◾മഹാരാഷ്ട്രയില്‍ വീണ്ടും രാഷ്ട്രീയ നാടകങ്ങള്‍. എന്‍സിപി നേതാവ് അജിത്കുമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നേക്കും. മുഖ്യമന്ത്രി ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെയ്ക്കു പകരം അജിത് പവാറിനെ മുഖ്യമന്ത്രിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയുടെ പിന്തുണയുണ്ടാകില്ലെന്ന് ശരത് പവാര്‍ വ്യക്തമാക്കിയെന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം വെളിപെടുത്തിയിരുന്നു.
◾പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി കേരളത്തിലേക്ക്. ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചു. ജൂലൈ പത്തുവരെ കേരളത്തില്‍ തുടരാം. കര്‍ണാടക പൊലീസിന്റെ സുരക്ഷയിലാകും മദനി കേരളത്തില്‍ എത്തുക. ചികിത്സയടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അബ്ദുള്‍ നാസര്‍ മദനി ജാമ്യവ്യവസ്ഥയില്‍ ഇളവു തേടിയത്.
◾താമരശേരിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫി മോചിതനായി നാട്ടില്‍ തിരിച്ചെത്തി. തട്ടിക്കൊണ്ടുപോയ സംഘം മൈസൂരുവില്‍ ഇറക്കിവിടുകയായിരുന്നു. ബസ് കയറി ഇന്നലെ വൈകുന്നേരത്തോടെ ഷാഫി നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. പത്തു ദിവസംമുമ്പാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. ഭാര്യയെ വഴിയില്‍ ഉപേക്ഷിച്ച ശേഷം ഇയാളെയുംകൊണ്ട് കടന്നു കളയുകയായിരുന്നു. ഷാഫിയെ തട്ടിക്കൊണ്ടു പോയത് സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘമെന്നു പൊലീസ്.
◾വന്ദേഭാരത് ട്രെയിന്‍ ഷൊര്‍ണൂര്‍ മുതല്‍ കണ്ണൂര്‍വരെ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തിലാണ് ഓടിച്ചതെന്നും വേഗത ഇനിയും മെച്ചപ്പെടുത്താനാകുമെന്നും ട്രയല്‍ റണ്‍ നടത്തിയ ലോകോ പൈലറ്റ് എം ഐ കുര്യാക്കോസ്. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് ഏഴു മണിക്കൂര്‍ പത്തു മിനിറ്റുകൊണ്ടാണ് ഓടിയെത്തിയത്. എന്നാല്‍ തിരികേ തിരുവനന്തപുരത്ത് എത്താന്‍ 10 മിനിറ്റ് കൂടുതല്‍ സമയമെടുത്തു.
◾നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തു നടത്തിയ കേസില്‍ സ്വര്‍ണം കൈപ്പറ്റിയവരുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. കോഴിക്കോട് സ്വദേശികളായ ടി.എം സംജു, ഷംസുദീന്‍, കോയമ്പത്തൂര്‍ സ്വദേശി നന്ദഗോപാല്‍ എന്നിവരുടെ 27.65 ലക്ഷം രൂപയുടെ സ്വര്‍ണവും 1.13 കോടിയുടെ സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.
◾തൃശൂര്‍ കയ്പമംഗലത്തെ പെട്രോള്‍ പമ്പുടമ കോഴിപ്പറമ്പില്‍ മനോഹരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കു ജീവപര്യന്തം തടവുശിക്ഷയും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ. കയ്പമംഗലം സ്വദേശി കല്ലിപറമ്പില്‍ അനസ്, കുന്നത്ത് അന്‍സാര്‍, കുറ്റിക്കാടന്‍ സ്റ്റിയൊ എന്നിവരെയാണ് ഇരിഞ്ഞാലക്കുട അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 2019 ഒക്ടോബറിലാണു മനോഹരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
◾വിവാദങ്ങളില്‍ ന്യായീകരണവുമായി ലോകായുക്ത. ദുരിതാശ്വാസ നിധി വകമാറ്റല്‍ കേസിലെ ഭിന്ന വിധി വ്യത്യസ്ത ഉത്തരവായി വായിക്കേണ്ടതില്ല. വിധി വിശദീകരിക്കാന്‍ നിയമപരമായി ബാധ്യതയില്ലെന്നും ലോകായുക്ത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതു വ്യക്തിയെന്ന നിലയിലല്ല, മുഖ്യമന്ത്രി എന്ന നിലയില്‍ ക്ഷണിച്ചതിനാലാണെന്നും വിശദീകരണം. പരാതിക്കാരനെതിരേ പേപ്പട്ടി പരാമര്‍ശം നടത്തിയിട്ടില്ല. ജഡ്ജിമാരെ അവഹേളിച്ച് കക്ഷികളുടെ താല്‍പര്യമനുസരിച്ച് ഉത്തരവിടാനാവില്ലെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
◾പാലാ നിയമസഭാ തെരെഞ്ഞെടുപ്പ് കേസിന്റെ ഹര്‍ജിയില്‍ ഭേദഗതി വരുത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ മാണി സി കാപ്പന്‍ എംഎല്‍എ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. പാലാ സ്വദേശി സി വി ജോണ്‍ ഫയല്‍ ചെയ്ത തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താമെന്നു ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഉത്തരവിട്ടിരുന്നു.
◾അരിക്കൊമ്പന്‍ വിഷയത്തില്‍ അതിരപ്പിള്ളിയിലെ ജനങ്ങളുടെ ആശങ്ക വനം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയെന്ന് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ. ജനങ്ങള്‍ അരിക്കൊമ്പനെ ചെറുക്കും. കോടതിയെ ബോധ്യപെടുത്തി ജനങ്ങള്‍ക്ക് അനുകൂല തീരുമാനമെടുക്കാന്‍ സര്‍ക്കാരിനു കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ആറു വര്‍ഷമായി ജയിലില്‍ കഴിയുന്നതിനാല്‍ ജാമ്യം വേണമെന്നായിരുന്നു പള്‍സര്‍ സുനിയുടെ ആവശ്യം.
◾പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ സി ഐയേയും എസ് ഐയേയും സൈനികന്‍ അക്രമിച്ചെന്ന് പോലീസ്. വീട്ടിലെത്തിയ പോലീസ് സൈനികനെ മര്‍ദിച്ചെന്ന് വീട്ടുകാര്‍. കൊല്ലം കൊട്ടിയം സ്വദേശിയായ സൈനികന്‍ കിരണ്‍കുമാറിനെ പൊലീസ് ബലം പ്രയോഗിച്ച് കീഴടക്കി. കൊല്ലം കൊട്ടിയം ചെന്താപ്പൂരിലെ എന്‍എസ്എസ് കരയോഗം തെരഞ്ഞെടുപ്പിനിടെ ഉണ്ടായ തര്‍ക്കവും പരാതിയും അന്വേഷിക്കാനാണു പോലീസ് എത്തിയത്.
◾എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി ഇടപാടിലുണ്ടായ നഷ്ടം നികത്താന്‍ കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വില്‍ക്കാവുന്നതാണെന്ന് വത്തിക്കാന്‍ അനുമതി നല്‍കി. സിനഡിന്റെ തീരുമാനം വത്തിക്കാന്‍ അംഗീകരിക്കുകയായിരുന്നു. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാവുന്നതാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
◾അട്ടപ്പാടി ഇലച്ചി വഴിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി മരിച്ചു. 50 വയസുള്ള കന്തസ്വാമിയാണ് കൊല്ലപ്പെട്ടത്.
◾ഒന്‍പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ആറു വര്‍ഷം കഠിന തടവും രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ. കാരയാട് കാളിയത്തുമുക്ക് തേവറോത്ത് ഇബ്രായിയെ (53) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
◾നെടുമ്പാശേരി സ്വദേശിനിയും രണ്ടു മക്കളുടെ അമ്മയുമായ യുവതിയെ കാണാനില്ലെന്നു പരാതി. അന്വേഷിച്ച പോലീസ് ഭാര്യയെ ഇടുക്കിയിലെ ഒരു പൊലീസുകാരന്‍ തട്ടിക്കൊണ്ടുപോയെന്നു കണ്ടെത്തി. മൂന്നാറില്‍ ഉല്ലാസത്തിലായിരുന്ന ഇരുവരെയും പിടികൂടാന്‍ ശ്രമിച്ചെങ്കിലും പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു.
◾മുംബൈയില്‍ കേന്ദ്രമന്ത്രി അമിത് ഷായുടെ പൊതുയോഗത്തില്‍ സൂര്യാഘാതമേറ്റ് 12 പേര്‍ മരിച്ചതിനു മന്ത്രിയും സര്‍ക്കാരുമാണ് ഉത്തരവാദികളെന്ന് കോണ്‍ഗ്രസ്. നട്ടുച്ചയ്ക്ക് 42 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ആളുകളെ പൊരിവെയിലത്ത് ഇരുത്തി പ്രസംഗിച്ചുകൊന്നെന്നാണ് ആക്ഷേപം. ചൂടിനെക്കുറിച്ച് അമിത് ഷാ പറയുന്ന വീഡിയോ പങ്കുവച്ചാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
◾പ്രധാനമന്ത്രി നാലാം ക്ലാസ് രാജയെന്ന് പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മോദിയെ അഹങ്കാരിയും അഴിമതിക്കാരനുമായ രാജാവിനോട് ഉപമിച്ചായിരുന്നു പരിഹാസം. ആം ആദ്മി പാര്‍ട്ടിയിലൂടെ താന്‍ കൊണ്ടുവന്ന വികസനങ്ങള്‍ പ്രധാനമന്ത്രിയെ ചൊടിപ്പിച്ചെന്നും കെജ്രിവാള്‍ നിയമസഭ സമ്മേളനത്തില്‍ പറഞ്ഞു. സിബിഐ വേട്ടയാടുന്നതില്‍ പ്രതിഷേധിക്കാനാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടിയത്.
◾ഉത്തര്‍പ്രദേശില്‍ വീണ്ടും കൊലപാതകം. വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ വഴിയില്‍ അക്രമികള്‍ വെടിവച്ചു കൊന്നു. ജലാവുനില്‍ 22 വയസുള്ള രോഷ്നി അഹിര്‍വര്‍ എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കില്‍ എത്തിയ രണ്ടുപേരാണ് വെടിവച്ചു കൊന്നത്.
◾ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്റെ നേട്ടമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ എന്തെങ്കിലും സംഭവിച്ചാല്‍ കേന്ദ്ര ഏജന്‍സിയെ അയക്കുന്ന ബിജെപി യുപിയിലെ അതിക്രമങ്ങളെ കാണുന്നില്ല. ഇത് ഇരട്ടത്താപ്പാണ്. ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന് ഇരട്ട നിലപാടാണെന്നും മമത പരിഹസിച്ചു.
◾അധ്യാപക നിയമന തട്ടിപ്പു കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തിരവനുമായ അഭിഷേക് ബാനര്‍ജിക്ക് സിബിഐ സമന്‍സ്. സുപ്രിം കോടതി സ്റ്റേ നിലവിലുണ്ടെങ്കിലും നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണു നിര്‍ദ്ദേശം.
◾ബിജെപിയുടെ കര്‍ണാടകയിലെ മൂന്നാം സ്ഥാനാര്‍ഥി പട്ടികയില്‍ 10 സ്ഥാനാര്‍ഥികള്‍. ഇനി രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിക്കാനുണ്ട്. പാര്‍ട്ടി വിട്ട മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി മഹേഷ് തെങ്കിന്‍കായ് മത്സരിക്കും.
◾ഇരുമ്പില്‍ തീര്‍ത്ത പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് നാലു സ്ത്രീകള്‍ അടക്കം അഞ്ചു പേര്‍ മരിച്ചു. പൂനെയിലെ പിംപ്രി ചിഞ്ച്വാഡ് ടൗണ്‍ഷിപ്പിലുള്ള റാവെറ്റ് കിവാലെ ഏരിയയിലെ സര്‍വീസ് റോഡിലാണ് കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്നു വീണത്.
◾എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും ശമ്പളം വര്‍ധിപ്പിച്ചു. ടാറ്റയുടെ കീഴിലുള്ള എയര്‍ ഇന്ത്യ ഈ വര്‍ഷം 4,200 ക്യാബിന്‍ ക്രൂവിനേയും 900 പൈലറ്റുമാരേയും നിയമിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
◾റമദാന്‍ മാസത്തില്‍ ജോലിക്കു വേഗം പോരെന്നു കുറ്റപ്പെടുത്തിയ ചൈനീസ് എന്‍ജിനിയറെ പാക്കിസ്ഥാന്‍ പോലീസ് അറസ്റ്റു ചെയ്തു. എന്‍ജിനീയര്‍ മത നിന്ദ നടത്തിയെന്ന് ആരോപിച്ച് നൂറുകണക്കിന് ആളുകള്‍ ചൈനാ- പാകിസ്ഥാന്‍ ഹൈവേയായ കാരക്കോരം പാത ഉപരോധിച്ചു. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
◾ദൈവത്തെ കാണാന്‍ കാട്ടില്‍ ഭക്ഷണം വര്‍ജിച്ച് പ്രാര്‍ത്ഥനയോടെ കാത്തിരുന്ന സംഘത്തിലെ നാലു പേര്‍ മരിച്ചു. 11 പേര്‍ അവശതയില്‍ ആശുപത്രിയിലുമായി. കെനിയയിലെ തീരദേശ കിലിഫി കൗണ്ടിയില്‍ ആണ് സംഭവം. പാസ്റ്ററുടെ നിര്‍ദേശമനുസരിച്ചാണ് ഉപവസിച്ച് കാട്ടില്‍ ദൈവത്തെ കാത്തിരുന്നത്.
◾ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ പാര്‍ലമെന്റ് സമിതിയുടെ അന്വേഷണം. ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജന്‍സിക്കു പ്രയോജനം ലഭിക്കുന്ന വിധത്തില്‍ ബജറ്റ് നിര്‍ദേശം തയാറാക്കിയെന്നാണ് ആരോപണം.
◾തല്ലുമാലയില്‍ ജയം തലക്കും സംഘത്തിനുമൊപ്പം. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ 8 റണ്‍സിന് തോല്‍പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 45 പന്തില്‍ 83 റണ്‍സെടുത്ത ഡോവോണ്‍ കോണ്‍വേയുടേയും 27 പന്തില്‍ 52 റണ്‍സെടുത്ത ശിവം ദുബെയുടേയും മികവില്‍ ചെന്നൈ 226 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ ബാംഗ്ലൂരിന് വേണ്ടി 36 പന്തില്‍ 76 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെല്ലും 33 പന്തില്‍ 62 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിയും വിജയപ്രതീക്ഷ നല്‍കിയതാണ്. എന്നാല്‍ അവസാന ഓവറുകളില്‍ ബൗളര്‍മാരെ വിദഗ്ദമായി ഉപയോഗിച്ച് ചെന്നൈയുടെ തലയായ ധോണി മത്സരം തിരിച്ചുപിടിച്ചു. ഇതോടെ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുക്കാനേ ബാംഗ്ലൂരിനായുള്ളൂ.
◾മൊബൈല്‍ ഫോണുകളുടെ കയറ്റുമതിയിലുണ്ടായ വന്‍ വര്‍ധനവില്‍ ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെ കയറ്റുമതി ഉയര്‍ന്നു. ഇന്ത്യയില്‍ നിന്നുള്ള പരമ്പരാഗത റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതിയെ പിന്തള്ളികൊണ്ടാണ് ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെ കയറ്റുമതി മുന്നിലെത്തിയത്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങളുടെ കയറ്റുമതി 50 ശതമാനത്തിലേറെ ഉയര്‍ന്ന് 2,360 കോടി ഡോളറായി. ഇതില്‍ മൊബൈല്‍ ഫോണ്‍ കയറ്റുമതി 1,100 കോടി ഡോളറിലധികം വരും. കയറ്റുമതിയില്‍ ആറാം സ്ഥാനത്താണ് ഇലക്ട്രോണിക്‌സ് ഉത്പ്പന്നങ്ങള്‍. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതി ഒരു ശതമാനം ഉയര്‍ന്ന് 1,630 കോടി ഡോളറോടെ ഏഴാം സ്ഥാനത്തും. എന്‍ജിനീയറിംഗ് ചരക്കുകളുടെ കയറ്റുമതിയാണ് 10,700 കോടി ഡോളറോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. കയറ്റുമതി പട്ടികയിലെ ആദ്യ 10 ഉല്‍പ്പന്നങ്ങളും മാറ്റമില്ലാതെ തുടര്‍ന്നു. അതേസമയം പരുത്തി, നൂല്‍, തുണിത്തരങ്ങള്‍, കൈത്തറി ഉല്‍പന്നങ്ങള്‍, പ്ലാസ്റ്റിക്കുകള്‍ എന്നിവയെ മറികടന്ന് അരിയുടെ കയറ്റുമതി ഉയര്‍ന്നു. കണക്കുകള്‍ പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ ഇറക്കുമതി ഏകദേശം 5 ശതമാനം ഉയര്‍ന്ന് 7,730 കോടി ഡോളറിലെത്തി. ഇത് രാജ്യത്തെ ഇറക്കുമതി ഉത്പ്പന്നങ്ങളുടെ പട്ടികയിലെ രണ്ടാമത്തെ വലിയ ഇനമായി മാറി. ഒന്നാം സ്ഥാനത്ത് പെട്രോളിയം ഉത്പ്പന്നങ്ങളാണ്. 2,100 കോടി ഡോളറാണ് ഇതിന്റെ കയറ്റുമതി. ഉക്രെയ്‌നിലെ യുദ്ധം, വൈദ്യുതിയുടെ ആവശ്യകതയിലും വിലയിലുമുണ്ടായ വര്‍ധനവ് എന്നിവ മൂലം സ്വര്‍ണത്തെ പിന്തള്ളി കല്‍ക്കരി മൂന്നാമത്തെ വലിയ ഇറക്കുമതി ഉല്‍പ്പന്നമായി ഉയര്‍ന്നു.
◾ബേസിലിനെ നായകനാക്കി മുഹഷിന്‍ സംവിധാനം ചെയ്ത ചിത്രമാണ് കഠിന കഠോരമീ അണ്ഡകടാഹം. പെരുന്നാള്‍ റിലീസ് ആയി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. കൊവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലമാക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത് പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷദ് ആണ്. കോഴിക്കോട് ആണ് സിനിമയുടെ പശ്ചാത്തലം. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം ആണ് നിര്‍മ്മാണം. ഏപ്രില്‍ 21ന് തിയറ്ററുകളില്‍ എത്തും. സംഗീത സംവിധാനം ഗോവിന്ദ് വസന്തയാണ്. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസില്‍ നായകനായെത്തുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ബിനു പപ്പു, സുധീഷ്, സ്വാതി ദാസ് പ്രഭു, നിര്‍മല്‍ പാലാഴി, ശ്രീജ രവി, പാര്‍വതി കൃഷ്ണ, ഷിബില ഫറ, സ്നേഹ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് മു.രി, ഷര്‍ഫു, ഉമ്പാച്ചി എന്നിവരാണ്.
◾ചരിത്രത്തില്‍ ആദ്യമായി മികച്ച ട്രാന്‍സ്ജെന്‍ഡര്‍ അഭിനേത്രിക്കുള്ള കേര സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നേഹ നായികയായ 'അന്തര'ത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മ്യൂസിക് 247 ലൂടെയാണ് ടീസര്‍ പുറത്തിറങ്ങിയത്. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ നേഹക്കൊപ്പം ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലെ ആക്ടിവിസ്റ്റും' എഴുത്തുകാരിയും അഭിനേതാവുമായ എ രേവതിയാണുള്ളത്. പൊതു സമൂഹത്തില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം നേരിടുന്ന അവഗണനകളുടെ പൊളിറ്റിക്സ് വരച്ച് കാട്ടുന്നതാണ് 'അന്തര'ത്തിന്റെ ടീസര്‍. ഫോട്ടോ ജേര്‍ണലിസ്റ്റായ പി അഭിജിത്ത് സംവിധാനം ചെയ്ത 'അന്തര'ത്തിലെ മികച്ച പ്രകടനത്തിനാണ് ചെന്നൈ സ്വദേശിയായ ട്രാന്‍സ് വുമണ്‍ നേഹക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്. അന്തരത്തില്‍ കണ്ണന്‍ നായരാണ് നായകന്‍. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, വിഹാന്‍ പീതാംബര്‍, കാവ്യ, ദീപാറാണി, ലയ മരിയ ജയ്സണ്‍, സിയ പവല്‍, പൂജ, മുനീര്‍ഖാന്‍, ജോമിന്‍ .വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ .പി ,രാഹുല്‍രാജീവ്, എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
◾പ്രീമിയം സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി പുത്തന്‍ മോഡലായ ഉറുസ് എസ് ഇന്ത്യന്‍ വിപണിയിലെത്തിച്ചു. ഇറ്റാലിയന്‍ കമ്പനിയായ ലംബോര്‍ഗിനിയുടെ സൂപ്പര്‍ എസ്യുവിയായ ഉറുസിന്റെ അണ്‍ഹിഞ്ച്ഡ് വേര്‍ഷനാണ് ഉറുസ് എസ്. പെര്‍ഫോര്‍മന്റെ കാര്യത്തില്‍ അതിശയിപ്പിക്കുന്ന വാഹനമാണ് ഉറുസ് എസ്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി8 എന്‍ജിന്‍. ഇത് 666 പിഎസ് അഥവാ 657 ബിഎച്ച്പി പവറും 850 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. ഉറുസിനെക്കാള്‍ ഏകദേശം 47 കിലോഗ്രാം അധികം ഭാരമുണ്ട് ഉറുസ് എസിന്. 3.5 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കും. വാഹനത്തിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 305 കിലോമീറ്ററാണ്. 7 ഡ്രൈവിങ് മോഡുകളാണുള്ളത്. സ്റ്റാര്‍ഡ, സ്പോര്‍ട്ട്, കോര്‍സ, ഇഗോ, ടെറ, നെവ, സബ്ലിയ എന്നിവയാണ് ഈ മോഡലുകള്‍. ലംബോര്‍ഗിനി ഉറുസ് എസില്‍ പുതിയ ബോണറ്റ്, കാര്‍ബണ്‍ റൂഫ് എന്നിവയുമുണ്ട്. 21 ഇഞ്ച് വീലുകള്‍ സ്റ്റാന്‍ഡേര്‍ഡായും 22, 23 ഇഞ്ച് വീലുകള്‍ ഓപ്ഷണലായി ലഭ്യമാകും. കണക്റ്റഡ് നാവിഗേഷന്‍, സുരക്ഷാ ഫീച്ചറുകള്‍, നിരവധി ഇന്‍-കാര്‍ കണ്‍ട്രോള്‍ സര്‍വ്വീസുകള്‍ എന്നിവയെല്ലാം ലംബോര്‍ഗിനി ഉറുസ് എസില്‍ നല്‍കിയിട്ടുണ്ട്. ലംബോര്‍ഗിനി യുനീക്ക് ആപ്പ് ഉപയോഗിച്ച് മാത്രം ആക്‌സസ് ചെയ്യാന്‍ കഴിയുന്ന റിമോട്ട് കാര്‍ പോലുള്ള ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്.
◾ഉടലും ഉയിരും ഒന്നാകുന്ന നൂറ് പ്രണയകവിതകളുടെ സമാഹാരം. പ്രണയത്തിന്റെ വ്യത്യസ്തമാനങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന ഈ കവിതകളോരോന്നും വൈകാരികതയുടെ ഹൃദയമൊഴികളായല്ല, ഉടലിന്റെയും ഉയിരിന്റെയും സാത്മീകരണത്തില്‍നിന്ന് ഉടലെടുക്കുകയും ഉയിരെടുക്കുകയും ചെയ്യുന്ന വൈചാരികവാങ്മയങ്ങളായാണ് ആവിഷ്‌കരിക്കപ്പെടുന്നത്. 'ചിച്ചിലി'. ലീന മണിമേഖലൈ. ഡിസി ബുക്സ്. വില 180 രൂപ.
◾ജീരകം പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. മഗ്‌നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ സി, വിറ്റാമിന്‍ എ തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. ശരീരത്തിലെ കൊഴുപ്പു നീക്കുക, ദഹനം ശക്തിപ്പെടുത്തുക, വയറിന്റെ നല്ല ആരോഗ്യത്തിന് തുടങ്ങിയ പല ആരോഗ്യ ഗുണങ്ങളും ഈ ഇത്തിരി കുഞ്ഞന്‍ ജീരകത്തിനുണ്ട്. ഇത് പല രീതിയിലാണ് ഉപയോഗിക്കേണ്ടതെന്ന് മാത്രം. എഴുന്നേറ്റ് മറ്റെന്തെങ്കിലും കഴിക്കും മുമ്പ് ഒരു കപ്പ് വെള്ളത്തില് ഒരു സ്പൂണ്‍ നിറയെ ജീരകമിട്ട്, ഇത് തിളപ്പിച്ച് കുടിക്കുകയാണ് വേണ്ടത്. ദിവസം മുഴുവന്‍ ഇത് ശരീരത്തിന് നല്കുന്ന ഗുണങ്ങള്‍ പലതാണ്. നമ്മുടെ ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്ന എന്‍സൈമുകളെ ഉത്പാദിപ്പിക്കാന്‍ ജീരകം സഹായിക്കും എന്നത് തന്നെയാണ് ഒന്നാമത്തെ ഗുണം. പഞ്ചസാര, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്‌സ് എന്നിവയെല്ലാം ജീരകം എളുപ്പത്തില്‍ ദഹിപ്പിക്കുന്നു. ഇതിനാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് നമുക്ക് രക്ഷപ്പെടാം. മാത്രമല്ല ജീരകം ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ കൂട്ടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഹൃദ്രോഗങ്ങള്‍ക്ക് ഒരു പരിധി നിയന്ത്രണത്തിലാക്കാന്‍ ജീരകം ഇങ്ങനെ സഹായിക്കും എന്ന് മാത്രമല്ല ശരീരത്തിലെ കൊഴുപ്പ് നീക്കുന്നതിലൂടെ അമിത വണ്ണം കുറയ്ക്കാനും ജീരകം കഴിക്കുന്നത് നല്ലതാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും വെറും വയറ്റില്‍ ജീരകവെള്ളം കുടിക്കുന്നത് സഹായിക്കും. അയേണ്‍, വിറ്റാമിന്‍ -എ, വിറ്റാമിന്‍ -സി എന്നിവ കൊണ്ട് സമ്പുഷ്ടമായ ജീരകം ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ കേടുപാട് കൂടാതെ കാക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ പകുതിയിലധികം രോഗങ്ങളില്‍ നിന്ന് നമുക്ക് എളുപ്പത്തില്‍ മുക്തി നേടാം. ജീരകത്തില്‍ പ്രകൃത്യാ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തില്‍ കയറിപ്പറ്റിയിരിക്കുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഇതിലൂടെ വിവിധ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും. ക്യാന്‍സറിന് എതിരെയുള്ള പ്രതിരോധ ഔഷധമാണ് കൂടിയാണ് ജീരകം എന്നു പറയാം. പ്രത്യേകിച്ചും കുടല്‍, ബ്രെസ്റ്റ് ക്യാന്‍സറുകള്‍ക്കെതിരെ. അതുകൊണ്ടു തന്നെ, ദിവസവും ജീരക വെള്ളം കുടിക്കുന്നതോ അല്ലെങ്കില്‍ അര സ്പൂണ്‍ ജീരകം വെറും വയറ്റില്‍ ചവച്ചരച്ചു കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ വെള്ളക്കടലാസ്സ് അഭിമാനത്തോടെ പറഞ്ഞു: ഞാന്‍ ജനിച്ചത് വെണ്‍മയോടെയും വിശുദ്ധിയോടെയുമാണ്. എന്തെങ്കിലും തരത്തിലുളള അശുദ്ധി എന്നെ ബാധിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം കത്തിച്ചാമ്പലാകാനാണ്. ഇതെല്ലാം കേട്ട് തൊട്ടടുത്തിരുന്ന മഷിക്കുപ്പി ഊറിച്ചിരിച്ചു. പിന്നീടൊരിക്കലും അതാ കടലാസ്സിന്റെ അടുത്തേക്ക് പോയില്ല. അവിടെയുണ്ടായിരുന്ന കളര്‍പെന്‍സിലുകളും സ്ഥാനം മാറി. അങ്ങനെ കടലാസ്സ് എന്നും അവിടെ അങ്ങിനെ തന്നെ ജീവിച്ചു. ശുഭ്രമായും ശുദ്ധമായും ശൂന്യമായും! ഉപയോഗമുള്ളവയ്‌ക്കെല്ലാം തേയ്മാനം സംഭവിക്കും. കൈകാര്യം ചെയ്യപ്പെടുന്നവയിലെല്ലാം കറയും പുരളും. ഒന്നിനും ഒരുമ്പെടാതെ എവിടെയെങ്കിലും ഒളിച്ചിരുന്നാല്‍ തുരുമ്പെടുത്ത് നശിക്കാനായിരിക്കും വിധി. അശുദ്ധമായവയോടെല്ലാം അകലം പാലിച്ചല്ല, വിശുദ്ധി തെളിയിക്കേണ്ടത്. അരുതാത്തവയുടെയും അനാരോഗ്യകരമായവയുടേയും കൂടെ സഞ്ചരിക്കേണ്ടി വരുമ്പോഴും സ്വന്തം ആത്മാവിനെ പണയപ്പെടുത്താത്തവരാണ് വിശുദ്ധര്‍. ശാരീരിക അശുദ്ധി ഒരു കുളികഴിയുന്നതോടെ മാറും.. അത് മനസ്സിലാക്കാതെയാണ് പലരും തങ്ങളുടെ സദ്ഗുണങ്ങളെ തടവറയ്ക്കുള്ളില്‍ സ്വയം താഴിട്ടുപൂട്ടി ജീവിക്കുന്നത്. എന്തിനോടെങ്കിലുമുള്ള അഭിനിവേശമാണ് ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നത്. ആ പ്രവൃത്തികളാണ് ജീവിതം കര്‍മ്മനിരതവും ആസ്വാദ്യകരവുമാക്കുന്നത്. വിരിഞ്ഞാല്‍ ആരെങ്കിലും പിഴുതെടുക്കുമെന്ന് കരുതി ഏത് പൂ മൊട്ടാണ് വിരിയാതിരുന്നിട്ടുള്ളത്... യാത്ര ചെയ്താല്‍ അപകടം സംഭവിക്കുമെന്ന് കരുതി ആരും യാത്രചെയ്യുന്നില്ലേ.. ഒന്നും ചെയ്യാതിരിക്കുമ്പോള്‍ അവിചാരിതമായി ഒന്നും സംഭവിക്കുന്നില്ല... അവനവനിലേക്ക് ചുരുങ്ങിയവരാരും ഒരത്ഭുതവും കണ്ടിട്ടില്ല.. ജീവിതം ചേറും ചെളിയും മലിനമായ വായുവും ഒക്കെ നിറഞ്ഞതാണ്. അവയെ ഉള്‍ക്കൊണ്ട് അവയുടെ കൂടെ വിശുദ്ധമായി ജീവിക്കുമ്പോഴാണ് ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്... - ശുഭദിനം.