◾ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ സ്ഥാപിച്ച 726 ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഈ മാസം 20 നു പ്രവര്‍ത്തനം ആരംഭിക്കും. ഹെല്‍മെറ്റ് ഇല്ലാതെയുളള യാത്ര, രണ്ടിലധികം പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നത്, ലൈന്‍ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, മൊബൈലില്‍ സംസാരിച്ചുള്ള ഡ്രൈവിംഗ് എന്നിവയെല്ലാം പിടിക്കപ്പെടും. സേഫ് കേരള പദ്ധതിക്കു കീഴില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറകള്‍ സജ്ജമാക്കിയിട്ട് ഒരു വര്‍ഷത്തോളമായി.
◾പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടു. മെസിനു സമീപത്തെ ബാരക്കില്‍ ഉറങ്ങുകയായിരുന്ന നാലു പേരാണു കൊല്ലപ്പെട്ടത്. രണ്ടു പേര്‍ സൈനിക കേന്ദ്രത്തിലേക്ക് അതിക്രമിച്ചു കയറി വെടിയുതിര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. രണ്ടുപേരെ കസ്റ്റഡിയിലെത്തിട്ടുണ്ട്.
◾കര്‍ണാടക ബിജെപിയില്‍ കലാപം. 23 സീറ്റുകളിലേക്കുകൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പേരില്ലാത്ത നിരവധി നേതാക്കള്‍ പാര്‍ട്ടിവിട്ടു. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റെ മണ്ഡലമായ ഹുബ്ബള്ളി സെന്‍ട്രലിലും ഈശ്വരപ്പയുടെ മണ്ഡലമായ ശിവമോഗയിലും സ്ഥാനാര്‍ഥിയായിട്ടില്ല. അഴിമതിക്കേസില്‍ പ്രതിയായ എംഎല്‍എ മാടല്‍ വിരൂപാക്ഷപ്പയുടെ ചന്നാഗിരി സീറ്റ് ശിവകുമാറിനു നല്‍കി. 212 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 12 മണ്ഡലങ്ങളിലേക്കുകൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്.
◾അരിക്കൊമ്പന്‍ കാട്ടാനയെ കൂട്ടിലടയ്ക്കാനാവില്ലെന്നു ഹൈക്കോടതി. എവിടേയ്ക്കു മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാം. സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റണം. പുല്‍മേടുകള്‍ കളഞ്ഞു യൂക്കാലിമരങ്ങള്‍ വച്ചുപിടിപ്പിച്ചതിനാലാണ് ആനകള്‍ തീറ്റ കിട്ടാതെ നാട്ടിലേക്കിറങ്ങുന്നതെന്നു കോടതി കുറ്റപ്പെടുത്തി. നെന്മാറ എംഎല്‍എ കെ ബാബുവിന്റെ ഹര്‍ജി പരിഗണിക്കവേയാണു കോടതി ഈ നിലപാടെടുത്തത്.
◾ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിച്ചതുപോലെ റംസാന്‍ പെരുന്നാള്‍ ദിനത്തില്‍ മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം. വീടുകളില്‍ പോയി ഈദ് ആശംസകള്‍ അറിയിക്കണം. വിഷുവിന് വീടുകളിലേക്കു ക്ഷണിച്ചു കൈനീട്ടം നല്‍കണമെന്നും ബിജെപി കേരള ഘടകത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ നിര്‍ദേശിച്ചു.
◾കേരളത്തില്‍ റിക്കാര്‍ഡ് താപനില. ഉച്ചയ്ക്കു 12 ന് പാലക്കാട് എരിമയൂരില്‍ 44.3 ഡിഗ്രി സെല്‍ഷ്യസ് ചൂടു രേഖപ്പെടുത്തി. ഓട്ടോമാറ്റിക്ക് വെതര്‍ സ്റ്റേഷന്‍ റിപ്പോര്‍ട്ടനുസരിച്ച് ഇടുക്കി തൊടുപുഴയില്‍ 41.7 ഡിഗ്രി സെല്‍ഷ്യസും കണ്ണൂര്‍ ചെമ്പേരിയില്‍ 41.3 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി.
◾നയതന്ത്ര ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട്ടും കോയമ്പത്തൂരിലും എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. സ്വര്‍ണ വ്യാപാരികളുടേയും ദുബായില്‍നിന്ന് സ്വര്‍ണം വാങ്ങാന്‍ പണം നല്‍കിയവരുടേയും വിവരങ്ങളാണു പരിശോധിക്കുന്നത്. വിദേശത്ത് നിന്നും സ്വര്‍ണം കടത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ കെ ടി റമീസിനെ ഇഡി നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
◾പാലാരിവട്ടം പാലം അഴിമതിയില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിനെതിരേ എന്‍ഫോഴ്സ്മെന്റിന് അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു.
◾മന്ത്രി ആര്‍ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എതിര്‍ സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍ നല്‍കിയ ഹര്‍ജി തള്ളി. ഹര്‍ജിയില്‍ മതിയായ വസ്തുതകള്‍ ഇല്ലെന്ന് ജസ്റ്റിസ് സോഫി തോമസ് ചൂണ്ടിക്കാട്ടി. പ്രൊഫസര്‍ അല്ലാത്ത ബിന്ദു പ്രൊഫസര്‍ എന്ന പദവി പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ചു വോട്ട് നേടിയെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
◾കൂത്തുപറമ്പ് എംഎല്‍എ കെ.പി മോഹനന്‍ ആര്‍ജെഡിയുടെ എംഎല്‍എ ആണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റ്. ഈ സാഹചര്യത്തില്‍ അദ്ദേഹം ആര്‍ജെഡിയില്‍ യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി അനു ചാക്കോ രംഗത്ത്. നിയമനടപടിയെടുക്കുമെന്ന് അനു ചാക്കോ പറഞ്ഞു.
◾ട്രെയിന്‍ തീവയ്പു കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തെളിവെടുപ്പു നടത്തി. പ്രതി തീയിട്ട കോച്ചിലെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തെന്ന കേസ് ലോകായുക്ത ഫുള്‍ ബഞ്ച് ജൂണ്‍ അഞ്ചിലേക്കു മാറ്റി. കേസ് മാറ്റിവയ്ക്കണമെന്ന പരാതിക്കാരന്റെ ആവശ്യം പരിഗണിച്ചാണ് കേസ് ഒന്നര മാസത്തേക്കു മാറ്റിവച്ചത്.
◾ബ്രഹ്‌മപുരത്തേക്ക് ഇനി കൊച്ചി കോര്‍പറേഷനിലെ മാലിന്യങ്ങള്‍ മാത്രമേ കൊണ്ടുവരാവൂവെന്ന് മന്ത്രിതല യോഗത്തില്‍ തീരുമാനം. മറ്റു തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള ജൈവ മാലിന്യങ്ങള്‍ ഏപ്രില്‍ 30 വരെ മാത്രമേ അനുവദിക്കൂ. മാലിന്യ സംസ്‌കരണത്തിനു തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തമായി ബദല്‍ സംവിധാനം കണ്ടെത്തണം. തദ്ദേശ - വ്യവസായ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന നഗരസഭകളുടെ അവലോകന യോഗത്തിലാണ് തീരുമാനം.
◾ലോകായുക്ത ഉണ്ട വിരുന്നിനു നന്ദി കാട്ടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ലോകായുക്ത നടത്തിയ അട്ടിമറികള്‍ തുടക്കം മുതലേ പ്രകടമാണ്. കടിക്കുകയും കുരയ്ക്കുകയുമില്ലാത്ത ഒരു സംവിധാനമായി ലോകായുക്തയെ മാറ്റിയതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും സുധാകരന്‍ പറഞ്ഞു.
◾കണ്ണൂര്‍ ജില്ലയില്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഇന്നു മുതല്‍ പണിമുടക്കും. വേതനവും ബോണസും വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ അനിശ്ചിതകാല സമരം നടത്തുന്നത്.
◾വിഷു പ്രമാണിച്ച് ബംഗളൂരു റൂട്ടില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ്. ഏപ്രില്‍ 16 ന് വൈകീട്ട് അഞ്ചിന് കൊച്ചുവേളിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. പിറ്റേന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എസ്എംവിടി ബെംഗളൂരുവില്‍നിന്നാണ് മടക്ക സര്‍വീസ്.
◾ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചതിനു രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ ജിനു കളിയിക്കല്‍, ബിനില്‍ ബിനു എന്നിവരെയാണ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടത്.
◾താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഹാജറ കൊല്ലരുക്കണ്ടി (50) കിണറ്റില്‍ വീണു മരിച്ചു.
◾കാസര്‍കോഡ് ട്രാഫിക് ഗ്രേഡ് എസ്ഐയെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ബൈജു ആണ് മരിച്ചത്. 54 വയസായിരുന്നു.
◾ഗ്ലാസ് ലോഡ് ഇറക്കുന്നതിനിടെ ലോറിക്ക് ഇടയില്‍ കുടുങ്ങി ചുമട്ടുതൊഴിലാളി മരിച്ചു. മലപ്പുറം വളാഞ്ചേരി കോട്ടപ്പുറത്ത് കൊട്ടാരം സ്വദേശി സിദ്ദിക്കാണ് മരിച്ചത്.
◾മുന്‍ റെയില്‍വേ ജീവനക്കാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പാഴ് വസ്തുക്കള്‍ ശേഖരിക്കുന്ന രണ്ടു തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍. കഴിഞ്ഞ മാസം അഞ്ചിനു പാലക്കാട് അകത്തേത്തറ സ്വദേശിയായ പ്രഭാകരനാണ് മോഷണശ്രമം ചെറുക്കുന്നതിനിടെ മര്‍ദനമേറ്റു കൊല്ലപ്പെട്ടത്. നാടോടികളും തമിഴ്നാട് സ്വദേശികളുമായ കുമാര്‍, ലക്ഷ്മി എന്നിവരെ അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് പിടികൂടിയത്.
◾അയല്‍വാസിയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിനു പിറകേ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിക്ക് 35 വര്‍ഷം തടവുശിക്ഷ. കുലശേഖരപുരം സ്വദേശി പക്കി സുനിലിനെയാണ് കരുനാഗപ്പള്ളി പോക്സോ കോടതി ശിക്ഷിച്ചത്.
◾കൊച്ചിയില്‍ ഗുണ്ടാ നേതാവും കൂട്ടാളിയും എക്സൈസിന്റെ പിടിയില്‍. ഞാറയ്ക്കല്‍ സ്വദേശി വൈപ്പിന്‍ ലിബിന്‍, ക്രിസ്റ്റഫര്‍ റൂഫസ് എന്നിവരാണ് തോക്കും മൂന്ന് ഗ്രാം എംഡിഎംഎയും രണ്ട് ഗ്രാം ചരസും സഹിതം പിടിയിലായത്.
◾താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഘം ഉപയോഗിച്ചതെന്നു കരുതുന്ന കാര്‍ കാസര്‍ഗോഡ് കണ്ടെത്തി. ചെര്‍ക്കളയിലെ കാര്‍ ഷോറൂമില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
◾കടന്നല്‍ കുത്തേറ്റ് യുവാവ് മരിച്ചു. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ കമ്പല്ലൂര്‍ സ്വദേശിയായ ബിറ്റോ ജോസഫ് (35) ആണ് മരിച്ചത്. ബന്ധുവിന്റെ വീട്ടിലെ പെയിന്റിംഗ് ജോലിക്കിടെയാണ് കടന്നല്‍ കുത്തേറ്റത്.
◾ഉപഭോക്തൃ വില സൂചിക അനുസരിച്ചുള്ള പണപ്പെരുപ്പം മാര്‍ച്ചു മാസം 5.66 ശതമാനമായി കുറഞ്ഞെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ 6.44 ശതമാനമായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 6.95 ശതമാനമായിരുന്നു രാജ്യത്തെ റീടൈല്‍ പണപ്പെരുപ്പം. 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണു മാര്‍ച്ചു മാസം രേഖപ്പെടുത്തിയത്.
◾രാജ്യത്ത് 40,215 കോവിഡ് രോഗികള്‍. ഇന്നലെ മാത്രം 7,500 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്വാസതടസത്തിനു ചുമ, കഫക്കെട്ട് എന്നിവയ്ക്കൊപ്പം ഛര്‍ദ്ദി, വയറിളക്കം, തൊലിപ്പുറത്ത് നിറവ്യത്യാസം, തടിപ്പ്, ചൊറിച്ചില്‍, കുരുക്കള്‍, കാല്‍വിരലുകളിലോ കൈവിരലുകളിലോ ചെറിയ നീര് തുടങ്ങിയവയാണു പുതിയ രോഗലക്ഷണങ്ങള്‍.
◾കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തി. ചര്‍ച്ച ഒന്നരമണിക്കൂറോളം നീണ്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്നു ഖര്‍ഗെ പറഞ്ഞു. 2024 ല്‍ തെരഞ്ഞെടുപ്പിനെ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന പൊതു അഭിപ്രായമാണ് ചര്‍ച്ചയില്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
◾മോദി പരാമര്‍ശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസില്‍ പാറ്റന കോടതിയില്‍ ഹാജരാകാന്‍ സാവകാശം തേടി രാഹുല്‍ ഗാന്ധി അപേക്ഷ നല്‍കി. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയുടെ പരാതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരിരുന്നു. ഹാജരാകാതിരുന്നതിന് രാഹുലിനെതിരേ അറസ്റ്റു വാറണ്ട് പുറപ്പെടുവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുശീല്‍ മോദി കോടതിയില്‍ അപേക്ഷ നല്‍കി.
◾കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിനു പിറകേ ബിജെപിയില്‍ പൊട്ടിത്തെറി. ലക്ഷ്മണ്‍ സാവഡിയും ബിജെപി എംഎല്‍സി ആര്‍ ശങ്കറും പാര്‍ട്ടി വിട്ടു. 2018 ല്‍ റാണെബെന്നൂരില്‍നിന്ന് സ്വതന്ത്രനായി വിജയിച്ചയാളായിരുന്നു ആര്‍ ശങ്കര്‍. കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിനെ പിന്തുണച്ചു മന്ത്രിയായിരുന്ന ശങ്കര്‍ 2019-ല്‍ കൂറ് മാറി ബിജെപിയിലെത്തിയതാണ്.
◾രാജസ്ഥാനില്‍ സര്‍ക്കാരിനെതിരെ ഉപവാസ സമരം നടത്തിയ സച്ചിന്‍ പൈലറ്റിനെതിരേ അച്ചടക്ക നടപടിയുണ്ടായേക്കും. . രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദര്‍ രണ്‍ധാവ സച്ചിനുമായി ചര്‍ച്ച നടത്തി. ഇന്നും ചര്‍ച്ച തുടരും. സച്ചിന്‍ ഉയര്‍ത്തിയ അഴിമതി പ്രശ്നം ശരിയാണ്, എന്നാല്‍ അത് അവതരിപ്പിച്ച രീതി തെറ്റാണെന്ന് രണ്‍ധാവ പറഞ്ഞു.
◾ലോകത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ രാജ്യം വെനസ്വേല. രണ്ടാം സ്ഥാനത്ത് പാപുവ ന്യൂ ഗിനിയ, മൂന്നാം സ്ഥാനത്ത് താലിബാന്‍ ഭരണമുള്ള അഫ്ഗാനിസ്ഥാന്‍. വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടിലാണ് ഈ വിവരം. പട്ടികയില്‍ ഇന്ത്യ 77 -ാം സ്ഥാനത്താണ്. യുഎസ്എ 55-ാം സ്ഥാനത്തും യുകെ 65-ാം സ്ഥാനത്തുമാണ്.
◾മ്യാന്‍മറില്‍ പട്ടാള ഭരണത്തിനെതിരേ പോരാടുന്ന വിമതര്‍ക്കെതിരേ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 16 കുട്ടികളുമുണ്ട്. സജെയ്ങ് മേഖലയില്‍ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സിന്റെ ഓഫീസ് തുറക്കുന്ന ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്.
◾സൗദി അറേബ്യയിലെ അല്‍ഖസീം പ്രവിശ്യയുടെ പല ഭാഗങ്ങളിലും മഴയും ശക്തമായ കാറ്റും ഉണ്ടായി. ബുറൈദ നഗരത്തില്‍ കെട്ടിടത്തിന്റെ മുകള്‍നില ഇടിഞ്ഞുവീണ് താഴെ പാര്‍ക്ക് ചെയ്തിരുന്ന നിരവധി കാറുകള്‍ തകര്‍ന്നു.
◾വിജയത്തിലേക്ക് കുതിച്ച ധോണിയുടെ ചെന്നൈയെ പിടിച്ചുകെട്ടിയ സഞ്ജുവിന്റെ രാജസ്ഥാന് ഐപിഎല്ലില്‍ 3 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തപ്പോള്‍ ചെന്നൈക്ക് 172 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 17 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ ധോണിയും 15 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയ ജഡേജയും അവസാന പന്ത് വരെ ചെന്നൈക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കിലും വിജയം രാജസ്ഥാനൊപ്പം നിന്നു.
◾രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലനിലവാരം കുറയുന്നുവെന്ന് സൂചിപ്പിച്ച് മാര്‍ച്ചില്‍ റീട്ടെയില്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ നിയന്ത്രണ പരിധിയായ 6 ശതമാനത്തിന് താഴെയെത്തി. ഫെബ്രുവരിയിലെ 6.44 ശതമാനത്തില്‍ നിന്ന് 5.66 ശതമാനമായാണ് മാര്‍ച്ചില്‍ പണപ്പെരുപ്പം കുറഞ്ഞതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. ജനുവരിയില്‍ 6.52 ശതമാനമായിരുന്നു. റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ പരിഷ്‌കരിക്കാന്‍ പ്രധാനമായും പരിഗണിക്കുന്നത് റീട്ടെയില്‍ പണപ്പെരുപ്പമാണ്. ഇത് 2 മുതല്‍ 6 ശതമാനത്തിനുള്ളില്‍ നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. തുടര്‍ച്ചയായ രണ്ട് മാസങ്ങളില്‍ 6 ശതമാനത്തിനുമേല്‍ നിലനിന്ന ശേഷമാണ് മാര്‍ച്ചില്‍ പണപ്പെരുപ്പം ആശ്വാസനിരക്കിലേക്ക് താഴ്ന്നത്. 2022 മാര്‍ച്ചില്‍ റീട്ടെയില്‍ പണപ്പെരുപ്പം 6.95 ശതമാനമായിരുന്നു.
◾നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ഹിസ്റ്റോറിക്കല്‍ ഡ്രാമ ചിത്രം തുറമുഖം ഒടിടിയിലേക്ക്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെ എത്തുന്ന ചിത്രത്തിന്റെ സ്ട്രീമിംഗ് ഏപ്രില്‍ 28 ന് ആരംഭിക്കും. മാര്‍ച്ച് 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, അര്‍ജ്ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾നാല് വര്‍ഷത്തിനു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക് എത്തുന്ന ചിത്രമാണ് ഏജന്റ്. 2019 ല്‍ പുറത്തെത്തിയ ബയോപിക് ചിത്രത്തില്‍ യൈ എസ് രാജശേഖര റെഡ്ഡിയുടെ ടൈറ്റില്‍ കഥാപാത്രമായാണ് മമ്മൂട്ടി എത്തിയതെങ്കില്‍ ഇക്കുറി നായകനല്ല മമ്മൂട്ടി. മറിച്ച് ഏജന്റില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അവിടുത്തെ യുവനിരയില്‍ ശ്രദ്ധേയനായ അഖില്‍ അക്കിനേനി ആണ്. എന്നാല്‍ അഖില്‍ കഴിഞ്ഞാല്‍ ചിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം മമ്മൂട്ടി അവതരിപ്പിക്കുന്ന കേണല്‍ മഹാദേവ് ആണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു പുതിയ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഏപ്രില്‍ 28 ന് മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളില്‍ ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും.
◾ഇന്ത്യന്‍ വാഹന വിപണിയിലേക്ക് കൂടുതലായി മിഡ് സൈസ് എസ്യുവികള്‍ വരും വര്‍ഷങ്ങളില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോയും നിസാനും. ഈ വിഭാഗത്തില്‍ പെട്ട നാലു വാഹനങ്ങളാണ് 2026നുള്ളില്‍ ഇരു കമ്പനികളും ചേര്‍ന്ന് പുറത്തിറക്കുക. 2025 ദീപാവലി കാലത്ത് തന്നെ ഡസ്റ്ററിന്റെ പുതിയ പതിപ്പ് എത്തും. മൂന്നു നിരകളിലായി ഇരിപ്പിടങ്ങളുള്ള ഡസ്റ്റര്‍ 2026 ജൂണിലായിരിക്കും വിപണിയിലെത്തുക. ഈ രണ്ട് വാഹനങ്ങള്‍ക്കും നിസാന്റെ പതിപ്പുകളുമുണ്ടായിരിക്കും. അടുത്തഘട്ടമെന്ന നിലയില്‍ 5,300 കോടി രൂപയുടെ വിപുലമായ നിക്ഷേപ പദ്ധതികളാണ് റെനോയും നിസാനും ഇന്ത്യന്‍ വിപണിയെ കേന്ദ്രീകരിച്ച് നടത്തുന്നത്. ഇന്ത്യയിലേക്കും കയറ്റുമതിക്കും വേണ്ട വിഭവങ്ങള്‍ ഇവിടെ നിന്നും ഉത്പാദിപ്പിക്കാനും പദ്ധതിയുണ്ട്.
◾ഉറക്കക്കുറവുള്ള ആളുകള്‍ക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കല്‍ ജേണലായ ന്യൂറോളജിയുടെ ഓണ്‍ലൈന്‍ ലക്കത്തില്‍ പഠനം പ്രസിദ്ധീകരിച്ചു. ഉറക്കത്തിന്റെ അളവ്, കൂര്‍ക്കംവലി, സ്ലീപ് അപ്നിയ എന്നിവ സ്ട്രോക്കിനുള്ള ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു. ശരാശരി മണിക്കൂറുകള്‍ ഉറങ്ങുന്നവരേക്കാള്‍ കൂടുതല്‍ അല്ലെങ്കില്‍ വളരെ കുറച്ച് മണിക്കൂറുകള്‍ ഉറങ്ങുന്ന ആളുകള്‍ക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്ട്രോക്ക് ബാധിച്ചവരില്‍ 162 പേര്‍ക്ക് അഞ്ച് മണിക്കൂറില്‍ താഴെയാണ് ഉറക്കം ലഭിച്ചത്. ശരാശരി ഏഴ് മണിക്കൂര്‍ ഉറങ്ങുന്നവരേക്കാള്‍ അഞ്ച് മണിക്കൂറില്‍ താഴെ ഉറങ്ങുന്ന ആളുകള്‍ക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഒന്‍പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്ന ആളുകള്‍ക്ക് രാത്രിയില്‍ ഏഴ് മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് സ്ട്രോക്ക് വരാനുള്ള സാധ്യത രണ്ട് മടങ്ങ് കൂടുതലാണ്. തലച്ചോറിനേല്‍ക്കുന്ന അറ്റാക്ക് ആണ് സ്‌ട്രോക്ക്. തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹത്തെ എന്തെങ്കിലും തടസ്സപ്പെടുത്തുമ്പോഴോ തലച്ചോറില്‍ ഒരു രക്തക്കുഴല്‍ പൊട്ടിത്തെറിക്കുമ്പോഴോ ഇത് സംഭവിക്കുന്നു. സ്ട്രോക്ക് അനുഭവിക്കുന്നവരില്‍ ഭൂരിഭാഗവും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. എന്നിരുന്നാലും, മറ്റ് പ്രായേതര അപകട ഘടകങ്ങള്‍ക്ക് സാധ്യതയുള്ള കൗമാരക്കാരിലും യുവാക്കളിലും സ്ട്രോക്കുകള്‍ ഉണ്ടാകാം.
*ശുഭദിനം*
മഠത്തിനകത്ത് എബ്രഹാമിന്റെയും ഏലിക്കുട്ടിയുടേയും ആറ് മക്കളില്‍ അഞ്ചാമനായിരുന്നു ജോണ്‍സണ്‍. പിറന്ന് വീണ് ആറാം മാസം പോളിയോ ബാധിച്ച് കൈകാലുകള്‍ തളര്‍ന്നുപോയി. സ്വന്തമായി ഒന്നുംചെയ്യാന്‍ കഴിയാത്ത അവന് സ്‌കൂളും പഠനവുമെല്ലാം സ്വപ്നമായി മാറി. പക്ഷേ, തോല്‍ക്കാന്‍ അവന്‍ തയ്യാറായില്ല. സ്വന്തമായി എഴുത്തും വായനയും പഠിച്ചു. ഇലക്ട്രോണിക്‌സിനോടായിരുന്നു താല്‍പര്യം. അതേക്കുറിച്ച് കിട്ടാവുന്ന പുസ്തകങ്ങളെല്ലാം വായിച്ചു. ഇരുട്ടായിരുന്നു ചെറുപ്പംമുതലേ അവന്റെ ശത്രു. കേരളത്തിലെ വൈദ്യുതീകരിക്കാത്ത ഗ്രാമങ്ങളുടെ പട്ടികയിലായിരുന്നു തൊണ്ണൂറുകളിലെ പെരുവണ്ണാമൂഴിയും. 1991 ലാണ് ആ ഗ്രാമത്തിലേക്ക് വൈദ്യുതി എത്തിയത്. പക്ഷേ, രാത്രിയില്‍ ബള്‍ബ് കത്തുന്നുണ്ടോ എന്നറിയാന്‍ ടോര്‍ച്ചടിച്ചുനോക്കേണ്ട അവസ്ഥ. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നായി ജോണ്‍സന്റെ പരീക്ഷണം. നിരന്തരമായ പരിശ്രമത്തിനൊടുവില്‍ 5 വാട്ടിന്റെ ചോക്ക് ജോണ്‍സന്‍ വികസിപ്പിച്ചെടുത്തു. 30 വാട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെബിലൈസറും, സിഎഫ്എല്‍ ലാമ്പുകളുമെല്ലാം ജോണ്‍സന്റെ പരീക്ഷണശാലയില്‍ പിറവിയെടുത്തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ ജോണ്‍സന്‍ സിഎഫ്‌ലാമ്പില്‍ ഒളിഞ്ഞിരിക്കുന്ന അപകടം മനസ്സിലാക്കിയാണ് എല്‍ഇഡി ബള്‍ബ് നിര്‍മ്മിക്കാനുള്ള പരീക്ഷണം ആരംഭിച്ചത്. അതില്‍ അയാള്‍ വിജയിക്കുകയും ചെയ്തു. സ്വന്തമായി തനിയെ ചലിക്കാന്‍ പോലും കഴിയാത്ത ജോണ്‍സന്‍ ഇന്ന് ഒരുപാട് പേരുടെ അന്നദാതാവായി മാറി. വൈകല്യങ്ങളോട് പടപൊരുതിയും വൈതരണികളെ അതിജീവിച്ചും സ്വയം പ്രകാശമായി മാറിയതാണ് ജോണ്‍സന്റെ ജീവിതം. ചിലര്‍ അങ്ങിനെയാണ് സ്വയം പ്രകാശമായി മാറുന്നവര്‍. വാക്കുകളില്‍ പോലും ആത്മവിശ്വാസം കൊണ്ടുനടക്കുന്നവര്‍. സമ്പത്തുകൊണ്ടുമാത്രമല്ല, വാക്കുകള്‍കൊണ്ടും നമുക്ക് മറ്റുള്ളവരുടെ വെളിച്ചമായി മാറാന്‍ സാധിക്കും. നമുക്കും ഇരുട്ടില്‍ ഒരു വെളിച്ചമായി മാറാന്‍ സാധിക്കട്ടെ - *ശുഭദിനം.*