വിഷുവിനെ കുറിച്ച് നമുക്കെല്ലാവര്‍ക്കുമറിയാം എന്നാല്‍ വിഷുവിനു പിന്നിലെ വിശ്വാസങ്ങളെ കുറിച്ചും ഐതിഹ്യത്തെക്കുറിച്ചും സര്‍വ്വോപരി ഈ ആഘോഷത്തിന്റെ ചരിത്രത്തെകുറിച്ചും അറിയാന്‍ എല്ലാവര്‍ക്കും തത്പ്പര്യം കാണും. വിഷുവിനു പിന്നില്‍ ഭഗവാന്‍ കൃഷ്ണനുമായി ബന്ധപ്പെട്ട ഐതിഹ്യവും ശ്രീരാമനുമായി ബന്ധപ്പെട്ട ഐതിഹ്യവുമുണ്ട്. ശ്രീകൃഷ്ണന്‍ അഹങ്കാരിയും ഭൂമിദേവിയുടെ പുത്രനുമായ നരകാസുരനെ നിഗ്രഹിച്ച ദിനമാണ് വിഷുദിനം എന്നാണ് വിശ്വാസം.പരാക്രമിയും രാക്ഷസന്‍മാരുടെ രാജാവുമായ രാവണന് സൂര്യ ഭഗവാനുമായുള്ള വിരോധത്തിന്റെ കഥയാണ് മറ്റൊന്ന്. തന്റെ അറിവോ സമ്മതമോ കൂടാതെ തന്റെ കൊട്ടാരവളപ്പിലും അകത്തളങ്ങളിലും സൂര്യന്‍ സാന്നിദ്ധ്യമാകുന്നത് രാവണന് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ ലങ്കാധിപതി സൂര്യനെ നേരാംവണ്ണം ഉദിക്കാനും അസ്തമിക്കാനും അനുവദിച്ചിരുന്നില്ല. ശ്രീരാമന്‍ എത്തി രാവണ നിഗ്രഹം നടത്തിയതിനു ശേഷം മാത്രമാണ് ലങ്കയില്‍ സൂര്യന് നേരെ ഉദിക്കാന്‍ കഴിഞ്ഞത് എന്നാണ് ഐതിഹ്യം.വിഷുവം എന്ന പദത്തില്‍ നിന്നാണ് വിഷു ഉണ്ടായത്. വിഷുവം എന്നാല്‍ തുല്യമായത് എന്നാണര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസത്തെ വിഷുവെന്ന് വിളിക്കുന്നു. സൂര്യന്‍ മേടം രാശിയില്‍ പ്രവേശിക്കുന്ന ദിവസമാണ് വിഷു. ഈ സമയത്താണ് ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യപ്രകാശം 180ത്ഥ -യില്‍ നേരെ പതിക്കുന്നത്. കേരളത്തില്‍ രണ്ട് വിഷു വരുന്നുണ്ട്, മേടം ഒന്നിന് വരുന്ന മേട വിഷുവും, തുലാം ഒന്നിന് വരുന്ന തുലാ വിഷുവും.