സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 20 മുതല്‍ 27 വരെ കനകക്കുന്നില്‍

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 20 മുതല്‍ 27 വരെ കനകക്കുന്നില്‍ വലിയ ജനപങ്കാളിത്തത്തോടെ വിപുലമായി നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷനായി സംഘാടക സമിതി രൂപീകരിച്ചു. സെക്രട്ടറിയേറ്റ് അനക്‌സിലെ ലയം ഹാളില്‍ നടന്ന യോഗത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍, ഗതാഗത മന്ത്രി ആന്റണി രാജു, വി.കെ. പ്രശാന്ത് എം എല്‍ എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ എന്നിവരെ സംഘാടക സമിതി രക്ഷാധികാരികളായും തെരഞ്ഞെടുത്തു. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് സംഘാടക സമിതി ചെയര്‍മാനും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വൈസ് ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബിന്‍സി ലാല്‍ കണ്‍വീനറുമാണ്. 

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും വിശദമാക്കുന്ന പ്രദര്‍ശന സ്റ്റാളുകള്‍, സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ തത്സമയം സൗജന്യമായി ലഭ്യമാക്കുന്ന സര്‍വീസ് സ്റ്റാളുകള്‍, സര്‍ക്കാര്‍ - പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ കഴിയുന്ന വിപണന സ്റ്റാളുകള്‍, ഭക്ഷ്യമേള, വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ എന്നിവ എന്റെ കേരളം മേളയുടെ പ്രധാന ആകര്‍ഷണമായിരിക്കും. ഏപ്രില്‍ ഒന്നിന് എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത വാര്‍ഷികാഘോഷ പരിപാടികളുടെ സംസ്ഥാനതല സമാപനം കൂടിയാണ് കനകക്കുന്നില്‍ നടക്കുന്ന ഈ മേള. 'യുവതയുടെ കേരളം, കേരളം ഒന്നാമത്' എന്ന പ്രമേയം മുന്‍നിര്‍ത്തിയാണ് ഇത്തവണത്തെ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മേളയുടെ സുഗമമായ നടത്തിപ്പിന് എം.എല്‍.എമാര്‍ ചെയര്‍മാന്‍മാരായ ഉപകമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. യോഗത്തില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, എം.എല്‍.എമാരായ സി.കെ ഹരീന്ദ്രന്‍, കെ. ആന്‍സലന്‍, വി.കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.