*പ്രഭാത വാർത്തകൾ*2023 | ഏപ്രിൽ 22 | ശനി |

◾സംസ്ഥാനത്തെ മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിനു മാനദണ്ഡം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി വിശദവാദം കേള്‍ക്കും. ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവരുടേയും പേഴ്സണല്‍ സ്റ്റാഫ് നിയമനം സംബന്ധിച്ചും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഒരു ചട്ടവും പാലിക്കാതെയാണ് പേഴ്സണല്‍ സ്റ്റാഫ് നിയമനമെന്നും അവര്‍ക്കുള്ള പെന്‍ഷന്‍ ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു. കേരളത്തിലെ ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റാണ് ഹര്‍ജി നല്‍കിയത്.

◾മാലിന്യ നീക്കത്തിനു യൂസര്‍ ഫീ നല്‍കാത്തവരില്‍നിന്ന് വസ്തു നികുതിക്കൊപ്പം തുക ഈടാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ്. കൊച്ചിയിലാണ് ആദ്യം ഇതു നടപ്പാക്കുക. സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഉള്‍പെടുത്തി നൂറു കാമറകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

◾വന്ദേഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ 3200 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും. കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനവും നടക്കും. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകള്‍ 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.

◾ജസ്റ്റിസ് എസ്.വി ഭട്ടിയെ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ചീഫ് ജസ്റ്റിസായി നിമയിക്കാനാണു ശുപാര്‍ശ ചെയ്തതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത് ആക്ടിംഗ് ചീഫ് ജസ്റ്റിസായാണ്. ആന്ധ്രാപ്രദേശിലെ ചീറ്റൂര്‍ സ്വദേശിയാണ് ജസ്റ്റിസ് എസ്.വി ഭട്ടി. 2019 മുതല്‍ കേരളാ ഹൈക്കോടതി ജഡ്ജിയാണ്.

◾എസ്എന്‍സി ലാവ്ലിന്‍ കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. കഴിഞ്ഞ നവംബറിലാണ് കോടതി കേസ് അവസാനമായി ലിസ്റ്റ് ചെയ്തത്. നാലാം നമ്പര്‍ കോടതിയില്‍ 21 -മത്തെ കേസായിട്ടാണ് ലാവലിന്‍ കേസ് പരിഗണിക്കുന്നത്.

◾ട്രെയിന്‍ തീവയ്പു കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ഹാജരാക്കാന്‍ എന്‍ഐഎ കേരള പോലീസിനോട് ആവശ്യപ്പെട്ടു. കേസ് എന്‍ഐഎ കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു.

◾കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു. ബുധനാഴ്ച വരെയുള്ള ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 28.25 ശതമാനമായി. ദേശീയ നിരക്ക് അഞ്ചര ശതമാനമാണ്.

◾തിരുവനന്തപുരം തൈക്കാട് നവജാത ശിശുവിനെ മൂന്നു ലക്ഷം രൂപയ്ക്കു വിറ്റു. കരമന സ്വദേശിയായ സ്ത്രീയാണ് പണം കൊടുത്ത് കുഞ്ഞിനെ വാങ്ങിയത്. കുഞ്ഞിനെ ഏറ്റെടുത്ത സിഡബ്ല്യുസി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്കു മാറ്റി.

◾ക്യാമറകള്‍ കണ്ടെത്തുന്ന മോട്ടോര്‍ വാഹന നിയമലംഘനത്തിന് നോട്ടീസ് അയക്കാന്‍ കണ്‍ട്രോള്‍ റൂമുകളില്‍ ജീവനക്കാരെ നിയമിച്ചിട്ടില്ല. ജീവനക്കാരെ ഔട്ട്സോഴ്സ് ചെയ്യുകയാണ്. കാമറ വച്ചുള്ള വാഹനവേട്ടയുടെ മറവില്‍ റോഡുകളിലെ എന്‍ഫോഴ്സ്മെന്റ് വേട്ട അവസാനിപ്പിക്കുന്നതിനെതിരേ പ്രതിഷേധവുമായി ഒരു വിഭാഗം മോട്ടോര്‍വാഹന വകുപ്പ് ജീവനക്കാര്‍ രംഗത്തിറങ്ങി.

◾എസ്.എന്‍ ട്രസ്റ്റ് ബൈലോയില്‍ ഭേദഗതി വരുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശനും എസ് എന്‍ ട്രസ്റ്റും നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വിശദവാദം കേള്‍ക്കും. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍നിന്നു വിട്ടുനില്‍ക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. കുറ്റവിമുക്തരാകുന്നതുവരെ ട്രസ്റ്റ് ഭാരവാഹിയായി തുടരരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

◾ഇന്ന് അക്ഷയ തൃതീയ. ആഭരണങ്ങള്‍ വാങ്ങുന്നത് ഐശ്വര്യാണെന്നാണു വിശ്വാസം. നാളെക്കൂടി അക്ഷയ ത്രതീയയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്നും നാളേയും സ്വര്‍ണം വാങ്ങാന്‍ വരുന്നവര്‍ക്ക് വിപുലമായ ക്രമീകരണങ്ങളാണു ജ്വല്ലറികള്‍ സജ്ജമാക്കിയിരിക്കുന്നത്.

◾പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഓര്‍ത്തഡോക്സ് സഭാ വൈദികനെ പോക്സോ കേസില്‍ അറസ്റ്റു ചെയ്തു. ശെമവൂന്‍ റമ്പാന്‍ എന്ന എഴുപത്തേഴുകാരനെയാണ് മൂവാറ്റുപുഴ ഊന്നുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

◾അരിക്കൊമ്പനെ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഓണ്‍ലൈനായി നടത്താനിരുന്ന വിദഗ്ധ സമിതി യോഗം മാറ്റിവച്ചു. അടുത്ത ദിവസം തന്നെ ഓണ്‍ലൈനായി യോഗം ചേരും.

◾തൃശൂര്‍ മതിലകം കൂരിക്കുഴി വെളിച്ചപ്പാട് കൊലക്കേസിലെ അവസാനത്തെ പ്രതിയെ അറസ്റ്റു ചെയ്തു. 16 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന കൂരിക്കുഴി ചിരട്ടപ്പുരക്കല്‍ കണ്ണന്‍ എന്ന ജിത്തി(43)നെയാണ് പൊലീസ് പിടികൂടിയത്.

◾സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹങ്ങള്‍ വീട്ടില്‍ അഴുകിയ നിലയില്‍ . പുനലൂരില്‍ കല്ലടയാറിനോടു ചേര്‍ന്ന് വെട്ടിപ്പുഴ പാലത്തിനു സമീപം പുറമ്പോക്കില്‍ താത്കാലിക ഷെഡിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷെഡില്‍ താമസിച്ചിരുന്ന ഇന്ദിരയുടേയും സുഹൃത്തിന്റേയും മൃതദേഹമാകാമെന്നാണ് പൊലീസ് പറയുന്നത്.

◾തൃശൂര്‍ റയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍നിന്നു 14 കിലോ കഞ്ചാവ് പിടികൂടി. അഞ്ചു പായ്ക്കറ്റുകളിലുള്ള കഞ്ചാവ് പ്ലാറ്റ് ഫോമിലെ കസേരയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.

◾പുല്‍വാമ ഭീകാരക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വെളിപെടുത്തല്‍ നടത്തിയ ജമ്മു കാഷ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ 28 നു സിബിഐ ചോദ്യം ചെയ്യും. അംബാനിയുടെ റിലയന്‍സ് ഇന്‍ഷ്വറന്‍സ് പദ്ധതിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പമുള്ള ആര്‍എസ്എസ് നേതാവ് റാം മാധവിന്റെ പദ്ധതിയും അംഗീകരിക്കാന്‍ സമ്മര്‍ദം ഉണ്ടായെങ്കിലും ക്രമക്കേടു കണ്ടതിനാല്‍ ഒപ്പുവച്ചില്ലെന്ന് സത്യപാല്‍ മാലിക് ആരോപിച്ചിരുന്നു. 300 കോടി രൂപ കൈക്കൂലി വാഗ്ദാനമുണ്ടായെന്നും പറഞ്ഞിരുന്നു. സത്യപാല്‍ മാലിക്കിനെതിരേ റാംമാധവ് അപകീര്‍ത്തിക്കേസ് നല്‍കിയിട്ടുണ്ട്.

◾ഗോധ്ര ട്രെയിന്‍ തീവയ്പു കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന എട്ടു പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം നല്‍കി. വധശിക്ഷയ്ക്കു ശിക്ഷിക്കപ്പെട്ട നാലു പ്രതികള്‍ക്കു ജാമ്യം നല്‍കിയിട്ടില്ല.

◾ഡല്‍ഹി സാകേത് കോടതി പരിസരത്തു വെടിവയ്പു നടത്തിയ അഭിഭാഷക വേഷധാരിയെ കണ്ടെത്താനാകാതെ പോലീസ്. വെടിവയ്പില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റിരുന്നു. ഒരു യുവതിക്കും ഒരു പുരുഷനുമാണ് വെടിയേറ്റത്. സ്ത്രീക്ക് മൂന്നു റൗണ്ട് വെടിയേറ്റു. ഇവര്‍ അപകടനില തരണം ചെയ്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

◾പൂഞ്ചില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ സഹായധനം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച അഞ്ചു പേരില്‍ നാലു സൈനികര്‍ പഞ്ചാബ് സ്വദേശികളാണ്.

◾ഹണി ട്രാപ്പില്‍ കുടുക്കി പണം പിടിങ്ങിയതിനു ഡല്‍ഹിയിലെ രണ്ടു പോലീസുകാര്‍ക്കു സസ്പെന്‍ഷന്‍. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയും പോലീസുകാരും ചേര്‍ന്ന് 27,000 രൂപ തട്ടിയെടുത്തെന്നാണു പരാതി. പരാതിപ്പെട്ടാല്‍ ബലാല്‍സംഗക്കേസില്‍ അകത്താക്കുമെന്നു പോലീസുകാര്‍ ഭീഷണിപ്പെടുത്തിയെങ്കിലും യുവാവ് പരാതിപ്പെടുകയായിരുന്നു.

◾സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. കലാപ മേഖലകളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക എല്ലാ സഹായങ്ങളും ലഭ്യമാക്കണമെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചു.

◾ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സുഡാനില്‍ താത്കാലിക വെടിനിറുത്തല്‍. മൂന്നു ദിവസത്തേക്കാണ് വെടിനിറുത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

◾ജീവനക്കാരോടു മോശമായി പെരുമാറിയെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡോമിനിക് റാബ് രാജിവച്ചു. ട്വിറ്ററിലൂടെയാണ് രാജി വിവരം പുറത്തുവിട്ടത്.

◾ബെംഗളൂരു എഫ്സി സൂപ്പര്‍ കപ്പ് ഫൈനലില്‍ . ഇന്നലെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിയില്‍ ജംഷേദ്പുര്‍ എഫ്സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബെംഗളൂരു ഫൈനലിലെത്തിയത്. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ഒഡിഷ- നോര്‍ത്ത് ഈസ്റ്റ് മത്സര വിജയികളാകും ഫൈനലില്‍ ബെംഗളൂരുവിന്റെ എതിരാളികള്‍.

◾ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത ചെന്നൈ സൂപ്പര്‍ കിംഗ്സിന് തുടര്‍ച്ചയായ നാലാം ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തപ്പോള്‍ 57 പന്തില്‍ 70 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയുടെ മികവില്‍ 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ ലക്ഷ്യത്തിലെത്തി. ചെന്നൈക്കു വേണ്ടി മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

◾റിലയന്‍സ് ഇന്‍ഡട്രീസിന് കീഴിലെ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 13 ശതമാനം വര്‍ദ്ധനയോടെ 4,716 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 4,173 കോടി രൂപയായിരുന്നു. ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന, നിരീക്ഷകര്‍ പ്രതീക്ഷതിനേക്കാള്‍ മികച്ച നേട്ടം കുറിക്കാന്‍ കമ്പനിക്ക് കരുത്തായി. നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന ലാഭം 4,600 കോടി രൂപ നിരക്കിലായിരുന്നു. പ്രവര്‍ത്തന വരുമാനം 20,901 കോടി രൂപയില്‍ നിന്ന് 11.9 ശതമാനം ഉയര്‍ന്ന് 23,394 കോടി രൂപയായെന്ന് കമ്പനി വ്യക്തമാക്കി. നികുതി, പലിശ തുടങ്ങിയ ബാദ്ധ്യതകള്‍ക്ക് ശേഷമുള്ള വരുമാനം 16 ശതമാനം വര്‍ദ്ധിച്ച് 12,210 കോടി രൂപയായി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 10,554 കോടി രൂപയായിരുന്നു. സാമ്പത്തിക വര്‍ഷത്തിലെ (2022-23) കമ്പനിയുടെ മൊത്തം ലാഭം 14,817 രൂപയില്‍ നിന്ന് 23 ശതമാനം ഉയര്‍ന്ന് 18,207 കോടി രൂപയായി. പ്രവര്‍ത്തന വരുമാനം 18 ശതമാനം വര്‍ദ്ധിച്ച് 90,786 കോടി രൂപയിലുമെത്തി. 2021-22ല്‍ ഇത് 76,977 കോടി രൂപയായിരുന്നു.

◾അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി, ധ്രുവന്‍, ഷറഫുദ്ദീന്‍, അതിഥി രവി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'ഖജുരാഹോ ഡ്രീംസി'ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകള്‍ക്കൊപ്പം അവതരിപ്പിക്കപ്പെടുന്ന ചിത്രമാണ് 'ഖജുരാഹോ ഡ്രീംസ്'. സമൂഹത്തിലെ വ്യത്യസ്ത തലങ്ങളില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നാലു ചെറുപ്പക്കാര്‍. ഒറ്റ മനസ്സുമായി ജീവിക്കുന്ന ഇവര്‍ക്കൊപ്പം 'ലോല' എന്ന പെണ്‍കുട്ടിയും കടന്നു വരുന്നു. സ്വാതന്ത്ര്യം അതിന്റെ പാരമ്യതയില്‍ ആഘോഷിക്കുകയും ലിംഗഭേദമില്ലാതെ സൗഹൃദം പങ്കിടുകയും ചെയ്യുന്ന പെണ്‍കുട്ടിയാണ് 'ലോല'. മധ്യപ്രദേശിലെ ഖജ്രാഹോ എന്ന ഷേത്രത്തിന്റേയും അതിനോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തിന്റെയും പ്രത്യേകതകള്‍ കേട്ട് അങ്ങോട്ടു യാത്ര തിരിക്കുകയാണ് ഈ സംഘം. അവിടേക്കുള്ള ഇവരുടെ യാത്രയും അതിനിടയില്‍ അരങ്ങേറുന്ന സംഭവങ്ങളും തരണം ചെയ്ത് ഖജ്രാഹോയിലെത്തുന്നതോടെ പുതിയ വഴിത്തിരിവിലേക്കും നയിക്കപ്പെടുന്നു. ഈ സംഭവങ്ങള്‍ തികഞ്ഞ നര്‍മ്മത്തിലൂടെയും ഒപ്പം ഏറെ ഉദ്വേഗത്തോടെയും അവതരിപ്പിക്കുകയാണ് 'ഖജുരാഹോ ഡ്രീംസി'ലൂടെ. സോഹന്‍ സീനുലാല്‍, സാദിഖ്, വര്‍ഷാ വിശ്വനാഥ്, നേഹാ സക്സേന എന്നിവരും പ്രധാന താരങ്ങളാണ്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ മനോജ് വാസുദേവാണ് സംവിധാനം ചെയ്യുന്നത്. ഹരി നാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

◾മലയാളത്തിലെ തങ്ങളുടെ ആദ്യ വെബ് സിരീസ് ആയ 'കേരള ക്രൈം ഫയല്‍സി'ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. ഷിജു, പാറയില്‍ വീട്, നീണ്ടകര എന്നാണ് ആദ്യ സീസണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കൊടുത്തിരിക്കുന്ന ടൈറ്റില്‍. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലാലിന്റെയും അജു വര്‍ഗീസിന്റെയും കഥാപാത്രങ്ങളും ഈ പോസ്റ്ററില്‍ ഉണ്ട്. എന്നാല്‍ ഉടന്‍ വരും എന്നല്ലാതെ സ്ട്രീമിംഗ് തീയതി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ പ്രഖ്യാപിച്ചിട്ടില്ല. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സിരീസ് കാണാനാവും. പേര് സൂചിപ്പിക്കുന്നതുപോലെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ഈ സിരീസ് കഴിഞ്ഞ മാസമാണ് പ്രഖ്യാപിക്കപ്പെട്ടത്. മലയാളത്തിലെ ഏറ്റവും വലിയ വെബ് സിരീസ് എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന സിരീസിന്റെ ഓരോ സീസണിലും തികച്ചും വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളാവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. പൂര്‍ണ്ണമായും കേരളീയ പശ്ചാത്തലത്തിലാണ് ഓരോ കഥകളും അവതരിപ്പിക്കുക. സംവിധായകന്‍ രാഹുല്‍ റിജി നായര്‍ (ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ്) പ്രൊഡക്ഷന്‍ ചുമതല നിര്‍വ്വഹിക്കുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് യുവ സംവിധായകരില്‍ ശ്രദ്ധേയനായ അഹമ്മദ് കബീറാണ്.

◾പിയാനോ ബ്ലാക് നിറത്തിലുള്ള പുത്തന്‍ കാരവന്‍ സ്വന്തമാക്കി നടന്‍ ടൊവിനോ തോമസ്. ഡയംലറിന്റെ 1017 ബിഎസ് 6 ഷാസിയില്‍ കോതമംഗലത്തെ ഓജസ് മോട്ടോഴ്സാണ് ടോവനോയ്ക്ക് കാരവാന്‍ നിര്‍മിച്ചു നല്‍കിയത്. കേരളത്തിലെ പ്രമുഖ കാരവാന്‍ നിര്‍മാതാക്കളായ ഓജസിന്റെ സ്റ്റേറ്റ്സമാന്‍ മോഡലിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. സ്റ്റേറ്റ്സ്മാനില്‍ ടൊവിനോയുടെ താല്‍പര്യപ്രകാരം മാറ്റങ്ങള്‍ വരുത്തി നിര്‍മിച്ച കാരവാന് നിരവധി പ്രത്യേകതകളുള്ളതാണ്. എയര്‍ സസ്പെന്‍ഷന്‍ ഉപയോഗിക്കുന്ന വാഹനം യാത്രകള്‍ക്കും ലോക്കേഷന്‍ ഉപയോഗങ്ങള്‍ക്കും ഒരുപോലെ ഉപകരിക്കും. ടോയിലറ്റ്, ബെഡ്റൂ, മേക്കപ്പ് റൂം (പൗഡര്‍ റൂം), റോട്ടേറ്റ് ചെയ്യാവുന്ന ക്യാപ്റ്റന്‍ സീറ്റുകള്‍, രണ്ട് റിക്ലൈനര്‍ സീറ്റുകള്‍, റോള്‍സ് റോയ്സ് കാറുകളുടെ റൂഫില്‍ കാണുന്നതുപോലൂള്ള സ്റ്റാര്‍ ലൈറ്റ് മൂഡ് ലൈറ്റിങ് എന്നിവയുണ്ട്. 55 ഇഞ്ച് ടിവിയും 2000 വാട്സ് സോണി ഹോം തീയേറ്റര്‍ മ്യൂസിക് സിസ്റ്റവുമുണ്ട് വാഹനത്തില്‍. കൂടാതെ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഓണിങ്, ഇലക്ട്രിക് കര്‍ട്ടനുകള്‍ എന്നിവ നല്‍കിയിരിക്കുന്നു. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്.

◾അതിപ്രാചീനകാലം മുതല്‍ കേരള സംസ്ഥാന രൂപീകരണം വരെയുള്ള കാലഘട്ടത്തിലെ പ്രധാന സംഭവപരമ്പരകള്‍ ഈ ചരിത്രഗ്രന്ഥത്തില്‍ വിശദമാക്കുന്നു. മനുഷ്യന്റെ ഉത്ഭവവും വളര്‍ച്ചയും, സംസ്‌കാരത്തിന്റെ ആദ്യാങ്കുരങ്ങള്‍ വിരിഞ്ഞത് ഭാരതത്തില്‍, പ്രാചീന കേരളത്തിന്റെ പുറനാട് ബന്ധങ്ങള്‍, ദ്രാവിഡാചാരങ്ങളില്‍ നിന്ന് ചാതുര്‍വര്‍ണ്യത്തിലേക്ക്, ചെറുകിട രാജാക്കന്മാര്‍, പോര്‍ട്ടുഗീസുകാര്‍ കേരളത്തില്‍, ഡച്ചുകാരുടെ വരവ്, മൈസൂരിന്റെ ആധിപത്യം, കേരളം ബ്രിട്ടീഷുകാരുടെ കൈപ്പിടിയില്‍, വിദ്യാഭ്യാസം പ്രാചീനകേരളത്തില്‍, കേരളവും ശ്രീലങ്കയും, മലബാര്‍ കലാപം, അയിത്തത്തിനെതിരേയുള്ള സമരങ്ങള്‍, കേരളപ്പിറവി തുടങ്ങിയ ഒട്ടനേകം കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. കേരളചരിത്രത്തിന്റെ സൂക്ഷ്മമായ ഗതിവിഗതികള്‍ യഥാര്‍ഥമായി അവതരിപ്പിക്കുന്ന ചരിത്രകൃതി. 'കേരള ചരിത്രം: കേരളസംസ്ഥാന രൂപീകരണം വരെ'. വേലായുധന്‍ പണിക്കശ്ശേരി. ഡി സി ബുക്സ്. വില: 499 രൂപ.

◾ശ്രവണസഹായി ഉപയോഗിക്കുന്നത് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത 42% കുറയ്ക്കുമെന്ന് പഠനം. ദി ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശ്രവണസഹായികള്‍ ഉപയോഗിക്കാത്ത, കേള്‍വിക്കുറവുള്ള ആളുകള്‍ക്ക് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത 1.7% ആണെന്നാണ് പഠനത്തില്‍ സൂചിപ്പിക്കുന്നത്. ഇവര്‍ ശ്രവണസഹായി ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇത് ഡിമെന്‍ഷ്യക്കുള്ള ചെലവ് കുറഞ്ഞ ചികിത്സയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ബ്രിട്ടനിലെ 437,702 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ ആര്‍ക്കെല്ലാം കേള്‍വിക്കുറവുണ്ടെന്നും കൂടാതെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് മരണപ്പെട്ടവരുടെ രേഖകള്‍ ശേഖരിച്ച് ആര്‍ക്കെല്ലാം ഡിമെന്‍ഷ്യ ഉണ്ടായിരുന്നു എന്നും പരിശോധിച്ചു. ഓരോരുത്തരുടെയും ശരാശരി 12 വര്‍ഷത്തെ ഡാറ്റയാണ് പരിശോധിച്ചത്. പഠനത്തിലെ ആളുകളുടെ ശരാശരി പ്രായം 56 വയസ്സായിരുന്നു. ഇവരില്‍ 54% സ്ത്രീകളായിരുന്നു. പഠനം നടത്തിയവരില്‍ 4-ല്‍ ഒരാള്‍ക്ക് കേള്‍വിക്കുറവ് ഉണ്ടെന്ന് കണ്ടെത്തി. എന്നാല്‍ അവരില്‍ 12% പേര്‍ മാത്രമാണ് ശ്രവണസഹായികള്‍ ഉപയോഗിക്കുന്നത് എന്നതാണ് പ്രധാനം. ഇത്തരത്തില്‍ ശ്രവണസഹായി ഉപയോഗിക്കുന്നത് അള്‍ഷിമേഴ്‌സ് ഉള്‍പ്പെടെ ഏതെങ്കിലും തരത്തിലുള്ള ഡിമെന്‍ഷ്യയുടെ സാധ്യത കുറയ്ക്കുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.അതേസമയം അമേരിക്കയില്‍ 5.8 ദശലക്ഷം ആളുകള്‍ക്ക് ഡിമെന്‍ഷ്യ ഉണ്ടെന്നാണ് കണക്ക്. ഇത് അവരുടെ ദൈന്യംദിന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതായും സ്വയം ചിന്തിച്ച് തീരുമാനമെടുക്കാനുള്ള കഴിവിനെ ഇല്ലാതാക്കുന്നതായും കണ്ടെത്തി.

*ശുഭദിനം*
*കവിത കണ്ണന്‍*
അമേരിക്കയിലെ ലാസ് വേഗസില്‍ 1979 നവംബര്‍ 7 നാണ് ആമി ജനിച്ചത്. തന്റെ 19-മത്തെ വയസ്സുവരെ ഒരു സാധാരണപെണ്‍കുട്ടിയായാണ് ആമി ജീവിച്ചത്. സ്‌നോബോര്‍ഡിങ്ങായിരുന്നു അവളുടെ പ്രധാന വിനോദം. ഒരു ദിവസം രാവിലെ ആമി എഴുന്നേറ്റത് വല്ലാതെ പനിച്ചാണ്. പരിശോധനയില്‍ അവള്‍ക്ക് രക്തത്തില്‍ അണുബാധ കണ്ടെത്തി. വൈകാതെ അവള്‍ക്ക് ബാക്ടീരിയല്‍ മെനിഞ്ചൈറ്റീസ് എന്ന രോഗം ബാധിച്ചു. രക്ഷപ്പെടാനുള്ള സാധ്യത വെറും രണ്ടുശതമാനം മാത്രം . ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന അമേലീയ മിഷേല്‍ എന്ന പെണ്‍കുട്ടിയെ നോക്കി ഡോക്ടര്‍ പറഞ്ഞു: അവളെ രക്ഷപ്പെടുത്താനായി വേണ്ട നടപടികളും അവര്‍ സ്വീകരിച്ചു. കാലുകള്‍ മുട്ടിനു താഴെ വച്ചു മുറിച്ചുമാറ്റി. വൃക്ക മാറ്റിവെച്ചു, പ്ലീഹ മുറിച്ചു നീക്കി. പക്ഷേ, ആമിയുടെ മനസ്സിനെ ഇതൊന്നും തളര്‍ത്തിയില്ല. 7 മാസത്തെ വിശ്രമത്തിന് ശേഷം കൃത്രിമക്കാലുമായി ആമി തന്റെ പഴയ തട്ടകത്തിലേക്ക് പരിശീലനത്തിനായി വന്നു. പിന്നീടങ്ങോട്ട് കഠിനപരിശീലനത്തിന്റെ നാളുകളായിരുന്നു. മാമത് പര്‍വ്വതത്തില്‍ നടന്ന സ്‌നോബോര്‍ഡിങ് മത്സരത്തില്‍ അവള്‍ മൂന്നാം സ്ഥാനം നേടുമ്പോള്‍ അവളുടെ കാലുകള്‍ മുറിച്ചുമാറ്റിയിട്ട് ഒരു വര്‍ഷം തികയുന്നതേ ഉണ്ടായിരുന്നുള്ളൂ. 2014 ല്‍ നടന്ന പാരാലിംപിക്‌സില്‍ വെങ്കലം, 2018 ല്‍ വെള്ളിയും നേടി ആമി തിളങ്ങി. ഇന്ന് ലോകപ്രശസ്ത ടെലിവിഷന്‍ ഷോകളിലെ അവതാരക, നര്‍ത്തകി, എഴുത്തുകാരി, ഫാഷന്‍ ഡിസൈനര്‍ ആമി തന്റെ വഴികള്‍ തെളിച്ചുകൊണ്ടിരിക്കുകയാണ്. നിരന്തരമുള്ള യാത്രകള്‍ ഏത് കാടുമൂടിയ പ്രദേശത്തും ഒരു വഴി സൃഷ്ടിക്കും. ആ വഴി നിരന്തര പരിശീലനത്തിന്റെതുമാത്രമല്ല, സ്വപ്നങ്ങളിലേക്കുകൂടി ഉള്ളതാണ്.. നമുക്കും ആ വഴി കണ്ടെത്താന്‍ സാധിക്കട്ടെ - ശുഭദിനം