◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിനു രണ്ടു ദിവസം മാത്രം ശേഷിച്ചിരിക്കേ, സുരക്ഷാ വീഴ്ചകളില്‍ വലഞ്ഞ് പോലീസ്. ഇന്റലിജന്‍സിന്റെ സുരക്ഷാ റിപ്പോര്‍ട്ട് ചോര്‍ന്നതും ഭീഷണിക്കത്തും സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ടു തേടി. രണ്ടു വിഷയങ്ങളിലും കേരള പോലീസ് അന്വേഷണം നടത്തിവരികയാണ്. കൊച്ചിയില്‍ ബിജെപി സംഘടിപ്പിക്കുന്ന യുവം പരിപാടിക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന റോഡ് ഷോയുടെ സുരക്ഷാ ആലോചന യോഗത്തിലെ തര്‍ക്കങ്ങളും വിവാദമായി.
◾പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ആരോപണം ഉന്നയിച്ച ജമ്മു കാഷ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. സിബിഐ അടുത്ത ദിവസം ചോദ്യം ചെയ്യാനിരിക്കേയാണ് ഡല്‍ഹി പോലീസ് പൊക്കിയത്. അനുമതിയില്ലാതെ ഖാപ്പ് പഞ്ചായത്ത് യോഗം ചേര്‍ന്നെന്ന് ആരോപിച്ചാണ് പോലീസ് കര്‍ഷകര്‍ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തത്. ഇനിയും സ്ഫോടനാത്മക വിവരങ്ങള്‍ പറയാനുണ്ടെന്നും തന്റെ കൈയിലുള്ള ചില രേഖകള്‍ തട്ടിയെടുക്കാനാണു സിബിഐ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾വന്ദേ ഭാരത് എക്സ്പ്രസിനു ഷൊര്‍ണൂരിലും സ്റ്റോപ്പ്. യാത്രാസമയം എട്ടു മണിക്കൂര്‍ അഞ്ചു മിനിറ്റ്. തിരുവനന്തപുരത്തുനിന്ന് 5.20 ന് പുറപ്പെടുന്ന ട്രെയിന്‍ കാസര്‍കോട് ഒന്നരയ്ക്ക് എത്തും. ഫ്ളാഗ് ഓഫ് ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രിയും പങ്കെടുക്കും. നേമം, കൊച്ചുവേളി ടെര്‍മിനലുകളുടെ ഉദ്ഘാടനവും വന്ദേഭാരതിന്റെ വേഗത തിരുവനന്തപുരം - ഷൊര്‍ണൂര്‍ വരെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പണികളുടെ ഉദ്ഘാടനവും നടക്കും. വന്ദേഭാരതിന് ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പ് ഇല്ല.
◾വന്ദേഭാരത് ട്രെയിനിന്റെ സ്റ്റോപ്പുകളും സമയക്രമവും: തിരുവനന്തപുരം - 5.20, കൊല്ലം - 6.07, കോട്ടയം - 7.20, എറണാകുളം - 8.17, തൃശ്ശൂര്‍ - 9.22, ഷൊര്‍ണൂര്‍ - 10.02, കോഴിക്കോട് - 11.03, കണ്ണൂര്‍ 12.02, കാസര്‍കോട് - 1.30. കാസര്‍കോടുനിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കു പുറപ്പെടുന്ന ട്രെയിന്‍ രാത്രി പത്തരയ്ക്ക് തിരുവനന്തപുരത്ത് എത്തും. കാസര്‍കോട് - 2.30, കണ്ണൂര്‍ - 3.28, കോഴിക്കോട് - 4.28, ഷൊര്‍ണ്ണൂര്‍ - 5.28, തൃശ്ശൂര്‍ - 6.03, എറണാകുളം - 7.05, കോട്ടയം - 8, കൊല്ലം - 9.18, തിരുവനന്തപുരം - 10.35.
◾ചൊവ്വാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വാട്ടര്‍ മെട്രോ യാത്രാനിരക്കുകള്‍ 20 രൂപ മുതല്‍ 40 രൂപ വരെ. കെഎംആര്‍എല്‍ ആണു നിരക്കു പ്രഖ്യാപിച്ചത്. രാവിലെ ഏഴു മുതല്‍ രാത്രി എട്ടുവരെയാണ് സര്‍വീസ്. തിരക്കുള്ളപ്പോള്‍ 15 മിനിറ്റ് ഇടവേളകളില്‍ സര്‍വീസുണ്ടാകും. ബുധനാഴ്ച രാവിലെ ഏഴിന് ഹൈക്കോടതി വൈപ്പിന്‍ റൂട്ടിലാണ് ആദ്യ സര്‍വീസ്.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിച്ച് കൊച്ചിയില്‍ ബിജെപി നടത്തുന്ന റോഡ് ഷോയില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതു സംബന്ധിച്ച് ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തര്‍ക്കം. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുന്നത് അപകടകരമാണെന്ന് പോലീസ് നേതൃത്വം. മോദിയെ കാണാന്‍ റോഡരികില്‍ ആളുകള്‍ കൂടുന്നതു തടയാനാവില്ലെന്നു ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സതേണ്‍ നേവല്‍ കമാന്‍ഡന്റിന്റെ ഐഎന്‍എസ് ഗരുഡയില്‍നിന്ന് സേക്രഡ് ഹാര്‍ട്ട് കോളജ് വരെയാണ് റോഡ് ഷോ. അതിനുശേഷമാണ് കോളജ് ഗ്രൗണ്ടില്‍ യുവം പരിപാടി.
◾എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹി തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. 19 വര്‍ഷമായി താമസിച്ചിരുന്ന വസതിയാണ് രാഹുല്‍ ഒഴിഞ്ഞത്. സോണിയ ഗാന്ധിയുടെ 10 ജന്‍പഥിലേക്ക് രാഹുല്‍ താല്‍ക്കാലികമായി മാറും.
◾മോട്ടോര്‍ വാഹന നിയമ ലംഘനം പിടികൂടാന്‍ വാങ്ങിയ ഓരോ കാമറകയ്ക്കും 33 ലക്ഷം രൂപയാണു വിലയെന്നു വിശ്വസിക്കാനാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 236 കോടി രൂപ മുടക്കിയാണ് 726 കാമറകള്‍ സ്ഥാപിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. യഥാര്‍ത്ഥ ചെലവു കണക്ക് സര്‍ക്കാര്‍ പുറത്തുവിടണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
◾കോതമംഗലം വടാട്ടുപാറ പലവന്‍പടി പുഴയില്‍ രണ്ടു പേര്‍ മുങ്ങിപ്പോയി. തോപ്പുംപടി സ്വദേശികളായ അഞ്ചംഗ സംഘത്തിലെ ആന്റണി ബാബു, ബിജു എന്നിവരെയാണ് പുഴയില്‍ കാണാതായത്.
◾ഇടുക്കി പൂപ്പാറ തോണ്ടിമലയില്‍ തിരുനെല്‍വേലി സ്വദേശികള്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് നാലു പേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. തിരുനെല്‍വേലി സ്വദേശി സി പെരുമാള്‍ (59), വള്ളിയമ്മ (70), വിശ്വ (8), സുധ (20) എന്നിവരാണു മരിച്ചത്.
◾സ്വാഭാവിക റബര്‍ ഉല്‍പാദനത്തിന്റെ 95 ശതമാനവും നടക്കുന്ന കേരളത്തില്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ സ്വാഭാവിക റബറിന്റെ താങ്ങുവില 250 രൂപയാക്കി വര്‍ധിപ്പിച്ചുകൊണ്ടുളള പ്രഖ്യാപനം നടത്തണമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി ആവശ്യപ്പെട്ടു.
◾നാലു ദിവസം മഴ പെയ്യാന്‍ സാധ്യത. ഇടുക്കി ജില്ലയിലെ ഉപ്പുതറ, കാഞ്ചിയാര്‍, കട്ടപ്പന എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും മഴയും. പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ടയിലും ശക്തമായ മഴയ്ക്കു സാധ്യത. തിരുവനന്തപുരം മുതല്‍ കോഴിക്കോട്, വയനാട് വരെയുള്ള ജില്ലകളില്‍ അടുത്ത രണ്ടു ദിവസം മഴയ്ക്കു സാധ്യതയെന്നും മുന്നറിയിപ്പ്.
◾തൃശൂര്‍ പൂരത്തിനു നാളെ കൊടിയേറും. അടുത്ത ഞായറാഴ്ചയാണു തൃശൂര്‍ പൂരം. മേയ് ഒന്നിനു പുലര്‍ച്ചെ മൂന്നിനാണു വെടിക്കെട്ട്. ഉച്ചയോടെ പൂരത്തിനു സമാപനമാകും.
◾മലപ്പുറം എടവണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ റിദാന്‍ ബാസിലിന്റെ നെഞ്ചിലടക്കം മൂന്നിടത്ത് വെടിയേറ്റതായി കണ്ടെത്തി. തലക്കു പിന്നില്‍ അടിയേറ്റുണ്ടായ പരിക്കുമുണ്ട്. ചെമ്പകുത്ത് മലയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ലഹരി മരുന്നു സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം.
◾കണ്ണൂരില്‍ റിസോര്‍ട്ട് ഉടമ നായാട്ടിനിടെ വെടിയേറ്റു മരിച്ച സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ടു പേര്‍ അറസ്റ്റില്‍. നായാട്ടു സംഘത്തില്‍ ഉണ്ടായിരുന്ന പള്ളത്ത് നാരായണന്‍, രജീഷ് അമ്പാട്ട് എന്നിവരെയാണ് പയ്യാവൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. കള്ളത്തോക്ക് ഉപയോഗിച്ചതിനാണ് അറസ്റ്റ്. തോക്ക് താഴെ വീണ് അബദ്ധത്തില്‍ വെടിപൊട്ടിയാണ് മരിച്ചതെന്നാണ് കസ്റ്റഡിയിലുള്ളവരുടെ മൊഴി.
◾തിരുവനന്തപുരം കിള്ളിപ്പാലത്ത് ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തിയ അഞ്ചംഗ സംഘത്തെ 65 ഗ്രാം എംഡിഎംഎയുമായി പിടികൂടി. തിരുവല്ലം സ്വദേശി സുഹൈദിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗ്ലൂരില്‍നിന്നാണ് എംഡിഎംഎ എത്തിച്ചിരുന്നത്.
◾അട്ടപ്പാടി തമിഴ്നാട് അതിര്‍ത്തിയിലെ ഊരടം ഊരിലെ ആദിവാസി കുടുംബത്തെ കഞ്ചാവ് തോട്ടം അന്വേഷിച്ചെത്തിയ തമിഴ്നാട് പൊലീസുകാരനും വനം വകുപ്പ് വാച്ചര്‍മാരും ചേര്‍ന്നു മര്‍ദ്ദിച്ചെന്നു പരാതി. കുറുമ്പ വിഭാഗത്തില്‍പെട്ട രാമനും ഭാര്യ മലരും പരുക്കുകളോടെ ആശുത്രിയിലാണ്. അന്വേഷിച്ച് കേസെടുക്കുമെന്ന് പുതൂര്‍ പൊലീസ്.
◾ട്രെയിനില്‍ 27 കിലോ കഞ്ചാവ് ട്രോളികളിലാക്കി കടത്തിയ മൂന്നു പേര്‍ ആലുവയില്‍ പിടിയില്‍. ഒഡീഷ സ്വദേശികളായ രജനീകാന്ത് മാലിക്, ശര്‍മേന്ത പ്രധാന്‍, ചെക്ക്ഡാല പ്രധാന്‍ എന്നിവരാണ് പിടിയിലായത്.
◾വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയെ ഐഎസ്ആര്‍ഒയുടെ വാണിജ്യ സേവന സ്ഥാപനമായ ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡിന് കൈമാറും. അടുത്ത ഫെബ്രുവരിയില്‍ മനുഷ്യരില്ലാത്ത പേടകം വിക്ഷേപിക്കും. ജൂണില്‍ ഗഗന്‍യാന്‍ പരീക്ഷണങ്ങള്‍ വീണ്ടും തുടങ്ങുമെന്നും ഇസ്രോ അധികൃതര്‍ വ്യക്തമാക്കി. എസ്എല്‍വി സി 55 ന്റെ വാണിജ്യ വിക്ഷേപണം വിജയകരമായി ഇന്നലെ നടത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് പിഎസ്എല്‍വി സി 55 വിക്ഷേപിച്ചത്. സിംഗപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ടെലിയോസ് -02, ലൂമിലൈറ്റ് 4 എന്നിവ ഭ്രമണപഥത്തില്‍ എത്തിച്ചു. എസ്ടി എന്‍ജിനീയറിംഗാണ് 750 കിലോ ഭാരമുള്ള ടെലിയോസ് -02 ഉപഗ്രഹം നിര്‍മിച്ചത്.
◾മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട് പാറ്റ്ന കോടതി അയച്ച സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബീഹാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
◾മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും മോട്ടോര്‍ വാഹന, ട്രാഫിക് നിയമങ്ങളും ലംഘിക്കുന്നതു കണ്ടെത്തി പിഴ ചുമത്താന്‍ ഡല്‍ഹിയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ സ്ഥാപിക്കും. ഡല്‍ഹി ഗതാഗത വകുപ്പാണ് ഇക്കാര്യം വെളിപെടുത്തിയത്. എല്ലാ കുറ്റകൃത്യങ്ങളും കാമറകള്‍ പകര്‍ത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
◾പശ്ചിമബംഗാളിലെ ഉത്തര്‍ ദിനജ്പൂരില്‍ കൂട്ട ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് വലിച്ചിഴച്ചതില്‍ പ്രതിഷേധം. പോലീസുകാര്‍ മൃതദേഹം വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് ഡിജിപിക്ക് നോട്ടീസയച്ചു.
◾മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്നു പറഞ്ഞ എന്‍സിപി നേതാവ് അജിത് പവാറിനെ പരിഹസിച്ച് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. മുഖ്യമന്ത്രിയാകണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ എല്ലാവര്‍ക്കും എത്തിപ്പെടാന്‍ പറ്റുന്ന സ്ഥാനമല്ല അതെന്നുമാണ് ഫഡ്നാവിസ് പ്രതികരിച്ചത്.
◾ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍ നിന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 157 പേരെ രക്ഷപ്പെടുത്തി സൗദി അറേബ്യ. പെരുനാള്‍ പ്രമാണിച്ച് വെടിനിറുത്തല്‍ പ്രഖ്യാപിച്ചിരിക്കേ, സൗദി നാവിക സേനയുടെ നേതൃത്വത്തില്‍ കപ്പല്‍ മാര്‍ഗമാണു ഇത്രയും പേരെ രക്ഷപെടുത്തിയത്. രക്ഷാപ്രവര്‍ത്തനം ഇനിയും തുടരുമെന്ന് സൗദി അറിയിച്ചു.
◾യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സെപ്റ്റംബറില്‍ ഇന്ത്യയിലേക്ക്. ജി 20 ഉച്ചകോടിയുടെ ഭാഗമായാണ് സന്ദര്‍ശനം. ദക്ഷിണ മധ്യേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി ഡൊണള്‍ഡ് ലു ആണ് ഇക്കാര്യം അറിയിച്ചത്.
◾ഈ വര്‍ഷം ഇന്ത്യക്കാര്‍ക്ക് പത്തു ലക്ഷത്തിലധികം യുഎസ് വിസ അനുവദിച്ചേക്കും. പ്രഫഷണലുകള്‍ക്കു നല്‍കുന്ന എച്ച് വണ്‍ ബി വിസ, വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റുഡന്റ് വിസ, ടൂറിസ്റ്റു വിസ എന്നിവ ഉള്‍പെടെയാണിത്.
◾യുഎസില്‍ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന ആന്ധ്രപ്രദേശുകാരനായ വിദ്യാര്‍ത്ഥി പെട്രോള്‍ പമ്പില്‍ ജോലി ചെയ്യവേ കവര്‍ച്ചാസംഘത്തിന്റെ വെടിയേറ്റു മരിച്ചു. ഒഹായോയിലെ പെട്രോള്‍ സ്റ്റേഷനിലായിരുന്നു സംഭവം. ഏലൂരില്‍ നിന്നുള്ള സയേഷ് വീര (24) യാണ് കൊല്ലപ്പെട്ടത്.
◾സൂപ്പര്‍ കപ്പില്‍ ഇന്നലെ നടന്ന രണ്ടാം സെമിയില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി ഒഡിഷ എഫ്‌സി ഫൈനലില്‍. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഒഡിഷയുടെ ജയം. ഒരു ഗോളിന് പിന്നിലായ ശേഷമായിരുന്നു ഒഡിഷയുടെ വിജയം. 25-ന് നടക്കുന്ന ഫൈനലില്‍ ഒഡിഷ, ബെംഗളൂരു എഫ്‌സിയെ നേരിടും.
◾ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ അവിശ്വസനീയ തിരിച്ചുവരവിലൂടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം. 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ 15 ഓവറില്‍ 106-2 എന്ന ശക്തമായ നിലയിലായിരുന്നിട്ടും 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 7 വിക്കറ്റിന് 128 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. നായകന്‍ കെ എല്‍ രാഹുല്‍ 61 പന്തില്‍ 68 റണ്‍സ് നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. 12റണ്‍സ് വേണ്ടിയിരുന്ന മോഹിത് ശര്‍മ്മയുടെ അവസാന ഓവറില്‍ നാല് വിക്കറ്റുകള്‍ ലഖ്‌നൗവിന് നഷ്ടമായി.
◾ഐപിഎല്ലിലെ രണ്ടാമത്തെ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിന്റെ അര്‍ഷ്ദീപ് സിംഗ് മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചു. ഇരു ടീമുകളും 200 കടന്ന മത്സരത്തില്‍ 13 റണ്‍സിനാണ് സാം കറനും സംഘവും വിജയിച്ചത്. 29 ബോളില്‍ 55 റണ്‍സ് നേടിയ സാം കറനിന്റെ മികവില്‍ പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റിന് 201 റണ്‍സെടുക്കാനേയായുള്ളൂ. 67 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനും 57 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും വിജയപ്രതീക്ഷ ഉയര്‍ത്തിയെങ്കിലും അവസാന ഓവറിലെ രണ്ട് അടക്കം നാല് വിക്കറ്റുമായി അര്‍ഷ്ദീപ് സിംഗ് പഞ്ചാബിന്റെ വിജയശില്‍പിയാവുകയായിരുന്നു.
◾രാജ്യത്ത് ഒ.ടി.ടി വിപണി മൂല്യത്തില്‍ വന്‍ മുന്നേറ്റം. സാധാരണക്കാര്‍ക്കിടയില്‍ പോലും ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ അതിവേഗത്തില്‍ വളര്‍ന്നതോടെയാണ് വിപണി മൂല്യം ഉയര്‍ന്നത്. കണക്കുകള്‍ അനുസരിച്ച്, ഒ.ടി.ടി വിപണിയുടെ നിലവിലെ മൂല്യം 10,500 കോടി രൂപയാണ്. 2030 ഓടെ വിപണി മൂല്യം 30,000 കോടി രൂപയില്‍ എത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പ്രതിവര്‍ഷ വളര്‍ച്ച പ്രതീക്ഷ ശരാശരി 20 ശതമാനമാണ് കണക്കാക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, ഇന്ത്യയിലെ ഒ.ടി.ടി വരിക്കാരുടെ എണ്ണം 8 കോടിയാണ്. 2025- ല്‍ ഒ.ടി.ടി വരിക്കാരുടെ എണ്ണം 25 കോടിയായാണ് ഉയരുക. ആഗോള തലത്തില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് 300 കോടി വരിക്കാരാണ് ഉള്ളത്. വരിക്കാരുടെ എണ്ണത്തില്‍ അമേരിക്കയാണ് ഏറ്റവും മുന്‍പന്തിയില്‍. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് പ്രാദേശിക ഉള്ളടക്കങ്ങള്‍ക്കാണ്. നിരവധി ആളുകളും ഹിന്ദിയും ഇംഗ്ലീഷ് ഒഴികെയുള്ള ഭാഷകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.
◾ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത 'ബാന്ദ്ര'യുടെ ടീസര്‍ പുറത്തെത്തി. രാമലീലയ്ക്കു ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്. ദിലീപ് വേറിട്ട ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. ദിനോ മോറിയ, ലെന, രാജ്വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1.23 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. അലക്സാണ്ടര്‍ ഡൊമിനിക് എന്നാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രാമലീലയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ആളാണ് അരുണ്‍ ഗോപി. ചിത്രം ബോക്സ് ഓഫീസിലും വിജയമായിരുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിരുന്നു അരുണ്‍ ഗോപിയുടെ രണ്ടാം ചിത്രം. ദിലീപിന്റെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ മികച്ച പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രമാണ് ബാന്ദ്ര.
◾ചിലമ്പരശനെ നായകനാക്കി ഒബേലി എന്‍ കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച 'പത്തു തല' എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഏപ്രില്‍ 27 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 30 ന് ആയിരുന്നു. കന്നഡയില്‍ വിജയം നേടിയ മഫ്തി എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് പത്ത് തല. തമിഴ്നാട് മുഖ്യമന്ത്രിയെ കാണാതായ കേസ് അന്വേഷിക്കാന്‍ ശക്തിവേല്‍ എന്ന പൊലീസ് ഓഫീസര്‍ ചുമതലയേല്‍ക്കുകയാണ്. ആ അന്വേഷണം അദ്ദേഹത്തെ എത്തിക്കുന്നത് അധോലോക നേതാവ് എ ജി രാവണനിലേക്കാണ്. വേഷം മാറി കേസന്വേഷണത്തിന് മുന്നിട്ടിറങ്ങുകയാണ് ശക്തിവേല്‍. തമിഴ്നാട് മുഖ്യമന്ത്രിയുടെ വേഷത്തില്‍ സന്തോഷ് പ്രതാപും ശക്തിവേല്‍ ആയി ഗൌതം കാര്‍ത്തിക്കും എത്തുമ്പോള്‍ എ ജി രാവണന്‍ ആയി എത്തുന്നത് ചിമ്പുവാണ്. ഗൌതം വസുദേവ് മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, കലൈയരസന്‍, ടീജേ അരുണാചലം, അനു സിത്താര, മധു ഗുരുസ്വാമി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
◾സിട്രോണ്‍ ഇ3 എയര്‍ക്രോസ് ഏപ്രില്‍ 27-ന് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും. ഈ മെയിഡ് ഇന്‍-ഇന്ത്യ ബി-എസ്യുവി ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കും. പിന്നാലെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലും വില്‍പ്പനയ്‌ക്കെത്തും. 3-വരി സീറ്റിംഗ് ലേഔട്ടിലാണ് സിട്രോണ്‍ പുതിയ എസ്യുവി പരീക്ഷിക്കുന്നത്. സി3 ഹാച്ച്ബാക്കിന് അടിവരയിടുന്ന സിഎംപി പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ മോഡല്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നത്. എന്നിരുന്നാലും, നീളമുള്ള വീല്‍ബേസും നീളമുള്ള എസ്യുവിയും ഉള്‍ക്കൊള്ളാന്‍ ഇത് പരിഷ്‌കരിക്കും. ചെറിയ സി3 ഹാച്ച്ബാക്കിനെ അപേക്ഷിച്ച് വ്യത്യസ്തമായ ലേഔട്ടിലാണ് പുതിയ സിട്രോണ്‍ സി3 എയര്‍ക്രോസിന്റെ ക്യാബിന്‍ വരുന്നത്. കൂടുതല്‍ കണക്റ്റിവിറ്റി ഫീച്ചറുകളുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍ എന്നിവ ഇതിന് ലഭിക്കും. 110 ബിഎച്ച്പിയും 190 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാണ് പുതിയ സിട്രോണ്‍ സി3 എയര്‍ക്രോസ് വാഗ്ദാനം ചെയ്യുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഓഫറില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
◾കലയെയും സാഹിത്യത്തെയും അതിയായി സ്നേഹിച്ച പല്ലവരാജാവായ മഹേന്ദ്രവര്‍മ്മന്റെയും മകന്‍ നരസിംഹവര്‍മ്മന്റെയും യുദ്ധസാഹസങ്ങളുടെയും രാജ്യതന്ത്രങ്ങളുടെയും രണ്ട് വാല്യങ്ങളായി കഥ പറയുന്ന നോവല്‍. നരസിംഹവര്‍മ്മനും നര്‍ത്തകിയായ ശിവകാമിയും തമ്മിലുള്ള പ്രണയവും ചാലൂക്യരാജാവായ പുലികേശിയുടെ ആക്രമണവും നിരവധി സംഭവപരമ്പരകളിലൂടെ ആവിഷ്‌കരിച്ചു കൊണ്ട് തമിഴ്നാടിന്റെ ചരിത്രത്തിലെ ഒരു സുവര്‍ണ്ണകാലഘട്ടത്തെ വരച്ചിടുന്ന ഈ നോവല്‍ പൊന്നിയിന്‍ സെല്‍വനെന്ന കല്‍ക്കിയുടെ പില്‍ക്കാല നോവല്‍ പോലെ തന്നെ പ്രശസ്തമാണ്. 'ശിവകാമിയുടെ ശപഥം'. കല്‍ക്കി കൃഷ്ണമൂര്‍ത്തി. ഡിസി ബുക്സ്. വില 899 രൂപ.
◾കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരുപാട് ആരോഗ്യഗുണങ്ങള്‍ നല്‍കാന്‍ പനീറിന് കഴിയും. കുട്ടികളുടെ ആരോഗ്യത്തിനും പല്ലുകളുടെ സംരക്ഷണത്തിനും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പനീര്‍. പനീര്‍ പോഷക സമ്പുഷ്ടവും രുചികരവുമായ ഒരു പാല്‍ ഉത്പന്നമാണ്. വളരുന്ന കുട്ടികള്‍ക്ക് മികച്ച ഒരു പോഷകമാണ് ഇത്. പനീറില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍, ധാതുക്കള്‍, കാല്‍സ്യം, ഫോസ്ഫറസ് ഇവ പോഷകങ്ങള്‍ പ്രധാനം ചെയ്യുന്നതോടൊപ്പം കുട്ടികളില്‍ എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയ്ക്കും സഹായിക്കുന്നു. ധാരാളം പ്രോട്ടീന്‍ അടങ്ങിയ പനീര്‍ ഏറെ നേരം വിശക്കാതിരിക്കാന്‍ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന പനീര്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അങ്ങനെ കുട്ടികളിലെ ചുമ, ജലദോഷം, ആസ്മ തുടങ്ങിയ രോഗങ്ങളെ തടയുന്നു. ദിവസവും മനുഷ്യശരീരത്തിന് ആവശ്യമായ കാല്‍സ്യത്തിന്റെ 8% പനീറില്‍ നിന്ന് ലഭിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, എല്ലുകള്‍ക്കും, പല്ലുകള്‍ക്കും ബലം നല്‍കുന്നതിനുമൊപ്പം ഹൃദയ പേശികളുടെ ആരോഗ്യത്തിനും, നാഡികളുടെ പ്രവര്‍ത്തനത്തിനും പനീര്‍ ഏറെ ഗുണകരമാണ്. ഗര്‍ഭിണികള്‍ക്ക് ആവശ്യമായ ജീവകം ബി കോംപ്ലക്സ് വിറ്റാമിനായ ഫോളേറ്റുകള്‍ പനീറില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഭ്രൂണവളര്‍ച്ചയ്ക്ക് സഹായകമാകുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
1974 മെയ് 10 ന് കെനിയയിലെ ഒരു സാധാരണ കുടുംബത്തിലാണ് ഹെന്റി വാന്യേക് ജനിച്ചത്. സ്‌കൂളിലെ ഓട്ടമത്സരത്തിലെ സ്ഥിരം വിജയിയായിരുന്നു ഹെന്റി. ഒരുദിവസം വല്ലാത്ത തലവേദനയോടെയാണ് അയാള്‍ ഉറങ്ങാന്‍ കിടന്നത്. പിറ്റേന്ന് എഴുന്നേറ്റ ഹെന്‍ട്രിക്ക് ചുറ്റും ഇരുട്ടായിരുന്നു. ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന അന്ധതയുടെ തുടക്കമായിരുന്നു അത്. പക്ഷേ ആ 20 വയസ്സുകാരന്‍ തോറ്റ് പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. അയാള്‍ പിന്നീട് കാഴ്ചപരിമിതര്‍ക്കുള്ള മക്കാക്ക ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. ഡോക്ടര്‍മാര്‍ അയാള്‍ക്ക് തൊഴില്‍ പരിശീലനവും കായിക പരിശീലനവും നല്‍കി. പതുക്കെപതുക്കെ ഓടാനുള്ള മോഹം വീണ്ടും ഹെന്‍ട്രിയില്‍ തലപൊക്കി. ഒരു പരിശീലകന്റെ സഹായത്തോടെ വീണ്ടും ട്രാക്കില്‍ ഓടിത്തുടങ്ങി. ഇടയ്ക്കിടെ വീണ് പരിക്കേല്‍്ക്കുമെങ്കിലും തന്റെ പരിശീലനം മുടക്കാന്‍ അയാള്‍ തയ്യാറായില്ല. 2000 ത്തിലെ ഡിസ്‌നി പാരാലിംപിക്‌സില്‍ 5000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണമെഡല്‍ സ്വന്തമാക്കി ഹെന്റി വാന്യോക്ക് എന്ന് ധീരന്‍ തന്റെ വിധിയെ ഓടിത്തോല്‍പിച്ചു. ജീവിതം എത്രത്തോളം ഇരുട്ടിലായാല്‍ പോലും മനസ്സില്‍ ഒരു ചെറു തിരിയെങ്കിലും കെടാതെ സൂക്ഷിക്കുക. ആ പ്രതീക്ഷയുടെ തിരി നമ്മെ ഉറപ്പായും വലിയ വെളിച്ചത്തിലേക്കുള്ള വഴികണ്ടെത്താന്‍ സഹായിക്കുക തന്നെ ചെയ്യും - ശുഭദിനം.