*പ്രഭാത വാർത്തകൾ* 2023 | ഏപ്രിൽ 16 | ഞായർ

◾പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സുരക്ഷാ വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം പുറത്തു പറയരുതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആവശ്യപ്പെട്ടെന്നും ജമ്മു കാഷ്മീരിലെ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. 2500 ജവാന്‍മാരെ കൊണ്ടുപോകാന്‍ സിആര്‍പിഎഫ് അഞ്ചു വിമാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതു നിരസിച്ചു. വിമാനത്തില്‍ കൊണ്ടുപോയിരുന്നെങ്കില്‍ ആക്രമണം നടക്കില്ലായിരുന്നു. വീഴ്ച മറച്ചുവയ്ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ആവശ്യപ്പെട്ടതെന്നു മാലിക് 'ദ് വയറി'ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

◾ജപ്പാന്‍ പ്രധാനമന്ത്രി ഫുമോയ് കിഷിദയ്ക്കു നേരെ ബോംബാക്രമണം. പ്രധാനമന്ത്രിക്കു നേരെ എറിഞ്ഞ ബോംബ് പൊട്ടിത്തെറിച്ചെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു. വാകയാമയില്‍ തുറമുഖം സന്ദര്‍ശിക്കുമ്പോഴായിരുന്നു ആക്രമണം. അക്രമിയെ പിടികൂടിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

◾ഉത്തര്‍പ്രദേശിലെ മുന്‍ എംപിയും കൊലക്കേസ് പ്രതിയുമായ ആതിഖ് അഹമ്മദിനേയും സഹോദരന്‍ അഷ്‌റഫിനേയും പോലീസ് സ്റ്റേഷനില്‍ വെടിവച്ചുകൊന്നു. പ്രയാഗ് രാജിലെ ധൂമംഗഞ്ച് പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുമ്പോള്‍ മൂന്നു പേര്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. യുപിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രയാഗ് രാജില്‍ സേനയെ വിന്യസിച്ചു. മൂന്നു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. 17 പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.

◾അധോലോക സംഘത്തലവനും സമാജ് വാദി പാര്‍ട്ടി നേതാവുമായ ആതിഖ് അഹമ്മദിന്റെ മകന്‍ അസദ് അഹമ്മദിനെ പോലീസ് കഴിഞ്ഞ ദിവസം വെടിവച്ചുകൊന്നിരുന്നു. വ്യാജ ഏറ്റുമുട്ടലിലൂടെയാണു കൊലപ്പെടുത്തിയതെന്ന് സമാജ് വാദി പാര്‍ട്ടി ആരോപിച്ചിരുന്നു. കൊടും ക്രിമിനലുകളുടെ കുടുംബമാണ് ആതിഖ് അഹമ്മദിന്റേത്. കൊള്ളയടിച്ചും വ്യവസായങ്ങള്‍ നടത്തിയും നേടിയ 1,400 കോടി രൂപയുടെ സമ്പാദ്യം യുപി സര്‍ക്കാര്‍ കണ്ടുകെട്ടി. ആതിഖ് അഹമ്മദിന്റെ അധോലോക സാമ്രാജ്യം തകര്‍ക്കുമെന്ന് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് രണ്ടു മാസംമുമ്പു പ്രഖ്യാപിച്ചിരുന്നു.

◾ബിഹാറിലെ മോതിഹാരിയില്‍ വിഷമദ്യം കഴിച്ച് 20 പേര്‍ മരിച്ചു. അമ്പതിലേറെപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരും. ടാങ്കില്‍ വിഷമദ്യം എത്തിച്ചു വിറ്റവരെന്നു സംശയിക്കുന്ന ഏഴു പേരെ അറസ്റ്റു ചെയ്തു.

◾അരികൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ വന്യജീവി സംരക്ഷണ നിയമമനുസരിച്ചു നടപടിയെടുക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ആനയെ തളച്ചിടാതെ മറ്റൊരു വനത്തിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവു പ്രായോഗികമല്ലെന്നും സര്‍ക്കാര്‍. അരിക്കൊമ്പന്‍ കേസില്‍ സുപ്രീംകോടതിയില്‍ മൃഗസ്നേഹികളുടെ സംഘടന തടസഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

◾കേന്ദ്ര സേനകളിലേക്കുള്ള പ്രവേശന പരീക്ഷ മലയാളം അടക്കം പതിമൂന്ന് പ്രാദേശിക ഭാഷകളിലും നടത്തും. സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി ഉള്‍പ്പെടെ ഏഴ് പൊലീസ് വിഭാഗങ്ങളിലേക്കുള്ള കോണ്‍സ്റ്റബിള്‍ പരീക്ഷയാണ് മലയാളം ഉള്‍പ്പടെ പതിമൂന്ന് ഭാഷകളില്‍ നടത്തുക. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ മാത്രം പരീക്ഷ നടത്തുന്നതിനെതിരെ തമിഴ്നാട്, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പരാതി നല്‍കിയിരുന്നു.

◾ഡോക്ടറെ ഹണി ട്രാപ്പില്‍ കുടുക്കി അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും സുഹൃത്തും കൊച്ചിയില്‍ അറസ്റ്റില്‍. ഗൂഡല്ലൂര്‍ സ്വദേശി നസീമ ബി, ഇടുക്കി സ്വദേശി മുഹമ്മദ് അമീന്‍ എന്നിവരാണ് പിടിയിലായത്.

◾തൃശൂര്‍ കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ യുവാവിനെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് (32) ആണ് മര്‍ദ്ദനത്തിനിരയായത്. പുലര്‍ച്ചെ രണ്ടു മണിയോടെ അടയ്ക്കാ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഇയാളെ ആക്രമിച്ചത്. സംഭവത്തില്‍ നാലു പേരെ അറസ്റ്റു ചെയ്തു. അടയ്ക്ക വ്യാപാരി അബ്ബാസ് (48), സഹോദരന്‍ ഇബ്രാഹിം (41), ബന്ധുവായ അല്‍ത്താഫ് (21), അയല്‍വാസി കബീര്‍ (35) എന്നിവരാണ് അറസ്റ്റിലായത്.

◾ട്രെയിന്‍ തീവയ്പു കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്. ഡല്‍ഹിയില്‍ കൂടുതല്‍ പേരെ പോലീസ് ചോദ്യം ചെയ്തു. പ്രതി ഷാരൂഖുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന അഞ്ചു പേരെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് മൂന്ന് പേര്‍ക്കു കൂടി നോട്ടീസ് നല്‍കി.

◾ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിനു വാക്സിന്‍ മാറി നല്‍കി. ഒരാഴ്ചയ്ക്കകം ചെയ്യേണ്ട ബിസിജി കുത്തിവയ്പ്പിനു പകരം ആറാഴ്ചയ്ക്കുശേഷം നല്‍കണ്ടേ കുത്തിവയ്പാണെന്നാണ് പരാതിയില്‍ പറയുന്നത്. വീഴ്ച തിരിച്ചറിഞ്ഞതോടെ കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു റഫര്‍ ചെയ്തു.

◾ക്രിസ്ത്യന്‍ മേഖലകളില്‍ സ്വാധീനമുണ്ടാക്കാനുള്ള ബിജെപി നീക്കത്തിനു തടയിടാന്‍ കോണ്‍ഗ്രസ്. ക്രൈസ്തവ സഭാ അധ്യക്ഷന്മാരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സന്ദര്‍ശിക്കും. ഇന്നലെ വൈകീട്ട് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ളാനിയെ സന്ദര്‍ശിച്ചു. അടുത്ത ആഴ്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയേലിനെയും കെ സുധാകരന്‍ കാണും.

◾ക്രൈസ്തവര്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും കോണ്‍ഗ്രസിന് ആശങ്കയില്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ളാനിയെ സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ക്കും ആരെയും കാണാം. വളച്ചൊടിച്ചത് സിപിഎം തന്ത്രമാണ്. ബിജെപിയുടെ തന്ത്രങ്ങളില്‍ ക്രൈസ്തവര്‍ വീഴില്ലെന്നും സുധാകരന്‍.

◾ഓര്‍ത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍ ഹരിയുടെ വീട്ടിലെത്തി വിഷു സദ്യ കഴിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ ഹരി മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ആദ്ദേഹം നടത്തിയ മോദി, ആര്‍ എസ് എസ് അനുകൂല പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

◾അരിക്കൊമ്പന്‍ ആനയെ പറമ്പിക്കുളത്തേക്കു മാറ്റുന്നതിനെതിരേ അതിരപ്പള്ളി മേഖലയില്‍ ഇന്നു റോഡ് ഉപരോധ സമരം. രാവിലെ 11 മുതല്‍ മൂന്നുവരെ വെറ്റിലപ്പാറ മേഖലയിലാണു റോഡ് ഉപരോധിക്കുക. പെരിമ്പാറ, കൊഗളപ്പാറ, വാഴച്ചാല്‍ ആദിവാസി ഗോത്രങ്ങള്‍ ഉപരോധത്തില്‍ പങ്കെടുക്കും. വാഴാനി, പലപ്പിള്ളി, മറ്റത്തൂര്‍, പരിയാരം, കോടശ്ശേരി, അതിരപ്പിള്ളി തുടങ്ങി ആറു പഞ്ചായത്തുകളിലുള്ളവരും പ്രതിഷേധത്തിനെത്തും.

◾തട്ടികൊണ്ടുപോയ പ്രവാസി ഷാഫിയുടെ വീഡിയോ തട്ടിക്കൊണ്ടുപോയ സംഘം ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് ഷാഫിയുടെ സഹോദരന്‍ നൗഫല്‍. ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി തനിക്കു ബന്ധമില്ല. അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കമാണ് ഇതെന്നും നൗഫല്‍ വ്യക്തമാക്കി.

◾ദുബായിലെ ദെയ്‌റ നായിഫിലുണ്ടായ തീപിടുത്തത്തില്‍ രണ്ടു മലയാളികള്‍ അടക്കം പതിനഞ്ചോളം പേര്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടന്‍ റിജേഷ് (37) ഭാര്യ ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍.

◾തിരുവനന്തപുരം ആഴിമലയ്ക്കു സമീപം കരിക്കാത്തി ബീച്ചില്‍ തിരയോടു ചേര്‍ന്നു നടന്ന രണ്ടുപേര്‍ കടലില്‍ മുങ്ങി മരിച്ചു. തഞ്ചാവൂര്‍ സ്വദേശി രാജാത്തി (45), ബന്ധുവായ സായ് ഗോപിക (ഒമ്പത്) എന്നിവരാണു കടലില്‍ മുങ്ങിയത്.

◾തൃശൂര്‍ പൂരം വെടിക്കെട്ട് ആസ്വദിക്കാന്‍ സ്വരാജ് റൗണ്ടിലെ ചില മേഖലകളിലേക്കു പ്രവേശനം അനുവദിക്കുമെന്ന് ജില്ലാ ഭരണകൂടം. 28 ന് നടക്കുന്ന സാമ്പിള്‍ വെടിക്കെട്ടിന് എം ജി റോഡ് മുതല്‍ കുറുപ്പം റോഡ് വരെയും ജോസ് തിയേറ്റര്‍ മുതല്‍ പാറമേക്കാവ് വരെയുമുള്ള ഭാഗത്ത് റോഡിലേക്കും പ്രവേശനം നല്‍കും.

◾കോടനാട് കിണറ്റില്‍ വീണ് കാട്ടാന ചെരിഞ്ഞു. നെടുമ്പാറ താണിപ്പാറയില്‍ മുല്ലശ്ശേരി തങ്കന്‍ എന്നയാളുടെ പുരയിടത്തിലെ കിണറ്റിലാണു പിടിയാന വീണത്. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഈ മേഖലയിലെ ആനശല്യം നേരിടാത്ത മലയാറ്റൂര്‍ ഡിഎഫ്ഒ വരാതെ ആനയെ കരയ്ക്കുകയറ്റാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ബെന്നി ബെഹനാന്‍ എംപി സംഭവ സ്ഥലത്തെത്തി.

◾പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എ. ഗോപാലന്‍കുട്ടി മേനോന്‍ കോഴിക്കോട്ട് വെസ്റ്റ് ഹില്ലില്‍ അന്തരിച്ചു. 106 വയസായിരുന്നു.

◾ഇടുക്കി കുട്ടിക്കാനത്ത് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ടു പേര്‍ക്ക് പരിക്കേറ്റു. തിരുവണ്ണാമലയില്‍ നിന്ന് ശബരിമലക്കു പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉള്‍പ്പെടെ 24 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

◾മലപ്പുറം വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റില്‍ ലോറിയില്‍ ബിസ്‌ക്കറ്റിനും മിട്ടായികള്‍ക്കും ഇടയില്‍ ഒളിപ്പിച്ചു കടത്തിയ 3000 കിലോ ഹാന്‍സ് എക്‌സൈസ് പിടികൂടി. പാലക്കാട് ജില്ലക്കാരായ അബ്ദുല്‍ ഷഫീഖ്, അബ്ദുല്‍ റഹിമാന്‍ എന്നിവരെ അറസ്റ്റു ചെയ്തു. ഇവരില്‍നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയും പിടിച്ചെടുത്തു.

◾നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൊയിലാണ്ടി കൊല്ലം കുറ്റിപൊരിച്ച വയലില്‍ ഷിനോജാണ് (31) മരിച്ചത്.

◾വര്‍ക്കലയില്‍ യുവതി വീട്ടില്‍ തൂങ്ങിമരിച്ചതിനു ഗാര്‍ഹിക പീഡനക്കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായി. റാത്തിക്കല്‍ സ്വദേശി നെബീന (23)യുടെ മരണത്തിന് ഭര്‍ത്താവ് കല്ലമ്പലം ഞാറായിക്കോണം സ്വദേശി അഫ്സലിനെ അറസ്റ്റ് ചെയ്തു.

◾തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് വയലിക്കടയില്‍ റോഡരികില്‍ നിന്ന രണ്ട് സ്ത്രീകളെ ഇടിച്ച് തെറിപ്പിച്ച കാര്‍ ഡ്രൈവറെ അറസ്റ്റു ചെയ്തു. വാഴോട്ടുകോണം സ്വദേശി പ്രശോഭിനെയാണ് അറസ്റ്റ് ചെയ്തത്.

◾മലപ്പുറം താനൂര്‍ സ്‌കൂള്‍പടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങള്‍ക്കും തീ പിടിച്ചു.

◾വടക്കാഞ്ചേരിയില്‍ വീണ്ടും പുലിയെ കണ്ടെന്നു നാട്ടുകാര്‍. മുണ്ടത്തിക്കോട് കോടശ്ശേരി മലയില്‍ മടത്തുംപടി കരുണാകരന്റെ വീടിനു സമീപത്ത് ഉച്ചക്കു രണ്ടോടെയാണ് പുലിയെ കണ്ടത്.

◾ടൂറിസ്റ്റ് ബസിലെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ അമരവിള ചെക്ക്പോസ്റ്റില്‍ എംഡിഎംഎയുമായി പിടികൂടി. കൊല്ലം സ്വദേശി സൂരത്താണ് എക്സൈസിന്റെ പിടിയിലായത്.

◾പുല്‍വാമ ഭീകരാക്രമണത്തില്‍ വീഴ്ച സംഭവിച്ചെന്നു വെളിപ്പെടുത്തിയ മുന്‍ കാഷ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ വെളിപെടുത്തലിനു പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് കോണ്‍ഗ്രസ്. സത്യപാല്‍ മാലിക്കിന്റെ അഭിമുഖ വീഡിയോ പങ്കുവച്ച കോണ്‍ഗ്രസ് 'തുടര്‍ ഭരണത്തിനു വേണ്ടി പുല്‍വാമയില്‍ 40 സൈനികരെ ബലി കൊടുത്തെ'ന്നും ആരോപിച്ചു.

◾കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്ക് സിറ്റിംഗ് മണ്ഡലമായ കോലാറില്‍ സീറ്റില്ല. 43 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബിജെപിയില്‍നിന്ന് രാജിവച്ച മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡിയ്ക്ക് അതാനി സീറ്റ് നല്‍കി.

◾അഴിമതിയില്‍ മുങ്ങിയ നരേന്ദ്ര മോദി തന്നെ ജയിലില്‍ അടയ്ക്കാനുള്ള ഗൂഢാലോചനയിലാണെന്ന് അരവിന്ദ് കെജരിവാള്‍. സാക്ഷികളെയും പ്രതികളെയും മര്‍ദ്ദിച്ചും പീഡിപ്പിച്ചും തനിക്കെതിരെ മൊഴിയുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അറസ്റ്റിനുള്ള ബിജെപി നിര്‍ദേശമാണ് സിബിഐ നടപ്പാക്കുന്നത്. സിബിഐ, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും കേജരിവാള്‍ പറഞ്ഞു. ഇന്നു രാവിലെ 11 നാണ് കെജരിവാള്‍ സിബിഐക്കു മുമ്പാകെ ഹാജരാകേണ്ടത്.

◾മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 12 പേര്‍ മരിച്ചു. റായ്ഗഡ് ജില്ലയിലെ ഖോപോളി മേഖലയിലാണ് അപകടമുണ്ടായത്. 25 പേര്‍ക്കു പരിക്കുണ്ട്. നാല്‍പതു യാത്രക്കാരുമായി പൂനെയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്.

◾അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കുമെന്ന് ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതു പാര്‍ട്ടികളുമായി സഖ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

◾ക്രൈസ്തവര്‍ക്കെതിരെ അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അടങ്ങുന്ന സംഘം രാഷ്ട്രപതിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഡോ. അനില്‍ കൂട്ടോ, ബിഷപ്പുമാരായ സുബോധ് മൊണ്ടാല്‍, പോള്‍ സ്വരൂപ് എന്നിവരടങ്ങുന്ന സംഘമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചത്.

◾ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കുനേരെയുണ്ടായ വധശ്രമത്തില്‍ അപലപിച്ച് ഇന്ത്യ. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ ആശ്വസിക്കുന്നതായും ആയുരാരോഗ്യസൗഖ്യത്തിനായി പ്രാര്‍ഥിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

◾യുക്രൈയ്നിന്റെ കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ ഷെല്ലാക്രമണം. സ്ലോവിയാന്‍സ്‌കിലെ ജനവാസ മേഖലയില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുട്ടിയടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു. 21 പേര്‍ക്ക് പരിക്കേറ്റു. അപ്പാര്‍ട്മെന്റുകള്‍ക്കു നേരെയായിരുന്നു റഷ്യയുടെ ഷെല്ലാക്രമണം.

◾കേരള ബ്ലാസ്റ്റേഴ്‌സ് ഹീറോ സൂപ്പര്‍ കപ്പില്‍ ഇന്ന് ബെംഗളൂരു എഫ്‌സിയെ നേരിടും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് എട്ടരയ്ക്കാണ് മത്സരം.

◾ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 23 റണ്‍സിന് ഡല്‍ഹിയെ തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി 34 പന്തില്‍ 50 റണ്‍സ് നേടിയ വിരാട് കോലിയുടെ മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുക്കാന്‍ മാത്രമേ സാധിച്ചുള്ളു.

◾ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ രണ്ട് വിക്കറ്റിന് തോല്‍പിച്ച് പഞ്ചാബ് കിംഗ്സ്. ലഖ്നൗ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കി നില്‍ക്കവേയാണ് പഞ്ചാബ് കിംഗ്സ് മറികടന്നത്. പഞ്ചാബിനായി 57 റണ്‍സെടുത്ത സിക്കന്ദര്‍ റാസയാണ് കൂടുതല്‍ മികച്ചു നിന്നത്.

◾വിമാനത്തിനുള്ളില്‍ വാട്സാപ് ചാറ്റും ഇന്റര്‍നെറ്റ് സര്‍ഫിങ്ങും സാധ്യമാക്കി ഇത്തിഹാദ് എയര്‍വേയ്സ്. ഇതോടെ, വിമാന യാത്രയില്‍ ഇനി മൊബൈലും ലാപ്ടോപ്പും ഫ്ലൈറ്റ് മോഡിലാവില്ല. വിമാനത്തിലെ ഇന്റര്‍നെറ്റ് സേവനത്തെ വൈഫ്ലൈ എന്നാണ് വിളിക്കുന്നത്. ഇത്തിഹാദ് ഗെസ്റ്റ് മെംബര്‍ഷിപ്പില്‍ സൈന്‍ ഇന്‍ ചെയ്തോ യാത്രയ്ക്കു മുന്‍പ് ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്തോ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. വാട്സാപ്, മെസഞ്ചര്‍, വീചാറ്റ് അപ്പുകള്‍ വൈഫ്ലൈയില്‍ പ്രവര്‍ത്തിക്കും. വിമാന യാത്രയ്ക്കിടെ ജോലി ചെയ്യണമെങ്കില്‍ വൈഫ്ലൈ സര്‍ഫ് പ്ലാന്‍ വാങ്ങാം. പണം നല്‍കി ഉപയോഗിക്കാവുന്ന പ്ലാനില്‍ യാത്ര കഴിയും വരെ പരിധിയില്ലാതെ ഡേറ്റ ഉപയോഗിക്കാം. 7 മണിക്കൂറില്‍ താഴെയുള്ള യാത്രയില്‍ 2.99 ഡോളറാണ് (246 രൂപ) ചാറ്റ് പാക്കേജ് നിരക്ക്. ഇത്തിഹാദ് ഗെസ്റ്റ് അംഗത്വമുള്ളവര്‍ക്ക് സൗജന്യമായി ഉപയോഗിക്കാം. 7 മണിക്കൂറിലധികമുള്ള യാത്രകള്‍ക്ക് 4.99 ഡോളറാണ് (410 രൂപ) നിരക്ക്. ഇത്തിഹാദ് ഗെസ്റ്റ് അംഗങ്ങള്‍ക്ക് ഇതും സൗജന്യമാണ്.

◾മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ സെക്കന്‍ഡ് ലുക്ക് റിലീസ് ചെയ്തു. അമിത് ചക്കാലയ്ക്കല്‍, ഷറഫുദ്ദീന്‍, അസീസ് നെടുമങ്ങാട്, മമ്മൂട്ടി എന്നിവരാണ് പോസ്റ്ററില്‍ ഉള്ളത്. ഒരു സംഘട്ടനം കഴിഞ്ഞ മട്ടില്‍ വാഹനത്തിന് ഉള്ളിലേക്ക് നോക്കുന്ന തരത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ് കണ്ണൂര്‍ സ്‌ക്വാഡ് സംവിധാനം ചെയ്തിരിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

◾സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രമാണ് 'ബാന്ദ്ര'.ബാന്ദ്രയുടെ ടീസര്‍ ഈദ് ദിനത്തില്‍ റിലീസ് ചെയ്യുമെന്നാണ് ദിലീപ് അറിയിച്ചിരിക്കുന്നത്. വിഷു ആശംസകള്‍ക്കൊപ്പം പങ്കുവച്ച ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം ആണ് ഇക്കാര്യം താരം അറിയിച്ചിരിക്കുന്നത്. സണ്‍ ഗ്ലാസ് വച്ച് മാസ് മോഡില്‍ നില്‍ക്കുന്ന ദിലീപിനെ പോസ്റ്ററില്‍ കാണാം. ബാന്ദ്രയില്‍ ദിലീപിന്റെ നായികയായി എത്തുന്നത് തമന്നയാണ്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ബാന്ദ്രയുടെ നിര്‍മ്മാണം. ഉദയ കൃഷ്ണയുടേതാണ് തിരക്കഥ. ഈ വര്‍ഷം ചിത്രം തിയറ്ററുകളില്‍ എത്തും.

◾ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയില്‍ നിന്നുള്ള ഇടത്തരം സെഡാനായ സ്‌കോഡ സ്ലാവിയ ഇന്ത്യന്‍ വിപണിയിലെ ആദ്യ വിജയകരമായ വര്‍ഷം പൂര്‍ത്തിയാക്കി. ഈ അവസരത്തെ അനുസ്മരിപ്പിക്കുന്നതിനായി, ടോപ്പ്-എന്‍ഡ് സ്റ്റൈല്‍ ട്രിമ്മിന് മുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ആദ്യ വാര്‍ഷിക പതിപ്പ് കമ്പനി പുറത്തിറക്കി. 1.5എല്‍, 4സിലിണ്ടര്‍ ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എഞ്ചിനും മാനുവല്‍ (6സ്പീഡ്), ഡിസിടി ഓട്ടോമാറ്റിക് (7സ്പീഡ്) ഗിയര്‍ബോക്‌സ് ഓപ്ഷനുകളും സ്‌കോഡ സ്ലാവിയ ആനിവേഴ്‌സറി എഡിഷന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന്റെ 1.5 എല്‍ മാനുവല്‍ പതിപ്പിന് 17.28 ലക്ഷം രൂപയും ഓട്ടോമാറ്റിക് മോഡലിന് 18.68 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

◾അടുക്കളയുടെ ചതുരത്തിനപ്പുറം അതിരുകള്‍ ദേദിക്കാനും എന്നാല്‍ സ്നേഹനിര്‍ഭയമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാകുവാനും സ്വയം സജ്ഞ്ജയായ ലളിതലാവണ്യമാണ് ഒരു സ്ത്രീരൂപത്തില്‍ ഈ കവിതകളെ ആസ്വാദ്യമാക്കുന്നുണ്ട്. 'നോവുകളുടഞ്ഞ ശംഖുകള്‍'. ജസിയാ ഷാജഹാന്‍. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 114 രൂപ.

◾പലരുടെയും ഉറക്കം തന്നെ കെടുത്തുന്ന ഒന്നാണ് മൈഗ്രേന്‍. അസഹനീയമായ വേദനയുമായി എത്തുന്ന ഒന്നാണ് മൈഗ്രേന്‍. വെളിച്ചം കാണുമ്പോള്‍ തോന്നുന്ന ബുദ്ധിമുട്ട്, ഉച്ചത്തിലുള്ള ശബ്ദം, ഛര്‍ദ്ദി എന്നിവയാണ് മൈഗ്രേനിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇത്തരത്തില്‍ ഉണ്ടാവുന്ന മൈഗ്രേന്‍ തലവേദന അകറ്റാന്‍ ചില വഴികള്‍ നോക്കാം. ചിലര്‍ക്ക് ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ തലവേദന അനുഭവപ്പെടാം. അത്തരക്കാര്‍ ശബ്ദം കേള്‍ക്കാതിരിക്കാന്‍ ആ സ്ഥലത്ത് നിന്നും മാറി നില്‍ക്കുക. മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവയുടെ അമിതോപയോഗവും ഇന്ന് ഏറ്റവുമധികം പേരില്‍ തലവേദനയുണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കാം. പ്രത്യേകിച്ച് രാത്രി മങ്ങിയ വെളിച്ചത്തില്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കാം. സ്ട്രെസ് , ടെന്‍ഷന്‍, ദീര്‍ഘയാത്ര, വെയില്‍ ഏല്‍ക്കുന്നതുമൊക്കെ പലരിലും തലവേദന ഉണ്ടാക്കാം. ഇത്തരം കാരണങ്ങള്‍ കണ്ടെത്തി അവയില്‍ നിന്നൊക്കെ വിട്ടുനില്‍ക്കുന്നതാണ് നല്ലത്. ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൈഗ്രേന്‍ ഉണ്ടാകാം. ചോക്ലേറ്റ്, കഫൈന്‍, വൈന്‍ തുടങ്ങിയ ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ മൈഗ്രേന്‍ ഉണ്ടാകാം. അതിനാല്‍ അത്തരക്കാര്‍ തലവേദന ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ചിലര്‍ക്ക് എസിയില്‍ ഇരുന്നാല്‍ തലവേദന ഉണ്ടാകാം. അത്തരക്കാര്‍ ഈ സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കുക. മദ്യപാനവും ചിലരില്‍ ഇടവിട്ടുള്ള തലവേദനയ്ക്ക് കാരണമാകാറുണ്ട്. അതിനാല്‍ അത്തരക്കാര്‍ മദ്യപാനം ഒഴിവാക്കുക. ശരീരത്തില്‍ വേണ്ടത്ര ജലാംശം ഇല്ലാതെ വരുന്ന സാഹചര്യത്തില്‍ ചിലര്‍ക്ക് തലവേദന അനുഭവപ്പെടാം. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക. യോഗ ചെയ്യുന്നത് തലവേദനയെ അകറ്റാന്‍ സഹായിക്കും. ലാവണ്ടര്‍ ഓയില്‍ തലവേദനയ്ക്ക് ആശ്വാസം നല്‍കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനായി ഒരു ടിഷ്യൂ പേപ്പറില്‍ ഏതാനും തുള്ളി ലാവണ്ടര്‍ എണ്ണ ഒഴിച്ച്, അതിന്റെ മണം ശ്വസിക്കാവുന്നതാണ്. ഇഞ്ചിയും തലവേദനയ്ക്ക് ആശ്വാസം നല്‍കുന്ന ഒരു ഒറ്റമൂലിയാണ്. ഇതിനായി, ഇഞ്ചി നീരും നാരങ്ങയുടെ നീരും സമാസമം ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ദിവസത്തില്‍ രണ്ടു നേരം കുടിക്കാം. അതുപോലെ തന്നെ, ഐസ് നിറച്ച പ്ലാസ്റ്റിക് പായ്ക്ക് നെറ്റിയില്‍ വയ്ക്കുന്നത് തലവേദന അകറ്റാന്‍ സഹായിക്കും. ഇതുവഴി നെറ്റിയിലേക്കുളള രക്തപ്രവാഹം വര്‍ദ്ധിക്കുന്നു. ഇത് തലവേദന ശമിപ്പിക്കാന്‍ സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ ആമയെ പിടികൂടാന്‍ കുറുക്കന്‍ പലതവണ ശ്രമം നടത്തി. പക്ഷേ,. ഓരോ തവണ ശ്രമിക്കുമ്പോഴും തല ഉളളിലേക്ക് വലിച്ച് ആമ രക്ഷപ്പെടും. ഒരിക്കല്‍ ആമ തല വെളിയിലേക്ക് ഇട്ടപ്പോള്‍ തന്നെ കുറുക്കന്‍ ചാടിവീണ് കഴുത്തില്‍ പിടിമുറുക്കി. ഉടനെ ആമ ഒരാവശ്യം മുന്നോട്ട് വെച്ചു. ഈ പരിസരത്തെ മണ്ണ് മുഴുവന്‍ ഇളക്കി മറിക്കണം, ഇവിടത്തെ ചെടികളെല്ലാം ഒടിച്ചിടണം. ആമയുടെ ആഗ്രഹം സാധിച്ചുകൊടുത്തിട്ടു കുറുക്കന്‍ ചോദിച്ചു: എന്തിനാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത്. ആമ പറഞ്ഞു: ഇവിടെ വലിയൊരു മല്‍പിടുത്തം നടത്തിയതിന് ശേഷമാണ് ഞാന്‍ കീഴടങ്ങിയതെന്ന് ആളുകള്‍ക്ക് തോന്നണം. ഇല്ലെങ്കില്‍ എനിക്കത് നാണക്കേടാണ്. തോല്‍ക്കുന്നതിലല്ല, തോല്‍വി മറ്റുള്ളവര്‍ അറിയുന്നതിലാണ് പലര്‍ക്കും പ്രശ്‌നം. ആരും അറിയാതെ തോല്‍ക്കുന്നതില്‍ ആര്‍ക്കും ഭയമില്ല. പെട്ടെന്ന് ഒന്ന് നിലത്ത് വീണാല്‍ ആരും കണ്ടില്ലെങ്കില്‍ കരയാതെ എഴുന്നേറ്റ് കുഞ്ഞുങ്ങള്‍ നടന്നുപോകുന്നതുപോലെ... ദൃക്‌സാക്ഷികളില്ലാത്ത തോല്‍വികളെ കുറിച്ച് ആരും ആശങ്കപ്പെടുന്നില്ല. എല്ലാവര്‍ക്കും എല്ലാ മത്സരങ്ങളിലും ജയിക്കാനാകില്ല. തിരിച്ചുവരവിന് സാധ്യതയുള്ള മത്സരങ്ങില്‍ തോറ്റാല്‍ അത് വലിയ അപകടവുമല്ല. എന്നാല്‍ തോറ്റാല്‍ തീര്‍ന്നു എന്നുറപ്പുള്ളിടത്ത് തോല്‍ക്കാന്‍ പാടില്ല. എന്തുവന്നാലും കീഴടങ്ങില്ല എന്ന വാശിയുണ്ടെങ്കില്‍ മാത്രമേ വിരുദ്ധസാഹചര്യങ്ങളെ നമുക്ക് അതിജീവിക്കാന്‍ സാധിക്കു.. തോല്‍ക്കാതിരിക്കാന്‍ നമുക്ക് ശ്രമിച്ചുകൊണ്ടേയിരിക്കാം - ശുഭദിനം.