◾സംസ്ഥാന സര്‍ക്കാരില്‍ നിയമനം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, ശമ്പളവര്‍ധന എന്നീ അധികാരങ്ങള്‍ മുഖ്യമന്ത്രിക്ക്. സംസ്ഥാന സര്‍ക്കാരിലെ വിവിധ വകുപ്പു മേധാവികള്‍ക്കുണ്ടായിരുന്ന അധികാരം മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പൊതുഭരണ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്കു കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാ വകുപ്പുകളിലും പൊതുഭരണ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. എല്‍ഡിഎഫ് ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളിലെ നിയമന, സ്ഥലംമാറ്റ, പ്രമോഷന്‍ അധികാരവും മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലായി.
◾ഇരുചക്ര വാഹനങ്ങളില്‍ രണ്ടു പേര്‍ക്കു പുറമേ, കുട്ടികളേയും കൊണ്ടുപോകുമ്പോഴുള്ള പിഴശിക്ഷ ഒഴിവാക്കാന്‍ നിയമ ഭേദഗതി ആവശ്യപ്പെട്ട് സംസ്ഥാന ഗതാഗത വകുപ്പ് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. 12 വയസിനു താഴെയുള്ള കുട്ടികള്‍ക്കു യാത്ര നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെടുമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
◾പോലീസ് കാവല്‍ ഏര്‍പ്പെടുത്താന്‍ 60 ലക്ഷം രൂപ ആവശ്യപ്പെട്ട കര്‍ണാടക സര്‍ക്കാരിനെതിരേ മദനി സുപ്രീം കോടതിയില്‍. 82 ദിവസം നാട്ടിലേക്കു പോകാന്‍ സുപ്രീം കോടതി നല്‍കിയ അനുമതി ഉത്തരവിനെ നിര്‍വീര്യമാക്കുന്ന നിലപാടാണ് കര്‍ണാടക സര്‍ക്കാരിന്റേതെന്നും ഇത്രയും പണം നല്‍കാനുള്ള ശേഷിയില്ലെന്നും കാണിച്ചാണ് ഹര്‍ജി. 20 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം, താമസം, വിമാന യാത്രാചെലവ് തുടങ്ങിയവയ്ക്കായി 60 ലക്ഷം രൂപ അടയ്ക്കണമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
◾ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ നാശമുണ്ടാക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്നു പുലര്‍ച്ചെ ആരംഭിച്ചു. ഇന്നലെ മോക്ക് ഡ്രില്‍ നടത്തി. സിസിഎഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. ആനയെ എങ്ങോട്ടു മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍, ആനയെ എവിടേക്കു മാറ്റുമെന്ന വിവരം വനം വകുപ്പ് പുറത്തുവിട്ടിട്ടില്ല.
◾എഐ ക്യാമറ ഇടപാടുകളില്‍ ക്രമക്കേട് ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും വിജിലന്‍സ് അന്വേഷണത്തിന് പരാതി നല്‍കിയിട്ടില്ലെന്ന് കൊല്ലത്തെ ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍. ഈ സംഘടനയുടെ പേരില്‍ നല്‍കിയ പരാതിയിലാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. എന്നാല്‍ ലെറ്റര്‍ ഹെഡ് വ്യാജമാണെന്നും സംഘടന പരാതി നല്‍കിയിട്ടില്ലെന്നുമാണ് ഭാരവാഹികള്‍ വിജിലന്‍സിനെ അറിയിച്ചത്.
◾ജോലിയില്‍ വീഴ്ച വരുത്തിയ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ചീഫ് ആര്‍ക്കിടെക് രാജീവ്, ഡെപ്യൂട്ടി ആര്‍ക്കിടെക് ഗിരീഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പരിശോധനയിലാണു നടപടി. 18 ജീവനക്കാര്‍ക്കെതിരേ വകുപ്പുതല നടപടിയുമുണ്ട്.
◾രോഗികള്‍ക്കു വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് പെരിറ്റോണിയല്‍ ഡയാലിസിസിന് ആവശ്യമായ സാമഗ്രികള്‍ സൗജന്യമായി നല്‍കും. നിലവില്‍ ആയിരത്തോളം രോഗികള്‍ക്കാണ് ഈ സേവനം നല്‍കുന്നത്.
◾ഭാരതീയ പൈതൃകത്തെക്കുറിച്ചും ചിന്താധാരകളെക്കുറിച്ചും ദീര്‍ഘമായ പ്രഭാഷണങ്ങള്‍ നടത്തി ശ്രദ്ധേയനായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനും പ്രമുഖ പ്രഭാഷകനും സിഎസ്ഐആര്‍ മുന്‍ സീനിയര്‍ സയന്റിസ്റ്റുമായ ഡോ. എന്‍.ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 67 വയസായിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയായ ഇദ്ദേഹത്തിന്റെ സംസ്‌കാരം ഇന്നു 11നു മേക്കര തുളു ബ്രാഹ്‌മണ സമാജം ശ്മശാനത്തില്‍ വെച്ച് നടത്തും.
◾പെരുമ്പാവൂര്‍ ഓടക്കാലിയില്‍ പ്ലൈവുഡ് കമ്പനിയിലെ മാലിന്യം കത്തിക്കുന്ന കുഴിയില്‍ വീണ ഇതരസംസ്ഥാന തൊഴിലാളിയെ കണ്ടെത്താനായില്ല. കൊല്‍ക്കത്ത സ്വദേശി നസീറാണു കുഴിയില്‍ വീണത്. കുഴിയില്‍നിന്ന് പുക ഉയര്‍ന്നതിനാല്‍ നനയ്ക്കാന്‍ എത്തിയതായിരുന്നു ഇയാള്‍.
◾എഐ ക്യാമറ കരാര്‍ ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് യുഡിഎഫ്. എഐ ക്യാമറ അഴിമതി രണ്ടാം എസ്എന്‍സി ലാവ്‌ലിനാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആരോപിച്ചു. അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. എസ് ആര്‍ ഐ ടി എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത് എന്തടിസ്ഥാനത്തിലാണ്? കണ്‍സ്ട്രക്ഷന്‍ കമ്പനി എങ്ങനെ യോഗ്യത നേടി? ഏഴു ചോദ്യങ്ങള്‍ക്കു മറുപടി വേണമെന്നും പ്രതിപക്ഷനേതാവ്.
◾സേഫ് കേരള പദ്ധതി വന്‍ കൊള്ളയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചട്ടങ്ങളെ കാറ്റില്‍ പറത്തിയുള്ള ക്രമക്കേടുകളാണ്. പദ്ധതിക്ക് അനുമതി നല്‍കിയ ഏപ്രില്‍ 12 ലെ ക്യാബിനറ്റ് ഉത്തരവുതന്നെ വിചിത്രമാണ്. കൊള്ള നടന്നെന്ന് ബോധ്യപ്പെട്ടിട്ടും അതിന് അനുമതി നല്‍കിയതു വിചിത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
◾ബ്രഹ്‌മപുരം വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. കോണ്‍ഗ്രസിന്റെ ദീപ്തി മേരി വര്‍ഗീസ് സംസാരിച്ചപ്പോള്‍ ഭരണപക്ഷം തടസപ്പെടുത്തിയിരുന്നു. പിന്നീട് ബഹളമായി മാറി. ചില മോശം പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് എല്‍ ഡി എഫ് ആവശ്യപ്പെട്ടതോടെ ഇരുപക്ഷവും തമ്മില്‍ തര്‍ക്കവും ബഹളവുമായി.
◾കൊച്ചി കോര്‍പ്പറേഷനിലെ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച വനിതാ നേതാവിനെതിരെ ബിജെപിയുടെ അച്ചടക്ക നടപടി. മഹിളാ മോര്‍ച്ച ദേശീയ സെക്രട്ടറി പത്മജ എസ് മേനോനെ കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍നിന്ന് ഒഴിവാക്കി. അച്ചടക്ക നടപടിക്ക് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്കു ശുപാര്‍ശയും ചെയ്തു.
◾മാലിന്യ സംസ്‌കരണത്തില്‍ കൊച്ചി മേയര്‍ സമ്പൂര്‍ണ പരാജയമെന്ന് ഹൈബി ഈഡന്‍ എം.പി. ശ്രദ്ധ തിരിക്കാന്‍ മേയര്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നു. കോര്‍പ്പറേഷനില്‍ ബി.ജെ.പി- സി.പി.എം അന്തര്‍ധാര ശക്തമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
◾കൊച്ചി വാട്ടര്‍ മെട്രോയില്‍ ആദ്യദിനം കയറിയത് 6559 യാത്രക്കാര്‍. രണ്ടാം ദിനം 7,039 പേരും. കുറഞ്ഞ ചെലവില്‍ സാധ്യമാകുന്ന മനോഹരമായ യാത്രയെന്നാണ് മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ വിശേഷിപ്പിച്ചത്. കൊച്ചിയിലെ ഗതാഗതമേഖലയിലും ടൂറിസം രംഗത്തും പുത്തനുണര്‍വ്വാണ് വാട്ടര്‍മെട്രോ. മെട്രോ ജെട്ടികള്‍ക്കരികില്‍ കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
◾പരിശീലനത്തിനു വന്ന ആണ്‍കുട്ടികളോട് ലൈംഗികാതിക്രം നടത്തിയതിന് പോക്സോ കേസില്‍ കരാട്ടെ -തയ്ക്വാന്‍ണ്ടോ അധ്യാപകരായ രണ്ടു പേര്‍ക്ക് കഠിനതടവും പിഴയും ശിക്ഷ. പുതുവൈപ്പ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ മിലനു 42 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയുമാണു ശിക്ഷ. വൈപ്പിന്‍ സ്വദേശിയും തയ്ക്വാന്‍ണ്ടോ അധ്യാപകനുമായ ജിബിന്‍ നീലാംബരനു 15 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയുമൊടുക്കണം.
◾വാളയാറിനു സമീപം വട്ടപ്പാറ ദേശീയ പാതയില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതക ടാങ്കറില്‍ മറ്റൊരു വാഹനം ഇടിച്ചതോടെ ചോര്‍ച്ച. കഞ്ചിക്കോടുനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍ പെട്ടത്. നാലു ഫയര്‍ഫോസ് യൂണിറ്റ് സ്ഥലത്തെത്തിയാണു വാതകം നിര്‍വീര്യമാക്കിയത്. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
◾മലപ്പുറം എആര്‍ നഗര്‍ ഇരുമ്പുചോലയിലെ കടയില്‍നിന്ന് ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച 16 പേര്‍കൂടി ചികിത്സ തേടി. ഇന്നലെ ഗര്‍ഭിണിയും കുട്ടികളുമടക്കം പതിനഞ്ചോളം പേരാണ് ചികിത്സ തേടിയത്. ഒരു കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി.
◾തൃശൂര്‍ പൂരം പ്രമാണിച്ച് കോര്‍പറേഷന്‍ പരിധിയില്‍ നാളെ ഉച്ചയ്ക്കു രണ്ടു മുതല്‍ മദ്യ നിരോധനം. പൂരം അവസാനിക്കുന്ന മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുവരെയാണു നിരോധനം. മദ്യശാലകളും ബാറുകളും പ്രവര്‍ത്തിക്കില്ല. ഞായറാഴ്ചയാണു പൂരം. ഇന്നു വൈകുന്നേരം ഏഴിനു സാമ്പിള്‍ വെടിക്കെട്ട്.
◾ആലപ്പുഴയിലെ മീനപ്പള്ളി കള്ളുഷാപ്പില്‍ കുട്ടികളുമൊത്ത് മുതിര്‍ന്നവര്‍ കള്ളുകുടിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കുട്ടികളെ കള്ളുഷാപ്പില്‍ കൊണ്ടുപോയി മുതിര്‍ന്നവര്‍ മദ്യപിച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുട്ടികളെ മദ്യശാലകളില്‍ പ്രവേശിപ്പിക്കുന്നതുതന്നെ നിയമവിരുദ്ധമാണെന്നു കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. വി. മനോജ് കുമാര്‍.
◾ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ. യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ലുലു ഗ്രൂപ്പ് ഇന്ത്യയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി പ്രധാനമന്ത്രിയെ അറിയിച്ചു. ജമ്മു കാഷ്മീരിലെ ശ്രീനഗറിലും ഗുജറാത്തിലെ അഹമ്മദാബാദിലും ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ഷോപ്പിംഗ് മാള്‍ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതിയെക്കുറിച്ചു വിശദീകരിച്ചു.
◾തൃശൂര്‍ മൂന്നുമുറിയില്‍ ദമ്പതികള്‍ പൊള്ളലേറ്റു മരിച്ചു. പ്രവാസിയായിരുന്ന ഭാസ്‌കരന്‍, ഭാര്യ സജിനി എന്നിവരാണു മരിച്ചത്.,
◾ഏതാനും ദിവസമായി കാണാതായിരുന്ന തലശേരി പൊലീസ് സ്റ്റേഷനിലെ എസ് ഐ കോളയാട് സ്വദേശി സി.പി ലിനീഷിനെ മംഗലാപുരത്തുനിന്ന് കണ്ടെത്തി. ലിനീഷിനെ കാണാനില്ലെന്ന് ഭാര്യ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
◾കുതിരപ്പുറത്തുനിന്ന് വീണ് യുവാവ് മരിച്ചു. പാലക്കാട് തത്തമംഗലം സ്വദേശി അബ്ദുള്ള (23) ആണ് മരിച്ചത്. തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായി നടക്കുന്ന കുതിരയോട്ട മത്സരത്തിനുള്ള പരിശീലനത്തിനിടെയാണ് യുവാവ് വീണത്.
◾പതിനാലുകാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ ട്യൂഷന്‍ അധ്യാപകനായ പ്രതിക്ക് 33 വര്‍ഷം കഠിനതടവും 60,000 രൂപ പിഴ ശിക്ഷയും. പുത്തന്‍തോപ്പ് സ്വദേശി സെബാസ്റ്റ്യന്‍ ഷൈജു(33) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.
◾പതിമ്മൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച മുപ്പതുകാരന് പത്തു വര്‍ഷം കഠിന തടവും മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ. വാളൂര്‍ ചെനോളി കിഴക്കയില്‍ മീത്തല്‍ വീട്ടില്‍ നിസാറിനെയാണ് (30) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
◾കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് അനില്‍ ആന്റണിയും പങ്കെടുക്കും. മെയ് 1, 2 തീയതികളിലാണ് അനില്‍ ആന്റണി പ്രചാരണത്തിനിറങ്ങുക.
◾സ്വവര്‍ഗ വിവാഹം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ വിഷയത്തെ അനാവശ്യമായി പെരുപ്പിച്ചു കാണിക്കുന്നതാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സ്വവര്‍ഗാനുരാഗികള്‍ നേരിടുന്ന സാമൂഹിക ഭ്രഷ്ട് നേരിടാന്‍ എന്തു ചെയ്യണമെന്ന് കോടതി സര്‍ക്കാരിനോടു ചോദിച്ചു. സ്വവര്‍ഗ വിവാഹം അംഗീകരിച്ചാല്‍ നിഷിദ്ധ ബന്ധങ്ങള്‍ക്കു പിന്നീട് ന്യായീകരണമാകുമെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ബഹുഭാര്യത്വത്തിനു വഴിയൊരുക്കുമെന്നും തുഷാര്‍ മേത്ത വാദിച്ചു. വിഷയം കോടതി പരിഗണിക്കേണ്ടതല്ലെന്നാണു കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞത്.
◾നിയന്ത്രണ രേഖയിലെ തര്‍ക്കങ്ങള്‍ ഉഭയകക്ഷി കരാറുകള്‍ക്ക് അനുസൃതമായി പരിഹരിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രി ലി ഷാങ്ഫുവുമായി നടത്തിയ കൂടികാഴ്ചയിലാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്. അതിര്‍ത്തിയിലെ സേനാ വിന്യാസം പിന്‍വലിക്കണമെന്നും ഇന്ത്യ. ഇന്നു നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ചൈനീസ് പ്രതിരോധ മന്ത്രി ഇന്ത്യയിലെത്തിയത്.
◾ലഹരി മരുന്നു കേസില്‍ ഷാര്‍ജയില്‍ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസന്‍ പെരേര ജയില്‍ മോചിതയായി. മന:പൂര്‍വം നടിയെ കേസില്‍ കുടുക്കിയതാണെന്നു വ്യക്തമായതോടെയാണു മോചിപ്പിച്ചത്. നടിയെ കേസില്‍ കുടിക്കിയ മുംബൈ സ്വദേശി ആന്റണി പോള്‍, രാജേഷ് ബഭോട്ടെ എന്നിവരെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
◾പുതിയൊരു വിമാനക്കമ്പനി കൂടി വരുന്നു. തൃശൂര്‍ സ്വദേശിയായ മനോജ് ചാക്കോ നേതൃത്വം നല്‍കുന്ന 'ഫ്ളൈ 91' എയര്‍ലൈന്‍സിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അംഗീകാരം നല്‍കി. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക എയര്‍ലൈന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയാണിത്.
◾കര്‍ണാടകയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ദോശ കഴിക്കാന്‍ റെസ്റ്റോറന്റില്‍ കയറിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടുക്കളയില്‍ കയറി ദോശ ചുട്ടു. ദോശത്തട്ടില്‍ മാവൊഴിച്ചു പരത്തി ചുട്ടെടുത്ത ദോശ കഴിക്കുകയും ചെയ്തു. മൈസൂരുവിലെ ഈ വീഡിയോ പ്രിയങ്ക തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
◾ഇന്ത്യന്‍ ബാങ്കുകളുടെ കിട്ടാക്കടം 4.41 ശതമാനമായി കുറഞ്ഞെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ആഗോള സാമ്പത്തിക പ്രതിരോധത്തെക്കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ബാങ്കുകള്‍ ശക്തമായാണ് നിലകൊള്ളുന്നതെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി.
◾റസലിംഗ് ഫെഡറേഷന്‍ ഭരണത്തിന് ഒളിമ്പിക് അസോസിയേഷന്‍ അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചു. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം രാജ്യത്തിന്റെ അന്തസു കെടുത്തുമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ. പ്രതിഷേധിക്കാതെ താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടത്. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭുഷണെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ നടത്തുന്ന രാപകല്‍ സമരം ഇന്നലേയും തുടര്‍ന്നു. പരാതിയില്‍ ഇതുവരേയും പോലീസ് കെസെടുത്തിട്ടില്ല. പി.ടി. ഉഷയുടെ നിലപാട് സ്ത്രീകള്‍ക്ക് അപമാനമെന്ന് സിപിഎം നേതാവ് പി.കെ. ശ്രീമതി.
◾ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് രാജകീയ ജയം. കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ 32 റണ്‍സിന് തോല്‍പിച്ച രാജസ്ഥാന്‍ റോയല്‍സ് വീണ്ടും പോയിന്റ് നിലയില്‍ ഒന്നാമതെത്തി. 43 പന്തില്‍ 77 റണ്‍സടിച്ച യശ്വസി ജയ്സ്വാളിന്റെ കരുത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സില്‍ അവസാനിച്ചു.
*🎋Kerala news online 🎋*
◾അദാനി ഗ്രൂപ്പിനു കീഴിലുള്ള അദാനി പോര്‍ട്‌സിന്റെ തുറമുഖങ്ങള്‍ വഴിയുള്ള ചരക്കു നീക്കത്തിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാരിന് ലഭിച്ചത് 80,000 കോടി രൂപയുടെ വരുമാനം. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 41,110 കോടി രൂപയായിരുന്നു. 2022ല്‍ അത് 60,945 കോടി രൂപയും ഇപ്പോള്‍ അവസാനിച്ച് 2023 സാമ്പത്തിക വര്‍ഷത്തില്‍ 80,732 കോടി രൂപയുമായി. അദാനി പോര്‍ട്‌സ് ഇന്ത്യന്‍ റെയില്‍വേ വഴി നടത്തുന്ന ചരക്കു നീക്കം കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരട്ടി വളര്‍ച്ച നേടി. 2023 സാമ്പത്തിക വര്‍ഷത്തില്‍ 14,034 കോടി രൂപയാണ് റെയില്‍വേയ്ക്ക് നല്‍കിയത്. മാരിടൈം ബോര്‍ഡിനും തുറുമുഖ വകുപ്പിനുമായി 906 കോടി രൂപയും വരുമാനയിനത്തില്‍ നല്‍കി. 2021 ലേതിനേക്കാള്‍ 1.5 ഇരട്ടിയാണിത്. രാജ്യത്ത് തുറമുഖങ്ങള്‍ വഴിയുള്ള ചരക്കു നീക്കത്തിന്റെ നാലിലൊന്നും കൈകാര്യം ചെയ്യുന്നത് അദാനി പോര്‍ട്‌സിനാണ്. 14 തുറമുഖങ്ങളാണ് അദാനി പോര്‍ട്‌സിന് ഇന്ത്യയിലുള്ളത്. 2017 ല്‍ എട്ട് തുറമുഖങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം 33.9 കോടി ടണ്‍ ചരക്കാണ് കമ്പനി കൈകാര്യം ചെയ്തത്. 8.6 ശതമാനം വളര്‍ച്ച. 2021 ലേതുമായി നോക്കുമ്പോള്‍ 37 ശതമാനം വര്‍ധനയുണ്ട്. അടുത്തിടെ നാാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതി പ്രകാരം കാരയ്ക്കല്‍ തുറമുഖം കൂടി ഏറ്റെടുത്തതോടെ കമ്പനിയുടെ മൊത്തം ചരക്ക് കൈകാര്യം ചെയ്യല്‍ ശേഷി 2.2 കോടി ടണ്‍ ഉയര്‍ന്ന് 58 കോടി ടണ്‍ ആയി.
◾സ്റ്റെഫി സേവ്യറിന്റെ സംവിധാനത്തിലുള്ള 'മധുര മനോഹര മോഹം'ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഷറഫുദ്ധീന്‍, രജിഷാ വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചന്ദ്രു സെല്‍വ രാജയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് 'മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധായകന്‍. പത്തനംതിട്ട ജില്ലയിലെ ഒരു യാഥാസ്ഥിതിക നായര്‍ തറവാട്ടിനെ കേന്ദ്രീകരിച്ചാണ് സൈജു കുറുപ്പ് , അല്‍ത്താഫ് സലിം, വിജയരാഘവന്‍, സുനില്‍ സുഗത, ബിജു സോപാനം, ബിന്ദു പണിക്കര്‍, എന്നിവരും വേഷമിടുന്ന ചിത്രത്തിന്റെ അവതരണം. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ തികഞ്ഞ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയും ഒപ്പം ചില സന്ദേശങ്ങളും ഷറഫുദ്ദീന്റെ ഈ ചിത്രം നല്‍കുന്നു എന്നാണ് റിപ്പോര്‍ട്ട്.
◾ബ്രസീല്‍ ഫുട്ബോള്‍ താരത്തിന്റെ പേര് ടൈറ്റില്‍ ആക്കിയതുവഴി പ്രഖ്യാപനസമയത്തുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് 'നെയ്മര്‍'. വി സിനിമാസ് ഇന്റര്‍നാഷനണലിന്റെ ബാനറില്‍ നവാഗത സംവിധായകന്‍ സുധി മാഡിസണ്‍ സംവിധാനം ചെയ്ത നെയ്മറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മാത്യു തോമസും നസ്ലെനുമാണ്. എന്നാല്‍ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഒരു നായയാണ്. ഇപ്പോഴിതാ നായകനായ നാടന്‍ നായയുടെ കുസൃതിത്തരങ്ങള്‍ ദൃശ്യവത്കരിച്ചിരിക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തിയിരിക്കുകയാണ്. വി സിനിമാസ് ഇന്റര്‍നാഷനലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. 'ശുനകയുവരാജനിവന്‍' എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. ഷാന്‍ റഹ്‌മാന്റെ സംഗീതത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത് അന്‍വര്‍ സാദത്താണ്. വിജയ രാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍ എന്നിവരും ഗൗരി കൃഷ്ണ, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്‍, ബേബി ദേവനന്ദ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളാക്കി എത്തുന്നുണ്ട്. ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
◾ഐക്കണിക്ക് ഇന്ത്യന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ നിര്‍മ്മിത ഹണ്ടര്‍ 350 പുറത്തിറക്കി. മോണോടോണ്‍ ഷേഡുകള്‍ക്ക് 3,999 ഡോളറും (ഏകദേശം 3.27 ലക്ഷം ഇന്ത്യന്‍ രൂപ) ഡ്യുവല്‍ ടോണിന് 4,199 (ഏകദേശം 4.3 ലക്ഷം രൂപ) വരെയുമാണ് ബൈക്കിന്റെ അമേരിക്കയിലെ എക്‌സ്-ഷോറൂം വിലകള്‍. ഹണ്ടര്‍ 350 ഇന്ത്യയില്‍ വില്‍ക്കുന്ന അതേ ആഗോള സ്പെസിഫിക്കേഷനില്‍ തന്നെയാണ് അമേരിക്കയിലും എത്തുന്നത്. മെറ്റിയോര്‍ 350, പുതുതലമുറ ക്ലാസിക്ക് 350 എന്നിവയ്‌ക്കൊപ്പം പങ്കിട്ട പുതിയ ജെ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350ന് പരിചിതമായ 349 സിസി സിംഗിള്‍-സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിന്‍ ആണ് ഹൃദയം. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. അമേരിക്കയില്‍ മെട്രോ വേരിയന്റില്‍ മാത്രമാണ് ഹണ്ടര്‍ 350 വാഗ്ദാനം ചെയ്യുന്നത്. യുഎസിനു പുറമേ, ഇന്തോനേഷ്യ, ജപ്പാന്‍, തായ്‌ലന്‍ഡ്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യുകെ, അര്‍ജന്റീന, കൊളംബിയ, മെക്‌സിക്കോ എന്നിവിടങ്ങളിലും ഹണ്ടര്‍ 350 ലഭ്യമാണ്.
◾പത്മാവതി എന്ന കേട്ടെഴുത്തുകാരി വെറും ഒരു കേട്ടെഴുത്തുകാരിയല്ല; പ്രശസ്ത സാഹിത്യകാരന്‍ ഒ. വി. വിജയന്റെ കേട്ടെഴുത്തുകാരി. വിജയന്‍ പറഞ്ഞുകൊടുത്ത കഥയിലെ ആദ്യവരികള്‍ അവള്‍ ആദ്യമായി ഇങ്ങനെ കുറിച്ചു: 'അന്നും പൂച്ചകള്‍ക്ക് എവിടെയും പ്രവേശിക്കാമായിരുന്നതിനാല്‍ ഗംഭീരമായ എടുപ്പോടെ നിന്ന ആ ക്ഷേത്രത്തില്‍ രാവു മുഴുവന്‍ കഴിയാനും കണ്ണുനിറയെ ഭഗവാനെ കാണാനുംവേണ്ടി അതിനും ഏഴുദിവസം മുമ്പുമാത്രം വിവാഹിതരായ ചീതയും രാമനും, പറയജാതിയില്‍ ജനിച്ച പെണ്ണും ആണും. വെളുപ്പും കറുപ്പും നിറമുള്ള പൂച്ചകളുടെ വേഷം സ്വീകരിച്ച് വൈകുന്നേരത്തോടെ, ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തി. വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് താഴ്ന്നജാതിയില്‍ ജനിച്ചവര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനമില്ലാതിരുന്ന ഒരു കാലത്ത് അടിയന്തരാവസ്ഥ മുതല്‍ 2014 വരെ നീണ്ടുനില്ക്കുന്ന ഒരു കാലത്തെ അടയാളപ്പെടുത്തുകയാണ് പത്മാവതിയിലൂടെയും വിജയനിലുടെയും മറ്റു വിജയന്‍ കഥാപാത്രങ്ങളിലൂടെയും ഈ നോവല്‍. 'കേട്ടെഴുത്തുകാരി'. കരുണാകരന്‍. ഡിസി ബുക്സ്. വില 199 രൂപ.
◾നാരുകള്‍, വിറ്റാമിനുകള്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീന്‍, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയ ഒരു ഭക്ഷണമാണ് വാള്‍നട്ട്. ദിവസവും ഒരു പിടി വാള്‍നട്ട് കഴിക്കുന്നത് ഭക്ഷണത്തിന്റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കും. കൂടാതെ ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. വാള്‍നട്ട് കഴിക്കാനുള്ള ഏറ്റവും നല്ല വഴികളില്‍ ഒന്ന് രാത്രി മുഴുവന്‍ കുതിര്‍ത്ത ശേഷം രാവിലെ കഴിക്കുക എന്നതാണ്. 2-4 വാള്‍നട്ട് ഒരു കപ്പ് വെള്ളത്തില്‍ രാത്രി മുക്കിവയ്ക്കുക. പിറ്റേന്ന് രാവിലെ കുതിര്‍ത്ത വാള്‍നട്ട് കഴിക്കുക. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കുതിര്‍ത്ത വാള്‍നട്ട് സഹായിക്കും. വാള്‍നട്ട് കുതിര്‍ക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിന് പോഷകങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയും. മെലറ്റോണിന്‍ എന്ന രാസവസ്തു അടങ്ങിയതിനാല്‍ വാള്‍നട്ട് കഴിക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കും. രാവിലെയും കിടക്കുന്നതിന് തൊട്ടുമുമ്പും കുതിര്‍ത്ത വാള്‍നട്ട് കഴിച്ചാല്‍ നല്ല ഉറക്കം ലഭിക്കും. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ആരോഗ്യകരവും ശക്തവുമായ രോഗപ്രതിരോധ ലഭിക്കുന്നത് വൈറല്‍ പനിയ്ക്ക് ജലദോഷത്തിനും രോഗങ്ങള്‍ക്കുമുള്ള സാധ്യത കുറയ്ക്കുന്നു. മറ്റേതൊരു നട്സിനെക്കാളും വാള്‍നട്ടില്‍ ഏറ്റവും ഉയര്‍ന്ന ആന്റിഓക്‌സിഡന്റ് പ്രവര്‍ത്തനമുണ്ട്. വേനല്‍ക്കാലത്ത് പലപ്പോഴും സമ്പര്‍ക്കം പുലര്‍ത്തുന്ന അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കും. വാള്‍നട്ടില്‍ കാണപ്പെടുന്ന പോളിഫെനോള്‍സ് വീക്കം, ഓക്‌സിഡേറ്റീവ് കേടുപാടുകള്‍ എന്നിവയ്‌ക്കെതിരായ പോരാട്ടത്തില്‍ സഹായിക്കും. ഉയര്‍ന്ന മോശം എല്‍ഡിഎല്‍ കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡ് അളവ് എന്നിവയുമായി ഹൃദ്രോഗ സാധ്യത വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്നു. വാള്‍നട്ട് പതിവായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
*ശുഭദിനം*
അന്ന് കിടക്കാന്‍ പോകുന്നതിന് മുമ്പ് അയാള്‍ ദൈവത്തോട് ചോദിച്ചു: അങ്ങെന്തിനാണ് എനിക്ക് ഇങ്ങനെയൊരു നശിച്ച ദിവസം തന്നത്. അയാള്‍ തുടര്‍ന്നു: അലാം അടിക്കാത്തത് കൊണ്ട് രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി. സ്‌കൂട്ടര്‍ പണിമുടക്കിയതുകൊണ്ട് സമയത്ത് ഓഫീസില്‍ എത്തിയില്ല. തിരക്കിനിടെ ഉച്ചഭക്ഷണം എടുക്കാന്‍ മറന്നു. കാന്റീനില്‍ ചെന്നപ്പോള്‍ അതടഞ്ഞു കിടക്കുന്നു. വിശ്രമിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ കറന്റുമില്ല. എല്ലാം കേട്ട് ദൈവം പറഞ്ഞു: ഇന്ന് ഓഫീസില്‍ സമയത്തെത്തിയാല്‍ നീ വലിയ പ്രശ്‌നത്തില്‍ അകപ്പെടുമായിരുന്നു. അതുകൊണ്ടാണ് അലാം ഓഫാക്കിയത്. സ്‌കൂട്ടറപകടം മുന്നില്‍ കണ്ടുകൊണ്ടാണ് നിന്റെ വാഹനം കേടാക്കിയത്. കാന്റീനില്‍ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതയുണ്ടായിരുന്നു. വീട്ടില്‍ രാത്രി ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായേനെ അതാണ് കറന്റ് ഇല്ലാതാക്കിയത്. നീ അകപ്പെടാനിരുന്ന വലിയ പ്രതിസന്ധികളില്‍ നിന്ന് നിന്നെ രക്ഷപ്പെടുത്തുക മാത്രമാണ് ഞാന്‍ ചെയ്തത്. സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായി സംഭവിക്കുന്നതെല്ലാം അനര്‍ത്ഥങ്ങളിലേക്ക് നയിക്കും എന്ന അന്ധവിശ്വാസമാണ് ആകുലതകളുടെ അടിസ്ഥാനകാരണം. എത്ര നിയന്ത്രണവിധേയമായ പായ്ക്കപ്പലിനും ചിലപ്പോള്‍ കാറ്റിന്റെ ഗതിക്കനുസരിച്ച് സഞ്ചരിക്കേണ്ടിവരും. അതിനര്‍ത്ഥം വഴി നഷ്ടപ്പെടുമെന്നോ യാത്ര മുടങ്ങിയെന്നോ അര്‍ത്ഥമില്ല. നിയന്ത്രിക്കാനാകാത്ത കാര്യങ്ങളെ അംഗീകരിക്കാന്‍ കഴിയണം. മാത്രമല്ല, അവ തരുന്ന പുതിയ അനുഭവങ്ങളെ സ്വീകരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തണം. തങ്ങള്‍പോലുമറിയാതെ രക്ഷപ്പെട്ടിട്ടുള്ള ആപത്തുകളെക്കുറിച്ചും മറികടന്ന പ്രതിസന്ധികളെക്കുറിച്ചും ആര്‍ക്കും ഒരു ധാരണയും ഉണ്ടാകില്ല. നേരിടേണ്ടി വരുന്ന ചെറിയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പരിദേവനങ്ങള്‍ക്കിടയില്‍ ഒഴിവായിപ്പോയ വലിയ വൈഷമ്യങ്ങളെ ആരും ഓര്‍ക്കാറില്ല. നമുക്ക് വന്നുചേരാതിരുന്ന സാമ്പത്തിക നഷ്ടങ്ങള്‍, പിടിപെടാതിരുന്ന അസുഖങ്ങള്‍, ഉണ്ടാകാതിരുന്ന കുടുംബപ്രശ്‌നങ്ങള്‍, നഷ്ടപ്പെടാതിരിക്കുന്ന ജോലി ഇങ്ങനെ സൂക്ഷ്മനിരീക്ഷണം നടത്തിയാല്‍ അഭിമാനിക്കാനും ആത്മസംതൃപ്തി കണ്ടെത്താനുമുളള അനേകം കാരണങ്ങള്‍ നമുക്ക് കണ്ടെത്താനാകും. വന്നുചേര്‍ന്ന ദുരന്തങ്ങളെക്കറിച്ചോര്‍ത്ത് നിഷ്‌ക്രിയരാകാതെ.. വഴിമാറിപ്പോയ ദുരന്തങ്ങളെഓര്‍ത്ത് നമുക്ക് മുന്നോട്ട് കുതിക്കാം - *ശുഭദിനം.*