*പ്രഭാത വാർത്തകൾ* 2023 | ഏപ്രിൽ 20 | വ്യാഴം

◾ക്യാമറ  ഉപയോഗിച്ചുള്ള വാഹന വേട്ട ഇന്നു മുതല്‍. ഇരുചക്ര വാഹനങ്ങളില്‍ ദമ്പതികള്‍ക്കു പുറമേ, ചെറിയ കുട്ടികൂടി യാത്ര ചെയ്താല്‍ പിഴശിക്ഷ. മോട്ടോര്‍ വാഹന, ട്രാഫിക് നിയമ ലംഘനങ്ങള്‍ പിടികൂടുന്ന 724 കാമറകളുടെ ശ്രംഖല ഇന്നു പ്രവര്‍ത്തനം ആരംഭിക്കും. ഇരുചക്ര വാഹനങ്ങളില്‍ മൂന്നാമതൊരാള്‍ യാത്ര ചെയ്യുന്നതു നിയമവിരുദ്ധമാണ്. രണ്ടുപേര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം. കാറില്‍ കൈക്കുഞ്ഞുങ്ങള്‍ പിന്‍സീറ്റിലിരിക്കുന്നയാളുടെ സംരക്ഷണത്തിലാകണം. ഫോണില്‍ സംസാരിച്ചു വാഹനമോടിച്ചാല്‍ രണ്ടായിരം രൂപയാണു പിഴ. കാറില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. ഒന്നിലേറെ കാമറകളിലൂടെ നിയമലംഘനം കണ്ടെത്തിയാല്‍ അത്രയും തവണ പിഴശിക്ഷ അടയ്ക്കേണ്ടിവരും. നിയമലംഘനം നടത്തുന്ന വാഹനങ്ങളെ മാത്രമേ നിര്‍മിത ബുദ്ധിയുള്ള കാമറകള്‍ പകര്‍ത്തി നോട്ടീസാക്കൂ. വിഐപി, എമര്‍ജന്‍സി വാഹനങ്ങള്‍ക്കെതിരേ നടപടിയില്ല. നോ പാര്‍ക്കിംഗ് മേഖലയില്‍ പാര്‍ക്കു ചെയ്താല്‍ 250 രൂപയാണു പിഴ. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിലും ഹെല്‍മറ്റ് ധരിച്ചില്ലെങ്കിലും 500 രൂപ, അമിതവേഗത്തിന് 1500 രൂപ, ട്രാഫിക് സിഗ്‌നല്‍ ലംഘിച്ചാല്‍ കോടതി ശിക്ഷ നിശ്ചയിക്കും.

◾മാതൃഭാഷയില്‍ പരീക്ഷ എഴുതാമെന്ന് സര്‍വകലാശാലകള്‍ക്കു യുജിസി നിര്‍ദ്ദേശം. കോഴ്സിന്റെ അധ്യയന മാധ്യമം ഇംഗ്ലീഷാണെങ്കിലും പ്രാദേശിക ഭാഷയില്‍ പരീക്ഷ എഴുതാന്‍ അവസരം നല്‍കണം. യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്കും രജിസ്ട്രാര്‍മാര്‍ക്കും അയച്ച കത്തില്‍ പറഞ്ഞു.

◾മില്‍മയുടെ പച്ച കവറിലുള്ള റിച്ച് പാലിന്റെ വില രണ്ടു രൂപ വര്‍ധിപ്പിച്ചതു പിന്‍വലിച്ചു. മഞ്ഞ പാക്കറ്റിലുള്ള മില്‍മ സ്മാര്‍ട്ട് വില ഒരു രൂപ വര്‍ധിപ്പിച്ചതു തുടരും. വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങിയില്ലെന്നു മന്ത്രി ചിഞ്ചുറാണി അഭിപ്രായപ്പെട്ടിരുന്നു.

◾വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുകയും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടി വരുമെന്ന സൂചനയുമായി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. വൈദ്യുതി ബോര്‍ഡ് യൂണിറ്റിനു പത്തു രൂപയ്ക്കു വാങ്ങിയിരുന്ന വൈദ്യുതി 20 രൂപയ്ക്കാണു വാങ്ങുന്നത്. വൈകുന്നേരങ്ങളിലെ ഉപയോഗം എല്ലാവരും നിയന്ത്രിക്കണം. ഉപയോഗം ക്രമാതീതമായി ഉയര്‍ന്നാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

◾നിയമസഭകള്‍ക്കു പ്രമേയങ്ങള്‍ പാസാക്കാനുള്ള അധികാരമുണ്ടെന്നും അതു ഭരണഘടനയ്ക്കു വിധേയാണെന്ന് ഉറപ്പാക്കി ഗവര്‍ണര്‍ ഒപ്പുവച്ചാലേ അവ നിയമമാകൂവെന്നും കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് കേന്ദ്രവുമായി കൂടിയാലോചിക്കണം. ഭരണഘടനാ വിരുദ്ധമായ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കില്ലെന്നും ഗവര്‍ണര്‍.

◾ട്രെയിന്‍ തീവയ്പു കേസിലെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതി ഷാറൂഖ് സെയ്ഫി ഭീകര പ്രവത്തനങ്ങളില്‍ പങ്കാളിയായതിനാലാണ് യുഎപിഎ ചുമത്തിയതെന്നു റിപ്പോര്‍ട്ടില്‍െ പറയുന്നു. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസ് സെഷന്‍സ് കോടതിയിലേക്കു മാറ്റാനും അപേക്ഷ നല്‍കി.

◾നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണിഫോം അടുത്ത അധ്യയന വര്‍ഷം മുതല്‍ പരിഷ്‌ക്കരിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേയും ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിന്റെയും കീഴിലുള്ള നഴ്‌സിംഗ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ യൂണിഫോമാണ് പരിഷ്‌കരിക്കുന്നത്.

◾പെന്‍ഷന്‍ ആനുകൂല്യം വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി കൂടതല്‍ സാവകാശം അനുവദിച്ചു. കഴിഞ്ഞ വര്‍ഷം വരെ വിരമിച്ചവര്‍ക്കുള്ള ആനുകൂല്യ വിതരണത്തിനാണു സാവകാശം നല്‍കിയത്. ആദ്യഘട്ട ആനുകൂല്യമായ ഒരു ലക്ഷം രൂപ രണ്ടു ഗഡുക്കളായി നല്‍കാം. ആദ്യ ഭാഗം ജൂണ്‍ ഒന്നിനു മുന്‍പും, രണ്ടാം ഭാഗം ജൂലൈ ഒന്നിനു മുന്‍പും നല്‍കണം. കോര്‍പ്പസ് ഫണ്ടിലേക്കു തുക മാറ്റിവക്കുന്നതിന് ജൂലൈ ഒന്നു വരെയും സമയം അനുവദിച്ചു.

◾ഈ മാസം 23 നു വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ് മണികുമാറിന് സര്‍ക്കാര്‍വക യാത്രയയപ്പ്. ആദ്യമായാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു യാത്രയയപ്പു സംഘടിപ്പിക്കുന്നത്. കോവളത്തെ സ്വകാര്യ ഹോട്ടലില്‍ നടത്തിയ യാത്രയയപ്പു പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരായ പി. രാജീവ്, കെ.എന്‍. ബാലഗോപാലന്‍, കെ. രാജന്‍, പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവരും അഡ്വക്കറ്റ് ജനറല്‍, ചീഫ് സെക്രട്ടറി തുടങ്ങിയവരും പങ്കെടുത്തു.

◾കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്.വി. ഭട്ടിയെ നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് മണികുമാര്‍ 23 നു വിരമിക്കും. മദ്രാസ് ഹൈക്കോടി ചീഫ് ജസ്റ്റിസായി എസ് മുരളിധറിനെ നിയമിക്കാനുള്ള ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം തിരിച്ചു വിളിച്ചു. വിരമിക്കാന്‍ നാലു മാസം മാത്രമുള്ള മുരളീധറിന്റെ നിയമന ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.

◾ശബരിമല തിരുവാഭരണ കേസ് മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. അന്തരിച്ച രേവതി തിരുനാള്‍ പി രാമവര്‍മ്മ രാജയ്ക്കു പകരം പുതിയ നോമിനിയെ കക്ഷിയാക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് മറുപടി സമര്‍പ്പിക്കാനുണ്ടെന്ന് അറിയിച്ചതിനാലാണു കേസ് മാറ്റിയത്.

◾ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്നു പുലര്‍ച്ചെ പൂര്‍ത്തിയായി. ഹൈബ്രിഡ് സൂര്യഗ്രഹണമാണ് ഇന്നുണ്ടായത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.34 മുതല്‍ 6.32 വരെ ഭാഗിക സൂര്യഗ്രഹണവും 4.29 മുതല്‍ 4.30 വരെ ഒരു മിനിറ്റില്‍ താഴെ പൂര്‍ണ ഗ്രഹണവും ആയതിനാലാണ് ഹൈബ്രിഡ് സൂര്യഗ്രഹണം എന്നു വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍നിന്ന് ഗ്രഹണം ദൃശ്യമായില്ല. അടുത്ത സൂര്യഗ്രഹണം ഒക്ടോബര്‍ 14 നാണ്.

◾ഒരു വര്‍ഷം പ്രവര്‍ത്തിച്ച കോണ്‍ഗ്രസിന്റെ എല്ലാ ബ്ലോക്ക് പ്രസിഡന്റുമാരേയും മാറ്റുമെന്ന് കെപിസിസി. മണ്ഡലം പ്രസിഡന്റുമാരെ ഡിസിസി ഭാരവാഹിയാക്കില്ല. സഹകരണ സംഘം പ്രസിഡന്റുമാര്‍ക്കു ഭാരവാഹികളാകാം. ഡിസിസി, ബ്ലോക്ക് പുനസംഘടനയ്ക്കു കെപിസിസി നിയോഗിച്ച ഉപസമിതി യോഗത്തിലാണ് ഈ നിര്‍ദേശങ്ങള്‍.

◾അദാനി വിഷയം ഉന്നയിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയ്ക്ക കാരണമായ അപകീര്‍ത്തി കേസ് അതിവേഗത്തിലാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. കേരളത്തിലെ പ്രഥമ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 120 ാം വാര്‍ഷികവും സേലം വിജയരാഘവാചാരി അനുസ്മരണവും എറണാകുളം ഡിസിസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചോദ്യങ്ങളെ മോദി സര്‍ക്കാര്‍ ഭയക്കുന്നുവെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

◾ട്രാഫിക്, മോട്ടോര്‍ വാഹന നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താതെ സര്‍ക്കാര്‍ ക്യാമറകള്‍ സ്ഥാപിച്ച് ജനങ്ങളെ കുത്തിപ്പിഴിയുന്ന പരിഷ്‌കാരം മാറ്റിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.

◾കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാലും കേരളത്തില്‍ സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ യുഡിഎഫ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റെയില്‍ പാളങ്ങളിലെ വളവുകള്‍ നികത്തി ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ അഞ്ചോ ആറോ മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് എത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

◾മലപ്പുറം അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ പന്ത്രണ്ട് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവു ശിക്ഷ. അമ്പതിനായിരം രൂപ വീതം പിഴയും ഒടുക്കണം. കേസില്‍ ഒന്നു മുതല്‍ 11 വരെയുള്ള പ്രതികളും 18 ആം പ്രതിയും കുറ്റക്കാരാണെന്ന് നേരത്തെ മഞ്ചേരി മൂന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കാളക്കാടന്‍ അബൂബക്കര്‍, സഹോദരന്‍ അബ്ദുല്‍ കലാം ആസാദ് എന്നിവരാണു കൊല്ലപ്പെട്ടത്.

◾വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആറു പേര്‍ക്കു പരിക്കേറ്റു. യത്തീംഖാന പള്ളിക്കു മുന്‍വശത്തുള്ള ബൈപ്പാസില്‍ പാലത്തിനു സമീപത്താണ് അപകടം. പാലക്കാട് ഭാഗത്തുനിന്നും പാലായ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടക്കഞ്ചേരി ടൗണില്‍നിന്നു പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.  

◾ഹെല്‍മറ്റ് ധരിക്കാത്തതിന് കാറുടമയോട് 500 രൂപ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ്. തിരൂര്‍ ചെമ്പ്ര സ്വദേശി കൈനിക്കര വീട്ടില്‍ മുഹമ്മദ് സാലിക്കാണ് സന്ദേശം എത്തിയത്. വാഹന നമ്പര്‍ കാമറ തെറ്റായി രേഖപ്പെടുത്തിയതാകാം അബദ്ധത്തിനു കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്.

◾വയനാട് തൃക്കൈപ്പറ്റയില്‍ ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസറെ പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചതായി പരാതി. ജില്ലാ ഓഫീസര്‍ മായാ എസ് പണിക്കര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. നെല്ലിമാളം സ്വദേശി ജോസിനെതിരെ മേപ്പാടി പൊലീസ് കേസെടുത്തു.

◾പതിമൂന്ന് വയസുള്ള മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ 51 വയസുകാരന് 78 വര്‍ഷം കഠിന തടവിനും രണ്ടേമുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പോക്സോ കോടതിയാണു ശിക്ഷ വിധിച്ചത്. പിഴയൊടുക്കാതിരുന്നാല്‍ മൂന്നര വര്‍ഷം അധിക കഠിന തടവും അനുഭവിക്കണം. സ്ഥിരമായി മദ്യപിച്ച് ഉപദ്രിച്ചതുമൂലം ഭാര്യ വീടുവിട്ടു പോയിരുന്നു. പിതൃമാതാവിനോടും മുത്ത സഹോദരിമാരോടുമൊപ്പം കഴിഞ്ഞിരുന്ന മകളെയാണു പീഡിപ്പിച്ചത്.

◾കൊല്ലം ചവറയില്‍ എസ്ഡിപിഐ ജില്ലാ കമ്മറ്റിയംഗമായിരുന്ന അബ്ദുള്‍ അസീസിന്റെ വീട്ടിലും ഭാര്യവീട്ടിലും എന്‍ഐഎ സംഘത്തിന്റെ റെയ്ഡ്. ഏതാനും രേഖകള്‍ കണ്ടെടുത്തെന്നാണു റിപ്പോര്‍ട്ട്.

◾എംഡിഎംഎയുമായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറോഫീസ് കാമ്പസിലേക്ക് ഓടിക്കയറിയയാളെ പിടികൂടി. കണ്ണൂര്‍ സ്വദേശി ഒമര്‍ സുന്‍ഹറിനെയാണ് പൊലീസും എക്സൈസും ചേര്‍ന്ന് പിടികൂടിയത്. എക്സൈസ് സംഘത്തില്‍നിന്നു രക്ഷപ്പെടാനാണ് ഇയാള്‍ കമ്മീഷണര്‍ ഓഫീസ് കാമ്പസിലേക്ക് കയറിയത്.

◾ബംഗളൂരുവില്‍ നിന്ന് എംഡിഎംഎയുമായി എത്തിയ യുവാവ് പത്തനംതിട്ടയില്‍ പിടിയിലായി. മൈലപ്ര സ്വദേശി മിഥുന്‍ രാജീവാണ് അറസ്റ്റിലായത്.

◾നാട്ടിലേക്കു പോകാന്‍ റിയാദ് വിമാനത്താവളത്തിലെത്തി വിമാനത്തിലിരിക്കുമ്പോള്‍ ഹൃദയാഘാതമുണ്ടായി മരിച്ച കണ്ണൂര്‍ മലപ്പട്ടം സ്വദേശി മരിയാക്കണ്ടി മുഹമ്മദിന്റെ (54) മൃതദേഹം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഇന്നു രാവിലെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിക്കും.

◾ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കു വേണ്ടി വീടും സ്ഥലവും സര്‍വെ ചെയ്തതതില്‍ മനംനൊന്ത് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. മണ്ണാര്‍ക്കാട് മേലാമുറി കൊല്ലംപുറത്ത് ഉണ്ണിക്കണ്ണനാണു മരിച്ചത്.

◾സ്വവര്‍ഗ വിവാഹം നഗര കേന്ദ്രീകൃത വരേണ്യ വര്‍ഗത്തിന്റെ സങ്കല്‍പ്പമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോയെന്ന് സുപ്രീം കോടതി. സത്യവാങ്മൂലത്തിനു സാധൂകരണമായി ഒന്നുമില്ലെന്നു ചീഫ് ജസ്റ്റീസ് വിമര്‍ശിച്ചു. വ്യക്തിക്കു നിയന്ത്രിക്കാനാകാത്ത സ്വഭാവത്തിന്റെ പേരില്‍ ഭരണകൂടത്തിനു വിവേചനം കാട്ടാനാകില്ലെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്കു നിയമസാധുത ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടിയിരിക്കുകയാണ്.

◾എന്‍സിപി നേതാവ് അജിത് പവാര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ മുന്നണി വിടുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന. അജിത് പവാറും ഒരു വിഭാഗം എന്‍സിപി പ്രവര്‍ത്തകരും ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പടരുന്നതിനിടെയാണ് ഷിന്‍ഡെ ശിവസേന നിലപാടു വ്യക്തമാക്കിയത്.

◾ഇന്ത്യയില്‍ കൂടുതല്‍ ആപ്പിള്‍ സ്റ്റോറുകള്‍ തുടങ്ങുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വാഗ്ദാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടിനെ അഭിനന്ദിച്ച ടിം കുക്ക് രാജ്യത്തുടനീളം നിക്ഷേപം നടത്തുമെന്നു ട്വിറ്റ് ചെയ്തു.

◾തൃണമൂല്‍ കോണ്‍ഗ്രസിന് ദേശീയ പാര്‍ട്ടി പദവി വീണ്ടെടുക്കാന്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായെ ഫോണില്‍ വിളിച്ചെന്ന ആരോപണം തെളിയിച്ചാല്‍ രാജി വയ്ക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് മമതയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്.

◾കര്‍ണാടക തെരഞ്ഞെടുപ്പു പ്രചാരണത്തിന് ബിജെപിയും കോണ്‍ഗ്രസും നേതൃനിരയെത്തന്നെ ഇറക്കും. ബിജെപിക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്മൃതി ഇറാനി, ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദ, ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ എന്നിവര്‍ പ്രചാരണത്തിനെത്തും. കോണ്‍ഗ്രസിനുവേണ്ടി സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ശശി തരൂര്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പ്രാചരണത്തിനിറങ്ങും.

◾ആഗോള സന്നദ്ധ സംഘടനയായ ഓക്സ്ഫാം വിദേശ സംഭാവന ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് സിബിഐ കേസെടുത്തു. ഒന്നര കോടി രൂപ നേരിട്ട് വിദേശത്തുനിന്ന് ഓക്സ്ഫാം സ്വീകരിച്ചെന്നാണു സിബിഐയുടെ ആരോപണം.

◾ജനസംഖ്യയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കെന്നു വ്യക്തമാക്കുന്ന യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ തെറ്റായ ഭൂപടം. ജമ്മു കാഷ്മീരില്‍നിന്ന് പാക് അധീന കാഷ്മീരിന്റെയും ലഡാക്കിന്റെയും ചില ഭാഗങ്ങള്‍ ഭൂപടത്തില്‍ ഇല്ല. അക്സായി ചിന്‍, ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ പ്രദേശം ഒരു പ്രത്യേക മേഖലയായി ചിത്രീകരിക്കുകയും പാക് അധീന കാഷ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാക്കിയുമാണ് ഭൂപടം പ്രസിദ്ധീകരിച്ചത്.

◾ജയിക്കേണ്ട കളി തോറ്റു കൊടുത്ത് രാജസ്ഥാന്‍ റോയല്‍സ്. ഐപിഎല്ലില്‍ ആവേശം അവസാന ഓവര്‍ വരെ അലതല്ലിയ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 10 റണ്‍സ് തോല്‍വി. ലഖ്‌നൗ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് 87 റണ്‍സിന്റെ മികച്ച് ഓപ്പണിംഗ് കൂട്ടുകെട്ട് ലഭിച്ചിട്ടും നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

◾ഇന്ത്യയിലെ ഏറ്റവും സമ്പന്ന നഗരമെന്ന ഖ്യാതി വീണ്ടും സ്വന്തമാക്കി മുംബൈ. ഇന്‍വെസ്റ്റ്മെന്റ് മൈഗ്രേഷന്‍ സ്ഥാപനമായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. സര്‍വേ പ്രകാരം 29 ബില്ല്യണെയേഴ്‌സ് (8200 കോടി രൂപ ആസ്തിയുള്ളവര്‍) ഉള്‍പ്പടെ 59,000 മില്ല്യണെയേഴ്‌സോടെ (8.2 കോടി രൂപ ആസ്തിയുള്ളവര്‍) മുംബൈ ലോക നഗരങ്ങളില്‍ 21-ാം സ്ഥാനത്താണുള്ളത്. മുംബൈയ്ക്ക് ശേഷം 16 ബില്ല്യണെയേഴ്‌സുള്‍പ്പടെ 30,200 മില്ല്യണെയേഴ്‌സോടെ ഡല്‍ഹി പട്ടികയില്‍ 36-ാം സ്ഥാനത്തുണ്ട്. പിന്നാലെ 12,600 മില്ല്യണെയേഴ്‌സോടെ 60-ാം സ്ഥാനത്ത് ബംഗളുരുവും. 7 ബില്ല്യണെയേഴ്‌സുള്‍പ്പടെ 12,100 മില്ല്യണെയേഴസുമായി കൊല്‍ക്കത്ത (63-ാം സ്ഥാനം), 5 ബില്ല്യണെയേഴ്‌സുള്‍പ്പടെ 11,100 മില്ല്യണെയേഴസുമായി ഹൈദരാബാദ് (65-ാം സ്ഥാനം) എന്നീ ഇന്ത്യന്‍ നഗരങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സര്‍വേ പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്ന നഗരം ന്യൂയോര്‍ക്കാണ്. ഏറ്റവും കൂടുതല്‍ ബില്ല്യണെയേഴ്‌സുള്ള നഗരവും ന്യൂയോര്‍ക്ക് തന്നെ. 58 ബില്ല്യണെയേഴ്‌സുള്‍പ്പടെ 3,40,000 മില്ല്യണെയേഴസാണ് നഗരത്തിലുള്ളത്. ജപ്പാന്‍ തലസ്ഥാനമായ ടോക്യോ (2,90,300 മില്ല്യണെയേഴസ്), സാന്‍ ഫ്രാന്‍സിസ്‌കോ (2,85,000 മില്ല്യണെയേഴസ്) എന്നീ നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ലണ്ടന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളി. ലോകത്തിലെ സമ്പന്നമായ നഗരങ്ങളുടെ റിപ്പോര്‍ട്ട്-2023 എന്ന പേരിലുള്ള റിപ്പോര്‍ട്ടില്‍ 97 നഗരങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. യു.എസില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നഗരങ്ങള്‍ പട്ടികയിലുള്ളത്.

◾ഇര്‍ഫാന്‍ ഖാന്‍ അവസാനമായി അഭിനയിച്ച ചിത്രം 'ദി സോംഗ് ഓഫ് സ്‌കോര്‍പിയണ്‍സ്' തിയേറ്ററുകളിലേക്കെത്തുകയാണ്. 2017ല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ലോകപ്രശസ്തമായ ലൊക്കാര്‍ണോ ചലച്ചിത്രോത്സവ വേദിയില്‍ വേള്‍ഡ് പ്രീമിയര്‍ ചെയ്തിരുന്നു. ഇര്‍ഫാന്റെ വിയോഗത്തിന് മൂന്നാണ്ട് പൂര്‍ത്തിയാവുന്ന ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ആദം എന്ന ഒട്ടക വ്യാപാരിയുടെ വേഷത്തിലാണ് സിനിമയില്‍ ഇര്‍ഫാന്‍ എത്തുന്നത്. വഹീദ റഹ്‌മാന്‍, ശശാങ്ക് അറോറ, കൃതിക പാണ്ഡെ, സാറ അര്‍ജുന്‍, ഷെഫാലി ഭൂഷണ്‍, തിലോത്തമ ഷോമെ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക മേഖലകളില്‍ വിദേശികളാണ് കൂടുതല്‍. പിയെട്രോ സുര്‍ച്ചര്‍, കാര്‍ലോട്ട ഹോളി സ്റ്റെയിന്‍മന്‍ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകര്‍. എഡിറ്റിംഗ് മേരി പിയര്‍ ഫ്രാപ്പിയര്‍. കാന്‍സര്‍ ബാധയെ തുടര്‍ന്ന് 2020 ഏപ്രിലില്‍ ആയിരുന്നു ഇര്‍ഫാന്‍ ഖാന്റെ വിയോഗം. ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായിരുന്ന ഇര്‍ഫാന്‍ നിരവധി ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

◾ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന പ്രഭാസ് നായകനായ ചിത്രം 'ആദിപുരുഷ്' ജൂണ്‍ 13ന് ട്രിബേക്ക ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യും. 'ആദിപുരുഷ്' റിലീസ് അറിയിച്ചിരിക്കുന്നത് ജൂണ്‍ 16ന് ആണ്. 'ആദിപുരുഷ്' എന്ന ചിത്രം മികച്ച ദൃശ്യ വിസ്മയമായിരിക്കും എന്നാണ് പ്രതീക്ഷകള്‍. 'ആദിപുരുഷി'ല്‍ പ്രഭാസ് 'രാഘവ'യാകുമ്പോള്‍ 'ജാനകി'യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. നെറ്റ്ഫ്ലിക്സ് 'ആദിപുരുഷ്' ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്ക്കാണ് 'ആദിപുരുഷെ'ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തിലും പ്രഭാസാണ് നായകന്‍. 'സലാര്‍' എന്ന ചിത്രത്തിലാണ് പ്രഭാസ് നായകനാകുന്നത്.

◾ഫോക്‌സ്വാഗണ്‍ കമ്പനി തങ്ങളുടെ പുതിയ ആഡംബര ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചു. ഫോക്‌സ്വാഗണ്‍ ഐഡി.7 എന്നാണ് ഈ കാറിന്റെ പേര്. ഒറ്റ ചാര്‍ജില്‍ 700 കിലോമീറ്റര്‍ വരെ ഈ കാര്‍ ഓടുന്നു എന്നതാണ് പ്രധാന പ്രത്യേകത. പുതിയ ഫോക്‌സ്വാഗണ്‍ ഐഡി.7 പ്രോ, പ്രോ എസ് എന്നിങ്ങനെ രണ്ട് ട്രിം ഓപ്ഷനുകളില്‍ ലഭ്യമാണ്. അടിസ്ഥാന വേരിയന്റിന് 77 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ലഭിക്കുന്നു. 170 കിലോവാട്ട് ഡിസി ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. പ്രോ എസ് വേരിയന്റിന് 700 കിലോമീറ്റര്‍ റേഞ്ചുള്ള 86 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കുണ്ട്, കൂടാതെ 200 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജറുമായി പൊരുത്തപ്പെടുന്നു. ഫാസ്റ്റ് ചാര്‍ജിംഗ്, സാറ്റലൈറ്റ് നാവിഗേഷന്‍, എന്റെര്‍ടെയിന്‍മെന്റ്, ഓട്ടോ ഡ്രൈവിംഗ് സാങ്കേതികവിദ്യ തുടങ്ങിയ ഫീച്ചറുകള്‍ ഈ കാറില്‍ നല്‍കിയിട്ടുണ്ട്. ഫോക്‌സ്വാഗണ്‍ തങ്ങളുടെ മുന്‍നിര ഇലക്ട്രിക് സെഡാന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്തിടെ ഷാങ്ഹായില്‍ നടന്ന ഓട്ടോ ഷോയില്‍ പുതിയ ഇവി കാര്‍ കമ്പനി അവതരിപ്പിച്ചിരുന്നു.

◾നിങ്ങള്‍ വിജയത്തിലേക്കുള്ള പാത തേടുകയാണോ? സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ കഴിവുകളും നൈപുണ്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ചിന്തിക്കാറുണ്ടോ? അങ്ങനെയെങ്കില്‍ ഈ പുസ്തകം നിങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ട് ജീവിതവിജയം കൈവരിക്കുവാനുള്ള പാഠങ്ങളാണ് 'നിന്നില്‍ത്തന്നെ വിശ്വസിക്കുക' എന്ന ഈ പുസ്തകത്തിലൂടെ ഡോ. ജോസഫ് മര്‍ഫി വെളിപ്പെടുത്തുന്നത്. ശരിയായ മാനസിക മനോഭാവത്തിലൂടെ ഉപബോധമനസ്സിനെ ഉത്തേജിപ്പിച്ചുകൊണ്ട് ഉയരങ്ങള്‍ കീഴടക്കുന്നത് എങ്ങനെയെന്ന് പുസ്തകം നിങ്ങളോട് പറയുന്നു. ഉപബോധമനസ്സിന്റെ അപരിമേയമായ ശക്തിയെക്കുറിച്ച് വിവരിക്കുന്ന നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തിയാല്‍ സമ്പന്നനാകൂ എന്നീ വിഖ്യാത കൃതികളുടെ കര്‍ത്താവില്‍നിന്നും മറ്റൊരു കൃതി. വിവര്‍ത്തനം: ലിന്‍സി കെ. തങ്കപ്പന്‍. ഡിസി ബുക്സ്. വില 99 രൂപ.

◾ജീവിതരീതില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ കൂര്‍ക്കംവലി കുറയ്ക്കാനും ഉറക്കനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. നേരെ കിടന്ന് ഉറങ്ങുമ്പോള്‍ നാക്കും അണ്ണാക്കുമൊക്കെ തൊണ്ടയുടെ പിന്‍ഭാഗത്തേക്ക് പോകും ഇത് ശ്വാസനാളത്തെ ഇടുങ്ങിയതാക്കുകയും കൂര്‍ക്കംവലിക്ക് കാരണമാകുകയും ചെയ്യും. വശങ്ങളിലേക്ക് കിടന്നുറങ്ങുന്നത് ഇതൊഴിവാക്കാന്‍ സഹായിക്കും. ശരീരഭാരം വര്‍ദ്ധിക്കുമ്പോള്‍ പ്രത്യേകിച്ച് കഴുത്തിനും തൊണ്ടയ്ക്ക് ചുറ്റും ഭാരം കൂടുമ്പോള്‍ ശ്വാസനാളത്തില്‍ സമ്മര്‍ദ്ദമുണ്ടാകും. ഇത് കൂര്‍ക്കംവലിക്ക് കാരണമാകും. ശരീരഭാരം കുറയ്ക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. പുകവലി ശ്വാസനാളത്തെ അലോസരപ്പെടുത്തും. ഇത് വീക്കത്തിനും ശ്വാസനാളം ചുരുങ്ങാനും കാരണമാകും. പുകവലി ഉപേക്ഷിക്കുന്നത് വീക്കം കുറയ്ക്കാനും ശ്വസനം മെച്ചപ്പെടുത്താനും കൂര്‍ക്കംവലി കുറയ്ക്കാനും സഹായിക്കും. മദ്യം, മയക്കമരുന്ന്, ഉറക്ക ഗുളികകള്‍ എന്നിവ നിങ്ങളുടെ തൊണ്ടയിലെ പേശികള്‍ക്ക് അയവ് വരുത്തും, ഇത് കൂര്‍ക്കംവലി കൂടാന്‍ കാരണമാകുകയും ചെയ്യും. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടണമെങ്കില്‍ ഉറങ്ങുന്നതിന് മുമ്പ് ഇവ ഒഴിവാക്കണം. ഉറക്കത്തിന് സ്ഥിരമായ ഒരു ഷെഡ്യൂള്‍ പാലിക്കുന്നത് നല്ലതാണ്. ഉറങ്ങുന്നതിന് മുമ്പ് അല്‍പസമയം റിലാക്സ് ചെയ്യുന്നതും നല്ല ഉറക്കത്തിന് അനുയോജ്യമായി കിടക്കുന്ന ഇടം ഒരുക്കുന്നതുമെല്ലാം ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കും. തൊണ്ടയിലെയും നാവിലെയും പേശികളെ ശക്തിപ്പെടുത്തുന്നത് കൂര്‍ക്കംവലി കുറയ്ക്കും. പാട്ട് പരിശീലിക്കുന്നതും വാദ്യോപകരണങ്ങള്‍ വായിക്കുന്നതുമൊക്കെ ഇതിന് സഹായിക്കും. അല്ലങ്കില്‍ തൊണ്ടയ്ക്കുള്ള പ്രത്യേക വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. തലയിണകളില്‍ അടിയുന്ന പൊടിപടലങ്ങള്‍ കൂര്‍ക്കംവലിക്ക് പിന്നിലെ മറ്റൊരു കാരണമാണ്. അതുകൊണ്ട് ഇവ പതിവായി മാറ്റണം. വളര്‍ത്തുമൃഗങ്ങളെ കട്ടിലില്‍ കിടത്തുന്നതും ഒഴിവാക്കണം. മൂക്കില്‍ കാണപ്പെടുന്ന സ്രവങ്ങള്‍ കട്ടപിടിക്കാനും ഒട്ടിപ്പോകാനും നിര്‍ജ്ജലീകരണം ഒരു കാരണമാണ്. ഇതും കൂര്‍ക്കം വലി കൂടാന്‍ ഇടയാകും. അതുകൊണ്ട് എല്ലാ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

*ശുഭദിനം*
കവിത കണ്ണന്‍
തന്റെ രാജ്യത്തെ ജനങ്ങളൂുടെ ജീവിതം സമാധാനപൂര്‍ണ്ണമാക്കാന്‍ പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ രാജാവ് തീരൂമാനിച്ചു ഇതിനായി രാജ്യത്തുനിന്നും ആയിരം ജ്ഞാനികളെ വിളിച്ചുവരുത്തി നിയമങ്ങളുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ആഴ്ചകള്‍ക്ക് ശേഷം അവര്‍ തിരിച്ചെത്തി രാജാവിനോട് പറഞ്ഞു: ഞങ്ങള്‍ വളരെ സൂക്ഷമതയോടെ രാജ്യത്തെ കുറ്റങ്ങള്‍ കണ്ടെത്തി അതിനുള്ള നിയമങ്ങളും ഉണ്ടാക്കി. അങ്ങിനെ ആയിരം നിയമങ്ങള്‍ അങ്ങേക്കായി കൊണ്ടുവന്നിട്ടുണ്ട്. ഇത് കേട്ടപ്പോള്‍ രാജാവിന്റെ മുഖം വാടി. ജഞാനികള്‍ കാരണം അന്വേഷിച്ചു. രാജാവ് പറഞ്ഞു: നിങ്ങള്‍ ആയിരം നിയമങ്ങള്‍ ഉണ്ടാക്കി എന്ന് പറയുമ്പോള്‍ ഈ നാട്ടില്‍ ആയിരം കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നല്ലേ... നിയമങ്ങള്‍ എന്തൊക്കെയാണെന്ന് പഠിച്ച് അവയ്ക്കനുസരിച്ച് ജീവിക്കുന്നത് അച്ചടക്കം. എന്നാല്‍ ഒരു നിയമവുമില്ലെങ്കിലും മനസാക്ഷിക്കനുസരിച്ച് പെരുമാറുന്നത് ആത്മനിയന്ത്രണം. ആരും കാണാതിരിക്കുമ്പോഴും എന്തും ചെയ്യാന്‍ സ്വാതന്ത്ര്യമുളളപ്പോള്‍ പോലും അരുതാത്തതൊന്നും ചെയ്യാത്തതാണ് യഥാര്‍ത്ഥധാര്‍മ്മികബോധം. മോഷണം കുററമല്ലാത്ത നാട്ടില്‍ ചെന്ന് മോഷ്ടിച്ചാലും അത് മോഷണം തന്നെയാണ്. ഒരു നിരീക്ഷണവും പരീക്ഷണങ്ങളുമില്ലെങ്കിലും സത്യസന്ധരാകാന്‍ നമുക്ക് ശ്രമിക്കാം.. - ശുഭദിനം.