◾ഉത്തര്‍പ്രദേശില്‍ മുന്‍ എം പി ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷറഫിനെയും പൊലീസ് കസ്റ്റഡിയില്‍ വെടിവച്ചു കൊന്നതു പ്രശസ്തിക്കു വേണ്ടിയാണെന്നു പ്രതികള്‍ പറഞ്ഞെന്നു പോലീസ്. ഉത്തര്‍പ്രദേശിലെ അധോലോക സംഘമാകാനാണ് കൊലപാതകത്തിലൂടെ ശ്രമിച്ചതെന്നു പ്രതികള്‍ പറഞ്ഞെന്നാണു പൊലീസിന്റെ വിശദീകരണം. കസ്റ്റഡിയിലുള്ള മൂന്നു പേര്‍ ഉള്‍പടെ അഞ്ചു പേര്‍ക്കെതിരെയാണ് കേസ്. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം യുപി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. യുപിയില്‍ നിരോധനാജ്ഞ തുടരുകയാണ്.
◾ആതിഖ് അഹമ്മദിനേയും സഹോദരനേയും വെടിവച്ചുകൊല്ലാന്‍ പ്രതികള്‍ ഉപയോഗിച്ചതു തുര്‍ക്കിഷ് നിര്‍മ്മിത സിഗാന പിസ്റ്റള്‍. ഈ പിസറ്റളിന് ഏഴു ലക്ഷം രൂപ വില വരും. ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള ഇനമാണിത്. തൊഴിലും വരുമാനവും ഇല്ലാത്തവരും മയക്കുമരുന്നു സ്ഥിരമായി ഉപയോഗിക്കുന്നവരുമായ പ്രതികള്‍ക്ക് എങ്ങനെ ഇത്രയും വിലയുള്ള തോക്കു ലഭിച്ചെന്നു വ്യക്തമല്ല. പ്രതികളെ കോടതി 14 ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
◾ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐ ചോദ്യം ചെയ്തത് ഒമ്പതു മണിക്കൂര്‍. തന്നോടു ചോദിച്ച 56 ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കിയെന്ന് കേജരിവാള്‍ പറഞ്ഞു. സിബിഐയെ രാഷ്ട്രീയ പകപോക്കലിനായി ദുരുപയോഗിക്കുകയാണെന്നും തനിക്കെതിരേ ഒരു തെളിവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
◾സീറ്റു ലഭിക്കാത്തതിനെത്തുടര്‍ന്ന് ബിജെപി വിട്ട കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ ഇന്നലെ രാത്രി കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി പ്രസിഡന്റ് ഡി.കെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുമായാണു ചര്‍ച്ച നടത്തിയത്. സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ഗാന്ധി ഇന്നലെ ബംഗളൂരുവില്‍തന്നെ തങ്ങി.
◾ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി. പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് മജിസ്ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തീവയ്പിനു പിന്നില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
◾മകനെ ജാമ്യത്തിലെടുക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ അമ്മയെ മദ്യലഹരിയില്‍ ആക്രമിച്ച ധര്‍മ്മടം എസ്എച്ച്ഒ കെ.വി സ്മിതേഷിനെ സസ്പെന്‍ഡ് ചെയ്തു. വയോധിക എത്തിയ കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്ന പരാതിയിലാണ് നടപടി.
◾പൂജയ്ക്കായി അമ്പലത്തില്‍ ഒരുക്കിയ പീഠം കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച എസ്ഐക്കെതിരേ കേസ്. പാലക്കാട് മാങ്കാവിലെ അമ്പലത്തിലാണ് പൂജയ്ക്കായി ഒരുക്കിയ പീഠം കഴിഞ്ഞ ദിവസം രാത്രി കൊഴിഞ്ഞാമ്പാറ എസ് ഐ ദിനേശന്‍ തകര്‍ത്തത്. ഇയാള്‍ക്കെതിരേ സംഘാടകര്‍ പാലക്കാട് നോര്‍ത്ത് പൊലിസില്‍ പരാതി നല്‍കി.
◾തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. കോഴിക്കോട് മാങ്കാവില്‍ നിന്നെത്തിയ 14 പേരടങ്ങുന്ന സംഘത്തിലെ അഞ്ചു പേരാണ് വെള്ളച്ചാട്ടത്തില്‍ മുങ്ങിയത്. മൂന്നു പേരെ രക്ഷപ്പെടുത്തി. 8, 9 ക്ലാസ് വിദ്യാര്‍ത്ഥികളായ അശ്വന്ത് കൃഷ്ണ, അഭിനവ് എന്നിവരാണ് മരിച്ചത്.
◾ബിഎസ്എന്‍എല്‍ എന്‍ജിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പു കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഇന്നലെ പിടിയിലായ സംഘം ക്ലര്‍ക്ക് രാജീവന്റെ ബിനാമി ഹരികുമാറിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംഘത്തില്‍ നിന്നു തട്ടിയെടുത്ത പണം ഇരുവരും സര്‍ജിക്കല്‍ സാധനങ്ങള്‍ വില്‍ക്കുന്ന കമ്പനിയില്‍ നിഷേപിച്ചിരുന്നു.
◾കണ്ണൂര്‍ - തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് മംഗലുരു വരെ നീട്ടണമെന്നും റെയില്‍ പാളങ്ങളിലെ വളവുകള്‍ നിവര്‍ത്തി അതിവേഗ റെയില്‍പാത ഒരുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തയച്ചു.
◾അരിക്കൊമ്പന്‍ ആനയെ പറമ്പിക്കുളത്തേക്കു മാറ്റാനുള്ള നീക്കത്തിനെതിരേ അതിരപ്പിള്ളിയില്‍ റോഡ് ഉപരോധിച്ച ആദിവാസികളും നാട്ടുകാരും അടക്കമുള്ളവരുമായി വിനോദസഞ്ചാരികളുടെ തര്‍ക്കം. തങ്ങളെ കടത്തിവിടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
◾അരിക്കൊമ്പനെ മെരുക്കാന്‍ വനംവകുപ്പ് ഇടുക്കിയില്‍ എത്തിച്ച കുങ്കിയാനകളുടെ താവളം മാറ്റി. കുങ്കിയാനകളെ കാണാന്‍ സന്ദര്‍ശകരുടെ തിരക്കേറിയതും അരിക്കൊമ്പനും ചക്കക്കൊമ്പനും സമീപമെത്തു സ്ഥിരമായി എത്തുന്നതുമാണ് ക്യാമ്പ് മാറ്റാന്‍ കാരണം. 301 കോളനിക്കടുത്തേക്കാണ് കുങ്കിയാനകളെ മാറ്റിയത്.
◾വിവാഹ മോചനം നടത്തിയതിനു റഷ്യക്കാരിയുടെ വാടക വീടിനു നേരെ അതിക്രമം നടത്തിയ മലയാളിയായ മുന്‍ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. വര്‍ക്കല കുരക്കണ്ണിയില്‍ വാടകയ്ക്കു താമസിക്കുന്ന റഷ്യന്‍ യുവതിയുടെ വീട്ടില്‍ അതിക്രമം നടത്തിയ വര്‍ക്കല സ്വദേശി അഖിലേഷിനെയാണു പിടികൂടിയത്.
◾ഫേസ് ബുക്ക് വഴി പരസ്യം നല്‍കി 25 ലക്ഷം രൂപ വായ്പ വാഗ്ദാനം ചെയ്ത് നീലംപേരൂര്‍ സ്വദേശിയില്‍നിന്ന് 1,35,000 രൂപ തട്ടിയെടുത്തയാള്‍ പിടിയില്‍. തൃശൂര്‍ അരണാട്ടുകര പാരികുന്നത്തു വീട്ടില്‍ അബ്ദുള്‍ മുത്തലീഫ് മകന്‍ ഷബീര്‍ അലി (41) ആണ് കൈനടി പൊലീസിന്റെ പിടിയിലായത്.
◾മണ്ണാര്‍ക്കാട് കല്ലടിക്കോട് മ്ലാവ് വേട്ടക്കേസില്‍ ഒളിവില്‍ പോയ പ്രതികളും സഹായിയും പിടിയില്‍. കാഞ്ഞിരത്തിങ്കല്‍ സന്തോഷ്, പാലക്കയം ആക്കാമറ്റം ബിജു, ബിനു എന്നിവരെയാണ് വയനാട്ടില്‍നിന്ന് അറസ്റ്റു ചെയ്തത്.
◾തൃശൂര്‍ വെസ്റ്റ് മങ്ങാട് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. ഏറത്ത് വീട്ടില്‍ ഗൗതം സുധി (29) ക്കാണ് കഴുത്തില്‍ കുത്തേറ്റത്. ക്ഷേത്രത്തിനു സമീപം ബൈക്കിലെത്തിയ സംഘം കുത്തുകയായിരുന്നുവെന്ന് ഗൗതം സുധി പറഞ്ഞു.
◾കണ്ണൂരില്‍ ക്ഷേത്രം മേല്‍ശാന്തിക്കു വെട്ടേറ്റു. കണ്ണൂര്‍ ചേലോറ കടക്കര ധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്കാണ് വെട്ടേറ്റത്. ക്ഷേത്രം ക്ലര്‍ക്കും മറ്റൊരാളും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടപ്പോഴാണു വെട്ടേറ്റത്.
◾എറണാകുളം ചെങ്ങമനാട് അയിരൂരില്‍ കാണാതായ പെയിന്റിംഗ് തൊഴിലാളിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. അയിരൂര്‍ സ്വദേശി ഗിരീഷിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്.
◾അമ്പലപ്പുഴയില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തുമ്പോളി പള്ളിക്കതയ്യില്‍ ലോറന്‍സിന്റെ മകന്‍ അനൂപ്(23) ആണ് മരിച്ചത്.
◾രാഹുല്‍ ഗാന്ധിക്കെതിരേ കേസ് വന്നതും വിധിവന്നതും അയോഗ്യനാക്കിയതും വീടൊഴിയാന്‍ ഉത്തരവിട്ടതുമെല്ലാം 24 മണിക്കൂറിനുള്ളിലാണെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ. കോലാറില്‍ രാഹുല്‍ പ്രസംഗിച്ചതിന് കേസ് വന്നത് ഗുജറാത്തിലാണ്. ഇതാണോ ജനാധിപത്യമെന്നും അദ്ദേഹം ചോദിച്ചു.
◾പ്രധാനമന്ത്രി ഏതു വിദേശ രാജ്യത്തു പോയാലും അവിടത്തെ പ്രധാന കരാറുകള്‍ അദാനിക്കു നല്‍കുമെന്ന് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ കോലാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി അദാനിക്ക് പണം നല്‍കുന്നു, എന്നാല്‍ കോണ്‍ഗ്രസ് ദരിദ്രര്‍ക്കും യുവാക്കള്‍ക്കും മഹിളകള്‍ക്കുമാണു നല്‍കുന്നത്. തന്നെ ജയിലില്‍ അടച്ചാലും ഭയപ്പെടില്ലെന്നും രാഹുല്‍ പറഞ്ഞു.
◾മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് സിബിഐ ആസ്ഥാനത്തിനു പുറത്ത് പ്രതിഷേധിച്ച മന്ത്രിമാര്‍ അടക്കമുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രസംഗിച്ചു സ്ഥലംവിട്ടതിനു പിറകേയണ് നടപടി. നാളെ ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്ന് സിബിഐ നടപടിയില്‍ പ്രതിഷേധിക്കും.
◾ഉത്തര്‍പ്രദേശില്‍ പോലീസ് കസ്റ്റഡിയില്‍ ആതീഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടതും യുപിയില്‍ പോലീസ് നടത്തിയ 188 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ഹര്‍ജി. മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ അന്വേഷണം നടത്തണമെന്നാണു ഹര്‍ജിയിലെ ആവശ്യം. അഭിഭാഷകന്‍ വിശാല്‍ തിവാരിയാണ് ഹര്‍ജി നല്‍കിയത്. ആതിഖ് അഹമ്മദ് കൊല്ലപ്പെട്ട സംഭവത്തില്‍ യുപി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
◾പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് കാഷ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നടത്തിയ വെളിപെടുത്തലില്‍നിന്നു ശ്രദ്ധ തിരിക്കാനാണ് ഉത്തര്‍പ്രദേശില്‍ ആതിഖ് അഹമ്മദിനേയും സഹോദരനേയും പോലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ മെഹുവ മൊയ്ത്ര. ബിജപി ഇന്ത്യയെ മാഫിയാ റിപ്പബ്ലിക്കാക്കി മാറ്റുകയാണെന്ന് അവര്‍ ആരോപിച്ചു.
◾അമേരിക്കയിലെ അലബാമയില്‍ പിറന്നാളാഘോഷത്തിനിടെ ഉണ്ടായ വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. 20 കൗമാരക്കാര്‍ക്കു വെടിയേറ്റിട്ടുണ്ട്.
◾ബെംഗളൂരു എഫ് സിയോട് സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഹീറോ സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്ത്. ബെംഗളൂരു എഫ്സിയോട് ഐഎസ്എല്‍ പ്ലേ ഓഫിലെ നാടകീയാന്ത്യത്തിന് സൂപ്പര്‍ കപ്പില്‍ പകരംവീട്ടാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് നിര്‍ണായക ഗ്രൂപ്പ് മത്സരത്തില്‍ 1-1ന്റെ സമനിലയാണ് വഴങ്ങിയത്. അതേസമയം സമനിലയോടെ ബെംഗളൂരു സൂപ്പര്‍ കപ്പിന്റെ സെമിയിലേക്ക് ചേക്കേറി.
◾ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയം. കൊല്‍ക്കത്ത മുന്നോട്ടുവെച്ച 186 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി മുംബൈ സ്വന്തമാക്കി. അതേ സമയം 51 പന്തില്‍ 104 റണ്‍സ് നേടിയ കൊല്‍ക്കത്തയുടെ വെങ്കടേഷ് അയ്യരാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
◾ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ രണ്ടാമത്തെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മൂന്ന് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയവുമായി രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം 32 പന്തില്‍ 60 റണ്‍സ് നേടിയ സഞ്ജു സാംസണിന്റേയും 26 ബോളില്‍ 56 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഷിമ്രോന്‍ ഹെറ്റ്‌മെയറിന്റേയും മികവില്‍ രാജസ്ഥാന്‍ സ്വന്തമാക്കി.
◾ഇന്ത്യന്‍ വ്യോമയാന വ്യവസായം രംഗത്ത് മുന്നേറ്റം തുടരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രകടനമാണ് വ്യോമയാന വ്യവസായം കാഴ്ചവച്ചത്. പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഭ്യന്തര പാസഞ്ചര്‍ ട്രാഫിക് 60 ശതമാനമാണ് ഉയര്‍ന്നത്. ഇതോടെ, ആഭ്യന്തര പാസഞ്ചര്‍ ട്രാഫിക് 13.60 കോടിയിലെത്തി. ആഭ്യന്തര യാത്രയ്ക്കായി കഴിഞ്ഞ വര്‍ഷം 8.52 കോടി യാത്രക്കാരാണ് ഇന്ത്യന്‍ വിമാനക്കമ്പനികളെ ആശ്രയിച്ചത്. അതേസമയം, മാര്‍ച്ച് മാസത്തിലെ മാത്രം പാസഞ്ചര്‍ ട്രാഫിക് 1.30 കോടിയാണ്. 2022 മാര്‍ച്ചിലെ 1.06 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 22 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം, വ്യോമ ഇന്ധനത്തിന്റെ വിലയിലുണ്ടാകുന്ന വര്‍ദ്ധനവ് നേരിയ തോതില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വ്യോമയാന രംഗം വലിയ മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, കോവിഡിന് മുന്‍പ് ഉളള നിലയിലേക്ക് എത്തിച്ചേരാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
◾നവ്യാ നായര്‍ പ്രധാന കഥാപാത്രമാകുന്ന 'ജാനകി ജാനേ' രണ്ടാം ടീസര്‍ പുറത്തിറങ്ങി. നര്‍മ്മത്തിന് പ്രാധാന്യം നല്‍കി കൊണ്ടുള്ളതാണ് ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവ്യയാണ്. ഉണ്ണി മുകുന്ദന്‍ എന്ന കഥാപാത്രമായി സൈജു കുറുപ്പും ഉണ്ട്. അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഷറഫുദ്ദീന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോണി ആന്റണി, കോട്ടയം നസീര്‍ നന്ദു, പ്രമോദ് വെളിയനാട്, ജോര്‍ജ് കോരാ, ജോര്‍ഡി. പൂഞ്ഞാര്‍, സ്മിനു സിജോ, ഷൈലജ, അഞ്ജലി, എന്നിവരും പ്രധാന താരങ്ങളാണ്. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു. കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ 'ജാനകി'യുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അവളുടെ ജീവിതത്തില്‍ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു. പിഡബ്ള്യൂഡി സബ് കോണ്‍ട്രാക്റായ 'ഉണ്ണി' അവളുടെ ജീവിതത്തിലേക്കു കടന്നുവരികയും പിന്നീടവര്‍ വിവാഹിതരാവുകയും ചെയ്തു. വിവാഹ ജീവിതത്തിലും ആ സംഭവം ആവര്‍ത്തിക്കപ്പെടുന്നു. ഈ സംഘര്‍ഷങ്ങള്‍ തികച്ചും നര്‍മ്മത്തിന്റെ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ, പ്രണയവും, നര്‍മ്മവും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളുമൊക്കെ കോര്‍ത്തിണക്കിയ ഒരു തികഞ്ഞ കുടുംബചിത്രമാണിത്.
◾തീപ്പൊരി ബെന്നി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അര്‍ജുന്‍ അശോകന്‍ ഒരു കുല പഴവുമായി നടന്നു വരുന്ന ഈ ലുക്ക് ഏറെ കൗതുകം പകരുന്നതാണ്. ഒരു കര്‍ഷക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ ചിത്രത്തിന് ഏറ്റവും അനുയോജ്യമായ ഒരു പോസ്റ്റര്‍. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കര്‍ നിര്‍മിച്ച് ജോജി തോമസ്സും രാജേഷ് മോഹനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ വട്ടക്കുട്ടയില്‍ ചേട്ടായിയുടേയും മകന്‍ തീപ്പൊരി ബെന്നിയുടേയും കഥ പറയുകയാണ് ഈ ചിത്രം. വട്ടക്കുട്ടയില്‍ ചേട്ടായിയെ ജഗദീഷും മകന്‍ ബെന്നിയെ അര്‍ജുന്‍ അശോകനും അവതരിപ്പിക്കുന്നു. രാഷ്ട്രീയവും കൃഷിയും, പ്രണയവും, കിടമത്സരങ്ങളും, ആശയ വൈരുദ്ധ്യമുളള അപ്പന്റേയും മകന്റേയും സംഘര്‍ഷവുമൊക്കെയാണ് ചിത്രത്തിലൂടെ പറയാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. സാധാരണക്കാര്‍ ജീവിക്കുന്ന ഒരു ഗ്രാമ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച കൂടിയാകും ചിത്രം. ടി.ജി.രവി , പ്രേംപ്രകാശ്, ഷാജു ശ്രീധര്‍, സന്തോഷ് കീഴാറ്റൂര്‍, ശ്രീകാന്ത് മുരളി, റാഫി (ചക്കപ്പഴം ഫെയിം നിഷാ ബാരംഗ് എന്നിവരും പ്രധാന താരങ്ങളാണ്.
◾ഒല എസ്1 പ്രോ എന്ന മോഡലിനു വലിയ വിലക്കുറവ് പ്രഖ്യാപിച്ച് 5 ദിവസങ്ങള്‍ക്കുള്ളിലാണ് ഏഥര്‍ പുതിയ ബേസ് വേരിയന്റ് വിപണിയിലെത്തിച്ചത്. അതും കേവലം 1 ലക്ഷം രൂപയില്‍ താഴെ മാത്രം വിലയില്‍. 450എക്‌സ് എന്ന മോഡലാണ് ഏറ്റവും കുറഞ്ഞ വകഭേദം എന്ന നിലയില്‍ കഴിഞ്ഞ ദിവസം വിപണിയിലെത്തിച്ചത്. ഉത്സവ സീസണുകള്‍ മുന്നില്‍കണ്ടു തന്നെയാണ് ഏഥര്‍ പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. അടിസ്ഥാന മോഡലിന് 98,079 രൂപയാണ് വില. പുതിയ മോഡലില്‍ പഴയ മോഡലുകളെ അപേക്ഷിച്ച് ഒരേയൊരു റൈഡ് മോഡ് മാത്രമാണുള്ളത്. ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് ഇക്കോ, റൈഡ്, സ്‌പോര്‍ട്, റാപ് മോഡുകള്‍ നല്‍കിയപ്പോള്‍ ഈ മോഡലില്‍ ഡിഫോള്‍ട്ടായി ഒന്നുമാത്രമാണുള്ളത്. കരുത്തിലും പവര്‍ട്രെയിനിലും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. 3.7 കിലോവാട്ട് ബാറ്ററി പായ്ക്ക്, 6.4 കിലോവാട്ട് ഉയര്‍ന്ന പവര്‍, 26 എന്‍എം ടോര്‍ക്ക് എന്നിവയെല്ലാം നിലനിര്‍ത്തി. ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 146 കിലോമീറ്ററാണ് റേഞ്ച്. 0-100 കിലോമീറ്റര്‍ വേഗതയെടുക്കാന്‍ 3.3 സെക്കന്‍ഡാണ് വാഹനത്തിനു വേണ്ടത്. പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്ററാണ്. 3 വര്‍ഷം അല്ലെങ്കില്‍ 30000 കിലോമീറ്ററാണ് ഏഥര്‍ നല്‍കുന്ന വാറന്റി. പ്രോ പാക്കില്‍ ഇത് 5 വര്‍ഷം അല്ലെങ്കില്‍ 60000 കിലോമീറ്റര്‍ എന്ന നിലയില്‍ ഉയരും.
◾വിനോദയാത്രാ സംഘത്തിലെ കുട്ടികളാണ് അപ്പുക്കുട്ടനും ഗോപിയും. കൂട്ടം തെറ്റിയ ഇരുവരും ഇരുട്ടില്‍ വഴിയറിയാതെ അലഞ്ഞു. ഒടുവില്‍ അവര്‍ എത്തിച്ചേര്‍ന്നത് കാട്ടിലെ പഞ്ചവന്‍ കോട്ടയിലാണ്. അവിടത്തെ ഡോ. റാണ എന്ന ശാസ്ത്രജ്ഞന്‍ തന്റെ പരീക്ഷണത്തിന് അവരെ വിധേയരാക്കി കുരങ്ങിന്റെ ആത്മാവ് നല്‍കി. എന്നാല്‍ മിടുമിടുക്കരായ അപ്പുക്കുട്ടനും ഗോപിയും അവിടെനിന്നും രക്ഷപ്പെട്ട് പല സ്ഥലങ്ങളിലൂടെ സ്വന്തം നാട്ടിലെത്തുകയും മനുഷ്യജീവിതത്തിലേക്ക് മടങ്ങിവരുകയും ചെയ്യുന്നു. കൈരളി ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റിന്റെ അവാര്‍ഡും ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്. 'അത്ഭുതവാനരന്മാര്‍'. നാലാം പതിപ്പ്. കെ.വി രാമനാഥന്‍. മാതൃഭൂമി ബുക്സ്. വില 170 രൂപ.
◾സംസ്ഥാനത്ത് വേനല്‍ചൂട് ക്രമാതീതമായി ഉയരുകയാണ്. ഈ വേനല്‍ചൂടില്‍ വിവിധ ചര്‍മ്മ പ്രശ്നങ്ങള്‍ അലട്ടാം. ചൊറിച്ചില്‍, തിണര്‍പ്പ് അങ്ങനെ പലതും. ചര്‍മ്മ പ്രശ്നങ്ങളെ ചികിത്സിക്കുന്നതിനുള്ള ഏറ്റവും മികച്ച ഔഷധസസ്യങ്ങളിലൊന്നാണ് ചന്ദനം. കാരണം ഇത് ചര്‍മ്മത്തെ ശമിപ്പിക്കുകയും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ളതുമാണ്. ചന്ദനപ്പൊടി, വെള്ളം അല്ലെങ്കില്‍ റോസ് വാട്ടര്‍ എന്നിവയില്‍ മിക്സ് ചെയ്ത് ചര്‍മ്മത്തില്‍ പുരട്ടുക. കറ്റാര്‍വാഴ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ട ഒരു ആയുര്‍വേദ സസ്യമാണ്. ഇത് ചുണങ്ങിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. മുള്‍ട്ടാണി മിട്ടിയില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ചൂട് ചുണങ്ങു കുറയ്ക്കാന്‍ സഹായിക്കുന്നു. മുള്‍ട്ടാണി മിട്ടി റോസ് വാട്ടര്‍ ചേര്‍ത്ത് ചര്‍മ്മത്തിലിടുക. ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റുന്നതിന് സഹായകമാണ്. വെള്ളരിക്കയില്‍ ഫ്ലേവനോയ്ഡുകളും ടാന്നിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ചുണങ്ങു ഒഴിവാക്കാന്‍ സഹായിക്കുന്നു. വെള്ളരിക്ക പേസ്റ്റും തേനും റോസ് വാട്ടറും ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. 30 മിനിറ്റ് നേരം ചര്‍മ്മത്തില്‍ പുരട്ടുക. തുളസിയിലെ സംയുക്തങ്ങള്‍ ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് ഇത് ഒരു മികച്ച ക്ലെന്‍സറാണ്. ഇതിലെ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ മുഖക്കുരു, ചര്‍മ്മത്തിലെ പ്രകോപനം എന്നിവയ്‌ക്കെതിരെ സ്വാഭാവികമായും പോരാടുന്നു. മുഖക്കുരു പാടുകളും കറുത്ത പാടുകളും കുറയ്ക്കാന്‍ സഹായിക്കുന്ന അവശ്യ വിറ്റാമിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
*ശുഭദിനം*
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ആണ് ആനി ഹില്‍ട്ടന്‍ ജനിച്ചത്. ലോകം ബഹുമാനിക്കുന്ന ഒരു ജിംനാസ്റ്റ് ആകണം, കുട്ടിക്കാലം മുതലേ അതായിരുന്നു അവളുടെ സ്വപ്നം. രണ്ടു വര്‍ഷത്തെ കഠിനപരിശ്രമം അവളെ ഒരു പ്രൊഫഷണല്‍ ജിംനാസ്റ്റാക്കി. പത്തുവയസ്സായപ്പോഴേക്കും അവളെ തേടി നിരവധി നേട്ടങ്ങള്‍ എത്തി. അത്തവണത്തെ ഒളിംപിക്‌സില്‍ ആനി മത്സരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പക്ഷേ വിധി മറ്റൊന്നായിരുന്നു. ഒരുദിവസം പരിശീലനത്തിനിടെ അവള്‍ കുഴഞ്ഞ് വീണു. കഴുത്തുകുത്തിയായിരുന്നു വീഴ്ച! ആ വീഴ്ചയില്‍ കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്കുപറ്റി. ഒട്ടേറെ ശസ്ത്രക്രിയകള്‍ നടത്തി. നട്ടെല്ലില്‍ സ്‌ക്രൂ ഇടേണ്ടി വന്നു. ജിംനാസ്റ്റിക്‌സില്‍ തുടരാനാകില്ലെന്ന് ഡോക്ടര്‍മാരും ലോകവും വിധിയെഴുതി. എന്നാല്‍ വിശ്രമകാലത്തിന് ശേഷം എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് അവര്‍ ജിമ്മിലേക്ക് ഇറങ്ങി..
കഠിന പരിശ്രമങ്ങള്‍.. ജിംനാസ്റ്റിക് വേദിയിലേക്ക് തിരിച്ചെത്താന്‍ അവര്‍ ആഴ്ചയില്‍ അഞ്ചുദിവസമാണ് പരിശീലനം നടത്തിയത്. അതും തുടര്‍ച്ചയായി 5 മണിക്കൂര്‍. 14 വയസ്സായപ്പോഴേക്കും ശ്രദ്ധിക്കുന്ന പ്രകടനവുമായി ആനി ഹില്‍ട്ടന്‍ മടങ്ങിയെത്തി. ഇന്ന് ജൂനിയര്‍ ഒളിംപ്കസ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പത്ത് പേരില്‍ ഒരാളാണ് അവള്‍ ചിലര്‍ അങ്ങിനെയാണ്.. വിധി സ്വപ്നങ്ങള്‍ക്ക് മീതെ കരിനിഴല്‍ പരത്തുമ്പോള്‍ നിശ്ചയദാര്‍ഢ്യം കൊണ്ട് സൂര്യപ്രഭ തീര്‍ക്കുന്നവര്‍... അവരുടെ ജീവിതം നമുക്കും ഒരു പ്രചോദനമാകട്ടെ - ശുഭദിനം.