക്ടര്‍ പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് 95 ലക്ഷം രൂപ ചെലവാകുമെന്ന് പൊതുഭരണ പൊളിറ്റിക്കല്‍ വകുപ്പിന് കത്ത് നല്‍കിയത്. എന്നാല്‍ ധനവകുപ്പ് 30 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കി.
◾താമശ്ശേരി ചുരത്തില്‍ കാട്ടാനകൂട്ടം. ചുരം രണ്ടാം വളവിലെ റോഡിനോട് ചേര്‍ന്ന വനമേഖലയിലാണ് കാട്ടാനകളെ കണ്ടത്. ചുരത്തില്‍ കാട്ടാനകളുടെ സാന്നിധ്യം അപൂര്‍വമാണ്.
◾കൊച്ചി നഗരസഭയിലെ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ ടാസ്‌ക്ക് ഫോഴ്സ് രൂപീകരിച്ചു സര്‍ക്കാര്‍ ഉത്തരവായി. മൂന്ന് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ രണ്ട് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടങ്ങിയ അഞ്ചംഗം ടാസ്‌ക് ഫോഴ്സാണ് രൂപീകരിച്ചത്.
◾ക്രൈസ്തവരുടെ കന്യാസ്ത്രീ മഠങ്ങളെ അധിക്ഷേപിക്കുന്ന കക്കുകളി നാടകത്തിനെതിരെ കോഴിക്കോട് എടച്ചേരിയില്‍ പ്രതിഷേധവുമായി കന്യാസ്ത്രീകള്‍. നാടകം പ്രദര്‍ശിപ്പിക്കുന്ന സ്ഥലത്തിനു സമീപമാണ് വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും പ്രതിഷേധിച്ചത്. താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പൊലീസ് സംരക്ഷണത്തോടെയാണ് നാടകം അവതരിപ്പിച്ചത്.
◾മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുകയും വിഭാഗീതയ സൃഷ്ടിക്കുകയും ചെയ്യുന്ന 'ദി കേരളാ സ്റ്റോറി' എന്ന സിനിമക്ക് പ്രദര്‍ശനാനനുമതി നല്‍കരുതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. വെറുപ്പും കളവും മാത്രമാണ് ആ സിനിമ. ഭിന്നിപ്പ് ഉണ്ടാക്കുന്ന ഒരു സിനിമക്കും അനുമതി നല്‍കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
◾ഇടുക്കി അയ്യപ്പന്‍കോവിലില്‍ തോണിത്തടിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പെരിയാറില്‍ മുങ്ങിമരിച്ചു. ചപ്പാത്ത് പൂക്കുളം സ്വദേശി വിബിന്‍ ബിജു മേരികുളം പുല്ലുമേട് സ്വദേശി പി.എസ്. നിഖില്‍ എന്നിവരാണ് മരിച്ചത്.
◾ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. അമ്പലപ്പുഴ വടക്ക് വഞ്ചായത്ത് വണ്ടാനം വെളുത്തേടത്ത് പറമ്പില്‍ സന്തോഷ് - അജിത ദമ്പതികളുടെ മകള്‍ അഖില (21) ആണ് മരിച്ചത്. ചേര്‍ത്തലയിലെ സ്വകാര്യ കോളേജ് ജനറല്‍ നേഴ്സിങ് വിദ്യാര്‍ത്ഥിയാണ്. ക്കൈ് ഓടിച്ചിരുന്ന വല്യമ്മ ഓമനയുടെ മകന്‍ അഭിജിത്ത്കുമാര്‍ അപകട സ്ഥലത്തുതന്നെ മരിച്ചിരുന്നു.
◾ഭാര്യയെ തിളച്ച എണ്ണ ദേഹത്ത് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. വെള്ളറട മുള്ളിലവുവിള ആലിക്കോട് സ്വദേശി സനല്‍ (47) ആണ് പിടിയിലായത്.
◾ലൈംഗിക അതിക്രമം ആരോപിച്ച് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ എംപിയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ ഡല്‍ഹി ജന്തര്‍ മന്ദറിലെ സമരവേദിയിലെ വൈദ്യുതി വിച്ഛേദിച്ചു. സമരം അവസാനിപ്പിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമെന്ന നിലയിലാണ് വൈദ്യുതി വിച്ഛേദിച്ചത്. സുപ്രീം കോടതി ഇടപെട്ടതിനുശേഷമാണ് ബ്രിജ് ഭൂഷണിനെതിരേ പോലീസ് കേസെടുത്തത്. എന്നാല്‍ അറസ്റ്റു ചെയ്തിട്ടില്ല.
◾ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സമരപ്പന്തലില്‍ എത്തി. രാജ്യത്തെ സ്നേഹിക്കുന്നവര്‍ താരങ്ങള്‍ക്കൊപ്പമാണെന്ന് കെജരിവാള്‍ പറഞ്ഞു.
◾ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ബിഎസ്പി എംപി അഫ്സല്‍ അന്‍സാരിക്ക് നാലു വര്‍ഷം തടവുശിക്ഷ. ശിക്ഷിച്ചതിനെ തുടര്‍ന്ന് അഫ്സല്‍ അന്‍സാരിയുടെ എംപി സ്ഥാനം നഷ്ടപ്പെടും. ഗാസിപൂര്‍ എംപിയാണ് അഫ്സല്‍ അന്‍സാരി.
◾ബാബാസാഹേബിനെയും വീര്‍ സവര്‍ക്കറിനെയും അധിക്ഷേപിച്ചതുപോലെ തന്നെയും കോണ്‍ഗ്രസ് അധിക്ഷേപിക്കുകയാണെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടകത്തിലെ ബിഡാറില്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തിലാണ് മോദി ഇങ്ങനെ പറഞ്ഞത്. ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ മോദി റോഡ് ഷോ നടത്തി. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മോദി കര്‍ണാടകത്തില്‍ 19 റാലികളില്‍ പ്രസംഗിക്കും.
◾വര്‍ഗീയ ധ്രവീകരണമുണ്ടാക്കി വോട്ടുനേടാനുള്ള വൃത്തികെട്ട തന്ത്രങ്ങളും നാടകവുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും കര്‍ണാടകത്തില്‍ പയറ്റുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഇരവാദവുമായി കര്‍ണാകടക്കാരെ കബളിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
◾പ്രതിപക്ഷ നേതാക്കളുടെ യോഗം പാറ്റ്നയില്‍ ചേരുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. കര്‍ണാടക തെരഞ്ഞെടുപ്പിനുശേഷമാണ് യോഗം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് പാറ്റ്നയില്‍ യോഗം നടത്താമെന്നു നിര്‍ദേശിച്ചതെന്നും നിതീഷ്‌കുമാര്‍ പറഞ്ഞു.
◾ബീജദാനത്തിലൂടെ ലോകമെങ്ങുമായി 550 കുട്ടികളുള്ള അച്ഛന് ഡച്ച് കോടതിയുടെ വിലക്ക്. നാല്‍പത്തൊന്നുകാരന്‍ ജോനാഥന്‍ ജേക്കബ് മെയ്ജര്‍ എന്നയാളെയാണ് കോടതി വിലക്കിയത്. ഇനിയും ബീജദാനം നടത്തിയാല്‍ 90 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് കോടതി ഉത്തരവിട്ടു. 2007 മുതല്‍ 2017 വരെയാണ് ഇത്രയേറെ ബീജദാനം നടത്തിയത്. അഭിഭാഷക സംഘവും ബീജ ദാതാവില്‍ നിന്ന് ബീജം സ്വീകരിച്ച ഒരു സ്ത്രീയുമാണ് ഇയാള്‍ക്കെതിരെ കോടതിയെ സമീപിച്ചത്.
◾ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 7 വിക്കറ്റിന് തകര്‍ത്ത ഗുജറാത്ത് ടൈറ്റന്‍സ് പോയന്റ് പട്ടികയില്‍ ഒന്നാമത്. റഹ്‌മാനുള്ള ഗുര്‍ബാസിന്റെ മികവില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു. 49 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലും 51 റണ്‍സ് നേടിയ വിജയ് ശങ്കറുമാണ് ഗുജറാത്ത് ടൈറ്റന്‍സിനെ വിജയത്തിലേക്ക് നയിച്ചത്.
◾ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് 9 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയത സണ്‍റൈസേഴ്സ് ഹൈദരാബാദ് 67 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടേയും 53 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസന്റേയും മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 63 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷലിന്റേയും 59 റണ്‍സെടുത്ത ഫില്‍ സാള്‍ട്ടിന്റേയും മികവില്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 112 റണ്‍സെടുത്ത് വിജയപ്രതീക്ഷ ഉയര്‍ത്തിയെങ്കിലും 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുക്കാനേ സാധിച്ചുള്ളു.
◾ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഏപ്രില്‍ 21ന് സമാപിച്ച വാരത്തില്‍ 216.4 കോടി ഡോളറിന്റെ ഇടിവ് നേരിട്ടു. 58,424.8 കോടി ഡോളറായാണ് ശേഖരം കുറഞ്ഞതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ ശേഖരം 165.7 കോടി ഡോളര്‍ ഉയര്‍ന്ന് 9-മാസത്തെ ഉയരമായ 58,641.2 കോടി ഡോളറില്‍ എത്തിയിരുന്നു. 2021 ഒക്ടോബറില്‍ കുറിച്ച 64,500 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിന്റെ എക്കാലത്തെയും ഉയരം. പിന്നീട് റഷ്യ-യുക്രെയിന്‍ യുദ്ധമുള്‍പ്പെടെ വിവിധ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ രൂപ സമ്മര്‍ദ്ദം നേരിടുകയും റിസര്‍വ് ബാങ്കിന് വന്‍തോതില്‍ ഡോളര്‍ വിറ്റൊഴിയേണ്ടി വരികയും ചെയ്തതോടെ ശേഖരം കുറയുകയായിരുന്നു. വിദേശനാണ്യ ശേഖരത്തിലെ മുഖ്യവിഹിതമായ വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 214.6 കോടി ഡോളര്‍ കുറഞ്ഞ് 51,448.9 കോടി ഡോളറായി. കരുതല്‍ സ്വര്‍ണശേഖരം 2.40 കോടി ഡോളര്‍ കുറഞ്ഞ് 4,615.1 കോടി ഡോളറിലെത്തി.
◾ദിലീപ്- റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'വോയ്സ് ഓഫ് സത്യനാഥന്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നര്‍മത്തിന് പ്രധാന്യം നല്‍കിയുള്ളതാകും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സത്യനാഥന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. സിനിമ ഉടന്‍ റിലീസിനെത്തും. മൂന്ന് വര്‍ഷത്തിന് ശേഷം തിയറ്ററില്‍ എത്തുന്ന ദിലീപ് ചിത്രം കൂടിയാകും ഇത്. ജോണി ആന്റണി, സിദ്ദിഖ്, ജോജു ജോര്‍ജ്, രമേശ് പിഷാരടി, വീണാ നന്ദകുമാര്‍, ജഗപതി ബാബു എന്നിവരും ദിലീപിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകും. അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം), ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ,അംബിക മോഹന്‍, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. അനുശ്രീ അതിഥി താരമായും എത്തുന്നുണ്ട്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫിയാണ്.
◾ആഷിക് അബു സംവിധാനം ചെയ്ത 'നീലവെളിച്ച'ത്തിലെ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. 'പൊട്ടിത്തകര്‍ന്ന കിനാവ്' എന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയാണ്. തന്റെ തന്നെ ചെറുകഥയായ നീലവെളിച്ചത്തെ ആസ്പദമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥയൊരുക്കി എ വിന്‍സെന്റ് സംവിധാനം ചെയ്ത് 1964 ല്‍ പുറത്തെത്തിയ ഭാര്‍ഗ്ഗവീനിലയത്തിന്റെ റീമേക്ക് ആണ് നീലവെളിച്ചം. പൊട്ടിത്തകര്‍ന്ന കിനാവ് എന്ന് ആരംഭിക്കുന്ന ഗാനം ഭാര്‍ഗ്ഗവീനിലയത്തിനുവേണ്ടി പി ഭാസ്‌കരന്റെ വരികളില്‍ എം എസ് ബാബുരാജ് ഈണമിട്ട് എസ് ജാനകി ആലപിച്ചതാണ്. ആ ഗാനമാണ് നീലവെളിച്ചത്തിനുവേണ്ടി പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറായത്. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമ കെ പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, ആമി തസ്നിം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ഇന്ത്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
◾സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ നൂതന സാങ്കേതി വിദ്യകളോടെ അവതരിപ്പിച്ച പറക്കും കാര്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. സ്വീഡിഷ് കമ്പനിയായ ജെറ്റ്സണ്‍ അതിന്റെ പുതിയ ഇലക്ട്രിക് ഫ്‌ലയിംഗ് കാര്‍ ജെറ്റ്സണ്‍ വണ്‍ പുറത്തിറക്കി. വിപണിയില്‍ എത്തിച്ച കാറിന്റെ വിലയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വായുവില്‍ ഡ്രോണ്‍ പോലെ പറക്കുന്ന ഈ ഇലക്ട്രിക് കാറിന്റെ വില 98,000 ഡോളറാണ് (ഏകദേശം 80.19 ലക്ഷം രൂപ). ഇത് മാത്രമല്ല, ഉപഭോക്താക്കള്‍ക്ക് വെറും 8,000 ഡോളര്‍ (ഏകദേശം 6.5 ലക്ഷം രൂപ) ഡൗണ്‍ പേയ്മെന്റ് നല്‍കി ഈ കാര്‍ സ്വന്തമാക്കാം. കാഴ്ചയില്‍ ഒരു ഡ്രോണിനെപ്പോലെയാണ് ഈ കാറുള്ളത്. 88 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പായ്ക്ക് ഇതില്‍ നല്‍കിയിട്ടുണ്ട്, അതിന്റെ സഹായത്തോടെ ഈ വാഹനത്തിന് ഭൂമിയില്‍ നിന്ന് ഏകദേശം 1,500 അടി വരെ ഉയരാന്‍ കഴിയും. ജെറ്റ്സണ്‍ വണ്ണില്‍ നാല് പ്രൊപ്പല്ലറുകള്‍ നല്‍കിയിട്ടുണ്ട്, ഇത് മണിക്കൂറില്‍ 63 മൈല്‍ അല്ലെങ്കില്‍ 101 കിലോമീറ്റര്‍ വേഗത നല്‍കുന്നു. അതിന്റെ റേഞ്ച്, ചാര്‍ജിംഗ് സമയം മുതലായവയെ കുറിച്ച് കമ്പനി ഇതുവരെ ഒരു വിവരവും പങ്കിട്ടിട്ടില്ല.
◾നൈരാശ്യമാവും മനസികവ്യഥകളും തികച്ചും വ്യത്യസ്തമായ സവിശേഷതകളുമുള്ള കുറെ കഥാപാത്രങ്ങളുള്ള ഈ നോവല്‍ ചാള്‍സ് ഡിക്കെന്‍സിന്റെ ശ്രേഷ്ഠരചനകളില്‍ അഗ്രഗണ്യമായ ഒന്നാണ്. ധനികനാവുക, സ്നേഹിക്കപ്പെടുക, ആരാധിക്കപെടുക, സന്തോഷമുണ്ടായിരിക്കുക തുടങ്ങിയ ആഗ്രഹങ്ങളുള്ള സാധാരണക്കാരായ ആളുകളെ പ്രതിനിധീകരിക്കുന്ന ഇതിലെ കഥാപാത്രങ്ങള്‍ അറിഞ്ഞോ അറിയാതെയോ തങ്ങളുടെ പ്രവൃത്തികള്‍മൂലം വേദനകൊണ്ടു വരിഞ്ഞുമുറുക്കപ്പെടുന്നവരാണ്. രചനയുടെ സൗകുമാര്യം ഒട്ടുംതന്നെ ചോര്‍ന്നുപോകാതെ അതിമനോഹരമായ വായനാസുഖം നല്‍കുന്ന പുനരാഖ്യാനം. 'വമ്പന്‍ പ്രതീക്ഷകള്‍'. പുനരാഖ്യാനം - ഗീതാലയം ഗീതാകൃഷ്ണന്‍. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 171 രൂപ.