◾കേരളത്തിന് വന്ദേ ഭാരത് ട്രെയിന്‍ വരുന്നു. ഈ മാസം 25 ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം -കണ്ണൂര്‍ വന്ദേ ഭാരത് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യും. തുടക്കത്തില്‍ ഷൊര്‍ണൂര്‍ വരെയാകും സര്‍വീസ്. നൂറു കിലോ മീറ്ററാകും വേഗത. ഏഴോ എട്ടോ സ്റ്റോപ്പുകള്‍ മാത്രമേ ഉണ്ടാകൂ. അതിവേഗം എത്താനാകുമെന്നതാണു നേട്ടം.
◾ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തളളി. ശിവശങ്കര്‍ ഏറെ സ്വാധീനശേഷിയുളള വ്യക്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേരളത്തിലെ ഭരണകക്ഷിയില്‍ പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായും ശിവശങ്കറിന് അടുപ്പവും സ്വാധീനവുമുണ്ട്. തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. ഫെബ്രുവരി 15 ന് അറസ്റ്റിലായ ശിവശങ്കര്‍ കാക്കനാട് ജയിലിലാണ്.
◾ലൈഫ് മിഷന്‍ അഴിമതിയില്‍ വ്യക്തമായ പങ്കുള്ള സ്വപ്ന സുരേഷിന്റെ അറസ്റ്റു വൈകുന്നത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. ശിവശങ്കറിന്റെ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഈ പരാമര്‍ശം.
◾'മോദി' പരാമര്‍ശത്തിന്റെ പേരിലുള്ള മാനനഷ്ട കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഹര്‍ജിയില്‍ വിധി 20 ന്. സിജെഎം കോടതിയുടെ ശിക്ഷാവിധി സെഷന്‍സ് കോടതി സ്റ്റേ ചെയ്തില്ല. പ്രസംഗത്തിലെ വാക്കുകള്‍ അടര്‍ത്തി മാറ്റി ദുര്‍വ്യാഖ്യാനം ചെയ്തെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു.
◾വാര്‍ധക്യ, വിധവാ, ഭിന്നശേഷി വിഭാഗങ്ങളിലെ നാലേമുക്കാല്‍ ലക്ഷം പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ വിഹിതം കുറയും. കേന്ദ്ര വിഹിതം സംസ്ഥാന സര്‍ക്കാര്‍ വഴി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതാണു കാരണം. സര്‍ക്കാര്‍ നല്‍കുന്ന 1600 രൂപയില്‍ 200 മുതല്‍ 500 വരെ രൂപ കുറയും. കേന്ദ്ര വിഹിതം രണ്ടു വര്‍ഷമായി കുടിശികയാണ്.
◾പിഎസ്സി പരീക്ഷാ തട്ടിപ്പു കേസിലെ സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ പോലീസ് വര്‍ഷങ്ങള്‍ക്കുശേഷം തട്ടിക്കൂട്ടിയ കുറ്റപത്രം കോടതി മടക്കി. രേഖകള്‍ വ്യക്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം മടക്കിയത്. തൊണ്ടി മുതല്‍ സംബന്ധിച്ച രേഖകളിലും തീയതികളിലും പിശകുണ്ട്. പോലീസിലേക്കുള്ള പിഎസ്സി പരീക്ഷയിലാണ് എസ്എഫ്ഐ നേതാക്കള്‍ 2018 ല്‍ തട്ടിപ്പു നടത്തിയത്.
◾കേരളം പൊള്ളുന്നു. താപനില 45 ഡിഗ്രി കടന്നു. പാലക്കാട് എരിമയൂരിലാണ് താപനില 45.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. തൃശൂരിലെ വെള്ളാനിക്കരയിലും പീച്ചിയിലും 42 ഡിഗ്രി ആയി. പാലക്കാട് മലമ്പുഴയില്‍ 42.3 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്നു മുന്നറിയിപ്പ്.
◾മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. രണ്ടാം പ്രതി വഫയെ കേസില്‍നിന്ന് ഒഴിവാക്കി. വാഹനം അമിത വേഗതയിലായിരുന്നു. മദ്യപിച്ചാണു വാഹനമോടിച്ചതെന്നും പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്.
◾നിയമസഭാ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘര്‍ഷം കാമറയില്‍ പകര്‍ത്തിയതിനു മാധ്യമങ്ങള്‍ക്കെതിരേ സ്പീക്കറുടെ ഓഫീസിന്റെ നോട്ടീസ്. അതീവ സുരക്ഷാ മേഖലയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയത്. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ നിയമസഭാ പാസ് റദ്ദാക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്.
◾വിരമിച്ച കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ഈ മാസം പതിനെട്ടിനകം പെന്‍ഷന്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ചീഫ് സെക്രട്ടറി ഓണ്‍ലൈനിലൂടെ ഹാജരായാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി 140 കോടി രൂപ കെഎസ്ആര്‍ടിസിക്ക് അനുവദിച്ചിട്ടുണ്ട്.
◾രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള ആഭ്യന്തര കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ ലോകായുക്തക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. 2014 ല്‍ തിരുവനന്തപുരത്ത് ഡോ. ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതു ചോദ്യം ചെയ്ത് ലോകായുക്തയിലുള്ള കേസിലാണ് ഹൈക്കോടതി ഇടപെടല്‍. സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
◾ലൈഫ് മിഷന്‍ കോഴ ഇടപാടിലെ പ്രതി ശിവശങ്കറിന് മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും വലിയ സ്വാധീനമുണ്ടെന്ന ഹൈക്കോടതി പരാമര്‍ശം കുറ്റകൃത്യത്തില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവയ്ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ലൈഫ് മിഷന്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയുടെ അറിവോടെ അദ്ദേഹത്തിനു വേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയതാണ് ഈ അഴിമതിയെന്നും സതീശന്‍ പറഞ്ഞു.
◾കായംകുളത്ത് കായലില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. മഹാദേവികാട് പാരൂര്‍ പറമ്പില്‍ പ്രദീപ് രേഖ ദമ്പതികളുടെ മകന്‍ ദേവപ്രദീപ് (13), ചിങ്ങോലി അശ്വനി ഭവനത്തില്‍ വിഷ്ണു (13) എന്നിവരാണ് മരിച്ചത്. ചിങ്ങോലി അമ്പാടി നിവാസില്‍ ഗൗതംകൃഷ്ണ (13) നെയാണു കാണാതായത്.
◾മുഖ്യമന്ത്രി പിണറായി വിജയന്‍ പല അഴിമതി കേസുകളിലും ബന്ധമുള്ളയാളാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കര്‍. ബ്രഹ്‌മപുരത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രഹ്‌മപുരത്ത് മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി ബയോ മൈനിംഗ് നടക്കുന്നേയില്ല. സംസ്ഥാന സര്‍ക്കാര്‍ സോണ്ട കമ്പനിക്കെതിരെ ഒരു കേസ് പോലും നല്‍കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
◾കെഎസ്ആര്‍ടിസി ടേക്ക് ഓവര്‍ റൂട്ടുകളില്‍ മുപ്പതു ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ചു. സ്വകാര്യ ബസുകളുടെ മല്‍സരം നേരിടാനാണ് കെഎസ്ആര്‍ടിസി 140 കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നിരക്ക് ഇളവ് പ്രഖ്യാപിച്ചത്.
◾കണ്ണൂര്‍ ജില്ലയില്‍ പെട്രോള്‍ പമ്പ് തൊഴിലാളികള്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചു. തൊഴിലാളികള്‍ ആവശ്യപ്പെട്ട പതിനേഴ് ശതമാനം ബോണസ് പമ്പുടമകള്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
◾വിഷു വിപണിയില്‍ വന്‍ തിരക്ക്. തുണിത്തരങ്ങള്‍ മുതല്‍ പച്ചക്കറിയും പടക്കവും പൂത്തിരിയുമെല്ലാം വാങ്ങാന്‍ തിരക്കാണ്. നാളെയാണു വിഷു.
◾കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, തലശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി എന്നിവര്‍ക്കെതിരെ സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ വിമര്‍ശനം. ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കടുത്ത ആക്രമണത്തിന് വിധേയമാകുമ്പോള്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചെന്ന് ആരോപിച്ചാണ് വിമര്‍ശനം.
◾ക്രിസ്ത്യന്‍ സഭകളെ അവഹേളിക്കുന്നത് സിപിഎം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ മതമേലദ്ധ്യക്ഷന്‍മാരെ അപമാനിച്ചത് അപലപനീയമാണ്. ആക്ഷേപിച്ച് മതപുരോഹിതന്‍മാരെ പിന്തിരിപ്പിക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
◾ട്രെയിന്‍ തീവയ്പു കേസ് പ്രതി ഷാറൂഖ് സെയ്ഫിക്കു ജാമ്യം തേടി ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സലിലെ ചീഫ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ പീതാംബരന്‍ ജാമ്യാപേക്ഷ നല്‍കി. ഈ മാസം 18 ന് ജാമ്യാപേക്ഷ പരിഗണിക്കും.
◾മകന്‍ ഓടിച്ച വാഹനമിടിച്ച് മണിമലയില്‍ മരിച്ച സഹോദരങ്ങളുടെ വീട്ടില്‍ ജോസ് കെ മാണി എം പി എത്തി. മരിച്ച ജിന്‍സിന്റെയും ജീസിന്റെയും വീട്ടില്‍ അരമണിക്കൂറോളം തങ്ങി. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നെന്ന് അദ്ദേഹം അറിയിച്ചു.
◾തൃശൂര്‍ പഴുന്നാന ചെമ്മന്തിട്ടയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സീലിംഗ് തകര്‍ന്നുവീണ് ഡോക്ടര്‍ക്കും രോഗിയ്ക്കും പരുക്കേറ്റു. ഡോ. മെറിനും രോഗിയായ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കുമാണു പരിക്കേറ്റത്. രോഗികള്‍ പുറത്തേക്ക് ഇറങ്ങിയോടി.
◾വാഹനമുടമയ്ക്കു ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. നിലമ്പൂര്‍ അമരമ്പലം സ്വദേശിനിയായ ഏലിയാമ്മ 'ഫ്യൂച്ചര്‍ ജനറല്‍' ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഭര്‍ത്താവ് കുര്യന്‍ 2015 ല്‍ ചോക്കാട് കല്ലാമൂലയിലുണ്ടായ വാഹന അപകടത്തില്‍ മരിച്ചിരുന്നു. ഇന്‍ഷുറന്‍സ് പോളിസി പ്രകാരമുള്ള രണ്ടു ലക്ഷം രൂപ കമ്പനി നല്‍കിയില്ല. വാഹനം ഓടിച്ചയാള്‍ക്കു ലൈസന്‍സുണ്ടെങ്കില്‍ തുക ഉടനേ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
◾ഓര്‍ത്തഡോക്സ് സഭയ്ക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളോട് അടുപ്പമോ വിരോധമോ ഇല്ലെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യുസ് ത്രിതിയന്‍ കാതോലിക്കാബാവാ. മതേതരത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഭയുടെ സുഹൃത്തുക്കളാണെന്ന് അദ്ദേഹം പറഞ്ഞു.
◾ചര്‍ച്ച് ബില്‍ പോസ്റ്റര്‍ വിവാദത്തില്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളെ പോലീസ് വേട്ടയാടുകയാണെന്ന കുന്നംകുളം മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസിന്റെ വിമര്‍ശനം വെറും വ്യക്തിപരമെന്നും സഭയുടേതല്ലെന്നും വ്യാഖ്യാനിച്ച് മന്ത്രി വീണ ജോര്‍ജ്ജ്. വ്യക്തികള്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
◾ഉംറയ്ക്കും ഹജ്ജിനും വളണ്ടിയര്‍മാരെ വേണമെന്നാവശ്യപ്പെട്ട് പരസ്യം നല്‍കി തട്ടിപ്പ്. അഞ്ഞൂറോളം പേരില്‍നിന്ന് പതിനായിരം മുതല്‍ ഇരുപത്തയ്യായിരം രൂപവരെയാണ് തട്ടിയത്. ആധാര്‍ കാര്‍ഡും പാസ്പോര്‍ട്ടും അടക്കമുള്ള രേഖകളുമായാണ് തട്ടിപ്പു സംഘം മുങ്ങിയത്. കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു.
◾സ്വര്‍ണം വാങ്ങിയശേഷം പണം ഓണ്‍ലൈനായി അടച്ചെന്നു വിശ്വസിപ്പിച്ചു കബളിപ്പിച്ചെന്ന കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. അരീക്കോട് കുഴിമണ്ണ സ്വദേശി പാലക്ക പറമ്പില്‍ വീട്ടില്‍ ശബീറലി (30)യെ ആണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റു ചെയ്തത്. ചെമ്മാട് പരപ്പനങ്ങാടി റോഡിലെ ജ്വല്ലറിയില്‍നിന്നു പതിനൊന്നര പവന്‍ സ്വര്‍ണം വാങ്ങി കബളിപ്പിച്ചെന്നാണു കേസ്.
◾മാവേലി എക്സ്പ്രസില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു. ട്രെയിനിലെ ബാത്ത്‌റൂമില്‍ പോയി മടങ്ങുമ്പോഴാണ് രണ്ടു പേര്‍ ചേര്‍ന്ന് ആക്രമിച്ചു സ്വര്‍ണമാലയുമായി കടന്നുകളഞ്ഞത്. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനി പോലീസില്‍ പരാതി നല്‍കി.
◾നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി സ്പൈഡര്‍ ബാഹുലേയന്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. മോഷണം കഴിഞ്ഞ് മടങ്ങവേ വെള്ളായണിയിലാണ് വഞ്ചിയൂര്‍ പൊലീസിന്റെ പിടിയിലായത്. ഇരുന്നൂറിലധികം മോഷണക്കേസുകളിലെ പ്രതിയാണ്.
◾കൊച്ചിയില്‍ നിയമ വിദ്യാര്‍ത്ഥികള്‍ എംഡിഎംഎ യുമായി പിടിയില്‍. പാലക്കാട് പട്ടാമ്പി, എടപ്പറമ്പില്‍ ഹൗസില്‍ ശ്രീഹരി (22), മലപ്പുറം പുത്തനത്താണി കളപ്പാട്ടില്‍ ഹൗസില്‍ അജ്മല്‍ ഷാഹ് (22), പാലക്കാട് പട്ടാമ്പി കക്കാടത്തു ഹൗസില്‍ സുഫിയാന്‍ (21) എന്നിവരാണ് പിടിയിലായത്.
◾കട്ടപ്പനയില്‍ എം ഡി എം എ കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച യുവാവ് മരിച്ച നിലയില്‍. കട്ടപ്പന കല്ലംകുന്ന് വട്ടക്കാട്ടില്‍ ജോമാര്‍ട്ടിന്‍ (24) ആണ് മരിച്ചത്. ഇടുക്കി അണക്കെട്ടിന്റെ അഞ്ചുരുളി തടാകത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
◾പ്രായപൂര്‍ത്തിയാവാത്ത കുട്ടി വാഹനമോടിച്ച കേസില്‍ പിതാവിന് പിഴയടക്കാന്‍ വിധി. തിണ്ടലം വടക്കുംപ്പുറം പുല്ലാണിക്കാട്ടില്‍ അബ്ദുല്‍ മുഖദിനാണ് 30,250 രൂപ പിഴയടക്കാന്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്.
◾തിരുവനന്തപുരം നഗരത്തില്‍ യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം. അട്ടക്കുളങ്ങരയില്‍ നടുറോഡില്‍ യുവതിയെ കടന്നുപിടിച്ച തമിഴ്നാട് സ്വദേശി ഷിഹാബുദ്ദീനെ (27) പോലീസ് പിടികൂടി.
◾വെള്ളമെടുക്കാന്‍ റെയില്‍ പാത കുറുകേ കടക്കുന്നതിനിടെ ട്രെയിനിടിച്ചു യുവതി മരിച്ചു. വാളയാര്‍ സ്വദേശി രാധാമണിയാണ് (38) മരിച്ചത്.
◾കണ്ണൂരില്‍ കസ്തൂരി ഇടപാടിനിടെ മൂന്നു പേര്‍ പിടിയില്‍. എറണാകുളം സ്വദേശി ഹഫ്‌സല്‍, തൃശൂര്‍ സ്വദേശി ഷാനവാസ് കണ്ണൂര്‍ ആലക്കോട് സ്വദേശി തോമസ് എന്നിവരെയാണ് വനം വകുപ്പ് ഉദ്യാഗസ്ഥര്‍ പിടികൂടിയത്.
◾അതിരപ്പിള്ളിയില്‍ വിനോദ യാത്രയ്ക്കെത്തിയ തമിഴ്നാട്ടില്‍നിന്നുള്ള കുടുംബത്തിലെ എട്ടു വയസുകാരന്‍ മുങ്ങി മരിച്ചു. അതിരപ്പിള്ളി വെറ്റിലപ്പാറ പാലത്തിന് സമീപം പുഴയില്‍ കുളിക്കുന്നതിനിടെയാണ് കൃഷ്ണഗിരി സ്വദേശി മോനീശ്വരന്‍ മുങ്ങി മരിച്ചത്.
◾യുപിയില്‍ എംഎല്‍എ വധക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടാത്തലവനുമായ ആതിക് അഹമ്മദിന്റെ മകന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. യുപി എസ്ടിഎഫുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് കൊല്ലപ്പട്ടത്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുപി സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതി ഗുലാമും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
◾കോടതികളില്‍ വിശ്വസിക്കാത്തതുകൊണ്ടാണ് ബിജെപി വ്യാജ ഏറ്റുമുട്ടലുകളിലൂടെ പ്രതികളെ കൊല്ലുന്നതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഏറ്റുമുട്ടലിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. തെറ്റും ശരിയും തീരുമാനിക്കാന്‍ അധികാരത്തിന് അവകാശമില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.
◾മുസ്ലീം വിഭാഗത്തിനുള്ള നാലു ശതമാനം സംവരണം ഒഴിവാക്കിയ കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരേ സുപ്രീം കോടതി. തെറ്റായ അനുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനം നിലനില്‍ക്കില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
◾വ്യക്തിപരമായ അക്രമങ്ങളെ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളെന്നു വ്യാഖ്യാനിച്ച് കണക്കുകള്‍ പെരുപ്പിച്ചു കാണിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. എല്ലാ മതവിശ്വാസികള്‍ക്കും നിയമ പ്രകാരമുള്ള തുല്യ പരിരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്. ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച കണക്കുകള്‍ തെറ്റെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
◾രാജ്യത്തെ കയറ്റുമതി ആറു ശതമാനവും ഇറക്കുമതി പതിനാറര ശതമാനവും വര്‍ധിച്ചു. 2022-23 ല്‍ കയറ്റുമതി 44,700 കോടി ഡോളറായി. പെട്രോളിയം, ഫാര്‍മ, കെമിക്കല്‍സ്, മറൈന്‍ തുടങ്ങിയ മേഖലകളിലുണ്ടായ കയറ്റുമതിയിലെ വളര്‍ച്ചയാണ് വര്‍ദ്ധനവിന് കാരണമായത്. അതേസമയം, ഇറക്കുമതിയും വര്‍ധിച്ചു. 2021-22 ലെ 61,300 കോടി ഡോളറില്‍ നിന്ന് 71,400 കോടി ഡോളറായി.
◾പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുമെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. മമത ബാനര്‍ജി, അരവിന്ദ് കേജരിവാള്‍ എന്നിവര്‍ അടക്കമുള്ളവരുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ഗാന്ധിയും കെ.സി. വേണുഗോപാലും ഖര്‍ഗെയുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.
◾ബ്രിട്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ അതിക്രമം നടത്തിയ ഖാലിസ്ഥാന്‍ അനുകൂലികള്‍ക്കെതിരേ നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനോട് ആവശ്യപ്പെട്ടു. ഇന്നലെ ഇരുവരും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആവശ്യം ഉന്നയിച്ചത്. വ്യാപാര, സാമ്പത്തിക മേഖലകളിലെ വിഷയങ്ങളേക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
◾പടിഞ്ഞാറന്‍ ടെക്സാസിലെ ഒരു ഡയറി ഫാമിലുണ്ടായ തീ പിടിത്തത്തില്‍ 18,000 പശുക്കള്‍ വെന്തുമരിച്ചു. തീപിടിത്തത്തില്‍ പരിക്കേറ്റ ഒരു തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ഐപിഎല്ലില്‍ മൂന്നാം ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. ഇന്നലെ നടന്ന, ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് 6 വിക്കറ്റ് വിജയം. പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കെയാണ് ഗുജറാത്ത് മറകടന്നത്. 49 പന്തില്‍ 67 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിനായി കൂടുതല്‍ തിളങ്ങിയത്.
◾ഇന്ത്യയുടെ കയറ്റുമതി 6 ശതമാനം ഉയര്‍ന്നു. 2022-23 കാലയളവില്‍ രാജ്യത്തിന്റെ കയറ്റുമതി 447 ബില്യണ്‍ ഡോളറായി (ഏകദേശം 36000 കോടി രൂപ). പെട്രോളിയം, ഫാര്‍മ, കെമിക്കല്‍സ്, മറൈന്‍ തുടങ്ങിയ മേഖലകളിലുണ്ടായ കയറ്റുമതിയിലെ വളര്‍ച്ചയാണ് വര്‍ദ്ധനവിന് കാരണമായത്. അതേസമയം 2021-22 ലെ 613 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23 ല്‍ രാജ്യത്തിന്റെ ഇറക്കുമതി 16.5 ശതമാനം വര്‍ധിച്ച് 714 ബില്യണ്‍ ഡോളറായി. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ഒരുമിച്ച് ഉയര്‍ന്നിട്ടുണ്ട്. 2021-22 ലെ 676 ബില്യണില്‍ നിന്ന് 2022-23 ല്‍ 14 ശതമാനം വര്‍ധിച്ച് 770 ബില്യണ്‍ ഡോളറിലെത്തി. ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 770 ബില്യണ്‍ ഡോളറിലെത്തി, മുന്‍ വര്‍ഷത്തേക്കാള്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ സേവന കയറ്റുമതിയും 2021-22 ലെ 254 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23 ല്‍ 27.16 ശതമാനം വര്‍ധിച്ച് 323 ബില്യണ്‍ ഡോളറായി. ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ്.
◾ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'കത്തനാര്‍'. മലയാളത്തിലെ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള സിനിമ കൂടിയാണിത്. ഫിലിപ്സ് ആന്റ് മങ്കിപ്പെന്‍, ഹോം എന്നീ ഹിറ്റ് ചിത്രങ്ങള്‍ ശേഷം റോജിന്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 36 ഏക്കറില്‍ നാല്‍പ്പത്തിഅയ്യായിരം അടി ചതുരശ്ര വിസ്തീര്‍ണ്ണമുള്ള പടുകൂറ്റന്‍ സെറ്റാണ് ഈ ചിത്രത്തിനു വേണ്ടി പൂക്കാട്ടുപടിയില്‍ ഒരുക്കിയിരിക്കുന്നത്. ആര്‍.രാമാനന്ദാണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഏറ്റവും നൂതന സാങ്കേതിക വിഭാഗമായ വി എഫ്.എക്സ് ആന്റ് വെര്‍ച്ച്വല്‍ പ്രൊഡക്ഷന്‍സിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. കൊറിയന്‍ വംശജനും കാനഡയില്‍ താമസ്സക്കാരനുമായ ജെ.ജെ. പാര്‍ക്ക് ആണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കമ്പോസ് ചെയ്യുന്നത്. നിരവധി വിദേശ ചിത്രങ്ങള്‍ക്കു വേണ്ടി ആക്ഷന്‍ ഒരുക്കിയിട്ടുണ്ട് ജെ. ജെ. പാര്‍ക്ക്.
◾നയന്‍താര നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ടെസ്റ്റ്' എന്നാണ് ചിത്രത്തിന്റെ പേര്. മാധവനും സിദ്ധാര്‍ത്ഥും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. പ്രമുഖ നിര്‍മാതാവ് ശശികാന്തിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം. സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍പെടുന്നതാണ് സിനിമയെന്നാണ് വിവരം. ടെസ്റ്റ് ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് സൂചനകള്‍. ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തുമാണ് നിര്‍മ്മാണം. ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറപ്രവര്‍ത്തകരെയോ പ്രഖ്യാപിച്ചിട്ടില്ല. 'ആയിത എഴുത്ത്, രംഗ് ദേ ബസന്തി എന്നീ സിനിമകള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥും മാധവനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടെസ്റ്റ്.
◾ചൈനീസ് വാഹന ബ്രാന്‍ഡായ ബിവൈഡി ക്വിന്‍ പ്ലസ് ഇവി 2023 ചാമ്പ്യന്‍ പതിപ്പിന്റെ ആറ് പുതിയ മോഡലുകള്‍ പുറത്തിറക്കി. ഒറ്റ ചാര്‍ജില്‍ 610 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്നതാണ് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍. വെറും മൂന്ന് സെക്കന്‍ഡുകള്‍ കൊണ്ട് ഈ കാര്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത കൈവരിക്കും. 150 വാട്ട് മോട്ടോറാണ് കാറില്‍ നല്‍കിയിരിക്കുന്നത്. ഇത് 12.5 കിലോവാട്ട്അവര്‍ പവര്‍ നല്‍കുന്നു. സിഎല്‍ടിസി കോംപ്രിഹെന്‍സീവ് വര്‍ക്കിംഗ് കണ്ടീഷന്‍ സംവിധാനമാണ് കാറിനുള്ളത്. ഇത് കൂടാതെ, എക്സ്റ്റന്‍ഡഡ് ടെമ്പറേച്ചര്‍ റേഞ്ച്, ഹൈ എഫിഷ്യന്‍സി ഹീറ്റ് പമ്പ് സിസ്റ്റം എന്നിവ നല്‍കിയിട്ടുണ്ട്. താപനില കുറവായിരിക്കുമ്പോള്‍, അതിന്റെ എസിയുടെ വൈദ്യുതി ഉപഭോഗം 40 ശതമാനം വരെ കുറയുന്നു. ഇ-പ്ലാറ്റ്ഫോം 3.0 സാങ്കേതികവിദ്യയാണ് ബിവൈഡി ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
◾കവിതകളുടെയും പ്രവചനങ്ങളുടെയും പത്രവാര്‍ത്തകളുടെയും ഡയറിക്കുറുപ്പുകളുടെയും ഓര്‍മ്മകളുടെയും രൂപത്തിലുള്ള കഥകള്‍ ചെറുകഥയെന്ന സാഹിത്യഗണത്തിന്റെ രൂപത്തെപ്പറ്റിയുള്ള കഥാകൃത്തിന്റെ തുറന്ന സമീപനം വ്യക്തമാക്കുന്നവയാണ്. മനുഷ്യാനുഭവങ്ങളുടെ വിവിധ കോണുകളില്‍ നിന്നുള്ള കാഴ്ചകളാണ് ഈ സമാഹാരത്തിലെ കഥകള്‍. 'നീലപൊന്മാന്‍'. സുനില്‍ കോടതി ഫൈസല്‍. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 223 രൂപ.
◾ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും തണ്ണിമത്തന്‍ ഡയറ്റ് പ്ലാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഉയര്‍ന്ന നാരുകള്‍ അടങ്ങിയ വേനല്‍ക്കാല പഴമാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ ഭക്ഷണക്രമം വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ വളരെ ഫലപ്രദമായ മാര്‍ഗമാണ്. നമ്മുടെ ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നതിനാല്‍ ഈ ഭക്ഷണക്രമം ആരോഗ്യകരമായ ഒന്നായി അറിയപ്പെടുന്നു. വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ ബി1, ബി6, ലൈക്കോപീന്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങള്‍ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ഡോക്ടറോടും ഡയറ്റീഷ്യനോടും കൂടിയാലോചിച്ചതിനുശേഷം മാത്രമേ തണ്ണിമത്തന്‍ ഡയറ്റ് എടുക്കാന്‍ പാടൂള്ളൂ. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമായ കലോറി കുറഞ്ഞ പഴമായതിനാല്‍ തണ്ണിമത്തന് ധാരാളം ഗുണങ്ങളുണ്ട്. ഇതിന് ഡൈയൂററ്റിക് ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതായത് ശരീരത്തില്‍ നിന്ന് അധിക വെള്ളവും വിഷവസ്തുക്കളും പുറന്തള്ളാന്‍ ഇത് സഹായിക്കും. തണ്ണിമത്തന്‍ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാനും വയറുവേദന കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കലോറി കുറഞ്ഞ പഴമാണ് തണ്ണിമത്തന്‍. അതായത് കൂടുതല്‍ കലോറി ഉപയോഗിക്കാതെ നിങ്ങള്‍ക്ക് ഇത് വലിയ അളവില്‍ കഴിക്കാം. ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും. തണ്ണിമത്തന്‍ ജലാംശം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കും. ചൂടുള്ള കാലാവസ്ഥയിലോ വ്യായാമം ചെയ്യുമ്പോഴോ ഇത് വളരെ പ്രധാനമാണ്. വിറ്റാമിന്‍ എ, സി എന്നിവയുടെ നല്ല ഉറവിടമാണ് തണ്ണിമത്തന്‍. അതുപോലെ തന്നെ പൊട്ടാസ്യം. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്താനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും. വയറുവേദന കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
പത്തൊന്‍പതാം നൂററാണ്ടിന്റെ തുടക്കം. അലെസാന്‍ഡ്രോ വോള്‍ട്ട എന്ന ലോകപ്രശസ്ത ശാത്രജ്ഞന്‍ ബാറ്ററി കണ്ടുപിടിച്ചിരുക്കുന്നു. വോള്‍ട്ടയുടെ ഈ കണ്ടുപിടുത്തം ശാസ്ത്രലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ച്ചയായി വൈദ്യുതി പ്രവഹിക്കുന്ന ആദ്യ ബാറ്ററിയാണ് അദ്ദേഹം കണ്ടുപിടിച്ചിരിക്കുന്നത്. വോള്‍ട്ടായിക് പൈല്‍ എന്നായിരുന്നു അതിന്റെ പേര്. തന്റെ കണ്ടുപിടുത്തം നെപ്പോളിയന്‍ ബോണാപ്പാര്‍ട്ടിനെ കാണിക്കാന്‍ ഒരു അവസരം വോള്‍ട്ടയ്ക്ക് ലഭിച്ചു. തന്റെ മുന്നില്‍ മേശപ്പുറത്ത് ഇരിക്കുന്ന വിചിത്ര ഉപകരണത്തിലേക്ക് നെപ്പോളിയന്‍ സൂക്ഷിച്ചു നോക്കി. ചെമ്പിന്റെയും വെളുത്തീയത്തന്റെയും തളികകള്‍ മാറി മാറി അടുക്കിവെച്ചിരിക്കുകയാണ്. തളികകള്‍ക്കിടയില്‍ എന്തോ ദ്രാവകവും കാണാം. അലെന്‍സാന്‍ഡ്രോ വോള്‍ട്ട വിശദീകരിച്ചു: ഇതില്‍ നിന്ന് തുടര്‍ച്ചയായി വൈദ്യുതി പ്രവഹിക്കും. ബാറ്ററിയുടെ പ്രവര്‍ത്തനവും വോള്‍ട്ടയുടെ വിശദീകരണവും നെപ്പോളിയന്‍ ശ്രദ്ധയോടെ കേട്ടു. എന്നിട്ടും അദ്ദേഹത്തിന്റെ സംശയം മാറിയില്ല. നിരവധി യുദ്ധങ്ങളുടെ പടനായകന്‍ കുറച്ച് നേരത്തിന് ശേഷം ഒരു ചോദ്യം ചോദിച്ചു: ഈ ബാറ്ററി ഉപയോഗിച്ച് ഒരു പട്ടണം തകര്‍ക്കാന്‍ സാധിക്കുമോ? വോള്‍ട്ട ഞെട്ടിപ്പോയി. അങ്ങനെയൊരു ചോദ്യം അദ്ദേഹം പ്രതീക്ഷിച്ചതേയില്ല. പക്ഷേ, വൈകാതെ അദ്ദേഹം ഒരു മറുപടി കൊടുത്തു. ' അത്തരം അപകടങ്ങള്‍ ഉണ്ടാക്കുന്നത് ബാറ്ററിയല്ല. ബാറ്ററി ഉപയോഗിക്കുന്ന കൈകളാണ് ' ആ മറുപടി നെപ്പോളിയന് വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹം വോള്‍ട്ടയെ ലംബോഡി എന്ന പ്രദേശത്തെ സെനറ്റര്‍ ആയി നിയമിച്ചു! ഒരു കണ്ടുപിടുത്തം എത്ര മികച്ചതാണെങ്കിലും അല്ലെങ്കിലും അത് ഉപയോഗിക്കുന്നവരുടെ മനസ്സാണ് പ്രധാനം. മനസ്സ് നന്മയുടെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെങ്കില്‍ ആ കണ്ടുപിടുത്തം ലോകത്തിന് നേട്ടവും അല്ലെങ്കില്‍ ദോഷവും പ്രദാനം ചെയ്യും.. നമ്മുടെ യാത്രകള്‍ നന്മയുടെ പാതയിലൂടെയാകട്ടെ - ശുഭദിനം.