◾കേരളത്തിലെ ചിലര്‍ രാവും പകലും സ്വര്‍ണം കള്ളക്കടത്തു നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയില്‍ ബിജെപിക്കുവേണ്ടി സംഘടിപ്പിച്ച യുവം സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സര്‍ക്കാര്‍ കയറ്റുമതിയിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തമാക്കുമ്പോള്‍ കേരളത്തില്‍ സ്വര്‍ണം കള്ളക്കടത്തു നടത്തുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ വികസന, തൊഴില്‍ പദ്ധതികള്‍ കേരള സര്‍ക്കാര്‍ നടപ്പാക്കുന്നില്ല. മുന്‍കാല സര്‍ക്കാരുകള്‍ കുംഭകോണങ്ങള്‍ നടത്തിയപ്പോള്‍ ബിജെപി സര്‍ക്കാര്‍ യുവാക്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. മതത്തിന്റേയും ഭാഷയുടേയും സംസ്‌കാരത്തിന്റേയും പേരില്‍ വിഭജിക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
◾യുവാക്കളിലാണു തന്റെ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കള്‍ക്ക് ഒരുപാടു മുന്നേറ്റങ്ങള്‍ നയിക്കാനാകും. ഇന്ത്യ ലോകത്തിന്റെ യുവശക്തിയാണ്. ബിജെപി യുവം സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും ദുര്‍ബല സമ്പദ് വ്യവസ്ഥയായിരുന്ന ഇന്ത്യ ഇപ്പോള്‍ ലോകത്തെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയായി. ആത്മനിര്‍ഭര്‍ ഭാരത് വിജയകരമാക്കിയത് ഇന്ത്യയിലെ യുവാക്കാളുടെ സ്റ്റാര്‍ട്ടപ്പുകള്‍കൂടിയാണ്. ഇപ്പോള്‍ ജി 20 രാജ്യങ്ങളുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യ വളര്‍ന്നു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
◾പ്രിയ മലയാളി സുഹൃത്തുക്കളേ, നമസ്‌കാരം എന്നു മലയാളത്തിലാണു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത്. തുടര്‍ന്ന് ഹിന്ദിയിലായി പ്രസംഗം. ആദിശങ്കരനും ശ്രീനാരായണ ഗുരുവും അടക്കമുള്ള മഹത് പ്രതിഭകളേയും നമ്പി നാരായണനേയും ഈ വര്‍ഷം പത്മ പുരസ്‌കാരം നേടിയവരെയും അനുസ്മരിച്ചു. മൊബൈല്‍ ഫോണുകളിലെ ടോര്‍ച്ച് ലൈറ്റ് ഓണ്‍ ചെയ്ത് ഭാരത് മാതാകീ ജയ്, വന്ദേ മാതരം വിളികള്‍ മുഴക്കിച്ചുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രസംഗം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അധ്യക്ഷനായി.
◾റോഡിലിറങ്ങി നടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. കസവുമുണ്ടും ജൂബയും ഷാളും ധരിച്ചാണ് പ്രധാനമന്ത്രി എത്തിയത്. വെണ്ടുരുത്തി പാലം മുതല്‍ നടന്നു തുടങ്ങിയ മോദിയെ റോഡിനിരുവശവും കാത്തുനിന്ന ജനക്കൂട്ടം മഞ്ഞപ്പൂക്കള്‍ വിതറിയാണ് വരവേറ്റത്. കാത്തുനിന്ന ജനങ്ങളെ മോദി കൈകളുയര്‍ത്തി അഭിവാദ്യം ചെയ്തു. ഏറെ സമയം കാറിന്റെ ഡോര്‍ തുറന്ന് തുങ്ങിനിന്നുകൊണ്ടും നരേന്ദ്രമോദി റോഡ് ഷോയില്‍ പങ്കെടുത്തു.
◾കൊച്ചിയില്‍ യുവം പരിപാടിയില്‍ പദ്മ പുരസ്‌കാര ജേതാക്കള്‍ അടക്കമുള്ള പൗരപ്രമുഖരെ അണിനിരത്തി ബിജെപി. പ്രകാശ് ജാവദേക്കര്‍, സുരേഷ് ഗോപി, നടിമാരായ അപര്‍ണ ബാലമുരളി, നവ്യ നായര്‍, സംഗീത മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്യ, ഗായകന്‍ വിജയ് യേശുദാസ്, ഉണ്ണി മുകുന്ദന്‍, അനില്‍ ആന്റണി തുടങ്ങിയവരും ബി ജെ പി സംസ്ഥാന നേതാക്കളും എത്തിയിരുന്നു.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിക്കുന്ന യുവ സംഗമം എന്ന പേരില്‍ കൊച്ചിയില്‍ നടത്തിയ യുവം പരിപാടി ബിജെപിയുടെ രാഷ്ട്രീയ സമ്മേളനമായി മാറി. പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ അവസരം നല്‍കുമെന്നു പ്രചരിപ്പിച്ചാണ് ആയിരക്കണക്കിനു യുവാക്കളെ സദസില്‍ എത്തിച്ചത്. ഇവന്റ് മാനേജുമെന്റ് സംഘത്തിന്റെ രാഷ്ട്രീയ സമ്മേളനമെന്നു മനസിലാക്കിയ സദസിലുള്ളവര്‍ മോദിയുടെ പ്രസംഗം പകുതിയായപ്പോഴേക്കും ഇറങ്ങിപ്പോകാന്‍ തുടങ്ങി. യുവം പരിപാടി മോദിയുടെ മന്‍ കി ബാത്തായെന്നു കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ പരിഹസിച്ചു.
◾യുവം പരിപാടി ബിജെപിയുടെ രാഷ്ട്രീയ സമ്മേളനം മാത്രമായിപ്പോയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. യുവജനതയ്ക്കു പ്രതീക്ഷ പകരുന്നതൊന്നും യുവം എന്ന പരിപാടിയില്‍ ഇല്ലായിരുന്നെന്നു വേണുഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും യുവാക്കളെ വഞ്ചിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ എംപി. പ്രധാനമന്ത്രിയുമായി സംവാദം എന്ന പേരില്‍ ക്ഷണിച്ചുവരുത്തിയ യുവാക്കളേയും വിദ്യാര്‍ത്ഥികളേയും വഞ്ചിച്ചെന്നു പ്രതാപന്‍ കുറ്റപ്പെടുത്തി. യുവം പരിപാടി കാറ്റു പോയ ബലൂണ്‍ പോലെയായെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനമാക്കിയെന്നും സനോജ് പരിഹസിച്ചു.
◾പ്രധാനമന്ത്രി പങ്കെടുത്ത യുവം വേദിക്കു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ അപ്രതീക്ഷിത പ്രതിഷേധം. മോദി ഗോ ബാക്ക് മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പി.എച്ച്. അനീഷിനെ ബിജെപി പ്രവര്‍ത്തകര്‍ കൈയേറ്റത്തിനു ശ്രമിച്ചെങ്കിലും പൊലീസ് ഉടനേ ഇയാളെ കസ്റ്റഡിയിലെടുത്തു.
◾സര്‍ക്കാരിനേയും ബിജെപിയേയും പിന്തുണയ്ക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവ സഭാധ്യക്ഷരോട് അഭ്യര്‍ത്ഥിച്ചു. വെല്ലിംഗ്ടണ്‍ ദ്വീപിലെ ഹോട്ടല്‍ താജ് മലബാറില്‍ എട്ടു ക്രൈസ്തവ മതമേലധ്യക്ഷരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ അഭ്യര്‍ത്ഥന. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളും മത്സ്യത്തൊഴിലാളികളുടെ പ്രതിസന്ധികളും ബിഷപ്പുമാര്‍ മോദിയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് എല്ലാവരുടേയും പിന്തുണ ആവശ്യപ്പെട്ടത്. സഭാധ്യക്ഷരുമായുള്ള കൂടിക്കാഴ്ചയും ബിജെപിയുടെ രാഷ്ട്രീയ തന്ത്രമായി.
◾പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു രാവിലെ തിരുവനന്തപുരത്ത്. രാവിലെ പത്തരയ്ക്ക് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് ട്രെയിന്‍ ഫ്ളാഗ്ഓഫ് ചെയ്യും. 11 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍മെട്രോ അടക്കം 3200 കോടിയുടെ വികസനപദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും നിര്‍വഹിക്കും. ഉച്ചവരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം.
◾കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഇന്നു നടത്തുന്ന അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പരീക്ഷ ഉച്ചയ്ക്കുശേഷമാക്കി. രാവിലെ 10.30 മുതല്‍ 12.30 വരെ നടത്താനിരുന്ന മെയിന്‍ പരീക്ഷയാണ് ഉച്ചക്കുശേഷം 2.30 മുതല്‍ 4.30 വരെയാക്കിയത്. പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമില്ല.
◾സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിക്കുന്ന ബില്ലുകളില്‍ ഗവണര്‍മാര്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ഭരണഘടന അങ്ങനെയാണ് അനുശാസിക്കുന്നത്. തെലങ്കാന ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി നീരീക്ഷിച്ചു.
◾ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന 'ഓപ്പറേഷന്‍ കാവേരി' രക്ഷാദൗത്യം മുന്നേറുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കുന്നതിനായി ഐഎന്‍എസ് സുമേധ എന്ന കപ്പല്‍ സുഡാന്‍ തുറമുഖത്ത് എത്തി. വ്യോമസേനയുടെ സി 130 ജെ എന്ന വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
◾സുഡാനില്‍നിന്ന് ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള 'ഓപ്പറേഷന്‍ കാവേരി'ക്കു നേതൃത്വം നല്‍കാന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രി നിര്‍ദേശിച്ചതനുസരിച്ചാണ് യാത്ര. ഓപറേഷന്‍ കാവേരിക്കു കേരളത്തിന്റെ പുത്രനായ മുരളീധരന്‍ നേതൃത്വം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ യുവം സമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു.
◾മയക്കുമരുന്നു കേസിന്റെ തൊണ്ടിമുതല്‍ മാറ്റിയെന്ന കേസില്‍ മന്ത്രി ആന്റണി രാജുവിനെതിരെ കോടതി നടപടി തുടങ്ങി. ആന്റണി രാജുവിനെതിരായ കുറ്റപത്രം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തിരുവനന്തപുരം ജെഎഫ്എംസി -രണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആന്റണി രാജുവും ക്ലര്‍ക്കായ ജോസും ചേര്‍ന്ന് രൂപം മാറ്റം വരുത്തിയെന്നാണു കേസ്.
◾സംസ്ഥാനത്തു 232 കോടി രൂപ മുടക്കി സ്ഥാപിച്ച കാമറകള്‍ എഐ കാമറകളല്ല, വെറും കാമറകളാണെന്ന് ആരോപണം. കാമറ രംഗത്തെ വിദഗ്ധരാണ് ഇക്കാര്യം ചുണ്ടിക്കാണിക്കുന്നത്. ഇതേസമയം, കരാര്‍ ഏറ്റെടുത്ത കെല്‍ട്രോണ്‍ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെല്‍ട്രോണ്‍ നേരിട്ട് ടെണ്ടര്‍ വിളിക്കണമെന്ന തീരുമാനം് ലംഘിച്ചാണ് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയത്. 151 കോടി ക്വോട്ട് ചെയ്ത കമ്പനിക്ക് അഞ്ച് വര്‍ഷത്തെ പരിപാലന ചെലവ് കൂടി അധികം നല്‍കി. 81 കോടിയുടെ അധിക ലാഭമുണ്ടാക്കാന്‍ കൂട്ടുനിന്നെന്നും ചെന്നിത്തല ആരോപിച്ചു.
◾കോടികള്‍ മുടക്കിയ എഐ ക്യാമറ ഇടപാടിലെ ഉപകരാര്‍ മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തിയാണ് ഒപ്പുവെച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്വകാര്യ കമ്പനിയുമായി കെല്‍ട്രോണ്‍ ഒപ്പുവച്ച കരാറും സ്വകാര്യ കമ്പനി ഏര്‍പ്പെട്ട ഉപകരാറും മന്ത്രിസഭയില്‍നിന്ന് മറച്ചുവച്ചു. കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയ എസ്ആര്‍ഐടിക്ക് ഊരാളുങ്കലുമായി ബന്ധമുണ്ടെന്നും കോടികളുടെ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
◾എ ഐ ക്യാമറകള്‍ സ്ഥാപിച്ച് നിയമലംഘകരെ പിടികൂടുന്നവര്‍ക്കു കാര്‍ വാങ്ങാന്‍ പണം കാണും, എന്നാല്‍ ജനങ്ങളില്‍ എല്ലാവര്‍ക്കും കാര്‍ വാങ്ങാനാവില്ലെന്നും ഇടതുപക്ഷ എം എല്‍ എയായ കെ ബി ഗണേഷ് കുമാര്‍. ഭാര്യക്കും ഭര്‍ത്താവിനുമൊപ്പം കുഞ്ഞിനെ ബൈക്കില്‍ കൊണ്ടു പോകുന്നതിനു ഫൈന്‍ അടിക്കുന്നത് ദ്രോഹമാണെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
◾നടന്‍ മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം കാളികാവില്‍ ഫുട്ബോള്‍ മല്‍സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ മാമുക്കോയയെ വണ്ടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ലാവ്‌ലിന്‍ കേസ് 33-ാം തവണ മാറ്റിവച്ചതിനു പിറകിലുള്ള നാടകത്തിലെ രഹസ്യം എന്നെങ്കിലും പുറത്തുവരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇത്രയേറെ തവണ മാറ്റിവയ്ക്കപ്പെട്ട മറ്റൊരു സുപ്രധാന കേസ് സുപ്രീംകോടതിയുടെ ചരിത്രത്തില്‍ കാണില്ല. ചിലരുമായുള്ള അന്തര്‍ധാരയുടെ പ്രതിഫലനമാണ് ഇവിടെ കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.
◾വിയ്യൂര്‍ അതിസുരക്ഷ ജയിലിലെ തടവുകാരനില്‍നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി. മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. പോക്സോ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പുതുക്കാട് സ്വദേശി രതീഷിനെ (35) അറസ്റ്റു ചെയ്തു.
◾ആലപ്പുഴ ബൈപ്പാസില്‍ വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു. ആലപ്പുഴ സനാതനപുരം വാര്‍ഡില്‍ കാര്‍ത്തികയില്‍ മാലാ ശശിയാണ്(48) മരിച്ചത്. മാതാ സീനിയര്‍ സെക്കന്ററി സ്‌കൂളിലെ സയന്‍സ് അധ്യാപിയാണ്.
◾മലപ്പുറം കൊണ്ടോട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച ഫുട്ബോള്‍ പരിശീലകന്‍ അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ബഷീര്‍ ആണ് പിടിയിലായത്.
◾തിരുവനന്തപുരം കാട്ടാക്കടയില്‍ ഇ പോസ് മെഷീന്‍ തകരാര്‍മൂലം സാധനം നല്‍കാന്‍ കഴിയാത്തതിന് ജീവനക്കാരിയെ മര്‍ദിച്ചു. കാട്ടാക്കട തേവന്‍കോട് റേഷന്‍കടയുടമ റെജിയുടെ ഭാര്യ സുനിതയ്ക്കാണ് മര്‍ദനമേറ്റത്.
◾കായംകുളം ഓച്ചിറ അഴീക്കല്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഓച്ചിറ മേമന ഷെഹ്ന മന്‍സില്‍ ഷെറഫ്ദ്ദീന്റെയും സജീനയുടെയും മകളായ ഷെഹന (16) യാണ് മരിച്ചത്.
◾കോഴിക്കോട് കൊളത്തൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ബിനീഷിന്റെ കൊലയാളികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. ബിനീഷിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നതാണെന്നാണ് ബന്ധുക്കളുടെ പരാതി.
◾ചിറ്റാരിക്കലില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ മുള്ളന്‍ പന്നി ഇടിച്ച് അച്ഛനും മകനും പരിക്കേറ്റു. ചെറുപുഴ കാറ്റാം കവല സ്വദേശി സജി കളപ്പുര, മകന്‍ ജോണ്‍സ്, എന്നിവര്‍ക്കാണ് പരിക്കേറ്റത്.
◾പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഈഗോ തടസമാകില്ല. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള പ്രതിപക്ഷ ഐക്യ ചര്‍ച്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത. 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടുമെന്ന് മമത ബാനര്‍ജി പറഞ്ഞു.
◾പ്രതിപക്ഷ ഐക്യത്തിനൊപ്പം ഉണ്ടാകുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറുമായി കൂടിക്കാഴ്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കാനും ബിജെപിയെ അധികാരത്തില്‍നിന്ന് നീക്കാനും നിതീഷ് കുമാറിനൊപ്പം നില്‍ക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
◾ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട മുന്‍ എംപിയും അധോലോക നേതാവുമായ അതീഖ് അഹമ്മദിന്റെ മകന്‍ അസദിനേയും സഹായി ഗുലമിനേയും ഏറ്റുമുട്ടലില്‍ പോലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ യോഗി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവം നടന്നു രണ്ടാഴ്ചയ്ക്കുശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിരമിച്ച ഹൈക്കോടതി ജഡ്ജി ആര്‍.എല്‍.മെഹ്‌റോത്രയുടെ നേതൃത്വത്തില്‍ രണ്ടംഗ കമ്മിഷനാകും അന്വേഷിക്കുക.
◾കോടതിയുടെ പരിഗണനയിലിരിക്കന്ന കേസുകളെക്കുറിച്ചു ജഡ്ജിമാര്‍ മാധ്യമങ്ങളോടു പ്രതികരിക്കരുതെന്ന് സുപ്രീം കോടതി. അഭിഷേക് ബാനര്‍ജിക്കെതിരായ കേസില്‍ കല്‍ക്കട്ട ഹൈക്കോടതി സിറ്റിംഗ് ജഡ്ജി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ അഭിമുഖം നല്‍കിയ നടപടിയെ വിമര്‍ശിച്ചാണ് സുപ്രീം കോടതിയുടെ ഈ പ്രതികരണം. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി രജിസ്ട്രാറിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.
◾തമിഴ്നാട്ടിലെ ജോലി സമയം 12 മണിക്കൂറായി വര്‍ധിപ്പിക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ പിന്‍വലിച്ചു. ഭരണപക്ഷത്തുനിന്നും എതിര്‍പ്പുയര്‍ന്നതാണു കാരണം. നാലു ദിവസം ജോലിയും മൂന്നു ദിവസം അവധിയുമാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം.
◾150 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തില്‍ തീ. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തിലാണു സംഭവം. ദുബായിലേക്കുള്ള ഫ്ളൈ ദുബൈ വിമാനത്തിലാണ് തീ പിടിച്ചത്. വിമാനം തിരിച്ചിറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പൈലറ്റ് എന്‍ജിന്‍ ഓഫ് ചെയ്ത ശേഷം രണ്ടാമത്തെ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച് വിമാനം യാത്ര തുടരുകയായിരുന്നു.
◾പാകിസ്ഥാനില്‍ പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ 12 പൊലീസുകാര്‍ കൊല്ലപ്പെട്ടു. നാല്‍പതിലേറെ പേര്‍ക്കു പരിക്ക്. പാകിസ്ഥാനിലെ സ്വാതിലെ തീവ്രവാദ വിരുദ്ധ വകുപ്പിന് കീഴിലുള്ള പൊലീസ് സ്റ്റേഷനിലാണ് പൊട്ടിത്തെറിയുണ്ടായത്.
◾ട്വിറ്റര്‍ പ്രമുഖ വ്യക്തികളുടെ ബ്ലൂടിക്ക് ബാഡ്ജുകള്‍ പുനഃസ്ഥാപിച്ചു. പണമടയ്ക്കാത്ത എല്ലാ ട്വിറ്റര്‍ അക്കൗണ്ടുകളിലെയും ബ്ലൂ ചെക്ക് മാര്‍ക്കുകള്‍ ട്വിറ്റര്‍ എടുത്തുകളഞ്ഞിരുന്നു.
◾ഐപിഎല്ലില്‍ അവസാന സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഏഴ് റണ്‍സിന്റെ വിജയം. ഹൈദരാബാദ് ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
◾അദാനി ഗ്രൂപ്പിനു കീഴിലുള്ള കമ്പനിയായ അദാനി പോര്‍ട്ട് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ 130 മില്യണ്‍ ഡോളറി (1100 കോടി രൂപ) ന്റെ വിദേശ കടപത്രങ്ങള്‍ തിരിച്ചു വാങ്ങാനാരംഭിച്ചു. 2024 ല്‍ കാലാവധി അവസാനിക്കുന്ന കടപത്രങ്ങളാണ് മുന്‍കൂറായി പണം നല്‍കി തിരിച്ചു വാങ്ങുന്നത്. തിരിച്ചുവാങ്ങല്‍ തീരുമാനത്തിനു പിന്നാലെ ഗ്രൂപ്പിന്റെ 15 ല്‍ 10 ഡോളര്‍ ബാണ്ടുകളുടേയും വില ഇന്ന് ഉയര്‍ന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. വരും പാദങ്ങളിലും 1100 കോടി രൂപയുടെ വീതം കടപത്രങ്ങള്‍ തിരിച്ചു വാങ്ങാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച രേഖകളില്‍ ഗ്രൂപ്പ് വ്യക്തമാക്കുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ ഈ വര്‍ഷം ആദ്യം ഗ്രൂപ്പിന്റെ ഓഹരി വിലകള്‍ ഇടിഞ്ഞതു മൂലം നഷ്ടപ്പെട്ട നിക്ഷേപകരുടെ ആത്മവിശ്വാസം തിരികെ പിടിക്കാനാണ് ശ്രമം. കൂടാതെ കമ്പനിയുടെ സാമ്പത്തിക നിലഭദ്രമാണെന്ന് തെളിയിക്കാനും ഇതു വഴി ഗ്രൂപ്പ് ലക്ഷ്യമിടുന്നു. ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന ഗ്രൂപ്പിന്റെ ഏഴ് ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യത്തില്‍ ജനുവരി 24 മുതല്‍ 114 ബില്യണ്‍ ഡോളറോളം നഷ്ടം സംഭവിച്ചിരുന്നു.
◾മമ്മൂട്ടിയുടെ ശബ്ദഗാംഭീര്യത്തില്‍ 'ഏജന്റ്' ട്രെയ്ലര്‍ വീണ്ടുമെത്തി. ചിത്രത്തിന്റെ ട്രെയ്ലര്‍ ഏപ്രില്‍ 18 ന് പുറത്തെത്തിയത് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഡയലോഗുകള്‍ പലതും മറ്റൊരാളുടെ ശബ്ദത്തിലായിരുന്നു. മമ്മൂട്ടി ഡബ്ബിംഗ് പൂര്‍ത്തിയാക്കും മുന്‍പ് മുന്‍നിശ്ചയപ്രകാരം ട്രെയ്ലര്‍ പുറത്തിറക്കുന്നതിനു വേണ്ടിയായിരുന്നു ഈ ഡബ്ബിംഗ്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിലെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ എല്ലാ ഡയലോഗുകളും അദ്ദേഹം തന്നെ പറയുന്ന തരത്തില്‍ ചിത്രത്തിന്റെ മലയാളം ട്രെയ്ലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. തെലുങ്കിലും മമ്മൂട്ടി തന്നെയാണ് ഡബ്ബിംഗ് പൂര്‍ണ്ണമായും ചെയ്യുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് 'ഏജന്റ്'. അഖില്‍ അക്കിനേനി നായകനാവുന്ന ചിത്രത്തില്‍ മേജര്‍ മഹാദേവന്‍ എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം പാന്‍ ഇന്ത്യന്‍ റിലീസ് ആയി ഏപ്രില്‍ 28 ന് ആണ് എത്തുക. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) തലവന്‍ മേജര്‍ മഹാദേവനായാണ് മമ്മൂട്ടി ഏജന്റില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനാണ് അഖില്‍ അക്കിനേനിയുടെ കഥാപാത്രം. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ചിത്രത്തിലെ ദി ഗോഡ് എന്ന നിര്‍ണ്ണായക വേഷത്തില്‍ ഡിനോ മോറിയ അഭിനയിക്കുന്നുണ്ട്.
◾പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിലെ ഒരു ഗാനത്തിന്റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 'ചിന്നഞ്ജിറു നിലവേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഇലങ്കോ കൃഷ്ണന്‍ ആണ്. സംഗീതം എ ആര്‍ റഹ്‌മാന്‍. ഹരിചരണ്‍ ആണ് പാടിയിരിക്കുന്നത്. വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലനും ഐശ്വര്യ റായ് അവതരിപ്പിക്കുന്ന നന്ദിനിക്കും ഇടയിലുള്ള കൗമാരകാലം മുതലുള്ള സവിശേഷബന്ധത്തെ ദൃശ്യവല്‍ക്കരിക്കുന്ന ഗാനമാണിത്. ഏപ്രില്‍ 28 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക. അഡ്വാന്‍സ് റിസര്‍വേഷന്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ചിത്രം 4ഡിഎക്സിലും റിലീസ് ചെയ്യും എന്നത് രണ്ടാം ഭാഗത്തിന്റെ മറ്റൊരു കൗതുകമാണ്. ചലിക്കുന്ന സീറ്റുകളും സ്‌ക്രീനില്‍ കാണുന്ന ദൃശ്യങ്ങള്‍ക്കനുസരിച്ച് കാറ്റ്, മഞ്ഞ്, സുഗന്ധം തുടങ്ങിയവയുടെയൊക്കെ നേരനുഭവങ്ങളും കാണിക്ക് പ്രദാനം ചെയ്യുന്നവയാണ് 4ഡിഎക്സ് തിയറ്ററുകള്‍. കേരളത്തില്‍ നിലവില്‍ തിരുവനന്തപുരത്തും എറണാകുളത്തും 4ഡിഎക്സ് തിയറ്ററുകള്‍ ഉണ്ട്.
◾വില്പനയില്‍ കുതിപ്പുമായി ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി. 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ 1,950 യൂണിറ്റുകള്‍ ഔഡി വില്പന നടത്തിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 126 ശതമാനം വളര്‍ച്ച കൈവരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി പറയുന്നതനുസരിച്ച് ഈ കാലഘട്ടത്തില്‍ മൊത്തം വില്പനയുടെ 60 ശതമാനം എസ്യുവികളാണ് സംഭാവന ചെയ്തത്. അടുത്തിടെ പുറത്തിറക്കിയ ക്യു 3, ക്യു 3 സ്‌പോര്‍ട്ബാക്കുകള്‍ക്ക് ശക്തമായ ഡിമാന്‍ഡ് ലഭിച്ചതായി കമ്പനി വ്യക്തമാക്കുന്നു. ക്യു7, ക്യു8, എ8എല്‍ തുടങ്ങിയ മോഡലുകളും വിപണിയില്‍ മികച്ച സ്വീകാര്യതയാണ് നേടിയത്. എ4, എ6, എ8എല്‍ തുടങ്ങിയ സെഡാനുകളാണ് ഔഡി ഇന്ത്യയുടെ നിലവിലെ ഉത്പന്ന പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുന്നത്. ക്യു 3, ക്യു 5 മുതല്‍ ക്യു 7, ക്യു 8 വരെയുള്ള വിപുലമായ ശ്രേണിയിലുള്ള എസ്യുവികളും കമ്പനി വാഗ്ദാനം ചെയ്യുന്നു, അതേസമയം പ്രകടന ലൈനപ്പില്‍ എസ് 5 സ്‌പോര്‍ട്ട്ബാക്ക്, ആര്‍എസ് 5 സ്‌പോര്‍ട്ട്ബാക്ക്, ആര്‍ എസ് ക്യു 8 എന്നിവ ഉള്‍പ്പെടുന്നു. ഔഡിയുടെ ഇലക്ട്രിക് വാഹന ശ്രേണിയില്‍ ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് 55, ഇ-ട്രോണ്‍ ജിടി, ആര്‍എസ് ഇ-ട്രോണ്‍ ജിടി എന്നിവ ഉള്‍പ്പെടുന്നു.
◾വെറും കലിപിത കഥകളല്ല രവിക്കുട്ട ചരിതം ഓട്ടക്കഥ. മാമ്പഴക്കാലത്തില്‍ തുടങ്ങി ഏഴാമത്തെ പുസ്തകമായ രവിക്കുട്ടചരിതം ഓട്ടക്കഥയിലേയ്ക്ക് എത്തുമ്പോള്‍ അജോയ് കുമാറിന്റെ രചനാ വൈഭവത്തിന്റെ ഗ്രാഫ് ഒരു പടി കൂടി മുകളിലേയ്ക്ക് ഉയര്‍ന്നിരിക്കുന്നു. ഓരോ ചരിതങ്ങളും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്താണ് എഴുത്തുകാരന്‍ അനുവാചകരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. 'രവിക്കുട്ടചരിതം ഓട്ടക്കഥ'. അജോയ് കുമാര്‍ എം എസ്. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 190 രൂപ.
◾വേനല്‍ക്കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. ചില മരുന്നുകള്‍ നിര്‍ജ്ജലീകരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ വേനല്‍ക്കാലം രോഗത്തിനെതിരെ പോരാടുന്നവര്‍ക്ക് പ്രത്യേകിച്ച് കഠിനമായിരിക്കും. ശരീരത്തില്‍ ആവശ്യത്തിന് ദ്രാവകങ്ങള്‍ ഇല്ല എന്നതിനര്‍ത്ഥം രക്തത്തിലെ പഞ്ചസാരയുടെ അളവ് നാഡീ ക്ഷതം, ഹൃദയാഘാതം, കിഡ്‌നി പ്രശ്‌നം, മറ്റ് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും എന്നാണ്. 1.5-2 ലിറ്റര്‍ വെള്ളം പ്രമേഹമുള്ളവര്‍ക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതേസമയം മോര്, തേങ്ങാവെള്ളം, ശുദ്ധമായ നാരങ്ങാവെള്ളം, തണ്ണിമത്തന്‍, വെള്ളരിക്ക, തൈര് തുടങ്ങിയ ജലാംശം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വേനല്‍ക്കാലത്തെ ചൂടിന്റെ പാര്‍ശ്വഫലങ്ങളെ ചെറുക്കാന്‍ സഹായിക്കുകയും. നിങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. ഉയര്‍ന്ന ചൂട് അമിതമായ വിയര്‍പ്പിലേക്ക് നയിക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം. ഇത് നിലവിലുള്ള നിര്‍ജ്ജലീകരണത്തിന് കാരണമാകുന്ന മൂത്രവിസര്‍ജ്ജനം വര്‍ദ്ധിപ്പിക്കും. പ്രമേഹ സങ്കീര്‍ണതകള്‍ രക്തക്കുഴലുകളെ തകരാറിലാക്കും. വിയര്‍പ്പ് ഗ്രന്ഥികളെ ബാധിക്കുന്ന ഞരമ്പുകളും ശരീരത്തെ ഫലപ്രദമായി തണുപ്പിക്കാതെ നയിക്കുന്നു. ആവശ്യത്തിന് ദ്രാവകം കുടിക്കാത്തതും ഗ്ലൂക്കോസിന്റെ അളവും ഉയര്‍ന്ന രക്തത്തിലെ ഗ്ലൂക്കോസും വര്‍ദ്ധിപ്പിക്കുന്നു. പ്രമേഹമുള്ളവര്‍ക്ക് വേനല്‍ക്കാല പഴങ്ങള്‍ നല്ലൊരു ഓപ്ഷനാണ്. മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, വിറ്റാമിന്‍ കെ, വിറ്റാമിന്‍ എ, അവശ്യ ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.