ആറ്റിങ്ങല്‍: പ്രായപൂര്‍ത്തിയാകാത്തതും ബന്ധുവുമായ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് 17 വര്‍ഷം കഠിനതടവും 1,00,000 രൂപ പിഴയും ശിക്ഷ. അഞ്ചുതെങ്ങ് സ്വദേശി ജോണി എന്ന മുത്തപ്പ(39) യാണ് ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ഡിസ്ട്രിക്ട് ജഡ്ജ് ടി. പി. പ്രഭാഷ് ലാല്‍ ശിക്ഷിച്ചത്. പ്രതിയുടെ മാതൃ സഹോദരീ പുത്രിയുടെ മകളാണ് അതിജീവിത.ഇവരുടെ മാതാവ്, മാതാവിന്റെ സുഹൃത്ത് എന്നിവരെ കുറ്റക്കാരല്ലെന്നുകണ്ട് കോടതി വെറുതെ വിട്ടു.
2013 ലാണ് സംഭവം. പ്രതിയുടെ പിതാവ് ആശുപത്രിയില്‍ ആയിരിക്കേ ,വീട്ടില്‍ സഹായിയായി എത്തിയ അതിജീവിതയെ ഗര്‍ഭിണിയാക്കിയതില്‍, അതിജീവിതയുടെ പിതൃ മാതാവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കഠിനംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ഡി.എന്‍.എ റിപ്പോര്‍ട്ടിന്റെയും മറ്റും അടിസ്ഥാനത്തില്‍ പ്രതിയെ കുറ്റക്കാരനായി കണ്ടെത്തുകയായിരുന്നു.
അതിജീവിതയ്ക്കുജനിച്ച കുഞ്ഞിനെ അമ്മത്തൊട്ടിലില്‍നിന്നു മദര്‍തെരേസ കോണ്‍വെന്റില്‍ എത്തിച്ചിരുന്നു. കുഞ്ഞിന്റെ രക്ത സാമ്പിളില്‍ നിന്നും പ്രതിയുടെ രക്തസാമ്പിളില്‍ നിന്നും ഡി.എന്‍.എ പരിശോധിച്ച് കുഞ്ഞിന്റെ പിതാവാരെന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി മൈനര്‍ അല്ലായിരുന്നുവെന്ന് സ്ഥാപിക്കാന്‍ പ്രതിഭാഗം ഉന്നയിച്ച വാദഗതികള്‍ കോടതി തള്ളി.
അതിജീവിതയുടെ ജനനത്തീയതി തെളിയിക്കാന്‍ സ്‌കൂള്‍ അഡ്മിഷന്‍ രേഖകള്‍ കോടതി വരുത്തുകയും, പ്രഥമ അദ്ധ്യാപികയെ സാക്ഷിയായി വിസ്തരിക്കുകയും ചെയ്തു. പെണ്‍കുട്ടി ഗര്‍ഭിണിയായത് സംബന്ധിച്ച് പിതാവിന്റെ മാതാവ് മൊഴി നല്‍കി കേസില്‍ ആദ്യ പ്രതികളായത് അതിജീവിതയുടെ മാതാവും സുഹൃത്തുമായിരുന്നു. വിശദമായ മൊഴി രേഖപ്പെടുത്തിയ വേളയിലാണ് അതിജീവിതയെ ഗര്‍ഭിണിയാക്കിയത് മുത്തപ്പനാണെന്ന് വ്യക്തമായത്.
തുടര്‍ന്നാണ് മുത്തപ്പന്‍ ഒന്നാം പ്രതിയും, മാതാവ്, മാതാവിന്റെ സുഹൃത്ത് എന്നിവര്‍ യഥാക്രമം മൂന്നും രണ്ടും പ്രതികളായും വിചാരണ നേരിടേണ്ടിവന്നത്. ലൈംഗികാതിക്രമത്തിന് തന്നെ വിധേയയാക്കിയത് മുത്തപ്പന്‍ ആണെന്നും, അമ്മയുടെ അറിവോടെ അല്ലെന്നും, അമ്മയുടെ സുഹൃത്ത് ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നും മൊഴി നല്‍കുകയായിരുന്നു.