*പ്രഭാത വാർത്തകൾ*2023 | ഏപ്രിൽ 27 | വ്യാഴം

◾കലാപം നടക്കുന്ന സുഡാനില്‍ നിന്ന് 367 ഇന്ത്യക്കാരെ ഡല്‍ഹിയില്‍ എത്തിച്ചു. ഇവരില്‍ 19 മലയാളികളുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് വ്യോമസേനയുടെ കപ്പലിലും വിമാനത്തിലുമായി ജിദ്ദയില്‍ എത്തിച്ചശേഷം ഇന്നലെ രാത്രി വിമാനമാര്‍ഗം ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു. ഓപറേഷന്‍ കാവേരി പദ്ധതിയിലൂടെ 561 ഇന്ത്യക്കാരെയാണ് സുഡാനില്‍നിന്ന് ജിദ്ദയില്‍ എത്തിച്ചത്. ജിദ്ദയില്‍ എത്തിയ 194 പേരെ ഇന്നു മുംബൈയില്‍ എത്തിക്കും. രക്ഷാദൗത്യം തുടരുമെന്ന് ജിദ്ദയില്‍ തുടരുന്ന കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരന്‍ അറിയിച്ചു.

◾റേഷന്‍ കടകള്‍ ഇന്നും നാളേയും അടച്ചിടും. സെര്‍വര്‍ തകരാര്‍ പരിഹരിക്കാനാവാത്തതിനാലാണ് അടിച്ചിടേണ്ടിവരുന്നത്. ശനിയാഴ്ച റേഷന്‍ കടകള്‍ തുറക്കും. ഇന്നലെ റേഷന്‍ കടകള്‍ക്കു പ്രവര്‍ത്തിക്കാനായിരുന്നില്ല. ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മേയ് അഞ്ചു വരെ തുടരും. മേയ് മാസത്തെ റേഷന്‍ വിതരണം ആറാം തീയതിയേ ആരംഭിക്കു.

◾നാല് പതിറ്റാണ്ടോളം മലയാള വെള്ളിത്തിരയിലൂടെ പ്രേക്ഷക ലക്ഷങ്ങളെ ചിരിപ്പിച്ച മാമുക്കോയക്ക് അന്ത്യാഞ്ജലിയുമായി ആയിരങ്ങള്‍. ഇന്നു രാവിലെ പത്തിന് കണ്ണമ്പറത്താണു കബറടക്കം. 76 വയസായ മാമുക്കോയ 450 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വണ്ടൂരിലെ ഫുട്ബോള്‍ മേള ഉദ്ഘാടനം ചെയ്യാന്‍ എത്തി കുഴഞ്ഞുവീണ മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് മരണം.

◾എഐ ക്യാമറ ഇടപാടുകളിലെ ക്രമക്കേട് അന്വേഷിക്കാന്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയോഗിച്ചെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതിയിലെ വിജിലന്‍സ് അന്വേഷണത്തിന് സഹായകമായി ഫയലുകളെല്ലാം കൈമാറും. വിജിലന്‍സ് അന്വേഷണം കെല്‍ട്രോണിനെതിരെയല്ല. ഉദ്യോഗസ്ഥനെതിരെയാണ്. കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയത് നിയമപരമാണെന്നും മന്ത്രി പറഞ്ഞു.

◾എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉപകരാര്‍ നല്‍കരുതെന്നു വ്യവസ്ഥയുണ്ടായിട്ടും കെല്‍ട്രോള്‍ ഉപകരാര്‍ നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കണ്ണൂരിലെ ചില സിപിഎം സംഘങ്ങളാണു തട്ടിപ്പിനു പിറകില്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണവും ദുരൂഹമാണ്. വിജിലന്‍സ് അന്വേഷണം ഉണ്ടെങ്കില്‍ മന്ത്രിസഭ യോഗം എന്തിനാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നും സതീശന്‍ ചോദിച്ചു.

◾ഇന്നു രാവിലെ കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി. ഉച്ചയ്ക്ക് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിന്‍ റദ്ദാക്കിയത്. രപ്തി സാഗര്‍ എക്സ്പ്രസ് പാലക്കാട് ജംഗ്ഷനും എറണാകുളം ജംഗ്ഷനും ഇടയില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും റെയില്‍വേ അറിയിച്ചു.

◾സംസ്ഥാനത്ത് ക്വാറി ഉടമകള്‍ പത്തുദിവസമായി നടത്തിയിരുന്ന സമരം നിര്‍ത്തിവച്ചു. വ്യവസായ മന്ത്രി പി രാജീവുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. ചട്ടഭേദഗതിയിലെ അപാകതകള്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെന്നു ക്വാറി ഉടമകള്‍ അറിയിച്ചു. പട്ടയഭൂമിയിലെ ഖനനം ഉള്‍പ്പടെയുള്ള ആവശ്യങ്ങളില്‍ അടുത്തയാഴ്ച റവന്യുമന്ത്രിയുമായി തുടര്‍ചര്‍ച്ച നടത്തും.

◾കേരളാ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയില്‍നിന്ന് ഐജി പി വിജയനെ നീക്കി. പൊതുമേഖലാ സ്ഥാപനമായ കേരളാ ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സിന്റെ എംഡിയുമായിരുന്നു. സംസ്ഥാന പൊലീസ് സേനയിലെ ആഭ്യന്തര തര്‍ക്കമാണ് മാറ്റത്തിനു കാരണമെന്നു റിപ്പോര്‍ട്ട്.

◾യുവം പരിപാടിയില്‍ യുവാക്കളുടെ ചോദ്യങ്ങള്‍ക്കു പ്രധാനമന്ത്രി മറുപടി പറയുമെന്ന് സംഘാടകര്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് പറഞ്ഞത്. പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ യുവാക്കളെ അനുവാദിച്ചില്ലെന്നത് ഡിവൈഎഫ്ഐയുടെ പ്രചാരണമാണ്. ഇത്രയും വലിയ സദസില്‍ ചോദ്യോത്തരം സാധ്യമല്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കേരളത്തിന്റെ വികസനത്തില്‍ മുന്നേറ്റമുണ്ടാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

◾അടുത്ത നാലു ദിവസം കേരളത്തില്‍ മഴയ്ക്കു സാധ്യത. തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ. കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യത.

◾എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമില്‍ ഉയര്‍ന്ന പെന്‍ഷനായി അപേക്ഷിക്കാന്‍ ഇനി ഒരാഴ്ച മാത്രം. മേയ് മൂന്നുവരെ അപേക്ഷിക്കാമെന്നാണ് ഇപിഎഫ്ഒ അറിയിച്ചിരുന്നത്. ജീവനക്കാരും തൊഴിലുടമയും സമര്‍പ്പിച്ച വിവരങ്ങളുടെയും വേതന വിശദാംശങ്ങളുടെയും സൂക്ഷ്മപരിശോധനയ്ക്കായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പുതിയ വിശദാംശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

◾തിരുവനന്തപുരം വെള്ളനാട് രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറ്റില്‍ വീണ് കരടി ചത്ത സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, വെടിവെച്ച വെറ്റിനറി സര്‍ജന്‍ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി. ഉദ്യോഗസ്ഥരുടെ അശാസ്ത്രീയ നടപടിയാണ് കരടി ചാകാന്‍ കാരണമെന്നാണ് ഹര്‍ജിയിലെ വാദം. വാക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കെസി എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്.

◾തൃശൂര്‍ പൂരലഹരിയിലേക്ക്. നാളെ വൈകുന്നേരം ഏഴിനു സാമ്പിള്‍ വെടിക്കെട്ട്. ഞായറാഴ്ചയാണു തൃശൂര്‍ പൂരം.  

◾ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇക്കഴിഞ്ഞ വര്‍ഷം 28.94 കോടി രൂപയുടെ വരുമാനം നേടിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം വരുമാനമാണ് നേടിയത്.

◾കേരളത്തില്‍ നിന്ന് കാല്‍നടയായി ഹജ്ജിനു പുറപ്പെട്ട ശിഹാബ് ചോറ്റൂരിന്റെ കൂടെ നടക്കുകയായിരുന്ന മലയാളി സൗദി അറേബ്യയില്‍ കാറിടിച്ച് മരിച്ചു. മലപ്പുറം വണ്ടൂര്‍ കൂരാട് സ്വദേശി അബ്ദുല്‍ അസീസ് (47) ആണ് മരിച്ചത്. റിയാദ് അല്‍ഖബറക്ക് സമീപം റിയാദ്-മദീന എക്സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തിലാണ് മരിച്ചത്.

◾കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയില്‍നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു. സിവില്‍ പൊലീസ് ഓഫീസര്‍ പി വി ഷിഹാബിനെയാണ് പിരിച്ചുവിട്ടത്.

◾നാലു വര്‍ഷം മുമ്പ് തൃശൂര്‍ കേച്ചേരിയില്‍ പുഴയില്‍ മുങ്ങിമരിച്ച ബസ് ജീവനക്കാരന്‍ രജീഷിനെ കൊലപ്പെടുത്തിയതാണെന്നു പോലീസ്. രജീഷിന്റെ സുഹൃത്ത് വരന്തരപ്പിള്ളി വേലുപ്പാടം സ്വദേശി സലീഷിനെ അറസ്റ്റ് ചെയ്തു. കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നു പോലീസ്.

◾കാസര്‍കോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുല്‍ റഹ്‌മയിലെ എം.സി.അബ്ദുല്‍ഗഫൂറിന്റെ മരണത്തില്‍ ദുരൂഹത. വീട്ടില്‍നിന്ന് 600 പവനിലേറെ സ്വര്‍ണം കാണാതായിട്ടുണ്ടെന്നു വീട്ടുകാര്‍. ഹണി ട്രാപ്പ് കേസ് പ്രതിയായ ഒരു യുവതിക്ക് മരണത്തില്‍ പങ്കുണ്ടെന്നാണു സംശയം. 14 നു മരിച്ച ഗഫൂറിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താനൊരുങ്ങുകയാണ് പൊലീസ്.

◾അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവും സഹായിയും ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്തു. ഒരു നഴ്സിനും രണ്ട് ഇസിജി ടെക്നീഷ്യന്മാര്‍ക്കും മര്‍ദനമേറ്റു. അക്രമി സംഘം മദ്യലഹരിയില്‍ ആയിരുന്നെന്ന് ആശുപത്രി ജീവനക്കാര്‍.

◾മാനസിക പ്രശ്നങ്ങള്‍ക്ക് കൗണ്‍സിലിംഗിന് എത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. കെ ഗിരിഷ് (59) കുറ്റക്കാരനെന്ന് കോടതി. ഇയാള്‍ക്കുള്ള ശിക്ഷ തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ഇന്നു വിധിക്കും.

◾തൃശൂരില്‍ സ്വകാര്യ ബസ് തോട്ടിലേക്കു മറിഞ്ഞ് മൂന്നു സ്ത്രീകള്‍ക്കു പരിക്ക്. ഷൊര്‍ണൂരില്‍ നിന്ന് തൃശൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ഇഷാന്‍ കൃഷ്ണ എന്ന ബസാണ് വടക്കാഞ്ചേരി അകമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിനു സമീപമുള്ള തോട്ടിലേക്ക് മറിഞ്ഞത്.

◾മലയാറ്റൂര്‍ നീലേശ്വരം കരേറ്റമാത പള്ളി സെമിനാരിയിലെ കുളത്തില്‍ വൈദിക വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം സ്വദേശി ആഗ്‌നല്‍ (19) ആണ് മരിച്ചത്.

◾ഛത്തീസ്ഗഡിലെ ബസ്തറില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പതിനൊന്ന് ജവാന്മാര്‍ക്കു വീരമൃത്യു. മാവോയിസ്റ്റു വിരുദ്ധ സേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം കുഴിബോബ് സ്ഫോടനത്തില്‍ തകരുകയായിരുന്നു. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു.

◾മോദി പരാമര്‍ശത്തിലെ സൂറത്ത് കോടതി വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ പരിഗണിക്കേണ്ടിയിരുന്ന ജഡ്ജി ജസ്റ്റിസ് ഗീതാ ഗോപി പിന്മാറി. എന്തുകൊണ്ടാണ് പിന്മാറ്റമെന്നു വ്യക്തമല്ല. ഗീതാ ഗോപിയുടെ സിംഗിള്‍ ബെഞ്ചിന് മുന്നില്‍ കേസ് ലിസ്റ്റു ചെയ്തതിനു പിറകേയാണ് പിന്മാറുകയാണെന്ന് രജിസ്ട്രാര്‍ വഴി ചീഫ് ജസ്റ്റിസിനെ അറിയിച്ചത്.

◾നിയമങ്ങളില്‍ കലോചിതമായ മാറ്റം വേണമെന്ന് സുപ്രീം കോടതി. സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത തേടിയുള്ള ഹര്‍ജിയിലാണ് ഈ നിരീക്ഷണം. സ്ഥലം, കാലം എന്നിവയനുസരിച്ച് നിയമങ്ങളില്‍ മാറ്റം വേണം. നിയമങ്ങളെ എവിടെ നിന്നെങ്കിലും പറിച്ചുനടാനാവില്ലെന്നും രാജ്യത്തിന്റെ സാമൂഹികാവസ്ഥയും സംസ്‌കാരവും ആധാരമാക്കിയാണ് നിയമം തയാറാക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

◾മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഔദ്യോഗിക വസതി മോടിയാക്കാന്‍ ചെലവാക്കിയത് 45 കോടി രൂപ. കൊവിഡ് കാലത്തടക്കം നിര്‍മ്മാണം നടത്തിയിരുന്നു. ധൂര്‍ത്ത് ആരോപിച്ച് ബിജെപി കെജരിവാളിനെതിരേ സമരം പ്രഖ്യാപിച്ചിരിക്കുയാണ്.

◾രാജ്യത്ത് 157 സര്‍ക്കാര്‍ നഴ്സിംഗ് കോളജുകള്‍ക്ക് അംഗീകാരം. കേരളത്തിന് ഒന്നുപോലും അനുവദിച്ചിട്ടില്ല. 1,570 കോടി രൂപ ചെലവിട്ടാണ് പുതിയ നഴ്സിംഗ് കോളജുകള്‍ തുടങ്ങുന്നത്. യുപിയില്‍ 27 കോളജുകളും രാജസ്ഥാനില്‍ 23 കോളജുകളും അനുവദിച്ചിട്ടുണ്ട്.

◾ഉത്തര്‍പ്രദേശിലെ കൊല്ലപ്പെട്ട അധോലോക നേതാവ് അതീഖ് അഹമ്മദിനെ സിംഹമെന്നു പുകഴ്ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പെഴുതിയയാള്‍ ഉത്തര്‍ പ്രദേശില്‍ അറസ്റ്റിലായി. ബറേലിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ജീവനക്കാരനായ രാജിഖ് അലിയാണ് അറസ്റ്റിലായത്.

◾യുഎഇയുടെ ആദ്യ ചാന്ദ്രപര്യവേക്ഷണ ദൗത്യം പരാജയപ്പെട്ടു. വാഹനമായ റാഷിദ് റോവറുമായുള്ള ആശയവിനിമയം നഷ്ടമായി. അവസാന ഘട്ടത്തില്‍ അപ്രതീക്ഷമായി വേഗത വര്‍ദ്ധിച്ച് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതാവാം തകരാറിനു കാരണം.

◾ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 21 റണ്‍സിന്റെ തോല്‍വി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുന്നോട്ടുവെച്ച 201 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ റോയല്‍ ചാലഞ്ചേഴ്സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

◾2022-23 സാമ്പത്തിക വര്‍ഷം മാര്‍ച്ച് പാദത്തില്‍ 2670 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി മാരുതി സുസുക്കി ഇന്ത്യ. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,875.8 കോടി രൂപയായിരുന്നു. 43 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം മുന്‍ വര്‍ഷത്തെ 25,513.2 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 20 ശതമാനം ഉയര്‍ന്ന് 32,048 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് മുന്‍ വര്‍ഷം ഇതേ പാദത്തിലെ 25,024.2 കോടി രൂപയില്‍ നിന്ന് 18 ശതമാനം വര്‍ധിച്ച് 29,546.9 കോടി രൂപയായി. അവലോകന പാദത്തിലെ പലിശ, നികുതി തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം 38 ശതമാനം ഉയര്‍ന്ന് 3,350 കോടി രൂപയെത്തി. മാര്‍ച്ച് പാദത്തില്‍ കമ്പനി മൊത്തം 514,927 വാഹനങ്ങള്‍ വിറ്റഴിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ഒരു ഓഹരിക്ക് 90 രൂപ ലാഭവിഹിതം ബോര്‍ഡ് പ്രഖ്യാപിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍മാര്‍ച്ചില്‍ അവസാനിച്ച മുഴുവന്‍ സാമ്പത്തിക വര്‍ഷം കണക്കിലെടുത്താല്‍ കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ് 1 ലക്ഷം കോടി രൂപ കടന്നു. ഇലക്ട്രോണിക്‌സ് ഘടകങ്ങളുടെ കുറവുണ്ടായിട്ടും കമ്പനി എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക വില്‍പ്പന രേഖപ്പെടുത്തി. കമ്പനിയുടെ അറ്റാദായം 2021-22 സാമ്പത്തിക വര്‍ഷത്തിലെ 3,766 കോടി രൂപയില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8,049 കോടി രൂപയായി.

◾ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന ചിത്രത്തിലെ പുതിയ പാട്ടിന്റെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി. 'മൂവന്തിതന്‍ ചായങ്ങളാല്‍' എന്നു തുടങ്ങുന്ന പാട്ടിന് ബി.കെ.ഹരിനാരായണനാണു വരികള്‍ കുറിച്ചത്. ബിജിബാല്‍ ഈണമിട്ട പാട്ട് മധു ബാലകൃഷ്ണന്‍ ആലപിച്ചിരിക്കുന്നു. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ദേവ് മോഹന്‍ നായകനായെത്തുന്ന ചിത്രമാണ് 'പുള്ളി'. ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്, രാജേഷ് ശര്‍മ, സെന്തില്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപന്‍, മീനാക്ഷി, അബിന്‍, ബിനോ തുടങ്ങിയവരും വേഷമിടുന്നു. ബിനു കുര്യന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിങ്: ദീപു ജോസഫ്. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്നു. കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി രഘുനന്ദന്‍ ആണ് 'പുള്ളി' നിര്‍മിക്കുന്നത്.

◾'ചാള്‍സ് എന്റര്‍പ്രൈസസ്' എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. 'കാലമേ ലോകമേ...' എന്നു തുടങ്ങുന്ന പാട്ടാണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. ചിത്രത്തിന്റെ സംവിധായകനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ പാട്ടിനു വരികള്‍ കുറിച്ചിരിക്കുന്നു. സുബ്രഹ്‌മണ്യന്‍ കെ.വി ഈണമൊരുക്കിയ ഗാനം അശോക് പൊന്നപ്പനും ആശ പൊന്നപ്പനും ചേര്‍ന്നാണ് ആലപിച്ചത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. നാചി, അന്‍വര്‍ അലി, ഇമ്പാച്ചി, സംഗീത ചേനംപുല്ലി എന്നിവരാണു ചിത്രത്തിനു വേണ്ടി മറ്റു ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. നര്‍മ മുഹൂര്‍ത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി മിസ്റ്ററി ഡ്രാമയാണ് 'ചാള്‍സ് എന്റര്‍പ്രൈസസ്'. ഉര്‍വശി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനുപ്രിയ, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

◾ചെറു എസ്യുവി എക്സ്റ്ററിന്റെ ആദ്യ ചിത്രം പുറത്തുവിട്ട് ഹ്യുണ്ടേയ്. വാഹനത്തിന്റെ മുന്‍ഭാഗത്തിന്റെ ഭാഗിക ചിത്രമാണ് പുറത്തുവിട്ടത്. നേരത്തെ വാഹനത്തിന്റെ രേഖാചിത്രം ഹ്യുണ്ടേയ് പ്രദര്‍ശിപ്പിച്ചിരുന്നു. ജൂലൈയില്‍ നിര്‍മാണം ആരംഭിക്കുന്ന മൈക്രോ എസ്യുവി ഓഗസ്റ്റില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ നിര്‍മിച്ച് രാജ്യാന്തര വിപണികളിലേക്ക് വാഹനം കയറ്റുമതി ചെയ്യാനാണ് ഹ്യുണ്ടേയ് പദ്ധതി. ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസിന്റെ അതേ പ്ലാറ്റ്ഫോം തന്നെയായിരിക്കും എക്സ്റ്ററിനും. ഹ്യുണ്ടേയ് വെന്യു, വെന്യു എന്‍ലൈന്‍, ക്രേറ്റ, അല്‍കസാര്‍, കോന ഇലക്ട്രിക്, ട്യൂസോണ്‍, അയോണിക് 5 എന്നീ എസ്യുവികളുടെ നിരയിലേക്ക് എട്ടാമത്തെ മോഡലായാണ് മൈക്രോ എസ്യുവി എക്സ്റ്റര്‍ എത്തുന്നത്. ഹ്യുണ്ടേയ് വാഹനങ്ങളില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മുന്‍ഭാഗമാണ് എക്സ്റ്ററിന്. എക്സ്റ്ററിന്റെ കൂടുതല്‍ വിവരങ്ങള്‍ ഹ്യുണ്ടേയ് പുറത്തുവിട്ടിട്ടില്ലെങ്കിലും 3.8 മീറ്റര്‍ നീളമുണ്ടാകും. പ്രതീക്ഷിക്കുന്ന വീതി 1,595 എംഎം ഉയരം 1,575 എംഎം. ഗാന്‍ഡ് ഐ 10 നിയോസ്, ഓറ തുടങ്ങിയ വാഹനങ്ങളിലെ 1.2 ലീറ്റര്‍, നാലു സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിനാവും മൈക്രോ എസ്യുവിയിലും. കൂടാതെ 1 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമുണ്ടാകും.

◾സ്വന്തം കാലില്‍ നില്ക്കാനും കുടുംബവരുമാനത്തില്‍ ഒരു പങ്ക് നല്കുവാനും കേരളീയ സ്ത്രീക്ക് കുടുംബശ്രീ ശക്തിപകര്‍ന്നു. ലോകത്തെയാകെ വിസ്മയിപ്പിച്ച സവിശേഷമായ കേരള വികസന മാതൃകകളില്‍ ഒന്നായി കുടുംബശ്രീ എങ്ങനെ മാറിത്തീരുന്നു എന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകം ഏറെ സഹായകരമാകും. 'അയലുറവുകള്‍ ഒരു കുടുംബശ്രീ യാത്ര'. സജിത് സുകുമാരന്‍. ചിന്ത പബ്ളിക്കേഷന്‍സ്. വില 175 രൂപ.

◾ടോയ്ലറ്റ് സീറ്റിനേക്കാള്‍ വൃത്തിഹീനമാണ് മൊബൈല്‍ ഫോണ്‍ എന്ന് പഠനം. പലരും മൊബൈല്‍ ഫോണ്‍ ടോയ്ലറ്റില്‍ കൊണ്ടു പോകാറുണ്ട്. ഈ ഫോണ്‍ പിന്നീട് കുട്ടികളുടെ കൈയില്‍ കൊടുക്കും, ഭക്ഷണം കഴിക്കുന്നതിനിടെ ഇതേ ഫോണ്‍ ഉപയോഗിക്കും. ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ഫോണില്‍ അടിഞ്ഞിട്ടുള്ള മൈക്രോബുകള്‍ പല വഴികളിലൂടെ നമ്മുടെ ശരീരത്തില്‍ കയറിക്കൂടും. മൊബൈല്‍ ഫോണുകള്‍ രോഗകാരികളായ ബാക്ടീരിയകളാല്‍ മലിനമാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്. വയറിളക്കം ഉണ്ടാക്കുന്ന ഇ-കോളി, ചര്‍മ്മത്തെ ബാധിക്കുന്ന സ്റ്റാഫൈലോകോക്കസ്, ക്ഷയരോഗത്തിനും ഡിഫ്തീരിയക്കും കാരണമാകുന്ന ആക്ടിനോബാക്ടീരിയ, മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമായ സിട്രോബാക്ടര്‍, മസ്തിഷ്‌കജ്വരത്തിന് കാരണമാകുന്ന എന്ററോകോക്കസ് എന്നിവയൊക്കെ ഫോണില്‍ കണ്ടെത്തി. ഇവയില്‍ പലതും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി, അതായത് നിലവിലുള്ള മരുന്നുകളൊന്നും ഇവയ്ക്കെതിരെ ഫലപ്രദമാകില്ല. ഈ ബാക്ടീരിയകള്‍ മൂലമുണ്ടാകുന്ന ചര്‍മ്മ, ഉദര രോഗങ്ങളും കരള്‍ രോഗങ്ങളും ജീവനുതന്നെ ഭീഷണിയാണെന്നത് പേടിപ്പിക്കുന്ന വസ്തുതയാണ്. ആന്റിബാക്ടീരിയല്‍ ലായിനികള്‍ ഉപയോഗിച്ച് ഫോണ്‍ വൃത്തിയാക്കിയാലും ബാക്ടീരിയകള്‍ വീണ്ടും തിരിച്ചെത്തും. അതുകൊണ്ട് വല്ലപ്പോഴും ഫോണ്‍ വൃത്തിയാക്കുന്നത് കൊണ്ടുമാത്രം കാര്യമില്ല. ഇത് ദിനചര്യയുടെ ഭാഗമാക്കണം. 70ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ലായിനി ഉപയോഗിച്ചുവേണം ഫോണും ഫോണ്‍ കവറുമെല്ലാം തുടച്ച് വൃത്തിയാക്കാന്‍. ഇതൊരിക്കലും ഫോണില്‍ നേരിട്ട് ഉപയോഗിക്കരുത്. ഇതിനായി കോട്ടണ്‍ തുണിയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കാം. ഫോണ്‍ ഉപയോഗത്തിന് മുമ്പും പരമാവധി കൈകള്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. മറ്റ് പ്രതലങ്ങളിലെ അഴുക്ക് ഫോണിലെത്തുന്നത് ഇതുവഴി നിയന്ത്രിക്കാം. ഫോണ്‍ മറ്റ് ആളുകള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുന്നത് പരമാവധി ഒഴിവാക്കുക. മറ്റുള്ളവരുടെ ഫോണ്‍ ഉപയോഗിക്കുന്നത് സ്വയം നിയന്ത്രിക്കുകയും വേണം.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ കച്ചവടക്കാരന്‍ കുതിരയുമായി യാത്രചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ കുതിരക്ക് ദാഹിച്ചു. അയാള്‍ അടുത്തുകണ്ട കൃഷിയിടത്തിലെത്തി. അവിടെ കര്‍ഷകന്‍ കാളയെ ഉപയോഗിച്ച് പല്‍ചക്രം കറക്കി പാടം നനക്കുകയായിരുന്നു. കച്ചവടക്കാരന്‍ കുതിരയെ കിണറിനരികില്‍ എത്തിച്ചെങ്കിലും പല്‍ചക്രത്തിന്റെ ശബ്ദം കേട്ട് പേടിച്ച് കുതിര വെള്ളം കുടിക്കാന്‍ തയ്യാറായില്ല. അയാള്‍ കര്‍ഷകനോട് ചോദിച്ചു: ഈ പല്‍ചക്രം കറക്കുന്നത് നിര്‍ത്താമോ.. ഇതിന്റെ ശബ്ദം കേട്ടിട്ടാണെന്ന് തോന്നുന്നു ഭയംകൊണ്ട് കുതിര വെള്ളംകുടിക്കാന്‍ കൂട്ടാക്കുന്നില്ല. കര്‍ഷകന്‍ പറഞ്ഞു: ഞാനീ പല്‍ചക്രം കറക്കുന്നത് നിര്‍ത്തിയാല്‍ കിണറ്റില്‍ നിന്നും വെള്ളം പുറത്തേക്ക് വരില്ല. ദാഹം മാറണമെങ്കില്‍ പല്‍ചക്രത്തിന്റെ ശബ്ദം സഹിച്ചേ മതിയാകൂ... ഏത് ഉത്പന്നത്തിനും അവശിഷ്ടങ്ങളുണ്ടാകും. അവയെ സംസ്‌കരിക്കാനും ഉപയോഗിക്കാനും പഠിച്ചേ തീരൂ. ഏത് പരിശ്രമത്തിലും പരാജയത്തിനുള്ള സാധ്യതയും തുല്യമായി നിലനില്‍ക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കണം. അസുഖത്തിനുള്ള മരുന്നുകളില്‍ പോലും പാര്‍ശ്വഫലങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടാകും. അതിന് ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചേ മതിയാകൂ. ദാഹിച്ചുമരിക്കണോ അതോ അസ്വസ്ഥതയോടെ വെള്ളം കുടിച്ച് ജീവിക്കണോ എന്നത് നമ്മുടെ തീരുമാനമാണ്.. സുഖാനുഭവത്തിലേക്കുള്ള ഓരോ നടപ്പുവഴിയിലും അതതിന്റെ ദുരനുഭവങ്ങള്‍ കൂട്ടിനുണ്ടാകും. അവയെ കണ്ടും കേട്ടും കൊണ്ടും കൊടുത്തും നടത്തുന്ന യാത്രമാത്രമേ സുഖത്തിലേക്ക് നമ്മെ എത്തിക്കുകയുളളൂ. -