◾മദ്യത്തിനു ബജറ്റില്‍ നിര്‍ദേശിച്ചതിനേക്കാള്‍ പത്തു രൂപകൂടി വിലവര്‍ധിപ്പിച്ച് സര്‍ക്കാര്‍. 500 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് ചുമത്തിയ 20 രൂപ സെസിനു പുറമേ 10 രൂപ കൂടിയാണു വര്‍ദ്ധിപ്പിച്ചത്. വില്‍പ്പന നികുതി വര്‍ദ്ധിക്കുന്നതിനാലാണ് 10 രൂപ കൂടി വര്‍ദ്ധിക്കുന്നതെന്ന് ബെവ്ക്കോ അറിയിച്ചു. ആയിരം രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയ്ക്കു പകരം 50 രൂപ വര്‍ദ്ധിക്കും.
◾കോവിഡ് വീണ്ടും വ്യാപിക്കുന്നതിനാല്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കുന്നു. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുറത്തിറക്കി. കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ ആശുപത്രികള്‍ കിടക്കകള്‍ സജ്ജമാക്കണം. ചികിത്സ നിഷേധിക്കരുത്. പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗം തുടങ്ങിയ അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്.
◾അദാനി ഗ്രൂപ്പിന്റെ വിദേശ ഇടപാടുകളില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡിന്റെ അന്വേഷണം. ഗൗതം അദാനിയുടെ സഹോദരന്‍ വിനോദുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ മൂന്നു വിദേശ സ്ഥാപനങ്ങളുമായി നടത്തിയ ഇടപാടുകളാണ് അന്വേഷിക്കുന്നത്.
◾മികച്ച 1000 എംഎസ്എംഇ സംരംഭങ്ങളെ നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഒത്തുപിടിച്ചാല്‍ അതിവേഗത്തില്‍ സംസ്ഥാനത്തെ വ്യവസായിക രംഗത്തെ മാറ്റാം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,39,815 സംരംഭങ്ങളാണ് ആരംഭിച്ചത്. ഇതിലൂടെ 8,417 കോടിയുടെ നിക്ഷേപം ഉറപ്പാക്കുകയും 2,99,943 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയും ചെയ്തെന്നും അദ്ദേഹം അവകാശപ്പെട്ടു. 35 ശതമാനം വനിതാ സംരംഭകരാണ് പുതുതായി രംഗത്തെത്തിയതെന്നും മന്ത്രി പറഞ്ഞു.
◾വൈക്കം സത്യഗ്രഹം ഇന്ത്യക്കു വഴികാട്ടിയായ പോരാട്ടമാണെന്നും രാജ്യത്ത് പലയിടത്തും അയിത്ത വിരുദ്ധ സമരത്തിന് അതു പ്രചോദനമായെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ചാതുര്‍ വര്‍ണ്യത്തിനെതിരായ യുദ്ധകാഹളമാണ് വൈക്കത്ത് മുഴങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
◾ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുധാകരന്‍ ഇതുചെയ്തത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ അമിതാധികാര പ്രയോഗങ്ങള്‍ക്കു സമാനമാണ് കെ.പി.സി.സിയുടെ നിലപാട്. ഗോവിന്ദന്‍ പറഞ്ഞു.
◾വ്യാജരേഖകള്‍ ഹാജരാക്കി ദേവികുളത്ത് മത്സരിച്ച എ രാജക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി ക്രിമിനല്‍ കേസെടുക്കാന്‍ ഡിജിപിക്കു നിര്‍ദ്ദേശം നല്‍കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിജിപിക്കു കത്തു നല്‍കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. രാജ നടത്തിയ ക്രിമിനല്‍ കുറ്റകൃത്യത്തിന് എല്ലാ ഒത്താശയും നല്‍കിയത് സിപിഎമ്മാണെന്നും ഇതിന് കൂട്ടുനിന്ന എല്ലാവര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
◾കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന് .ധനവകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കോര്‍പ്പറേഷന്‍ കാര്യക്ഷമമാക്കാനുള്ള പരിഷ്‌ക്കരണങ്ങള്‍ ജീവനക്കാരുടെ യൂണിയനുകള്‍ അംഗീകരിച്ചിട്ടില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനാണ് കെ എസ് ആര്‍ ടി സി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത് കോര്‍പ്പറേഷനാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
◾ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ 'ശമ്പളരഹിത സേവനം 41-ാം ദിവസം' എന്നെഴുതിയ ബാഡ്ജ് ധരിച്ചു പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ കെഎസ്ആര്‍ടിസി പറപ്പിച്ചു. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരെ പാലായിലേക്കു സ്ഥലംമാറ്റി. സര്‍ക്കാരിനെയും കെഎസ്ആര്‍ടിസിയെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് സ്ഥലംമാറ്റ ശിക്ഷ.
◾കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ കനത്ത നികുതികള്‍ ചുമത്തി ജനങ്ങളെ പിഴിഞ്ഞ് 50 കോടിയിലധികം രൂപ മുടക്കി സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നത് അത്താഴപ്പട്ടിണിക്കാരുടെ നെഞ്ചില്‍ കയറിനിന്ന് ചവിട്ടുനാടകം കളിക്കുന്നതിനു തുല്യമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയനെ തുടര്‍ച്ചയായി 60 ദിവസം സ്തുതിക്കാനും കാരണഭൂതന്റെ ചിത്രങ്ങളില്‍ പാലഭിഷേകം നടത്താനും പൂച്ച പെറ്റുകിടക്കുന്ന ഖജനാവില്‍നിന്ന് ഒരു രൂപപോലും ചെലവഴിക്കരുതെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
◾വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുമ്പോള്‍ സര്‍ക്കാര്‍ വാര്‍ഷികാഘോഷം നടത്തി കോടികള്‍ പൊടിക്കുന്നത് ജനങ്ങളെ അപഹസിക്കുന്നതിനു തുല്ല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇന്ധന വിലയില്‍ അയല്‍ സംസ്ഥാനങ്ങളിലേതിനേക്കാള്‍ 15 രൂപ കൂടുതലാണു കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു.
◾നാട്ടില്‍ നല്ല കാര്യങ്ങള്‍ നടക്കുന്നത് പ്രതിപക്ഷത്തിന് അംഗീകരിക്കാനാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം പ്രതിപക്ഷം ബഹിഷ്‌കരിച്ചതിനോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
◾വള്ളംകളിയും മിനി തൃശൂര്‍ പൂരവും ആസ്വദിച്ച് ജി 20 രാജ്യങ്ങളിലെ ഉദ്യോഗസ്ഥ സംഘം. കുമരകത്തെ കായലോളങ്ങള്‍ വകഞ്ഞുമാറ്റിയുള്ള ചുണ്ടന്‍ വള്ളങ്ങളുടെ ആവേശകരമായ വരവുകണ്ട് ഉദ്യോഗസ്ഥരും ഹര്‍ഷാരവങ്ങള്‍ മുഴക്കി. താജില്‍ തൃശൂര്‍ പൂരത്തിന്റെ മിനി രൂപവും അരങ്ങേറി. കേരളത്തിന്റെ സംസ്‌കാരം പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടികള്‍ ഒരുക്കിയത്. ഇന്ത്യയുടെ ഷെര്‍പ്പ അമിതാഭ് കാന്തിന്റെ നേതൃത്വത്തില്‍ 120 പേര്‍ പങ്കെടുക്കുന്ന യോഗം ഇന്നു സമാപിക്കും.
◾കവര്‍ച്ചാ കേസില്‍ എറണാകുളം സിജെഎം കോടതി അധികാര പരിധി മറികടന്നു ശിക്ഷ വിധിച്ചെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്നു സുപ്രീംകോടതി. കേസ് വ്യാജമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 1998 ജൂലൈയില്‍ എറണകുളത്ത് പാര്‍ക്കില്‍ ഒരാളെ ആക്രമിച്ച് കഴുത്തിലെ മാല അപഹരിച്ചെന്നാണ് പോലീസ് ചാര്‍ജു ചെയ്ത കേസ്.
◾അച്ഛനെയും അമ്മയുടെ സഹോദരിയെയും കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ഇരട്ട കൊലപാതകക്കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ്. തളിക്കുളം എടശ്ശേരി സ്വദേശി മമ്മസ്രയില്ലത്ത് വീട്ടില്‍ ഷഫീഖിനെയാണ് തൃശൂര്‍ ജില്ലാ അഡീഷണല്‍ കോടതി ശിക്ഷിച്ചത്. അമ്മയെ വടി കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. 1,60,000 രൂപ പിഴശിക്ഷയുമുണ്ട്.
◾വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളില്‍നിന്നും വിട്ടുനിന്ന എന്‍എസ്എസ് നേതൃത്വത്തിലുള്ളവര്‍ മാടമ്പിത്തരം കാണിച്ചെന്നും അവര്‍ മാറി നിന്നാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോട് എന്‍എസ്എസ് മുഖം തിരിച്ചത് ശരിയായില്ലെന്നും ശിവഗിരി മഠത്തില്‍ നിന്ന് എത്തിയവര്‍ക്ക് മന്നം സമാധിയില്‍ അനുമതി നിഷേധിച്ചെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
◾കോഴിക്കോട് കരിക്കാടന്‍പൊയിലില്‍ ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍ത്തൃമാതാവും അറസ്റ്റിലായി. പുത്തന്‍പുരയില്‍ അസ്മിനയാണു മരിച്ചത്. ഭര്‍ത്താവ് ജംഷിദിനെയും ഭര്‍ത്തൃമാതാവ് നഫീസയെയും നാദാപുരം പോലീസ് അറസ്റ്റു ചെയ്തു.
◾ഇടുക്കി കഞ്ഞിക്കുഴിയില്‍ അഞ്ചംഗ കുടുംബം വിഷം കഴിച്ചതു ബ്ലേഡ് മാഫിയയുടെ ഭീഷണിമൂലമെന്നു ബന്ധുക്കള്‍. വിഷം കഴിച്ച പുന്നയാര്‍ കാരാടിയില്‍ ബിജുവും ഭാര്യ ടിന്റുവും മരിച്ചു. മൂന്നു കുട്ടികള്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
◾തിരുവനന്തപുരം അയിരൂരില്‍ ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ കര്‍ണാടകയില്‍ നിന്ന് പിടികൂടി. താന്നിമൂട് വീട്ടില്‍ സുനില്‍കുമാറാണ് പിടിയിലായത്.
◾ഇടുക്കി വാത്തിക്കുടിയില്‍ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു. വാത്തിക്കുടി ആമ്പക്കാട്ട് ഭാസ്‌കരന്റെ ഭാര്യ രാജമ്മ (58) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാസ്‌കരനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ലോക വിഡ്ഢി ദിനത്തില്‍ രാജ്യത്തെ വിഡ്ഢികളാക്കിയ 3232 ദിവസങ്ങള്‍ എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പരിഹാസം.
◾രാമനവമി ദിനത്തിലെ സംഘര്‍ഷത്തിനു പിറകേ, ബിഹാറിലെ സസാരാമില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരിപാടി റദ്ദാക്കി. കേന്ദ്രസേനയെ വിന്യസിക്കാമെന്ന് അറിയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചു. ബിഹാറിലെ സംഘര്‍ഷത്തില്‍ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആരോപിച്ചു. കൊല്‍ക്കത്തയിലെ സംഘര്‍ഷം പുറത്തുനിന്നെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
◾കഴിഞ്ഞ മാസം ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 1.6 ലക്ഷം കോടി രൂപ. കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ റെക്കോര്‍ഡ് ജിഎസ്ടി വരുമാനത്തിന് തൊട്ടു പിറകിലാണ് ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തെ വരുമാനം. 1.67 ലക്ഷം കോടി രൂപയായിരുന്നു 2022 ഏപ്രിലിലെ വരുമാനം.
◾കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ജയില്‍ മോചിതനായി. ഒരു വര്‍ഷത്തെ ശിക്ഷയാണു വിധിച്ചിരുന്നത്. ജയിലിലെ നല്ലനടപ്പില്‍ ഇളവ് നല്‍കിയതിനാല്‍ പത്തു മാസം കഴിഞ്ഞതോടെ മോചിതനായി. ഭാരത് ജോഡോ യാത്ര നയിച്ച രാഹുല്‍ഗാന്ധി രാജ്യത്ത് വിപ്ലവമാണു നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
◾മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും തുല്യ അവകാശം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ കക്ഷി ചേര്‍ത്തുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ 'മനുഷ്യര്‍ വേറെ, മൃഗങ്ങള്‍ വേറെ' എന്ന നിലപാടാണു കോടതി സ്വീകരിച്ചത്. അലഹബാദ് ആസ്ഥാനമായുള്ള എന്‍ജിഒയാണു ഹര്‍ജി നല്‍കിയിരുന്നത്.
◾ഗുജറാത്തില്‍ ഇറച്ചിക്കോഴി കച്ചവടം പ്രതിസന്ധിയിലേക്ക്. കോഴിയെ മൃഗമായാണു കണക്കാക്കുന്നതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇതേയിനത്തിലുള്ള മറ്റു പക്ഷികളും മൃഗങ്ങളാണെന്ന് സര്‍ക്കാര്‍. ഇറച്ചിക്കോഴികളെ വില്‍ക്കുന്ന കടകളില്‍ അവയെ കശാപ്പു ചെയ്യുന്നതു തടയണമെന്നും മൃഗമെന്ന നിലയില്‍ കശാപ്പുശാലയില്‍ മാത്രമേ കോഴികളെ കൊല്ലാവൂവെന്നും ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഈ നിലപാട്.
◾പിഎസ്സി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് തെലങ്കാന സര്‍ക്കാറിനും ബിആര്‍എസിനും എതിരേ സമരം സംഘടിപ്പിക്കാന്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും ക്ഷണിച്ച് വൈ എസ് ശര്‍മിള. 'സിഎം ഹൗസ് മാര്‍ച്ച്' എന്ന പേരില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സംയുക്തമായി മാര്‍ച്ച് നടത്താനാണ് ഇരു പാര്‍ട്ടികളുടേയും സംസ്ഥാന അധ്യക്ഷന്മാരെ ഫോണില്‍ വിളിച്ച് പിന്തുണ തേടിയത്.
◾ഹിന്ദുഫോബിയ അംഗീകരിച്ച് അമേരിക്കയിലെ ജോര്‍ജിയ അസംബ്ലി പ്രമേയം പാസാക്കി. ഹിന്ദുഫോബിയയെയും ഹിന്ദുവിരുദ്ധ മതഭ്രാന്തിനെയും അപലപിച്ചുകൊണ്ടാണ് അംസബ്ലി പ്രമേയം പാസാക്കിയത്.
◾ദുബൈയില്‍നിന്നുള്ള വിമാനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് അതിക്രമം നടത്തിയ യാത്രക്കാരന് ഒന്നര വര്‍ഷം ജയില്‍ ശിക്ഷ. ജീവനക്കാരെയും സഹയാത്രികരെയും അസഭ്യങ്ങളോടെ ഭീഷണിപ്പെടുത്തുകയും ഒരു ജീവനക്കാരിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാണു ശിക്ഷ. മാഞ്ചസ്റ്റര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
◾വിമാനത്തില്‍ മദ്യലഹരിയില്‍ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ സ്വീഡിഷ് പൗരന്‍ മുംബൈയില്‍ അറസ്റ്റില്‍. വ്യാഴാഴ്ച ബാങ്കോക്കില്‍ നിന്നുള്ള മുംബൈ വിമാനത്തിലായിരുന്നു 63 കാരനായ എറിക് ഹെറാള്‍ഡ് ജോനാസ് വെസ്റ്റ്ബര്‍ഗിനെ പൊലീസ് അറസ്റ്റു ചെയ്തത്.
◾ഐപിഎല്ലിലെ മഴ കളിമുടക്കിയ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ പഞ്ചാബ് കിങ്‌സിന് ഏഴു റണ്‍സ് ജയം. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് പഞ്ചാബിന്റെ വിജയം. പഞ്ചാബ് ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 16 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന നിലയില്‍ നില്‍ക്കേ മഴയെത്തുകയായിരുന്നു. മൂന്ന് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് കളിയിലെ താരം.
◾ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 50 റണ്‍സിന്റെ വിജയം. 38 ബോളില്‍ 73 റണ്‍സെടുത്ത കൈല്‍ മയേഴ്സിന്റെ മികവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പടുത്തുയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി ഡല്‍ഹിയെ തകര്‍ത്ത മാര്‍ക്ക് വുഡാണ് കളിയിലെ താരം.
◾കേരളത്തില്‍ നിന്നുള്ള ചരക്ക്-സേവന നികുതി (ജി.എസ്.ടി) സമാഹരണം ഇക്കുറി മാര്‍ച്ചില്‍ 2022 മാര്‍ച്ചിനേക്കാള്‍ 12.67 ശതമാനം ഉയര്‍ന്ന് 2,354 കോടി രൂപയിലെത്തി. 2022 മാര്‍ച്ചില്‍ 2,089 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളത്തില്‍ നിന്ന് 2,326 കോടി രൂപ ലഭിച്ചിരുന്നു. 2022 ഫെബ്രുവരിയേക്കാള്‍ 12 ശതമാനമായിരുന്നു വളര്‍ച്ച. മാര്‍ച്ചിലെ ദേശീയതല ജി.എസ്.ടി വരുമാനം 2022 മാര്‍ച്ചിലെ 1.42 ലക്ഷം കോടി രൂപയില്‍ നിന്ന് 13 ശതമാനം വര്‍ദ്ധിച്ച് 1.60 ലക്ഷം കോടി രൂപയിലെത്തി. ജി.എസ്.ടിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ പ്രതിമാസ സമാഹരണമാണിത്. 2022 ഏപ്രിലില്‍ ലഭിച്ച 1.67 ലക്ഷം കോടി രൂപയാണ് റെക്കോഡ്. രണ്ട് തവണ മാത്രമാണ് പ്രതിമാസ ജി.എസ്.ടി വരുമാനം 1.60 ലക്ഷം കോടി രൂപ കടന്നിട്ടുള്ളത്. തുടര്‍ച്ചയായി 12 മാസങ്ങളില്‍ സമാഹരണം 1.4 ലക്ഷം കോടി രൂപ കവിഞ്ഞെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞമാസം 29,546 കോടി രൂപ കേന്ദ്ര ജി.എസ്.ടിയായും 37,314 കോടി രൂപ സംസ്ഥാനതല ജി.എസ്.ടിയായുമാണ് ലഭിച്ചത്. 82,907 കോടി രൂപ സംയോജിത ജി.എസ്.ടിയായും 10,355 കോടി രൂപ സെസ് ആയും നേടി. 2022-23 സാമ്പത്തിക വര്‍ഷം ജി.എസ്.ടിയായി ആകെ ലഭിച്ചത് 18.10 ലക്ഷം കോടി രൂപയാണ്. 1.51 ലക്ഷം കോടി രൂപയാണ് സാമ്പത്തിക വര്‍ഷത്തെ പ്രതിമാസ ശരാശരി സമാഹരണം.
◾ജയസൂര്യ നായകനാകുന്ന ചിത്രം 'എന്താടാ സജി' ഏപ്രില്‍ എട്ടിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഗോഡ്ഫി സേവ്യര്‍ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്ഫി സേവ്യര്‍ ബാബു തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. 'എന്താടാ സജി' എന്ന ചിത്രത്തിന്റെ സ്നീക്ക് പീക്ക് പുറത്തുവിട്ടു. വില്യം ഫ്രാന്‍സിസ് സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. 'എന്താടാ സജി'യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജീത്തു ദാമോദറാണ്. നിവേദ തോമസ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന 'എന്താടാ സജി' എന്ന ചിത്രം നിര്‍മ്മിക്കുന്നത്.
◾തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓള്‍ട്ടോ എന്നീ ശ്രദ്ധേയ സിനിമകള്‍ക്ക് ശേഷം സെന്ന ഹെഗ്ഡേ ഒരുക്കുന്ന കുഞ്ചോക്കോ ബോബന്‍ ചിത്രം 'പദ്മിനി'യുടെ മൂന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. മൂന്ന് പോസ്റ്ററുകളിലും മൂന്ന് നായികമാര്‍ക്കൊപ്പമാണ് ചാക്കോച്ചനുള്ളത്. ഒരേ ദിവസമാണ് ഈ മൂന്ന് ഫസ്റ്റ്ലുക്ക് പോസ്റ്ററും സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് നായികമാര്‍. വീണ്ടും ഒരു റൊമാന്റിക് നായകനായി കുഞ്ചാക്കോ എത്താനൊരുങ്ങുകയാണെന്നും പോസ്റ്ററുകള്‍ സൂചന നല്‍കുന്നുണ്ട്. ലിറ്റില്‍ ബിഗ് ഫിലിംസ് നിര്‍മ്മിച്ച 'കുഞ്ഞിരാമായണ'ത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് 'പദ്മിനി'യുടെയും രചന നിര്‍വഹിക്കുന്നത്. തിങ്കളാഴ്ച നിശ്ചയം, കുഞ്ഞിരാമായണം ടീം ഒന്നിക്കുന്ന പ്രത്യേകത കൂടി 'പദ്മിനി'ക്കുണ്ട്. മാളവിക മേനോന്‍, ആതിഫ് സലിം, സജിന്‍ ചെറുകയില്‍, ഗണപതി, ആനന്ദ് മന്മഥന്‍, സീമ ജി നായര്‍, ഗോകുലന്‍, ജെയിംസ് ഏലിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
◾വില്‍പ്പനയില്‍ അതിശയകരമായ പ്രകടനവുമായി ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി. 2022 മാര്‍ച്ചില്‍ വിറ്റ 2,591 യൂണിറ്റുകളില്‍ നിന്ന് 11,754 യൂണിറ്റുകള്‍ വിറ്റഴിച്ച് 2023 മാര്‍ച്ചില്‍ 353 ശതമാനം വളര്‍ച്ചയാണ് ഏതര്‍ എനര്‍ജി രേഖപ്പെടുത്തിയത്. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 82,146 വില്‍പ്പന രേഖപ്പെടുത്തി. ഈ വര്‍ഷം ഫെബ്രുവരിയിലെ 10,013 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പനയില്‍ 17.39 ശതമാനം വര്‍ധനവോടെ പ്രതിമാസ വില്‍പ്പനയിലും കമ്പനി മുന്നിട്ടു നില്‍ക്കുന്നു. അതേസമയം ഓല ഇലക്ട്രിക്, ടിവിഎസ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രമുഖ കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില്‍പ്പന പ്രകടനത്തില്‍ ഏഥര്‍ പിന്നിലാണ്. മാര്‍ച്ചില്‍ കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023 സാമ്പത്തിക വര്‍ഷത്തില്‍ ഒല 27,000 യൂണിറ്റുകളും രണ്ട് ലക്ഷത്തിലധികം യൂണിറ്റുകളും വിറ്റു. മറുവശത്ത്, ടിവിഎസ് ഐക്യൂബിന്റെ വില്‍പ്പന കഴിഞ്ഞ മാസം 15,364 യൂണിറ്റായിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങള്‍ കുറഞ്ഞെങ്കിലും വില്‍പ്പനയില്‍ മികച്ച വളര്‍ച്ചയുണ്ടായി.
◾ഐതിഹ്യങ്ങളും മിത്തുകളുംകൊണ്ടുള്ള കഥാസമ്പന്നതയാണീ നോവല്‍ അനാവരണം ചെയ്യുന്നത്. അറേബ്യയിലെ മക്കനഗരത്തില്‍നിന്നും തുടങ്ങി ഉരാക്ക് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിലൂടെ വളര്‍ന്നു വികസിക്കുന്ന നോവല്‍ ചരിത്രത്തിന്റെയും കാലത്തിന്റെയും അപ്പുറം സഞ്ചരിക്കുന്നു. അമ്പലവും പള്ളിയും യക്ഷനും യക്ഷിണിയും പൂജാരിയും കഥയില്‍ പടരുമ്പോഴും ജീവിതത്തിന്റെ ദുരൂഹമായ ജൈവവികാരങ്ങള്‍ പ്രത്യക്ഷപ്പെടുത്തുന്നതില്‍ നോവലിസ്റ്റ് വിജയിക്കുന്നു. കൂടരഞ്ഞി ദേശത്തിന്റെ വാമൊഴിവഴക്കങ്ങളിലൂടെ ധാരാളം കഥാപാത്രങ്ങള്‍ അണിനിരക്കുന്ന ഈ നോവല്‍ വ്യത്യസ്തമായ വായനാനുഭവമാണ്. ഒരു ദേശത്തെ തോറ്റിയുണര്‍ത്തുന്ന രചന. 'കൂടരഞ്ഞിദേശം കോലോത്തും കടവ് അംശം'. അന്‍വര്‍ മസൂദ്. ഗ്രീന്‍ ബുക്സ്. വില 142 രൂപ.
◾കൊതുകിന് മാത്രമല്ല മനുഷ്യന്റെ ആരോഗ്യത്തിനും കൊതുക് തിരികള്‍ മാരകമാണ്. കൊതുക് തിരികള്‍ കത്തിക്കുന്നത് ശ്വാസകോശ അര്‍ബുദത്തിലേക്ക് വരെ നയിച്ചേക്കാം. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഇത് കാരണമാകാം. അതിനാല്‍ പരമാവധി ഇത്തരം കൊതുകു തിരികള്‍ കത്തിക്കാതിരിക്കാന്‍ ശ്രമിക്കുന്നതാണ് ഉത്തമം. ഇതിന് പകരമായി കൊതുക് വലകള്‍, ഫുള്‍സ്ലീവ് വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇന്ന് ഒട്ടു മിക്ക വീടുകളിലും ഓഫീസുകളിലുമൊക്കെ ഇത്തരം കൊതുക് തിരികള്‍ ഉപയാഗിക്കുന്നുണ്ട്. ഇവയില്‍ അലുമിനിയം, ക്രോമിയം, ടിന്‍ തുടങ്ങിയ ഘനലോഹങ്ങള്‍, കീടനാശിനികള്‍, പൈറെത്രിന്‍സ് പോലുളള സുഗന്ധ പദാര്‍ത്ഥങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ കൊതുകുകളെ അകറ്റുകയോ കടിക്കാനുളള സാധ്യത കുറയ്ക്കുകയോ ചെയ്യും എന്നാല്‍ ഇവ മറ്റ് ചില രോഗങ്ങള്‍ക്കും കാരണമാകാം. കൊതുക് തിരികളില്‍ കാര്‍സിനോജനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തിന് വളരെ അപകടകരമാണ്, ശ്വാസകോശ അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കും. ആസ്ത്മ, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ വളരെയധികം ജാഗ്രത പാലിക്കണം. കാരണം തിരി കത്തിക്കുന്നത് ആസ്ത്മ കൂടാനും ശ്വാസതടസ്സത്തിനും ചുമയ്ക്കുമൊക്കെ കാരണമാകും. തിരികളില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ ചിലരില്‍ തലവേദനയ്ക്ക് കാരണമാകും. തിരികളില്‍ അടങ്ങിയിരിക്കുന്ന ലോഹങ്ങള്‍ ചര്‍മ്മത്തില്‍ തിണര്‍പ്പുകളും അലര്‍ജികളെയും ഉണ്ടാക്കിയേക്കാം. അതിനാല്‍ തിരികള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. തിരികളില്‍🌹 ശ്വസിക്കാന്‍ സുരക്ഷിതമല്ലാത്ത രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. ഇവ വായു മലിനീകരണം ഉണ്ടാക്കും. ഇത് ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ വര്‍ദ്ധിപ്പിക്കുകയോ ചെയ്യും. ഇവ കുട്ടികളിലും ശ്വസന സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
*ശുഭദിനം*
ആ രാജ്യത്തെ രാജാവ് നീതിമാനായിരുന്നു. അത് കൊണ്ട് തന്നെ ജനങ്ങള്‍ക്ക് അദ്ദേഹം വളരെ പ്രിയപ്പെട്ടവനായിരുന്നു. രാജാവ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഒരു പ്രതിമ നഗരഹൃദയത്തില്‍ സ്ഥാപിക്കാന്‍ യുവരാജാവ് തീരുമാനിച്ചു. അതിന് രാജ്യത്തെ ഒരു ശില്പിയെ ഏല്‍പ്പിക്കുകയും ചെയ്തു. ശില്പത്തിന്റെ പണി ആരംഭിച്ചു. ഇതിനിടയില്‍ ശില്പിയോട് അസൂയയുണ്ടായിരുന്ന മറ്റൊരു ശില്പിയും അവിടെയെത്തി. ശില്‍പത്തെ നോക്കിയപ്പോള്‍, രാജാവിന്റെ മുഖമാണ് കൊത്തുന്നത് എന്നാണ് അയാള്‍ക്ക് തോന്നിയത്. പക്ഷേ, കണ്ണിന്റെ ആകൃതി ശരിയല്ലല്ലോ! കുറച്ച് കൂടി നീണ്ട കണ്ണല്ലേ രാജാവിന്റേത്.. അയാള്‍ ശില്പിയോട് പറഞ്ഞു: താനീ കൊത്തിവെയ്ക്കുന്നതിന്റെ അളവുകളൊന്നും ശരിയല്ല. രാജാവിന് നീണ്ട കണ്ണാണ് ഉളളത്. ഇത് ശരിയാകാന്‍ പോകുന്നുമില്ല.. ശില്പി അതിന് മറുപടിയൊന്നും പറഞ്ഞില്ല. അങ്ങനെ പ്രതിമ പൂര്‍ത്തിയായി. പ്രതിമ അനാച്ഛാദനം ചെയ്യാന്‍ യുവരാജാവ് എത്തുന്നതിന് തലേദിവസം അയാള്‍ വീണ്ടുമെത്തി. രാജാവിന്റെ ഛായയില്ലാത്ത പ്രതിമ ഒന്നുകൂടി കാണാമല്ലോ! പ്രതിമ ശരിയായില്ല എന്ന് താന്‍ പറഞ്ഞാലും ഇനി അത് മാറ്റാനുള്ള സമയം പോലും ശില്പിക്ക് കിട്ടില്ല. യുവരാജാവ് അയാളെ ശിക്ഷിക്കുകയും ചെയ്യും. സന്തോഷത്തോടെ അയാള്‍ ശില്പത്തിന് അരികിലെത്തി. അവിടെ ചെന്നപ്പോള്‍ രാജാവിന്റെ അതിമനോഹരമായ പ്രതിമകണ്ട് അയാള്‍ അത്ഭുതപ്പെട്ടു. കണ്ണിനൊന്നും ഒരു പ്രശ്‌നവുമില്ല.. നിരാശയോടെ അയാള്‍ ശില്പിയോട് ചോദിച്ചു: അന്ന് ഞാന്‍ കാണുമ്പോള്‍ ഈ കണ്ണത്ര വലുതല്ലായിരുന്നുവല്ലോ.. ഞാന്‍ പറഞ്ഞപ്പോള്‍ താങ്കള്‍ ശരിയാക്കിയതാണല്ലേ.. അപ്പോള്‍ ശില്പി പറഞ്ഞു: താങ്കള്‍ അന്ന് വന്നപ്പോള്‍ കണ്ടത് കണ്ണല്ല, രാജാവിന്റെ കിരീടത്തിലെ രത്‌നമായിരുന്നു.. അയാള്‍ തലകുനിച്ചു. പലപ്പോഴും കാണുന്നയാളുടെ കണ്ണിനല്ല, മനസ്സിനാണ് പ്രശ്‌നം. എന്തെങ്കിലും ദോഷം കണ്ടെത്തണം എന്ന് തീരുമാനിച്ച് നോക്കിയാല്‍ പിന്നെ ദോഷം മാത്രമേ കാണൂ.. കണ്ണ് തെളിയട്ടെ.. ഒപ്പം നമ്മുടെ മനസ്സും - *ശുഭദിനം.*