*പ്രഭാത വാർത്തകൾ*2023 | ഏപ്രിൽ 3 | തിങ്കൾ |

◾ട്രെയിനില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലെ ഡി വണ്‍ കംപാര്‍ട്ടുമെന്റിലാണു സംഭവം. രാത്രി ഒമ്പതരയോടെ കോഴിക്കോട് എലത്തൂര്‍ പാലത്തില്‍ എത്തിയപ്പോള്‍ ചുവന്ന ഷര്‍ട്ടും തൊപ്പിയും ധരിച്ചയാള്‍ രണ്ടു കുപ്പി പെട്രോള്‍ വീശിയൊഴിച്ച് തീയിടുകയായിരുന്നു. തീ ആളിപ്പടര്‍ന്നയുടനേ യാത്രക്കാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓടുന്ന ട്രെയിനില്‍നിന്ന് പുറത്തേക്കു ചാടിയ മൂന്നു പേരാണു മരിച്ചത്. 48 കാരിയായ റഹ്‌മത്തും ഇവരുടെ സഹോദരിയുടെ മകളായ രണ്ടു വയസുകാരി സഹറയുമാണ് മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. എലത്തൂര്‍ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍നിന്നാണ് മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യാത്രക്കാര്‍ അപായച്ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി. അക്രമി ഇതിനിടെ ഓടിരക്ഷപ്പെട്ടു.

◾ട്രെയിനില്‍ അക്രമി തീയിട്ട ഉടനേ വസ്ത്രങ്ങളില്‍ തീ പടര്‍ന്നു പൊള്ളലേറ്റ എട്ടു യാത്രക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീയില്‍നിന്നു രക്ഷപ്പെടാന്‍ ഇവര്‍ മറ്റു കംപാര്‍ട്ടുമെന്റുകളിലേക്ക് ഓടുകയായിരുന്നു. കതിരൂര്‍ സ്വദേശിയായ അനില്‍ കുമാര്‍, ഭാര്യ സജിഷ മകന്‍ അദ്വൈത്, തളിപ്പറമ്പ് സ്വദേശിയായ ജ്യോതിന്ദ്രനാഥ്, തൃശൂര്‍ സ്വദേശിയായ പ്രിന്‍സ്, പ്രകാശന്‍, അശ്വതി, തളിപ്പറമ്പ് സ്വദേശി റൂബി എന്നിവരാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്.

◾വിമാനങ്ങളേപ്പോലെ വിക്ഷേപണ വാഹനമായ റോക്കറ്റുകളേയും റണ്‍വേയില്‍ സുരക്ഷിതമായി തിരിച്ചിറക്കാവുന്ന ചരിത്ര നേട്ടവുമായി ഐഎസ്ആര്‍ഒ. വിക്ഷേപണ വാഹനത്തിന്റെ ലാന്‍ഡിംഗ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. കര്‍ണാടകയിലെ ചിത്രദുര്‍ഗ എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണപ്പറക്കല്‍.

◾പ്രതിപക്ഷ നേതൃസ്ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണമെന്ന് ശശി തരൂര്‍ എംപി. നേതൃസ്ഥാനത്ത് താനായിരുന്നെങ്കില്‍ പ്രദേശിക പാര്‍ട്ടിയെ പരിഗണിക്കുമായിരുന്നു. ഐക്യമാണ് പ്രധാനം. പ്രതിപക്ഷ ഐക്യവേദിയുടെ നേതൃസ്ഥാനം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് കരുക്കള്‍ നീക്കുന്നതിനിടെയാണ് തരൂരിന്റെ പ്രതികരണം.

◾അഞ്ചു ദിവസം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത.

◾നീതിനിര്‍വഹണത്തില്‍ ലോകായുക്ത പരാജയപ്പെട്ടെന്ന് പൊതുസമൂഹം വിലയിരുത്തിയെന്നും ലോകായുക്ത രാജിവയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെ അഴിമതിക്കു സംരക്ഷണമൊരുക്കാന്‍ അസംബന്ധങ്ങള്‍ കുത്തിനിറച്ച വിചിത്രമായ ഉത്തരവ് നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. സുധാകരന്‍ പറഞ്ഞു.

◾തൃശൂര്‍ അവണൂരില്‍ വീട്ടില്‍നിന്ന് ഇഡളി കഴിച്ച ഗൃഹനാഥന്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചു. അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രനാണ് (57) മരിച്ചത്. ഭാര്യ ഗീത, വീട്ടില്‍ ജോലിക്കെത്തിയ തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രന്‍, ചന്ദ്രന്‍ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ മാത്രമാണ് ഭക്ഷ്യ വിഷബാധയില്‍നിന്ന് രക്ഷപ്പെട്ടത്.

◾വേളാങ്കണ്ണി തീര്‍ത്ഥയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നെല്ലിക്കുന്ന് സ്വരാജ് നഗര്‍ പുളിക്കന്‍ വീട്ടില്‍ ലില്ലി വര്‍ഗീസ് (60), വരന്തരപ്പിള്ളി പള്ളിക്കുന്ന് താക്കോല്‍ക്കാരന്‍ വീട്ടില്‍ ജെറാര്‍ഡ് ജിമ്മി (9) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെ മന്നാര്‍കുടിക്ക് സമീപം ഒറത്തനാട് ഭാഗത്ത് വളവ് തിരിയുമ്പോഴാണ് അപകടമുണ്ടായത്. 27 പേര്‍ക്ക് പരിക്കേറ്റു. നാലു പേര്‍ മരിച്ചെന്നാണ് ഉച്ചവരെ പ്രചരിച്ചിരുന്ന വിവരം.

◾സോണ്ട കമ്പനിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അതുകൊണ്ടാണ് ബ്രഹ്‌മപുരം പ്ലാന്റിന് തനിയെ തീപ്പിടിച്ചതാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നത്. സോണ്ട കമ്പനിയില്‍ നിക്ഷേപം നടത്തിയ ജര്‍മ്മന്‍ പൗരനെ വഞ്ചിച്ച സംഭവം ഗൗരവതരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

◾ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കുള്ള യോഗത്തിനു പിറകേ തിരുവനന്തപുരം ഡിസിസി ഓഫീസില്‍ കയ്യാങ്കളിയും. തരൂരിനെ വിമര്‍ശിച്ചതിന് തരൂര്‍ അനുകൂലികളും പേഴ്സണല്‍ സ്റ്റാഫും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് പരാതിപ്പെട്ടു. സതീഷാണു പ്രകോപനമുണ്ടാക്കിയതെന്ന് തരൂര്‍ അനുകൂലികള്‍ ആരോപിച്ചു.

◾മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പുത്തലത്ത് ദിനേശന് പന്തീരായിരം രൂപ പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആനുകൂല്യങ്ങള്‍ ഉള്‍പ്പടെ പത്തുലക്ഷത്തിലധികം രൂപയും അനുവദിച്ചു. ആറ് വര്‍ഷത്തോളമാണ് ദിനേശന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്.

◾പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ റിനീഷിന്റെ അമ്മ റീന സിറ്റി പൊലീസ് കമ്മീഷണര്‍ക്കും അസി. കമ്മീഷണര്‍ക്കും പരാതി നല്‍കി. ഉമ തോമസ് എം.എല്‍.എ, ഡി.സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ക്കൊപ്പമെത്തിയാണ് റീന പരാതി നല്‍കിയത്. അന്വേഷിക്കാന്‍ അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപെടുത്തിയതായി കമ്മീഷണര്‍ പറഞ്ഞു.

◾ഏപ്രില്‍ ഫൂളാക്കിയ സാമൂഹ്യവിരുദ്ധനെതിരെ നടപടി ആവശ്യപ്പെട്ട് കളമശ്ശേരിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പൊലീസില്‍ പരാതി നല്‍കി. ഗുരുതര പരിക്കേറ്റ രോഗിയ്ക്ക് അടിയന്തര ആശുപത്രി മാറ്റം ആവശ്യപ്പെട്ട് നാല് ആംബുലന്‍സ് ഡ്രൈവര്‍മാരെയാണ് കബളിപ്പിച്ചത്.

◾തൃശൂര്‍ കുന്നത്തങ്ങാടിയില്‍ പ്രഭ ഫാഷന്‍ ഇന്നര്‍വെയേഴ്സ് ഉടമ വെളുത്തൂര്‍ പരക്കാട് വട്ടപ്പറമ്പില്‍ രാമചന്ദ്രന്റെ ഭാര്യ രമയെ കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കവര്‍ച്ചയ്ക്കു ശ്രമിച്ച സ്ത്രീവേഷധാരിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. വെളുത്തൂര്‍ പാലൊളി ധനേഷ് എന്ന കണ്ണന്‍ ആണു പിടിയിലായത്. മൂകയായി രോഗിയേപ്പോലെ അഭിനയിച്ചു കടയിലെത്തിയാണ് ആക്രമണം നടത്തിയത്.

◾മലപ്പുറത്തു വാഴക്കാട് ഭര്‍തൃവീടിനു മുകളിലെ ടെറസില്‍ യുവതി മരിച്ച നിലയില്‍. ചെറുവട്ടൂര്‍ നരോത്ത് നജ്മുന്നിസയെ (32)യാണു വീടിന് മുകളില്‍ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

◾തിരുവനന്തപുരം കിളിമാനൂര്‍ ഇരട്ട ചിറയില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. കിളിമാനൂര്‍ സ്വദേശി അജില ആണ് അപകടത്തില്‍ മരിച്ചത്. കാറോടിച്ച തിരുവല്ല സ്വദേശി ഗിരീഷ് കുമാര്‍ (54) അറസ്റ്റില്‍. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.

◾യു.കെയിലെ നോട്ടിങ്ഹാമില്‍ ബോക്സിംഗ് മത്സരത്തിനിടെ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. കോട്ടയം വടവാതൂര്‍ കണ്ടംചിറയില്‍ റെജി കുര്യന്‍ - സൂസന്‍ റെജി ദമ്പതികളുടെ മകന്‍ ജുബല്‍ റെജി കുര്യന്‍ (23) ആണ് മരിച്ചത്. ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനു പണം സമാഹരിക്കാന്‍ സംഘടിപ്പിച്ച മത്സരത്തിനിടെയാണു സംഭവം.

◾നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് യാത്രക്കാരന്‍ മരിച്ചു. കോതമംഗലം സ്വദേശിയും ഓസ്ട്രേലിയയില്‍ നഴ്സുമായ അഭിഷേക് ജോസ് സാവിയോയാണ് മരിച്ചത്. ഓസ്ട്രേലിയയിലേക്ക് പോകാനെത്തിയതായിരുന്നു.

◾കാലടിയില്‍ ബിഎസ്എന്‍എല്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യക്കു ശ്രമിച്ച യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി. കുട്ടമ്പുഴ സ്വദേശി അരുണാണ് ആത്മഹത്യാ ശ്രമം നടത്തിയത്.

◾അപകീര്‍ത്തി കേസില്‍ സൂററ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി വിധിക്കെതിരേ അപ്പീലുമായി സൂററ്റ് സെഷന്‍സ് കോടതിയിലേക്ക് രാഹുല്‍ഗാന്ധി ഇന്നെത്തും. സെഷന്‍സ് കോടതിയില്‍ രാഹില്‍ നേരിട്ട് ഹാജരായിട്ടാണ് അപ്പീല്‍ നല്‍കുക.

◾ആത്മഹത്യയെ കുറിച്ചു ചിന്തിച്ചിരുന്നപ്പോള്‍ മാനസിക പിന്തുണ നല്‍കിയതു രാഹുല്‍ ഗാന്ധിയെന്ന് നടിയും മുന്‍ എംപിയുമായ ദിവ്യാ സ്പന്ദന. തന്റെ പിതാവ് മരിച്ചപ്പോഴാണ് ഒറ്റപ്പെട്ടെന്ന തോന്നലും ആത്മഹത്യയേ വഴിയുള്ളൂവെന്ന ചിന്തയും ഉണ്ടായതെന്ന് ദിവ്യസ്പന്ദന. അമ്മയായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം. ഇതിനുശേഷം അച്ഛനാണ്. മൂന്നാമത് രാഹുല്‍ ഗാന്ധിയും. അവര്‍ പറഞ്ഞു.

◾കുനോ പാര്‍ക്കിലുള്ള നമീബിയന്‍ ചീറ്റപ്പുലികളില്‍ ഒന്നായ ഒബാന്‍ ഇരുപത് കിലോമീറ്റര്‍ അകലെയുള്ള വിജയ്പൂരിലെ ഗ്രാമത്തിലേക്ക് ഓടിക്കയറി. ഗ്രാമവാസികള്‍ പരിഭ്രാന്തരായി. ചീറ്റപ്പുലിയെ തിരികെ വനത്തിലേക്ക് ഓടിക്കാനുള്ള ശ്രമങ്ങളുമായി നിരീക്ഷണ സംഘം ഝര്‍ ബറോഡ ഗ്രാമത്തില്‍ എത്തിയിട്ടുണ്ട്.

◾പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ വിവാഹം ചെയ്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് ചിറ്റൂര്‍ ജില്ലയിലെ ഗംഗാരവാരത്തെ സ്വകാര്യ ജൂനിയര്‍ കോളജിലെ അധ്യാപകനായ ചലപതി (33) ആണ് അറസ്റ്റിലായത്. അധ്യാപകന്‍ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട്.

◾മാര്‍ബര്‍ഗ് വൈറസ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടരുന്നു. ഗിനിയ, ടാന്‍സാനിയ രാജ്യങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 88 ശതമാനം വരെ മരണസാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്. ഈ രാജ്യങ്ങളിലേക്കു പോകുന്ന യാത്രക്കാര്‍ വൈറസ് ബാധയേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

◾ആകാശത്ത് പറക്കുന്നതിനിടെ തീപിടിച്ച ഹോട്ട് എയര്‍ ബലൂണില്‍നിന്ന് താഴേക്കു ചാടിയ രണ്ടുപേര്‍ മരിച്ചു. മെക്‌സിക്കോ സിറ്റിക്കു 45 മൈല്‍ അകലെയുള്ള തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമാണ് സംഭവം. 50 വയസുള്ള പുരുഷനും 39 വയസുള്ള സ്ത്രീയുമാണ് മരിച്ചത്.

◾അമേരിക്കയിലെ ദക്ഷിണ -മധ്യ- കിഴക്കന്‍ മേഖലകളില്‍ സര്‍വനാശമുണ്ടാക്കി വീശിയടിച്ച ചുഴലിക്കാറ്റില്‍ 26 പേര്‍ മരിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ടെനിസി സംസ്ഥാനത്താണ് കൂടുതല്‍ നാശമുണ്ടായത്.

◾ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സും പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്കനടപടിക്ക് പിന്നാലെയാണ് ഖേദപ്രകടനം. ബെഗളൂരുവിനെതിരേ നടന്ന പ്ലേഓഫ് മത്സരത്തില്‍ നടന്ന സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ക്ലബ്ബും കായികവേദികളില്‍ ഇത്തരം സംഭവങ്ങള്‍ കാണാന്‍ പാടില്ലാത്തതാണെന്നും ഇത്തരം സംഭവങ്ങളുടെ ഭാഗമായതില്‍ ഖേദിക്കുന്നതായും വുകോമനോവിച്ചും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

◾സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് ഐപിഎല്ലില്‍ വിജയത്തുടക്കം. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 72 റണ്‍സിന് തോല്‍പിച്ചു. ജോസ് ബട്‌ലറുടെയും യശസ്വി ജയ്സ്വാളിന്റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റേയും അര്‍ദ്ധ സെഞ്ച്വറികളുടെ മികവില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 20 ഓവറില്‍ 8 വിക്കറ്റിന് 131 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. രാജസ്ഥാന് വേണ്ടി യുസ്വേന്ദ്ര ചാഹല്‍ നാല് ഓവറില്‍ 17 റണ്‍സിന് നാല് പേരെ പുറത്താക്കി. 22 പന്തില്‍ 54 റണ്‍സെടുത്ത ജോസ് ബട്ലറാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

◾കോലിയും ഡുപ്ലെസിയും തിളങ്ങിയ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 8 വിക്കറ്റിന് മലര്‍ത്തിയടിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഐപിഎല്ലിലെ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ 46 പന്തില്‍ 84 റണ്‍സ് നേടിയ തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ മുംബൈ പടുത്തുയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം വിരാട് കോലിയുടേയും ഫാഫ് ഡുപ്ലസിസിയുടേയും ഓപ്പണിംഗ് സഖ്യം നേടിയ 141 റണ്‍സിന്റെ മികവില്‍ ബാംഗ്ലൂര്‍ മറികടന്നു. വിരാട് കോലി 49 പന്തില്‍ 82 റണ്‍സ് നേടിയപ്പോള്‍ പ്ലെയര്‍ ഓഫ് ദ മാച്ചിന് അര്‍ഹനായ ഫാഫ് ഡുപ്ലസിസി 43 പന്തില്‍ 73 റണ്‍സ് നേടി.

◾സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അദാനി ഗ്രൂപ്പിനെതിരെ പുതിയ അന്വേഷണം ആരംഭിച്ചു. ചില വിദേശ കമ്പനികളുമായുള്ള ഇടപാട് സംബന്ധിച്ചാണ് അന്വേഷണം. ഗൗതം അദാനിയുടെ ജ്യേഷ്ഠന്‍ വിനോദ് അദാനിയുടെ ഉടമസ്ഥതതയിലുള്ളതെന്നു കരുതപ്പെടുന്ന മൂന്ന് വിദേശ സ്ഥാപനങ്ങളുമായുള്ള അദാനി ഗ്രൂപ്പിന്റെ ഇടപാടുകളില്‍ 'ബന്ധപ്പെട്ട കക്ഷി' നിയമങ്ങളുടെ ലംഘനം നടന്നതായി സംശയിച്ചുകൊണ്ടാണ് അന്വേഷണം. മൗറിഷ്യസ് ആസ്ഥാനമായുള്ള ക്രുനാല്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്, ഗാര്‍ഡേനിയ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്, ദുബായ് ആസ്ഥാനമായുള്ള ഇലക്ട്രോജന്‍ ഇന്‍ഫ്രാ എന്നിവയാണ് സ്ഥാപനങ്ങള്‍. ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച്, ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ അടുത്ത ബന്ധുക്കള്‍, പ്രൊമോട്ടര്‍ ഗ്രൂപ്പുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ ബന്ധപ്പെട്ട കക്ഷികളായി കണക്കാക്കപ്പെടുന്നതാണ്. അത്തരം സ്ഥാപനങ്ങള്‍/ വ്യക്തികള്‍ എന്നിവരുമായുള്ള ഇടപാടുകള്‍ പബ്ലിക് ഫയലിംഗുകളില്‍ വെളിപ്പെടുത്തുകയും ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള ഓഹരി പങ്കാളിത്തത്തിന് സെബിയുടെ അംഗീകാരം നേടേണ്ടതുമാണ്. അത്തരം മാനദണ്ഡങ്ങള്‍ ലംഘിക്കുകയാണെങ്കില്‍, ബന്ധപ്പെട്ട കമ്പനികളോട് പിഴ അടയ്ക്കാന്‍ സെബിക്ക് ആവശ്യപ്പെടാം. നിയമ നടപടികള്‍ നേരിടേണ്ടിയും വരും