◾കോഴിക്കോട്ടെ ട്രെയിന്‍ തീവയ്പു കേസില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎയുടെ പ്രാഥമിക റിപ്പോര്‍ട്ട്. അന്തര്‍ സംസ്ഥാനബന്ധമുള്ള കേസ് ഗൗരവമായി അന്വേഷിക്കണമെന്നു ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറി. രണ്ടു ദിവസത്തിനകം കേസ് എന്‍ഐഎയ്ക്കു കൈമാറിയേക്കും.
◾ട്രെയിനില്‍നിന്ന് താന്‍ ആരേയും തള്ളി താഴെയിട്ടിട്ടില്ലെന്നു ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫി. മൂന്നു പേര്‍ സ്വയം ചാടിയതിനു താന്‍ ഉത്തരവാദിയല്ലെന്നും പോലീസിനോടു പറഞ്ഞെന്നാണു റിപ്പോര്‍ട്ട്. ഷാറൂഖ് അവസാനം വിളിച്ച ഫോണ്‍ നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആണെന്ന് പോലീസ്. ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു പരിശോധിച്ചുവരികയാണ്.
◾കോവിഡ് വ്യാപിക്കുന്നതിനാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നു. 60 വയസിനു മുകളിലുള്ളവരും ആരോഗ്യ പ്രശ്നങ്ങളുള്ളവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചു. ഹരിയാനയിലും പുതുച്ചേരിയിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
◾മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത മാസം യുഎഇയിലേക്ക്. മുഖ്യമന്ത്രിക്കു പുറമേ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി. രാജീവ്, ചീഫ് സെക്രട്ടറി വി.പി. ജോയ് തുടങ്ങിയവരടങ്ങുന്ന ഒമ്പതംഗ സംഘമാണു മേയ് ഏഴിന് അബുദാബിയിലേക്കു പോകുന്നത്. അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകളുടെ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. യുഎഇ മന്ത്രിയുടെ ക്ഷണമനുസരിച്ചാണു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.
◾ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തിഡ്രല്‍ സന്ദര്‍ശിച്ചു. പള്ളിയില്‍ മെഴുകുതിരി തെളിച്ച് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. പള്ളിമുറ്റത്ത് വൃക്ഷത്തൈ നടുകയും ചെയ്തു. ഇരുപതു മിനിറ്റോളം പളളിയില്‍ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, വൈദികര്‍, വിശ്വാസി പ്രമുഖര്‍ എന്നിവരുമായും സംസാരിച്ചു. ക്രൈസ്തവരെ ബിജെപിയിലേക്ക് ആകര്‍ഷിക്കാനുള്ള പാര്‍ട്ടി പരിപാടിയുടെ ഭാഗമായാണ് പ്രധാനമന്ത്രി സേക്രഡ് ഹാര്‍ട്ട് കത്തിഡ്രല്‍ സന്ദര്‍ശിച്ചത്.
◾ഇടുക്കിയിലെ അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടി ജിപിഎസ് കോളര്‍ വച്ചുപിടിപ്പിക്കാനുളള ദൗത്യം വൈകും. ആസാമില്‍നിന്ന് ജിപിഎസ് കോളര്‍ എത്താത്തതാണ് കാരണം. ചൊവ്വാഴ്ച വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി മോക്ക് ഡ്രില്‍ നടത്താനായിരുന്നു ആലോചന. ഈസ്റ്റര്‍ അവധിയായതിനാലാണ് വൈകുന്നതെന്ന് വനംവകുപ്പിന്റെ വിശദീകരണം.
◾താമരശേരിയില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയും സംഘവും 300 കിലോ സ്വര്‍ണം തട്ടിയെടുത്തെന്നു വിവരം. എയര്‍പോര്‍ട്ട് കാര്‍ഗോ ജീവനക്കാരനായ കുന്നമംഗലം സ്വദേശിയില്‍നിന്ന് മൂന്നു വര്‍ഷംമുമ്പ് സ്വര്‍ണം തട്ടിയെടുത്തത്. ഇതിന്റെ പങ്ക് ഷാഫിയും സഹോദരന്‍ നൗഫലും സ്വര്‍ണക്കടത്തു സംഘത്തിനു നല്‍കിയില്ല. ഇതിന്റെ പേരില്‍ ക്വട്ടേഷന്‍ സംഘം ഷാഫിയുടെ വീട്ടിലെത്തി അതിക്രമം നടത്തിയിരുന്നു. ഷാഫിയെ തട്ടിക്കൊണ്ടുപോയെന്നു പറയുന്ന സാലിയുമായുള്ള ഹവാല ഇടപാടില്‍ സാലിക്ക് ഷാഫി ഒന്നര കോടി രൂപ നല്‍കാനുണ്ടെന്നും പോലീസിനു വിവരം ലഭിച്ചു.
◾വിദേശ പാഴ്സല്‍ വഴി ദുബായില്‍നിന്ന് ആറു കിലോ സ്വര്‍ണം കടത്തിയ കേസില്‍ സ്ത്രീ അടക്കം ആറു പേര്‍ മലപ്പുറത്തു പിടിയിലായി. മുന്നിയൂര്‍ സ്വദേശിനി അസിയ, മലപ്പുറം സ്വദേശികളായ യാസിര്‍, റനീഷ്, കോഴിക്കോട് സ്വദേശികളായ ഷിഹാബ്, ജസീല്‍, യാസിര്‍ എന്നിവരാണ് ഡിആര്‍ഐയുടെ പിടിയിലായത്.
◾പാന്റിനു മുകളില്‍ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് അശ്ലീലരീതിയില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങലില്‍ നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കാരേറ്റ് തളിക്കുഴി സ്വദേശി അര്‍ജുന്‍, മുതുവിള സ്വദേശി ഷെമീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
◾വേനല്‍ മഴ ഇന്നും നാളേയും തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികേയുള്ള ജില്ലകളിലാണു മഴയ്ക്കു സാധ്യത. ഇതേസമയം വേനല്‍ മഴയില്‍ വീശി അടിച്ച ശക്തമായ കാറ്റില്‍ കുട്ടനാട്ടില്‍ വ്യാപക നാശനഷ്ടം ഉണ്ടായി. വെളിയനാട്, രാമങ്കരി പ്രദേശങ്ങളിലാണു കൂടുതല്‍ നാശമുണ്ടായത്.
◾ആലുവാ ദേശീയപാതയില്‍ മെട്രോ സ്റ്റേഷനിലേക്ക് ബൈക്ക് ഇടിച്ചുകയറി രണ്ടു യുവാക്കള്‍ മരിച്ചു. ആലപ്പുഴ തത്തംപിള്ളി സ്വദേശി വര്‍ഗീസ് തോമസ് (24), ചാവക്കാട് സ്വദേശി സുധീഷ് (20) എന്നിവരാണ് മരിച്ചത്.
◾വാല്‍പ്പാറ മലക്കപ്പാറ അതിര്‍ത്തിയില്‍ പുലിയുടെ ആക്രമണത്തില്‍ അഞ്ചു വയസുകാരന് പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടിനു വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്നപ്പോഴാണ് തോട്ടം തൊഴിലാളി ആയ ജാര്‍ഖണ്ഡ് സ്വദേശിയുടെ മകനെ പുലി ആക്രമിച്ചത്.
◾ഇസ്രായേലിലേക്കു വിസ വാഗ്ദാനം ചെയ്ത് കോലഞ്ചേരി സ്വദേശിനിയുടെ ആറേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തു കബളിപ്പിച്ചെന്ന കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അനില്‍ കുമാര്‍ നടേശനെയാണ് എറണാകുളം പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.
◾പാലക്കാട് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് ചേരിപ്പോരും കൂട്ട രാജിയും അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജില്‍ മാക്കുറ്റി, പ്രേംരാജ് എന്നിവരെയാണ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്. ജില്ലാ സമ്മേളനവുമായി സഹകരിക്കാത്ത എട്ടു മണ്ഡലം കമ്മറ്റികള്‍ പിരിച്ചു വിട്ടിരുന്നു.
◾പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല നേതാവാണെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം. ഇന്ത്യയില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ലെന്നും ബിജെപിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മൂന്നു മുന്നണികള്‍ക്കും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നേതാക്കള്‍ വിവിധ ക്രൈസ്തവ മതമേലധ്യക്ഷരെ സന്ദര്‍ശിച്ചു. പി കെ കൃഷ്ണദാസും എപി അബ്ദുള്ളക്കുട്ടിയും തലശ്ശേരി ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ചു.
◾ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടാന്‍ ബിഷപ് ഹൗസുകള്‍ കയറിയിറങ്ങുന്ന സംഘപരിവാര്‍ തന്ത്രം പരിഹാസ്യമെന്ന് സിപിഎം. ന്യൂനപക്ഷം ആന്തരിക ഭീഷണിയെന്നാണ് സംഘപരിവാറിന്റെ 'വിചാരധാര' പറയുന്നത്. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും ഇതിന്റെ ഭാഗമാണ്. പ്രധാനമന്ത്രി അടക്കം ബിജെപി നേതാക്കള്‍ മതസ്ഥാപനങ്ങളിലും പുരോഹിതന്‍മാരേയും സന്ദര്‍ശിക്കുന്നു. പ്രബുദ്ധ കേരളം ബിജെപിയുടെ ഈ നാടകം തിരിച്ചറിയുമെന്നും സിപിഎം പറഞ്ഞു.
◾ബി.ജെ.പി നേതാക്കാള്‍ ബിഷപ് ഹൗസുകളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ക്രൈസ്തവ വിരുദ്ധമായ ക്രൂരതകള്‍ മറച്ചുവയ്ക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്ന് സതീശന്‍ പറഞ്ഞു.
◾മന്ത്രി വീണ ജോര്‍ജിനെതിരെ ഓര്‍ത്തഡോക്സ് പള്ളികള്‍ക്ക് മുന്നില്‍ പോസ്റ്റര്‍ പതിപ്പിച്ചതിന് അടൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പന്നിവിഴ സ്വദേശി എബല്‍ ബാബുവിന്റെ കാര്‍ കസ്റ്റഡിയില്‍ എടുത്തതിനെതിരേ പ്രതിഷേധവും ഉയര്‍ന്നു. ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ നേതാവുകൂടിയായ എബല്‍ ബാബുവിന്റെ വാഹനത്തിലാണ് പള്ളികള്‍ക്കു മുന്നില്‍ പോസ്റ്റര്‍ പതിച്ചവര്‍ യാത്ര ചെയ്തതെന്നു പൊലീസ്.
◾പ്രണയക്കെണിയില്‍ പെണ്‍കുട്ടികളെ കുടുക്കുന്നതിനെതിരേ ജാഗ്രത വേണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പംപ്ലാനിയുടെ ഇടയലേഖനം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശം ഉറപ്പുവരുത്തണം. സ്ത്രീധനമെന്ന സ്ത്രീവിരുദ്ധ സമ്പ്രദായം അവസാനിപ്പിക്കണമെന്നും പാംപ്ലാനി ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
◾നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. വൈകിട്ട് 3.30 ന് വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിലേക്ക് ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. സുരക്ഷാവിഭാഗങ്ങള്‍ വിമാനത്താവളത്തില്‍ പരിശോധന നടത്തി.
◾പാലക്കാട് കല്‍മണ്ഡപത്തില്‍ പട്ടാപ്പകല്‍ അന്‍സാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യ ഷെഫീനയെ കെട്ടിയിട്ട് 57 പവനും ഒന്നരം ലക്ഷം രൂപയും കവര്‍ന്ന കേസിലെ ഒന്നാം പ്രതി മുഹമ്മദ് അജീഷ് അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
◾പെരിന്തല്‍മണ്ണ ഏലംകുളത്ത് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഏലംകുളം ബാലകൃഷ്ണ സ്മാരക വായനശാലക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്(30) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവന്‍ മുഹമ്മദ് റഫീഖിനെ(35) പൊലീസ് പിടികൂടി.
◾കൊലക്കേസ് പ്രതി ടിപ്പറിടിച്ചു മരിച്ചു. മാരായമുട്ടം ജോസ് വധക്കേസിലെ പ്രതി രഞ്ജിത്ത് (35) ആണ് മരിച്ചത്.
◾കോഴിക്കോട് കുന്ദമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി. ഇന്നലെ ദുബായില്‍ നിന്നും നാട്ടിലെത്തിയ ഷിജല്‍ ഷാന്‍ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകള്‍ക്കുശേഷം ഇയാളെ വിട്ടയച്ചു. പോലീസ് കേസെടുത്തിട്ടുണ്ട്.
◾കിണറിന്റെ വക്കത്തിരുന്നു ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. ഐമുറി മദ്രാസ് കവല വാഴയില്‍ വീട്ടില്‍ മനീഷാണ് (മനു -35) മരിച്ചത്.
◾ഭാര്യാ പിതാവിനെ കുത്തിക്കൊന്ന മരുമകനെ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി വെണ്മണി തെക്കന്‍തോണി സ്വദേശി തോട്ടത്തില്‍ ശ്രീധരന്‍ (65) ആണ് മരിച്ചത്. ശ്രീധരന്റെ മകളുടെ ഭര്‍ത്താവ് അലക്സിനെ കഞ്ഞിക്കുഴി പൊലീസ് പിടികൂടി.
◾ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മുട്ടം കണിച്ചനെല്ലൂര്‍ കൊച്ചു തറയില്‍ ഉണ്ണിയുടെ മകന്‍ അരുണ്‍ കൃഷ്ണന്‍ (കുട്ടു 21)ആണ് മരിച്ചത്.
◾തിരുവനന്തപുരം വിമാനത്താവളത്തില്‍ 735 ഗ്രാം സ്വര്‍ണം പിടികൂടി. ദുബായില്‍നിന്നു തിരുവനന്തപുരത്തെത്തിയ ജിഷാദ് എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
◾കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് അങ്കണത്തിലെ പരീക്ഷാ ഹാള്‍ നിര്‍മ്മാണത്തിനിടെ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറം ആനശ്ശേരി പുറത്തോട്ടു കണ്ടി രാജന്റെ മകന്‍ രഞ്ജിത്ത് (31) ആണ് മരിച്ചത്.
◾തൃശൂര്‍ ചേര്‍പ്പില്‍ ബസ് ഡ്രൈവറെ മര്‍ദ്ദിച്ചു കൊന്ന കേസിലെ ഒന്നാം പ്രതി രാഹുലിനെ ഇന്നു കേരളത്തില്‍ എത്തിക്കും. ഗള്‍ഫില്‍നിന്ന് മടങ്ങി വരുന്നതിനിടെ മുംബൈ വിമാനത്താവളത്തിലാണ് രാഹുല്‍ പിടിയിലായത്.
◾കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ കാമോ ഫ്ളാഷ് ടീ ഷര്‍ട്ടും ജാക്കറ്റും കാക്കി പാന്റും കറുത്ത തൊപ്പിയും ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചിത്രങ്ങളും വീഡിയോയും വൈറലായി. പ്രോജക്ട് ടൈഗര്‍ പദ്ധതിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ കടുവ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തിറക്കാനാണ് പ്രധാനമന്ത്രി ഇവിടെ എത്തിയത്.
◾ഇന്ത്യയില്‍ 3,167 കടുവകള്‍. 2006 ല്‍ 1,411 കടുവകള്‍ മാത്രമാണുണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കടുവ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
◾രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നാളെ മുതല്‍ നിരാഹാര സത്യഗ്രഹ സമരം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ബിജെപി സര്‍ക്കാറിന്റെ കാലത്ത് നടന്ന അഴിമതികളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് നിരാഹര സമരം. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്ത് നല്‍കിയിരുന്നെന്നും സച്ചിന്‍ വ്യക്തമാക്കി.
◾ഉത്തരാഖണ്ഡിലെ ഹല്‍ദാനി ജയിലെ 44 തടവുകാര്‍ക്ക് എയിഡ്സ് രോഗം. രോഗം സ്ഥിരീകരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. എങ്ങനെ ഇവര്‍ക്കു രോഗബാധയുണ്ടായെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
◾എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രെയ്നെയും അവിടത്തെ ജനതയെയും രക്തസാക്ഷികള്‍ എന്നാണ് ഈസ്റ്റര്‍ സന്ദേശത്തില്‍ മാര്‍പ്പാപ്പ വിശേഷിപ്പിച്ചത്. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന മാര്‍പാപ്പ വ്യാഴാഴ്ചയാണ് ഡിസ്ചാര്‍ജായത്.
◾ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അതിശയ ജയം. തോറ്റെന്ന് കരുതിയ മത്സരം കൊല്‍ക്കത്തക്ക് അനുകൂലമാക്കിയത് റിങ്കു സിങ്ങിന്റെ ബാറ്റിങ് മാജിക്കിലൂടെയായിരുന്നു. യാഷ് ദയാലെറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണമെന്നിരിക്കേ അവസാന അഞ്ച് പന്തുകളും സിക്‌സറടിച്ച് റിങ്കു കൊല്‍ക്കത്തയ്ക്ക് ആവേശ ജയം സമ്മാനിക്കുകയായിരുന്നു. 24 പന്തില്‍ 63 റണ്‍സ് നേടിയ വിജയ് ശങ്കറിന്റെ മികവില്‍ ഗുജറാത്ത് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി അവസാന പന്തില്‍ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. 21 പന്തില്‍ 48 റണ്‍സ് നേടിയ റിങ്കു സിങ്ങാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
◾ഐപിഎല്ലിലെ രണ്ടാമത്തെ മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ 8 വിക്കറ്റ് ജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 66 ബോളില്‍ 99 റണ്‍സ് നേടിയ ശിഖര്‍ധവാന്റെ മികവില്‍ പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു. 48 ബോളില്‍ 74 റണ്‍സ് നേടിയ നേടിയ രാഹുല്‍ ത്രിപാഠിയാണ് ഹൈദരാബാദിന്റെ ജയം എളുപ്പമാക്കിയത്.
◾വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നു. അതത് രാജ്യത്തെ കറന്‍സിയുടെ മൂല്യം ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഫെബ്രുവരിയില്‍ 52 ടണ്ണും ജനുവരിയില്‍ 74 ടണ്ണുമാണ് ബാങ്കുകള്‍ വാങ്ങിയതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കി. റഷ്യയുടെ സ്വര്‍ണ ശേഖരം ഫെബ്രുവരിയില്‍ 2,330 ടണ്ണായി. 2022 ജനുവരിയേക്കാള്‍ 33 ടണ്‍ വര്‍ധന. മാര്‍ച്ചില്‍ ചൈന 18 ടണ്‍ സ്വര്‍ണം വാങ്ങി, ആകെ കരുതല്‍ ശേഖരം 2,068 ടണ്ണായി. ഇന്ത്യയിലെ റിസര്‍വ് ബാങ്ക് ഫെബ്രുവരിയില്‍ 3 ടണ്‍ സ്വര്‍ണം വാങ്ങി, മൊത്തം ശേഖരം 790 ടണ്ണായി. ഉസ്‌ബെകിസ്ഥാന്‍ 8 ടണ്‍, സിംഗപ്പൂര്‍ 7 ടണ്‍, ടര്‍ക്കി 45 ടണ്‍ തുടങ്ങിയവയാണ് സ്വര്‍ണം കരുതല്‍ ശേഖരത്തിലേക്ക് വാങ്ങുന്നതില്‍ മുന്നിട്ട് നില്‍ക്കുന്നത്. വിദേശ കറന്‍സികളോടൊപ്പം സുരക്ഷിതത്വത്തിന് സ്വര്‍ണം വാങ്ങുന്നത് കേന്ദ്ര ബാങ്കുകള്‍ വര്‍ധിപ്പിക്കുകയാണ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങുന്നത് കൂട്ടുന്നതിനാല്‍ അന്താരാഷ്ട്ര വില സമീപ കാലത്ത് ഔണ്‍സിന് 2,000 ഡോളറിന് മുകളില്‍ നില്‍ക്കുമെന്നാണ് വിലയിരുത്തലുകള്‍.
◾പ്രമുഖ വാച്ച് ബ്രാന്‍ഡായ ഫാസ്ട്രാക്ക് അവരുടെ പുതിയ സ്മാര്‍ട്ട് വാച്ചായ ലിമിറ്റ്‌ലെസ് എഫ്.എസ് 1 ഇന്ത്യയില്‍ അവതരിപ്പിച്ചു. പ്രത്യേക ലോഞ്ച് വിലയായി പുതിയ ഫാസ്ട്രാക്ക് ലിമിറ്റ്‌ലെസ് എഫ്എസ്1-ന് 1,995 രൂപക്ക് സ്വന്തമാക്കാം, ഏപ്രില്‍ 11-ന് ആമസോണ്‍ വഴി ലഭ്യമാകും. 500 നിറ്റ്സ് ബ്രൈറ്റ്നസും 240x296 പിക്സല്‍ സ്‌ക്രീന്‍ റെസല്യൂഷനുമുള്ള ചതുരാകൃതിയിലുള്ള 1.95 ഇഞ്ച് ഹൊറൈസണ്‍ കര്‍വ്ഡ് ഡിസ്‌പ്ലേയാണ് ലിമിറ്റ്‌ലെസ്സ് എഫ്എസ്1 സ്മാര്‍ട്ട് വാച്ചിന് നല്‍കിയിരിക്കുന്നത്. 150-ലധികം വാച്ച് ഫെയ്‌സുകളുടെ പിന്തുണയുണ്ട്. മികച്ച പ്രകടനത്തിനായി വാച്ചില്‍ എ.ടി.എസ് ചിപ്‌സെറ്റ് നല്‍കിയിട്ടുണ്ട്. ഇന്‍ബില്‍റ്റ് മൈക്രോഫോണും സ്പീക്കറും വഴി ബ്ലൂടൂത്ത് കോളിങ് പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി സിംഗിള്‍സിങ്ക് സാങ്കേതികവിദ്യയും വാച്ചിലുണ്ട്. ബ്ലൂടൂത്ത് പതിപ്പ് 5.3-യുടെ പിന്തുണയുമുണ്ട്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാനും അവ ട്രാക്ക് ചെയ്യാനും സ്മാര്‍ട്ട് വാച്ചില്‍ നൂറിലധികം സ്‌പോര്‍ട്‌സ് മോഡുകളും മള്‍ട്ടിസ്‌പോര്‍ട്ട് ഓട്ടോ റെക്കഗ്നിഷനും നല്‍കിയിട്ടുണ്ട്. ആരോഗ്യ ട്രാക്കിങ്ങിനായി, 24x7 ഹൃദയമിടിപ്പ് സെന്‍സര്‍, സ്ലീപ്പ് ട്രാക്കര്‍, സ്ട്രെസ് മാനേജര്‍, പിരീഡ് ട്രാക്കര്‍ എന്നിവയുണ്ട്. ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് റിമൈന്‍ഡറുകളും വാച്ചിലൂടെ ലഭിക്കും. 300എംഎഎച്ച് ബാറ്ററിയുണ്ട്, ഒറ്റത്തവണ ചാര്‍ജില്‍ 10 ദിവസം വരെ പ്രവര്‍ത്തിക്കും. കൂടാതെ, ഇത് സ്മാര്‍ട്ട് നോട്ടിഫിക്കേഷനുകള്‍, ഫാസ്ട്രാക്ക് റിഫ്‌ലെക്‌സ് വേള്‍ഡ് ആപ്പ്, ഇന്‍ബില്‍റ്റ് അലക്‌സ എന്നിവയും വാച്ചിനൊപ്പമുണ്ടാകും.
◾അര്‍ജുന്‍ അശോകന്‍ നായകനാകുന്ന 'ഖജുരാഹോ ഡ്രീംസ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. അര്‍ജുന്‍ അശോകന്‍, ധ്രുവന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമൂഹത്തിലെ വ്യത്യസ്ത തലങ്ങളില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നാലു ചെറുപ്പക്കാര്‍. ഒറ്റ മനസ്സുമായി ജീവിക്കുന്ന ഇവര്‍ക്കൊപ്പം 'ലോല' എന്ന പെണ്‍കുട്ടിയും കടന്നു വരുന്നു. സ്വാതന്ത്ര്യം അതിന്റെ പാരമ്യതയില്‍ ആഘോഷിക്കുകയും ലിംഗഭേദമില്ലാതെ സൗഹൃദം പങ്കിടുകയും ചെയ്യുന്ന പെണ്‍കുട്ടിയാണ് 'ലോല'. മധ്യപ്രദേശിലെ ഖജ്രാഹോ എന്ന ഷേത്രത്തിന്റേയും അതിനോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തിന്റെയും പ്രത്യേകതകള്‍ കേട്ട് അങ്ങോട്ടു യാത്ര തിരിക്കുകയാണ് ഈ സംഘം. അവിടേക്കുള്ള ഇവരുടെ യാത്രയും അതിനിടയില്‍ അരങ്ങേറുന്ന സംഭവങ്ങളും തരണം ചെയ്ത ഖജ്രാഹോയിലെത്തുന്നതോടെ പുതിയ വഴിത്തിരിവിലേക്കും നയിക്കപ്പെടുന്നു. ഈ സംഭവങ്ങള്‍ തികഞ്ഞ നര്‍മ്മത്തിലൂടെയും ഒപ്പം ഏറെ ഉദ്വേഗത്തോടെയും അവതരിപ്പിക്കുകയാണ് 'ഖജുരാഹോ ഡ്രീംസി'ലൂടെ. സോഹന്‍ സീനുലാല്‍, സാദിഖ്, വര്‍ഷാ വിശ്വനാഥ്, നേഹാ സക്സേന എന്നിവരും പ്രധാന താരങ്ങളാണ്. ഹരി നാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.
◾സുരാജ് വെഞ്ഞാറമൂട് ചിത്രം 'മദനോത്സവം' തിയറ്ററുകളിലേക്ക് എത്തുകയാണ്. സുധീഷ് ഗോപിനാഥാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് തിരക്കഥ. 'മദനോത്സവം' എന്ന സിനിമയിലെ പുതിയ ഒരു ഗാനം പുറത്തുവിട്ടു. 'കാണാദൂരത്താണോ' എന്ന ഒരു ഗാനമാണ് ഏപ്രില്‍ 14ന് വിഷു റിലീസായി പ്രഖ്യാപിച്ചിരിക്കുന്ന 'മദനോത്സവ'ത്തിലേതായി പുറത്തുവിട്ടത്. 'മദനന്‍' എന്ന കഥാപാത്രമായാണ് സുരാജ് സിനിമയില്‍ എത്തുന്നത്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് നിറം കൊടുക്കുന്ന ജോലി ചെയ്യുന്ന 'മദന്റെ' ജീവിതത്തിലെ ചില സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബു ആന്റണി, ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ മോട്ടോര്‍ ഇന്ത്യ എയ്‌റോക്‌സിന്റെ 2023 പതിപ്പ് പുറത്തിറക്കി. 1,42,800 രൂപയാണ് സ്‌കൂട്ടറിന്റെ ദില്ലി എക്‌സ്‌ഷോറൂം വില. 2023-ല്‍, എയ്റോക്സിന് സില്‍വറില്‍ ഒരു പുതിയ വര്‍ണ്ണ സ്‌കീം ലഭിക്കുന്നു. ഇതിനുപുറമെ, മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ, ഗ്രേ വെര്‍മില്യണ്‍ എന്നിങ്ങനെ മൂന്ന് കളര്‍ സ്‌കീമുകളില്‍ യമഹ എയ്റോക്സ് വില്‍ക്കുന്നു. 2023 ലെ മറ്റൊരു വലിയ കൂട്ടിച്ചേര്‍ക്കല്‍ സ്‌കൂട്ടറുകളിലെ സെഗ്മെന്റ്-ആദ്യ സവിശേഷതയായ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റമാണ്. എന്‍ജിനില്‍ മാറ്റങ്ങളൊന്നുമില്ല. വേരിയബിള്‍ വാല്‍വ് ആക്ച്വേഷന്‍ ഘടിപ്പിച്ച 155 സിസി ബ്ലൂ കോര്‍ എഞ്ചിനുമായി ഇത് തുടരുന്നു. യമഹ ആര്‍15ല്‍ കാണപ്പെടുന്ന അതേ എഞ്ചിനാണ് ഇത്. എന്നാല്‍ എയറോക്‌സ് 155-ന്റെ സവിശേഷതകള്‍ക്കനുസരിച്ച് റീട്യൂണ്‍ ചെയ്തിരിക്കുന്നു. ഇത് ഇപ്പോള്‍ ഒരു സിവിടി ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. എഞ്ചിനില്‍ നിന്നുള്ള പവര്‍ 8,000 ആര്‍പിഎമ്മില്‍ 14.8 ബിഎച്ച്പിയും 6,500 ആര്‍പിഎമ്മില്‍ 13.9 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും പുത്തന്‍ യമഹ എയ്‌റോക്‌സ് 155ല്‍ ലഭിക്കും.
◾ഭൂതകാല അനുഭവങ്ങളെ രേഖീയമായി അടയാളപ്പെടുത്തിയതാണ് ആത്മകഥകള്‍. സത്യത്തില്‍ നമ്മുടെ ഗൃഹാതുരത്യം പലപ്പോഴും നമുക്ക് അനുഭവപ്പെടുക നമ്മുടെ കുട്ടിക്കാലത്തെ കുറിച്ച് ഓര്‍ക്കുമ്പോഴാണ്. അത് മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുക എന്നത് വലിയൊരു കാര്യമാണ്. അതിനു സ്വന്തമായ ഒരു ഭാഷയും ഉണ്ടാകണം. സംഘര്‍ഷഭരിതമായ വര്‍ത്തമാനകാലങ്ങളില്‍ സമരത്തില്‍ ഏര്‍പ്പെടാനും അവയെ പ്രതിരോധിക്കാനും ആഖ്യാതാവിന്റെ ഓര്‍മ്മകള്‍ മാറിത്തീരാറുണ്ട്. വിദ്യാസമ്പന്നയും കലകാരിയും എഴുത്തുകാരിയുമൊക്കെയായി അറബി നാട്ടില്‍ ഇരുന്നത് കൊണ്ട് സ്വന്തം ജന്മനാടിനെ മാറോടു ചേര്‍ത്തെഴുതിയ ഗൃഹാതുരത തുളുമ്പുന്ന കൃതിയാണിത്. 'ഡബ്ബറ് മിഠായി'. സജ്ന അബ്ദുള്ള. ഗ്രീന്‍ ബുക്സ്. വില 196 രൂപ.
◾ചില മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന മീഥൈല്‍ മെര്‍ക്കുറി എന്ന ന്യൂറോടോക്സിന്‍ ഞരമ്പുകളെ ബാധിക്കാമെന്ന് കണ്ടെത്തല്‍. അവ അമിതമായി നമ്മുടെ ശരീരത്തിനുള്ളില്‍ ചെന്നാല്‍ ശരീരത്തിന് ഹാനികരമാണ്. പ്രത്യേകിച്ചും ഗര്‍ഭിണികളെയും, മുലയൂട്ടുന്ന അമ്മമാരെയും, കുട്ടികളെയും ദോഷകരമായി ബാധിക്കും. പക്ഷെ എന്നു കരുതി എല്ലായിനം മീനും ദോഷകരമല്ല. വര്‍ദ്ധിച്ചു വരുന്ന ജലമലിനീകരണം മൂലമാണ് ഇപ്പോള്‍ ചില മത്സ്യങ്ങളില്‍ മെര്‍ക്കുറി യുടെ അളവ് കൂടുതലായി കണ്ടുവരുന്നത്. ഇങ്ങനെ കടലിലേക്കും മറ്റും പുറംതള്ളപ്പെടുന്ന മെര്‍ക്കുറി ആല്‍ഗേയും മറ്റു പായലുകളിലെത്തുകയും മത്സ്യങ്ങള്‍ ഇവ ഭക്ഷിക്കുന്നതിലൂടെ മത്സ്യത്തിന്റെ മാംസത്തിലും അടിഞ്ഞുകൂടുന്നു. തുടര്‍ന്ന്, അവയെ നമ്മള്‍ ഭക്ഷിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലും ഇവ ക്രമേണ അടിഞ്ഞു കൂടും. അറിഞ്ഞോ അറിയാതെയോ സ്ഥിരമായി അങ്ങനെ മെര്‍ക്കുറി അടങ്ങിയ മത്സ്യങ്ങള്‍ നമ്മള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക. ചില ഇടങ്ങളില്‍ 1000-ല്‍ രണ്ടു കുട്ടികളിലും ചില ഇടങ്ങളില്‍ 1000-ല്‍ 17 കുട്ടികളിലുമൊക്കെ ഇതിന്റെ ദൂഷ്യവശങ്ങള്‍ കണ്ടുവരുന്നുവെന്ന് ലോകാരോഗ്യ സംഘടന പോലും പറയുന്നു.
*ശുഭദിനം*
ആ നാലു തവളകളും ചേര്‍ന്ന് ഒരു തടിക്കഷ്ണത്തിന് മുകളിലിരുന്ന് നദിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ ഒന്നാമന്‍ പറഞ്ഞു: ഈ തടിക്ക് ജീവനുണ്ട്. അതുകൊണ്ടാണ് ഇത് സഞ്ചരിക്കുന്നത് രണ്ടാമന്‍ അത് തിരുത്തി. തടിക്കല്ല, നദിക്കാണ് ജീവന്‍. നദിയാണ് സഞ്ചരിക്കുന്നത്. മൂന്നാമനും വിട്ടുകൊടുത്തില്ല. തടിയുമല്ല, നദിയുമല്ല, നമ്മുടെ ചിന്തകളാണ് സഞ്ചരിക്കുന്നത്. തര്‍ക്കം അവസാനിക്കാത്തതുകൊണ്ട് അവര്‍ നാലാമനോട് ചോദിച്ചു: നാലാമന്‍ പറഞ്ഞു: എല്ലാവരും പറഞ്ഞത് ശരിയാണ്. തടിയും നദിയും നമ്മുടെ ചിന്തകളും സഞ്ചരിക്കുന്നുണ്ട് പക്ഷേ, മറ്റ് രണ്ട് പേരും പറഞ്ഞഥ് ശരിയാണെന്ന് മൂന്നുപേരും സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. അവസാനം ആ മൂന്ന് പേരും കൂടി നാലാമനെ പിടിച്ചു വെള്ളത്തിലിട്ടു. അറിവില്ലാത്തവരുടെ ആദ്യലക്ഷണം അവര്‍ അറിവുള്ളവരെ അകറ്റിനിര്‍ത്തും എന്നതാണ്. ഒരേ തൂവല്‍ പക്ഷികളുടെ കൂടെ പറക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. ഒരേ പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് കൊണ്ട് വിരുദ്ധസ്വഭാവങ്ങള്‍ കടന്നുവരില്ല. തിരുത്തല്‍ വാദികളെ കൊണ്ടുളള അസ്വസ്ഥതയില്ല. വളര്‍ച്ചമുരടിക്കുന്ന എല്ലാ സിദ്ധാന്തങ്ങളുടേയും പ്രസ്ഥാനങ്ങളുടേയും നാശകാരണം അതിനുള്ളില്‍ ആഭ്യന്തരവിമര്‍ശകര്‍ക്ക് സ്ഥാനമില്ല എന്നുളളതാണ്. ശീലങ്ങളിലൂടെയും പാരമ്പര്യങ്ങളിലൂടെയും മാത്രം തങ്ങളുടെ തലച്ചോറിനെ കടത്തിവിടുന്നവര്‍ വിവേകമില്ലാത്ത വിധേയര്‍ മാത്രമായിരിക്കും. അവര്‍ ഒരിക്കലും വളരുകയുമില്ല. വ്യതിചലിക്കുകയുമില്ല. സ്വന്തം അഭിപ്രായങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളെ ആരോഗ്യകരമായി അഭിമുഖീകരിക്കാന്‍ ശ്രമിക്കാം.. നമുക്ക് അറിവുളളവര്‍ക്കൊപ്പം മുന്നേറാം - *ശുഭദിനം.*