വേഗം
52 സെക്കൻഡിൽ 100 കി.മി വേഗം കൈവരിക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിന് സാധിക്കും. ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് സാധാരണ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ 6-7 മണിക്കൂർ എടുക്കുമെങ്കിൽ വന്ദേ ഭാരത് എക്‌സ്പ്രസിൽ വെറും 3 മണിക്കൂറിൽ എത്താൻ സാധിക്കും. കേരളത്തിൽ എക്‌സ്പ്രസ് ഏഴര മണിക്കൂർ കൊണ്ട് 501 കിലോമീറ്റർ പിന്നിടുമെന്നാണ് റിപ്പോർട്ട്.
രൂപകൽപ്പന
എയറോഡൈനാമിക്ക് ഡിസൈനിൽ രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് എക്‌സ്പ്രസിന് കവാച്ച് ടെക്‌നോളജി പ്രകാരമുള്ള സുരക്ഷാ സംവിധാനവുമുണ്ട്. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് തടയാൻ തദ്ദേശീയമായി വികസിപ്പിച്ച ടെക്‌നോളജിയാണ് കവാച്ച്. ഓരോ വന്ദേ ഭാരത് എക്‌സ്പ്രസിന്റെയും രണ്ട് അറ്റത്തും ഡ്രൈവറുടെ ക്യാബിനുണ്ട്. അതുകൊണ്ട് തന്നെ ട്രെയിനിന്റെ ദിശ മാറ്റാൻ സമയനഷ്ടമില്ല.അഡ്വാൻസ്ഡ് റീജെനറേറ്റിവ് ബ്രേക്കിംഗ് സിസ്റ്റവും വന്ദേ ഭാരതിലുണ്ട്. ഇത് 30 ശതമാനം വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്നു. അടിയന്തര സാഹചര്യത്തിൽ ലോക്കോ പൈലറ്റിനും ട്രെയിൻ ഗാർഡിനും യാത്രക്കാരുമായി സംവദിക്കാനുള്ള സൗകര്യവുമുണ്ട്.
മറ്റ് ഫീച്ചറുകൾ
എല്ലാ സീറ്റുകളും റിക്ലൈനർ സീറ്റുകളാണ്. എക്‌സിക്യൂട്ടിവ് കോച്ചിലാകട്ടെ 180 ഡിഗ്രി റൊട്ടേറ്റിംഗ് സീറ്റുകളുമുണ്ട്. ട്രെയിൻ ചലിക്കുന്ന ദിശ അനുസരിച്ച് സീറ്റിന്റെ ദിശ തിരിക്കാമെന്ന് ചുരുക്കം. സീറ്റുകൾക്ക് മുന്നിൽ 32 ഇഞ്ച് സ്‌ക്രീനുകളും ക്രമീകരിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ ഇൻഫോടെയിൻമെന്റിന് അവസരം ഒരുക്കുകയാണ് ഇതിലൂടെ. ഭിന്നശേഷി സൗഹൃദമായ ബാത്രൂമുകളാണ് വന്ദേ ഭാരതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒപ്പം സീറ്റുകളിൽ ബ്രെയ്‌ലി ലിപിയിൽ സീറ്റ് നമ്പറും നൽകിയിട്ടുണ്ട്.
ഓട്ടോമാറ്റിക് ഡോർ, ഫയർ സെൻസർ, വൈ-ഫൈ, മൂന്ന് മണിക്കൂർ ബാറ്ററി ബാക്കപ്പ്, ജിപിഎസ്, സിസിടിവി ക്യാമറകൾ ഇങ്ങനെ നീളുന്നു മറ്റ് സൗകര്യങ്ങൾ. വന്ദേഭാരതിലെ വിശാലമായ ജനാലകൾ പുറം കാഴ്ച ആവോളം ആസ്വദിക്കാൻ വഴിയൊരുക്കുന്നു. ഒപ്പം ബാഗേജിന് വേണ്ടി കോച്ചുകളിൽ കൂടുതൽ സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്.