◾കേരളത്തിന്റെ വികസന പദ്ധതികള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്ദേഭാരത് എക്സ്പ്രസ്, കൊച്ചി വാട്ടര്‍ മെട്രോ എന്നിവയുടെ ഉദ്ഘാടനവും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, വിവിധ റെയില്‍വേ വികസന പദ്ധതികള്‍ എന്നിവയുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത ഭാരത നിര്‍മാണത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
◾തിരുവനന്തപുരം - കൊച്ചി റൂട്ടില്‍ വന്ദേ മെട്രോ സര്‍വീസ് ജനുവരിക്കുശേഷം ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. അഞ്ചര മണിക്കൂറുകൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് എത്താനാകുന്ന വിധത്തില്‍ റെയില്‍പാതകള്‍ നവീകരിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും. കൊച്ചുവേളി, പേട്ട, നേമം, സ്റ്റേഷനുകളും ഒന്നിച്ചു വികസിപ്പിക്കും. കേരളത്തിലെ 34 സ്റ്റേഷനുകളില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. കെ റെയിലിന്റെ ഡിപിആര്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ഓപ്പറേഷന്റെ ഭാഗമായി 278 പേരെ ഐഎന്‍എസ് സുമേധ കപ്പലില്‍ ജിദ്ദയില്‍ എത്തിച്ചു. 121 പേരടങ്ങുന്ന രണ്ടാമത്തെ സംഘത്തെ വ്യോമസേനാ വിമാനത്തില്‍ ഇന്നു രാവിലെ ജിദ്ദയില്‍ എത്തിക്കും. ജിദ്ദയില്‍നിന്ന് ഇവരെ വിമാനമാര്‍ഗം നാട്ടിലെത്തിക്കും. രക്ഷിക്കപ്പെട്ടവരില്‍ മലയാളികളുമുണ്ട്. ദൗത്യത്തിനു നേതൃത്വം നല്‍കാന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ജിദ്ദയിലുണ്ട്.
◾എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കും. മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം എന്നിവ അടക്കം ഒഴിവാക്കിയ ഭാഗങ്ങളാണ് പഠിപ്പിക്കുന്നത്. സപ്ലിമെന്ററിയായയി പാഠപുസ്തകം അച്ചടിച്ചു പുറത്തിറക്കും. എസ് സിഇആര്‍ടി കരിക്കുലം കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
◾കര്‍ണാടകത്തില്‍ മുസ്ലീം സമുദായത്തിനുണ്ടായിരുന്ന നാലു ശതമാനം സംവരണം റദ്ദാക്കിയ ബിജെപി സര്‍ക്കാരിന്റെ നടപടി സൂപ്രീം കോടതി താത്കാലികമായി തടഞ്ഞു. വൊക്കലിംഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്കു രണ്ടു ശതമാനം സംവരണം വര്‍ധിപ്പിക്കാനുള്ള തീരുമാനവും കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പില്‍ ഹിന്ദു സമുദായത്തെ പ്രീണിപ്പിക്കാന്‍ ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് മേയ് ഒമ്പതിനു വീണ്ടും പരിഗണിക്കും.
◾കുസാറ്റ് വിസി നിയമനത്തില്‍ സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കുസാറ്റ് വിസിയായി ഡോ. പി ജി ശങ്കരനെ ഗവര്‍ണര്‍ നിയമിച്ചു. ഡോ. കെ എന്‍ മധുസൂദനന്‍ വിസി സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കിയതോടെ പ്രൊ വിസിയായിരുന്ന ശങ്കരനെ നിയമിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.
◾ക്യാമറക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്നു ബോധ്യപ്പെട്ടിട്ടും കെല്‍ട്രോണിന് എഐ ക്യാമറ പദ്ധതിക്ക് അനുമതി നല്‍കിയ മന്ത്രിസഭയും സര്‍ക്കാരും അഴിമതിയില്‍ മുങ്ങിയെന്നും കെ സുധാകരന്‍ ആരോപിച്ചു.
◾കെല്‍ട്രോണ്‍ എംഡിക്കു ശിവശങ്കറിന്റെ അവസ്ഥയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എഐ ക്യാമറയുമായി ബന്ധപ്പെട്ട ടെണ്ടര്‍ സുതാര്യമല്ലെന്നും തെളിവുകളുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞു. മാനദണ്ഡങ്ങള്‍ മറികടന്നുള്ള ഇടപാടുകളാണെന്നും സതീശന്‍ ആരോപിച്ചു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായോട് ആവശ്യപ്പെട്ടെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമെന്നും അദ്ദേഹം പറഞ്ഞു.
◾അടൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി. ബാങ്കിംഗ് ഇതര സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.
◾വന്ദേഭാരത് ട്രെയിനിന്റെ ജനല്‍ ഗ്ലാസുകളില്‍ വി കെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്ററുകള്‍ ഒട്ടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണു പോസ്റ്ററൊട്ടിച്ചത്. ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചത് ശ്രീകണ്ഠന്‍ ഇടപെട്ടതുകൊണ്ടാണെന്ന് അവകാശപ്പെടുന്ന പോസ്റ്ററുകളാണ് പതിച്ചത്. റെയില്‍വേ പോലീസ് കേസെടുത്തു. പോസ്റ്റര്‍ പതിച്ചതു തന്റെ അറിവോടെയല്ലെന്ന് ശ്രീകണ്ഠന്‍.
◾വന്ദേഭാരത് എക്സ്പ്രസിന് കണ്ണൂരില്‍ സിപിഎമ്മിന്റെ സ്വീകരണം. ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിലാണ് ലോകോ പൈലറ്റിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചത്. കെ വി സുമേഷ് എംഎല്‍എ, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ക്രമീകരണ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ തിരുവനന്തപുരം കന്റോമെന്റ് പൊലീസ് കേസെടുത്തു. ഔദ്യോഗിക രഹസ്യ നിയമപ്രകാരം സ്വമേധയാണ് കേസെടുത്തത്. ആരെയും പ്രതി ചേര്‍ത്തിട്ടില്ല.
◾യുവനടന്‍മാരയ ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും സിനിമയില്‍ വിലക്ക്. താരസംഘടന 'അമ്മ'കൂടി ഉള്‍പ്പെട്ട യോഗത്തിലാണ് തീരുമാനം. സെറ്റുകളില്‍ ഇരുവരുടേയും പെരുമാറ്റം അസഹനീയമെന്ന് സിനിമാസംഘടനകള്‍. സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കുമെന്നും നിര്‍മ്മാതാക്കളുടെ പരാതിയില്‍ കഴമ്പുണ്ടെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു.
◾അട്ടപ്പാടി മധുകേസില്‍ ശിക്ഷിക്കപ്പെട്ട 13 പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി മേയ് അഞ്ചിനു പരിഗണിക്കും. 16 പ്രതികളില്‍ പതിമൂന്ന് പ്രതികള്‍ക്കും ഏഴു വര്‍ഷം കഠിന തടവാണ് മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതി വിധിച്ചത്. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് പതിമൂന്ന് പേര്‍ക്കാണ് കഠിന തടവു ശിക്ഷ വിധിച്ചത്.
◾കൊല്ലം അഞ്ചലിലെ ചന്തമുക്കില്‍ ആശുപത്രിയില്‍ മദ്യപിച്ചെത്തി അതിക്രമം നടത്തിയ റിയാലിറ്റി ഷോ താരം പിടിയില്‍. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് അറസ്റ്റു ചെയ്തത്.
◾താമരശ്ശേരിയില്‍ ഓടുന്ന ടൂറിസ്റ്റ് ബസിനു മുകളില്‍ കയറി റീല്‍സ് ചെയ്തത സംഭവത്തില്‍ നടപടി. ബസിന്റെ ഫിറ്റ്നസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
◾തൃത്താല കരിമ്പനക്കടവ് ഭാഗത്ത് ഭാരതപ്പുഴയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം വയനാട് മേപ്പാടി സ്വദേശി സുബ്രമണ്യന്റേതാണെന്നു തിരിച്ചറിഞ്ഞു. ഭാര്യയുമായി കലഹിച്ച് പെരിന്തല്‍മണ്ണയിലെ കുളത്തൂരില്‍ താമസിച്ചു വരികയായിരുന്ന ഇയാള്‍ വിഷം കഴിച്ച് പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
◾കോഴിക്കോട് കട്ടിപ്പാറയില്‍നിന്നു കാണാതായ ആദിവാസി സ്ത്രീയെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി ലീലയാണ് (53)മരിച്ചത്.
◾തൊടുപുഴ ഇടവെട്ടിയില്‍ കുളിക്കുന്നതിനിടെ കനാലില്‍ മുങ്ങിയ വിദ്യാര്‍ത്ഥി മരിച്ചു. കരിമണ്ണൂര്‍ ഒറ്റിത്തോട്ടത്തില്‍ റഹീം - ഷക്കീല ദമ്പതികളുടെ മകന്‍ ബാദുഷ (13) ആണ് മരിച്ചത്.
◾ഭര്‍ത്താവിനൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെ പുറത്തേക്കു ചാടിയ ഗര്‍ഭിണി മരിച്ചു. ഒറ്റൂര്‍ തോപ്പുവിള കുഴിവിള വീട്ടില്‍ രാജീവ്- ഭദ്ര ദമ്പതികളുടെ മകളും അഖിലിന്റെ ഭാര്യയുമായ സുബിന(20)യാണ് മരിച്ചത്. പുറത്തേക്കു ചാടുന്നതിനിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് മരിച്ചത്.
◾പേരക്കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ചയാള്‍ക്ക് ജീവപരന്ത്യം തടവുശിക്ഷ. മകന്റെ മക്കളായ നാലു വയസുള്ള ഇരട്ടപെണ്‍ക്കുട്ടികളോട് ലൈംഗിക അതിക്രമം കാട്ടിയ ചുനക്കര സ്വദേശിയായ 60 കാരനെയാണ് ശിക്ഷിച്ചത്.
◾ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ ഗുരുതരമെന്ന് സുപ്രീംകോടതി. കേസെടുക്കാതിരുന്ന ഡല്‍ഹി പൊലീസിനും സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. ഗുസ്തി താരങ്ങള്‍ മൂന്നാം ദിവസവും രാപ്പകല്‍ സമരം തുടരുകയാണ്. സമരത്തിനു പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ ജന്തര്‍മന്തറില്‍ എത്തി.
◾പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിംഗ് ബാദല്‍ അന്തരിച്ചു. 95 വയസായിരുന്നു. അഞ്ചു തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു അദ്ദഹേം.
◾ഡല്‍ഹി മദ്യനയ കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കെ കവിതയുടെ ഓഡിറ്റര്‍ ബുചി ബാബുവും പ്രതിയാണ്. മനീഷ് സിസോദിയ അടക്കം 15 പ്രതികളുണ്ട്.
◾ബോളിവുഡ് നടി ക്രിസാന്‍ പെരേരയെ ഷാര്‍ജയില്‍ ലഹരിക്കേസില്‍ കുടുക്കി ജയിലിലാക്കിയ മുംബൈ സ്വദേശിയായ ബേക്കറി ഉടമയേയും കൂട്ടാളിയേയും മുംബൈ പോലീസ് അറസ്റ്റു ചെയ്തു. ബോറിവാലിയില്‍ താമസിക്കുന്ന ആന്റണി പോളും ഇയാളുടെ സഹായിയായ രാജേഷ് ബാഹോട്ട എന്ന രവിയേയുമാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നടിയുടെ അമ്മ പ്രമീളയുടെ വീട്ടിലെ നായ ആന്റണി പോളിനെ കണ്ടു കുരച്ചതിന്റെ വൈരാഗ്യത്തിനാണ് ലഹരിക്കെണി ഒരുക്കി രണ്ടാഴ്ച മുമ്പ് ഷാര്‍ജ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചത്. ഷാര്‍ജയില്‍ പുതിയ സിനിമയുടെ ഓഡീഷനെന്ന പേരില്‍ രാജേഷ് ബഹോട്ട വിമാനയാത്രാ ടിക്കറ്റ് നല്‍കി. ഒഡീഷന് ആവശ്യമുള്ളതിനാല്‍ ലഹരി വസ്തുക്കള്‍ ഒളിപ്പിച്ച ട്രോഫിയും ഏല്‍പിച്ചിച്ചെന്നു പോലീസ് കണ്ടെത്തി.
◾ഐഎഎസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചിരുന്ന ലോക്‌സഭാ മുന്‍ എംപി ആനന്ദ് മോഹന്‍ സിംഗിനെ മോചിപ്പിക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍. ആനന്ദ് ഉള്‍പ്പടെ 27 പേരെ മോചിപ്പിക്കാനാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബിഹാര്‍ ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്. മകന്റെ വിവാഹനിശ്ചയത്തിനായി പരോളിലാണ് ആനന്ദ് സിംഗ്.
◾ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രം തുറന്നു. ശൈത്യകാലമായിരുന്നതിനാല്‍ ഏതാനും ആഴ്ചകളായി താല്ക്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു. ക്ഷേത്രത്തിലെ ആദ്യ പൂജ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വേണ്ടിയുള്ളതായിരുന്നു.
◾റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചതോടെ മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥര്‍ പരിഭ്രാന്തിയില്‍. യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് കഴിഞ്ഞ മാസമാണ് ഐസിസി പുടിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ക്രെംലിനില്‍ പ്രത്യേക യോഗം വിളിച്ചെന്നാണു മോസ്‌കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
◾ഒഡിഷ എഫ്.സി സൂപ്പര്‍ കപ്പ് ജേതാക്കള്‍. ഇന്നലെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മുന്‍ ജേതാക്കളായ ബെംഗളൂരു എഫ്സിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഒഡിഷ സൂപ്പര്‍ കപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ഒഡിഷയുടെ ആദ്യ സൂപ്പര്‍ കപ്പ് കിരീടനേട്ടമാണിത്.
◾ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 55 റണ്‍സിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ഗുജറാത്ത് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ രാജസ്ഥാന്‍ റോയല്‍സിനെ പോയിന്റ് പട്ടികയില്‍ പിന്തള്ളി ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം സ്ഥാനത്തെത്തി. ചെന്നൈ സൂപ്പര്‍ കിങ്സാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.
◾രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലോകത്തിലെ ഏറ്റവും വലിയ കമ്പനികളുടെ പട്ടികയില്‍ 51-ാം സ്ഥാനം മാത്രം. ഏപ്രില്‍ 25-ാം തീയതിയിലെ കണക്കുകളെടുത്താല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 194.74 ബില്ല്യണ്‍ ഡോളറാണ് (16 ലക്ഷം കോടി). ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീവസസും എച്ച്ഡിഎഫ്സി ബാങ്കുമാണ് പട്ടികയിലെ നൂറ് കമ്പനികളില്‍ ഉള്‍പ്പെട്ട മറ്റ് ഇന്ത്യന്‍ കമ്പനികള്‍. യഥാക്രമം 83, 90 സ്ഥാനങ്ങള്‍ ഇവ നേടിയിട്ടുണ്ട്. ഇരു കമ്പനികളുടേയും വിപണി മൂല്യം യഥാക്രമം 141.45 ബില്ല്യണ്‍ ഡോളറും (11 ലക്ഷം കോടി), 131.14 ബില്ല്യണ്‍ ഡോളറുമാണ് (10 ലക്ഷം കോടി). വിപണി മൂല്യത്തില്‍ ലോകത്ത് ഒന്നാമനായി ആപ്പിള്‍. കമ്പനീസ് മാര്‍ക്കറ്റ് ക്യാപ് വെബ്‌സൈറ്റ് പ്രകാരം 2.615 ട്രില്ല്യണ്‍ ഡോളര്‍ (214 ലക്ഷം കോടി രൂപ) വിപണി മൂല്യവുമായാണ് യു.എസ് ടെക് കമ്പനിയായ ആപ്പിള്‍ മുന്നിലുള്ളത്. തൊട്ട് പിന്നാലെ 2.097 ട്രില്ല്യണ്‍ ഡോളറോടെ വിപണി മൂല്യവുമായി മൈക്രോസോഫ്റ്റും രംഗത്തുണ്ട്. 2.032 ട്രില്ല്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി സൗദി അരാംകോ മൂന്നാം സ്ഥാനത്തും 1.364 ട്രില്ല്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് നാലാം സ്ഥാനത്തുമുണ്ട്. ആമസോണ്‍ (1.089 ട്രില്ല്യണ്‍ ഡോളര്‍), ബെര്‍ക്ക്ഷയര്‍ ഹാത്ത്വേ (717.82 ബില്ല്യണ്‍ ഡോളര്‍), എന്‍വിഡിയ (667.93 ബില്ല്യണ്‍ ഡോളര്‍), മെറ്റ (545.88 ബില്ല്യണ്‍ ഡോളര്‍), ടെസ്ല (515.17 ബില്ല്യണ്‍ ഡോളര്‍), ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ (510.65 ബില്ല്യണ്‍ ഡോളര്‍) എന്നിവയും ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടി.
◾വിദ്യുത് ജംവാല്‍ നായകനാകുന്ന സ്പൈ ത്രില്ലര്‍ 'ഐബി 71' ന്റെ ട്രെയിലര്‍ ഇറങ്ങി. 1971 ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യയുടെ രഹസ്യാന്വേഷണ ദൗത്യമാണ് തിയറ്ററില്‍ എത്തിക്കുന്നത്. പാക്കിസ്ഥാനും ചൈനയും ഇന്ത്യയ്‌ക്കെതിരായ ആക്രമണം നടത്താന്‍ ഒരുങ്ങുന്ന ഘട്ടത്തില്‍ വ്യോമാതിര്‍ത്തി തടയാന്‍ പദ്ധതിയിടുന്ന ഇന്റലിജന്‍സ് ഓഫീസറായി വിദ്യുത് ചിത്രത്തിലെത്തുന്നു എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അനുപം ഖേര്‍, വിശാല്‍ ജേത്വ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും രഹസ്യമായ മിഷന്‍ എന്നാണ് പടത്തെ വിശേഷിപ്പിക്കുന്നത്. 30 ഏജന്റുമാര്‍, 10 ദിവസങ്ങള്‍ എന്നാണ് ഈ ദൗത്യത്തെ വിശേഷിപ്പിക്കുന്നത്. 50 കൊല്ലമായി രാജ്യം രഹസ്യമാക്കി വച്ച മിഷന്‍ എന്നും ഇതിനെ പറയുന്നു. ഇന്ത്യ- പാക് യുദ്ധം 1971 ല്‍ വിജയിക്കാന്‍ കാരണമായ മിഷനും ഇതാണെന്നാണ് ട്രെയിലറിനൊപ്പമുള്ള നോട്ട് അവകാശപ്പെടുന്നത്. ഐബി ഏജന്റ് ദേവ് ജംവാള്‍ സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ അതീവ രഹസ്യമായി നടത്തിയ യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ഇതെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. ഐബി 71 മെയ് 12ന് രാജ്യത്തുടനീളമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. ഗാസി ഫെയിം സങ്കല്‍പ് റെഡ്ഡിയാണ് ഈ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്.
◾വിവാദചിത്രം 'ദ കേരള സ്റ്റോറി' മേയ് അഞ്ചിന് തിയേറ്ററുകളിലെത്തും. കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതുവരെ ഇങ്ങനെ കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ കാണാതായി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് സിനിമയിലൂടെ പറയുന്നത്. നവംബറില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറും ഏറെ വിവാദമായിരുന്നു. സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണിത്. ആദാ ശര്‍മയാണ് നായികാവേഷത്തിലെത്തുന്നത്. 'മറച്ചുവെച്ച സത്യം വെളിവാക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. താന്‍ മൂന്ന് പെണ്‍കുട്ടികളുടെ കഥയാണ് പറയുന്നത്, ഒരാള്‍ അഫ്ഗാനിസ്ഥാന്‍ ജയിലില്‍, ഒരാള്‍ ആത്മഹത്യ ചെയ്തു, മറ്റൊരാള്‍ ഒളിവിലാണ് എന്നാണ് സിനിമയെ കുറിച്ച് സംവിധായകന്‍ പറയുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് വിപുല്‍ അമൃത്ലാല്‍ ആണ്.
◾വില്‍പനയില്‍ പത്തു ലക്ഷമെന്ന മാജിക് നമ്പര്‍ കടന്ന് മിനി 3 ഡോര്‍. ദശലക്ഷം കാറുകള്‍ പുറത്തിറക്കിയതിനൊപ്പം കമ്പനിയുടെ 110-ാം വാര്‍ഷികവും ആഘോഷിക്കുകയാണ് ഓക്‌സ്ഫഡിലെ മിനി നിര്‍മാണ പ്ലാന്റ്. അന്നുവരെയുണ്ടായിരുന്ന കാര്‍ സങ്കല്‍പങ്ങളെ മാറ്റിമറിച്ചാണ് മിനി 1969ല്‍ ബ്രിട്ടനില്‍ പിറവിയെടുത്തത്. ആധുനിക ലോകത്തിലും ഏറ്റവും പ്രചാരമുള്ള ചെറുകാറാണ് മിനി 3 ഡോര്‍. ഡീസലിലും ഗ്യാസിലും പ്രവര്‍ത്തിക്കുന്ന എന്‍ജിനുകള്‍ മിനിക്കുണ്ട്. മിനി കൂപ്പര്‍ എസ്.ഇ എന്ന വൈദ്യുത മോഡല്‍ 2020ലാണ് പുറത്തിറങ്ങുന്നത്. ഒറ്റ ചാര്‍ജില്‍ 270 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ മിനി കൂപ്പര്‍ എസ്.ഇക്ക് സാധിക്കും. കഴിഞ്ഞ വര്‍ഷം വിറ്റ അഞ്ചിലൊന്ന് മിനി മോഡലുകളും വൈദ്യുതി ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്നവയായിരുന്നു. വൈദ്യുത കാര്‍ നിര്‍മിച്ചു തന്നെയാണ് മിനി കാറുകളില്‍ പത്തു ലക്ഷം എണ്ണം പൂര്‍ത്തിയാക്കുന്നതും. റേസ് കാര്‍ ഡിസൈനര്‍ ജോണ്‍ കൂപ്പര്‍ ക്ലാസിക് മിനിയെ അടിസ്ഥാനമാക്കിക്കൊണ്ട് ജി.ടി മോഡല്‍ 1960ല്‍ നിര്‍മിച്ചിരുന്നു. ഇതോടെയാണ് ചെറു ഫാമിലി കാറില്‍ നിന്നും സൂപ്പര്‍ കാറായി മിനി കൂപ്പര്‍ മാറുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് വെറും 5.2 സെക്കന്റില്‍ കുതിച്ചെത്തി മിനി കൂപ്പര്‍ ഏവരേയും ഞെട്ടിച്ചു.
◾കവിത വായിച്ച് മനസ്സിലാവുന്നില്ല എന്നു പറയുന്നവര്‍ ധാരാളം. സാഹിത്യം, സിനിമ, നാടകം, ചിത്രകല എന്നിവയ്ക്കൊക്കെയും ഈ മനസ്സിലാവായ്മ പ്രതികരണമായി കിട്ടാറുണ്ട്. വ്യക്തിപരമായി എന്നോടു വളരെ അടുപ്പമുള്ള പലരും എന്റെ കവിത മനസ്സിലാവാതെ സങ്കടപ്പെട്ടതായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു പാട്ടു കേട്ട്, അല്ലെങ്കില്‍ കൊട്ടു കേട്ട്, നൃത്തം കണ്ട് മനസ്സിലായില്ല എന്നു പറയുന്നവര്‍ കുറവായിരിക്കും. നമുക്കു മനസ്സിലാവാത്ത ഭാഷയിലെ പാട്ടായാലും അതു കേട്ടു നമ്മള്‍ മനസ്സിലായില്ല എന്നു പറയാറില്ല. ഈ മനസ്സിലാവലിനെയും മനസ്സിലാവായ്മയെയും ഒന്നു പിന്തുടര്‍ന്നു നോക്കുന്നത് രസകരമാവും. 'കവിനിഴല്‍മാല'. പി. രാമന്‍. ഡി സി ബുക്സ്. വില : 199 രൂപ.
◾എല്ലുകളുടെ ആരോഗ്യത്തിനും, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ചില രോഗങ്ങളെ പ്രതിരോധിക്കുന്നതിനുമെല്ലാം വൈറ്റമിന്‍-ഡി അവശ്യം വേണ്ടതാണ്. പലപ്പോഴും പക്ഷേ വൈറ്റമിന്‍-ഡി കുറവ് നമുക്ക് തിരിച്ചറിയണമെന്നില്ല. എങ്കിലും ക്രമാതീതമായ തോതില്‍ വൈറ്റമിന്‍-ഡി കുറഞ്ഞാല്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകാം. ഇന്ന് ധാരാളം പേരില്‍ വിഷാദം, ഉത്കണ്ഠ പോലുള്ള മാനസികാരോഗ്യപ്രശ്നങ്ങള്‍ കാണുന്നുണ്ട്. വൈറ്റമിന്‍ -ഡി കുറയുന്നത് തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കേണ്ടൊരു സംഗതി തന്നെയാണ്. വൈറ്റമിന്‍-ഡി കുറയുമ്പോള്‍ എല്ലില്‍ വേദനയും പേശിയില്‍ തളര്‍ച്ചയും അനുഭവപ്പെടുന്ന അവസ്ഥയുണ്ടാകാം. വൈറ്റമിന്‍-ഡി കുറയുന്നത് നല്ല രീതിയില്‍ വ്യക്തിയെ തളര്‍ച്ചയിലേക്ക് നയിക്കാം. ആദ്യം സൂചിപ്പിച്ചത് പോലെ വിഷാദത്തിലേക്കും ഇത് വഴിയൊരുക്കാം. അതിനാല്‍ തളര്‍ച്ചയും വിഷാദം പോലുള്ള അവസ്ഥയും നേരിട്ടാല്‍ വൈറ്റമിന്‍-ഡി ടെസ്റ്റ് ചെയ്തുനോക്കാന്‍ മടിക്കരുത്. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചിലുണ്ടാകാം. വൈറ്റമിന്‍-ഡി കുറവ് ഇതിലൊരു കാരണം തന്നെയാണ്. വൈറ്റമിന്‍ -ഡി കുറയുമ്പോള്‍ പല രോഗങ്ങളും അണുബാധകളുമെല്ലാം തുടര്‍ച്ചയായി വരാം. ഉറക്കം ശരിയാംവിധം ലഭിക്കാതിരിക്കുക, ഉറക്കം സുഖകരമാകാതിരിക്കുക- തുടങ്ങി ഉറക്കപ്രശ്നങ്ങള്‍ പതിവാണെങ്കിലും വൈറ്റമിന്‍-ഡി ടെസ്റ്റ് ചെയ്ത് നോക്കാവുന്നതാണ്. വൈറ്റമിന്‍-ഡി കുറയുമ്പോള്‍ അത് സ്‌കിന്നിലും ചെറിയ രീതിയില്‍ പ്രതിഫലിക്കാം. പല്ലിന്റെയും മോണയുടെയും ആരോഗ്യത്തില്‍ സംഭവിക്കുന്ന പ്രശ്നങ്ങളും വൈറ്റമിന്‍-ഡി കുറവ് സൂചിപ്പിക്കുന്നതാകാറുണ്ട്.
*ശുഭദിനം*
കേട്ടുകൊണ്ടിരുന്ന ആത്മീയ പ്രഭാഷണത്തിലെ ഒരു വാചകം അയാളെ വല്ലാതെ അലോസരപ്പെടുത്തി. നിങ്ങള്‍ എത്ര പണം സമ്പാദിച്ചാലും മരിക്കുമ്പോള്‍ ഒന്നും കൊണ്ടുപോകുന്നില്ല. അയാള്‍ തന്റെ കൂട്ടുകാരെ വിളിച്ചുവരുത്തി. എന്നിട്ടുപറഞ്ഞു: മരിക്കുമ്പോള്‍ പണം കൂടി കൊണ്ടുപോകാനുള്ള ഉപായം പറഞ്ഞുതരുന്നയാള്‍ക്ക് ഒരുലക്ഷം രൂപം സമ്മാനം. ഇതുകേട്ട് ഒരാള്‍ ചോദിച്ചു. താങ്കള്‍ അമേരിക്കയിലേക്ക് പോകുമ്പോള്‍ പൈസയെ എങ്ങിനെയാണ് കൊണ്ടുപോകുന്നത്. ഡോളര്‍ ആയിട്ട് . അയാള്‍ പറഞ്ഞു. എന്തുകൊണ്ട് രൂപയായി കൊണ്ടുപോകുന്നില്ല? സുഹൃത്ത് ചോദിച്ചു. അവിടെ ഡോളര്‍ മാത്രമേ എടുക്കു. അയാള്‍ മറുപടി പറഞ്ഞു. സുഹൃത്ത് തുടര്‍ന്നു: ഓരോ രാജ്യത്തും ജീവിക്കാന്‍ അവിടെ ഉപയോഗിക്കുന്ന കറന്‍സി വേണം. മരിച്ചുകഴിഞ്ഞാല്‍ സ്വര്‍ഗ്ഗത്തില്‍ ഉപകാരപ്പെടുന്ന കറന്‍സി ശേഖരിച്ചാല്‍ ഈ പ്രശ്‌നം തീര്‍ന്നു.. അയാള്‍ കൂട്ടുകാരനെ നോക്കി.. പുണ്യപ്രവൃത്തികളാണ് സ്വര്‍ഗ്ഗത്തില്‍ സ്വീകരിക്കുന്ന കറന്‍സി...കൂട്ടുകാരന്‍ പറഞ്ഞവസാനിപ്പിച്ചു. സ്ഥലത്തിനും സാഹചര്യത്തിനുമനുസരിച്ച് പെരുമാറണമെങ്കില്‍ പക്വതയും ദീര്‍ഘവീക്ഷണവും വേണം. മരുഭൂമിയിലെ ജീവിതരീതിയല്ല, മഞ്ഞിലേത്. ആ പ്രായോഗികജ്ഞാനം പോലുമില്ലാത്തവര്‍ മഞ്ഞു കാണാന്‍ ഒരു കമ്പിളിപോലും ഇല്ലാതെ യാത്രയാകും. തങ്ങളുടെ നിയോഗങ്ങളിലേക്ക് എത്തിച്ചേരാന്‍ ഉള്ള കര്‍മ്മങ്ങളാണ് അനുദിനം ചെയ്യുന്നതെന്ന് നമുക്ക് ഉറപ്പ് വരുത്താം. എല്ലാ കര്‍മ്മവും പുണ്യമാണ്.. അവയില്‍ അഹം അപ്രത്യക്ഷമാകുകയും അപരന്‍ തെളിഞ്ഞുവരികയും ചെയ്താല്‍... ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ നന്മകള്‍ വിതറികടന്നുപോകുന്നവര്‍ക്ക് അപരിചിതമായ ഇടങ്ങളില്‍ പോലും അനുയോജ്യമായ കറന്‍സികള്‍ ആരെങ്കിലും കൈമാറും... അതിനാല്‍ നമുക്ക് നന്മകള്‍ സമ്പാദിക്കാം... നന്മകള്‍ വിതറാം - *ശുഭദിനം.*