ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന പ്രവാസി സുഹൃത്തുക്കൾക്ക് മീഡിയ 16 നേരുന്നു ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ *പ്രഭാത വാർത്തകൾ* 2023 | ഏപ്രിൽ 21 | വെള്ളി |

◾മോട്ടോര്‍ വാഹന, ട്രാഫിക് നിയമലംഘനം പിടികൂടാന്‍ സ്ഥാപിച്ച ക്യാമറകളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ ഒരു മാസത്തേക്കു നടപടി ഉണ്ടാകില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മേയ് 19 വരെ ബോധവത്കരണമായിരിക്കും. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ - സംസ്ഥാന പാതകള്‍ക്ക് പുറമെ മറ്റു പാതകളിലും ക്യാമറ സ്ഥാപിക്കുമെന്ന് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

◾കേരളത്തില്‍ മാസപ്പിറവി കാണാത്തതിനാല്‍ ചെറിയ പെരുനാള്‍ നാളെ. സര്‍ക്കാര്‍ ഓഫീസുകള്‍ക്കു ഇന്നും നാളേയും അവധി. ഒമാനിലും നാളെയാണ് ചെറിയ പെരുനാള്‍. എന്നാല്‍ സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നാണു ചെറിയ പെരുന്നാള്‍.

◾പവര്‍കട്ടിനു സാധ്യത. വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍. ഇന്നലെ 10.30 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. പീക്ക് അവറില്‍ 4893 മെഗാവാട്ട് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം ഉപയോഗിച്ചത്. ഇരട്ടി വില നല്‍കിയാണ് കെഎസ്ഇബി അധിക വൈദ്യുതി വാങ്ങുന്നത്. അതിനാല്‍ പവര്‍കട്ട് ഏര്‍പ്പെടുത്തണമെന്നു സര്‍ക്കാരിനു വീണ്ടും ശുപാര്‍ശ ചെയ്തിരിക്കുകയാണ്.

◾എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള പരമാവധി ഗ്രേസ് മാര്‍ക്ക് 30 ആയി നിജപ്പെടുത്തി. അന്താരാഷ്ട്ര തലത്തിലെ സ്പോര്‍ട്സ് വിജയികള്‍ക്കാണ് 30 മാര്‍ക്ക്. ദേശീയതല മെഡല്‍ ജേതാക്കള്‍ക്ക് 25 മാര്‍ക്കും സംസ്ഥാന തല ഒന്നാം സ്ഥാനക്കാര്‍ക്ക് 20 മാര്‍ക്കും ലഭിക്കും. കലോത്സവ ശാസ്ത്രമേളകളിലെ എ ഗ്രേഡുകാര്‍ക്ക് 20 മാര്‍ക്ക്. ബി ഗ്രേഡുകാര്‍ക്ക് പതിനഞ്ചും സി ഗ്രേഡുകാര്‍ക്ക് പത്തു മാര്‍ക്കും ലഭിക്കും. എന്‍ എസ് എസ് നാഷണല്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് 25 മാര്‍ക്ക് കിട്ടും. സ്‌കൗട്സ് ആന്റ് ഗൈഡ്സ് രാഷ്ടപതി അവാര്‍ഡ് ജേതാക്കള്‍ക്ക് 25 മാര്‍ക്കും നല്‍കും.  

◾കേരളത്തിലെ നാലു നഗരങ്ങളില്‍ അടക്കം രാജ്യത്തുടനീളം 100 ഫുഡ് സ്ട്രീറ്റുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഈ പദ്ധതിയ്ക്കായി ഒരു കോടി രൂപ വീതം നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

◾കൊച്ചിയില്‍ ബിജെപി 25 ന് ഒരുക്കുന്ന യുവാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കുന്ന 'യുവം' പരിപാടിക്കു ബദലുമായി സിപിഎമ്മും കോണ്‍ഗ്രസും. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ 23 നു സംസ്ഥാന വ്യാപകമായി അഞ്ചു ലക്ഷത്തോളം യുവാക്കളെ പങ്കെടുപ്പിച്ച് റാലി നടത്തും. പ്രധാനമന്ത്രിയോടുള്ള നൂറു ചോദ്യവുമായാണ് റാലി സംഘടിപ്പിക്കുന്നത്. ഇതേസമയം, കോണ്‍ഗ്രസ് രാഹുല്‍ഗാന്ധിയെ പങ്കെടുപ്പിച്ച് മേയ് 9, 10 തീയതികളില്‍ ചരല്‍കുന്നില്‍ ചിന്തന്‍ ശിബിരം സംഘടിപ്പിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.

◾ലൈഫ് മിഷന്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അന്തിമ കുറ്റപത്രത്തില്‍ എം ശിവശങ്കറിനെ ഒന്നാം പ്രതിയും സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയുമാക്കി. കേസില്‍ ശിവശങ്കറിനെതിരെ ഇഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സ്വപ്ന സുരേഷിനെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട് എന്നു കോടതി ചോദിച്ചതിനു പിറകേയാണ് സ്വപ്നയെകൂടി ഉള്‍പെടുത്തി കുറ്റപത്രം നല്‍കിയത്. സന്തോഷ് ഈപ്പനടക്കം 11 പ്രതികളാണുള്ളത്.

◾മോട്ടോര്‍ വാഹന നിയമലംഘനം കണ്ടുപിടിക്കാന്‍ സ്ഥാപിച്ച 726 കാമറകളുടെ ഇടപാടില്‍ ദുരൂഹതുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്കു സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. ഇടപാടുകള്‍ സുതാര്യമല്ലാത്തതിനാലാണു വിവരങ്ങള്‍ പുറത്തുവിടാത്തത്. പിഴയില്‍ നിന്ന് വിഐപികളെ ഒഴിവാക്കിയത് എന്തടിസ്ഥാനത്തിലാണ്? പിഴത്തുകയില്‍ എത്ര ശതമാനമാണ് കമ്പനികള്‍ക്കു നല്‍കുന്നതെന്നും വ്യക്തമാക്കണം. ചെന്നിത്തല ആവശ്യപ്പെട്ടു.

◾തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തില്‍ പീപ്പിള്‍ ഫോര്‍ ആനിമല്‍ ഹൈക്കോടതിയെ സമീപിച്ചു. ചട്ടങ്ങള്‍ പാലിക്കാതെ മയക്കുവെടി വച്ചതിന് ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നാണ് പീപ്പിള്‍ ഫോര്‍ ആനിമല്‍ സംഘടനയുടെ ആവശ്യം.

◾വയനാട് തൃക്കൈപ്പറ്റയില്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായ എസ് പണിക്കരെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചെന്ന കേസില്‍ പ്രതി നെല്ലിമാളം സ്വദേശി ജോസിനെ റിമാന്‍ഡ് ചെയ്തു. ഗാര്‍ഹിക പീഡന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയതായിരുന്നു വനിതാ ഓഫീസര്‍.

◾എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതികളായ പിഎസ് സി പരീക്ഷാത്തട്ടിപ്പു കേസില്‍ അന്വേഷണ സംഘം പിഴവുകള്‍ തിരുത്തി സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. ആദ്യം സമര്‍പിച്ച കുറ്റപത്രം കോടതി തള്ളിയിരുന്നു. പ്രതികള്‍ 29 നു ഹാജരാകണം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

◾അരിക്കൊമ്പന്‍ കാട്ടാനയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ഇടുക്കിയില്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പി എ സിറാജുദീന്‍ അധ്യക്ഷനായാണ് ടാസ്‌ക് ഫോഴ്സ്. മൂന്നാര്‍ ഡിഎഫ്ഒ, ദേവികുളം സബ് കളക്ടര്‍, ശാന്തന്‍പാറ എസ്എച്ചഒ, ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ അംഗങ്ങളാണ്.

◾പ്ലാച്ചിമടയില്‍ കൊക്കോകോള കമ്പനിയുടെ 35 ഏക്കര്‍ ഭൂമിയും കെട്ടിടവും സംസ്ഥാന സര്‍ക്കാരിന് കൈമാറുകയാണെന്ന് കൊക്കോകോള കമ്പനി മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കി. ഈ സ്ഥലത്തു കര്‍ഷകരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ മാതൃകാ കൃഷിത്തോട്ടം ആരംഭിക്കാന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്.

◾ആമയൂര്‍ കൂട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട റെജികുമാറിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. റെജികുമാറിന്റെ മാനസികനില വിശകലനം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം മേധാവിയോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

◾വഴിക്കടവില്‍ അഞ്ചു വര്‍ഷമായി ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടര്‍ പിടിയില്‍. പ്രീഡിഗ്രി വിദ്യാഭ്യാസവും മെഡിക്കല്‍ ഷോപ്പിലെ ജോലി പരിചയവും മാത്രമുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശി രതീഷാണ് പിടിയിലായത്. ഇയാള്‍ ചികിത്സ ചെയ്ത ആശുപത്രിയുടെ ഉടമ ഷാഫി കാളികാവ്, മാനേജര്‍ പാണ്ടിക്കാട് ഷമീര്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തു.

◾കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പും യുഡിഎഫും വിട്ട ജോണി നെല്ലൂരിനെ ഇ-വേസ്റ്റിനോട് ഉപമിച്ച് ഷിബു ബേബി ജോണ്‍. ഇ-വേസ്റ്റ് കാണുമ്പോള്‍ നല്ല ലുക്കായിരിക്കും പക്ഷേ ഉപയോഗശൂന്യമാണ്. മാലിന്യങ്ങള്‍ പുറത്തു പോകുന്നതില്‍ സന്തോഷമുണ്ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

◾ഫയലുകള്‍ നീങ്ങുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പരസ്യമായ കുറ്റസമ്മതമാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. സംസ്ഥാനത്ത് ഭരണ സ്തംഭനമെന്ന കുറ്റസമ്മതമാണ് മുഖ്യമന്ത്രി നടത്തിയത്. നരേന്ദ്രമോദിയുടെ കാര്‍ബണ്‍ കോപ്പിയാണ് പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിനെതിരെ വിശദമായ കുറ്റപത്രം തയ്യാറാക്കി വിശകലനം ചെയ്യുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

◾കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സര്‍ക്കാര്‍ യാത്രയപ്പ് നല്‍കിയതില്‍ അസ്വാഭാവികത ഇല്ലെന്നു വ്യവസായമന്ത്രി പി രാജീവ്. ചീഫ് ജസ്റ്റിസിനു പല സംസ്ഥാനങ്ങളിലും വിരുന്നു നല്‍കാറുണ്ട്. പുകമറ സൃഷ്ടിക്കാനാണ് സുപ്രീം കോടതിയിലേക്കു പരാതി നല്‍കിയതെന്നും മന്ത്രി.

◾സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്.ഐ.സി) നേതാവ് പാലക്കാട് കൊപ്പം സ്വദേശി സുബൈര്‍ ഹുദവി ജിദ്ദയില്‍ നിര്യാതനായി. 48 വയസായിരുന്നു.

◾തൃശൂര്‍ കിള്ളിമംഗലത്ത് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ നാലു പേര്‍കൂടി അറസ്റ്റിലായി. മുഖ്യ പ്രതി അബ്ബാസിന്റെ അയല്‍വാസികളും സുഹൃത്തുക്കളുമാണ് പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു

◾പീരുമേട്ടില്‍ കോടതി പരിസരത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. കോടതിയില്‍ സാക്ഷിപറയാനെത്തിയ ചക്കുപള്ളം മനകാലയില്‍ ബിജുവിന്റെ 45 കാരിയായ ഭാര്യ അമ്പിളിയാണു കുത്തേറ്റു വീണത്. അവിഹിത ബന്ധം സംശയിച്ചാണ് ആക്രമണം. പ്രോസിക്യൂട്ടറുടെ ഓഫീസില്‍നിന്നു പുറത്തിറങ്ങിയ ഭാര്യയെ ആക്രമിക്കുകയായിരുന്നു.

◾ആലപ്പുഴയില്‍ മത്സ്യതൊഴിലാളിയെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അരൂര്‍ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ തഴുപ്പില്‍ സുധീഷ് (45) ആണ് മരിച്ചത്.

◾ആന്ധ്രയില്‍നിന്നു കേരളത്തിലേക്കു കഞ്ചാവ് കടത്തി ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍. തൃത്താല ഉള്ളന്നൂര്‍ സ്വദേശി തടത്തില്‍ ശ്രീജിത്ത് (26)നെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

◾വീട്ടില്‍ കഞ്ചാവ് വിറ്റ സ്ത്രീയെ കാട്ടാക്കട എക്സൈസ് പിടികൂടി. മാറനല്ലൂര്‍ അരുവിക്കര മൈലാടുംപാറ കിഴക്കേക്കര പുത്തന്‍ വീട്ടില്‍ വത്സല (45) ആണ് പിടിയിലായത്.

◾കോഴിക്കോട് നല്ലളത്ത് അച്ഛനും രണ്ടു മക്കളും അടങ്ങുന്ന നാലംഗ വാഹനമോഷണ സംഘം പിടിയിലായി. കുറ്റിക്കാട്ടൂര്‍ സ്വദേശി തായിഫ്, ഫറോക്ക് സ്വദേശി ഫൈസല്‍, മക്കളായ ഷിഹാല്‍, ഫാസില്‍ എന്നിവരാണ് പിടിയിലായത്.

◾ജമ്മു കാഷ്മീരിലെ പൂഞ്ചില്‍ സൈനികര്‍ സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ചു സൈനികര്‍ മരിച്ചു. കരസേനയുടെ ട്രക്കിനു നേരെയായിരുന്നു ഗ്രനേഡ് ആക്രമണം.

◾രാഹുല്‍ഗാന്ധി നടത്തിയ പരാമര്‍ശം മോദിയെന്ന പേരുള്ളവര്‍ക്കെല്ലാം മാനഹാനിയുണ്ടാക്കുന്നതാണെന്ന് സൂററ്റ് ജില്ലാ കോടതി. പരാതിക്കാരനായ പൂര്‍ണേഷ് മോദിക്കും അപകീര്‍ത്തിയുണ്ടായെന്ന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ നിരീക്ഷണം ജില്ലാ കോടതി ശരിവച്ചു. രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളിക്കൊണ്ട് ജില്ലാ ജഡ്ജി ആര്‍എസ് മൊഗേരയുടെ വിധിയിലാണ് ഈ പരാമര്‍ശം. സ്റ്റേ നല്‍കിയാല്‍ കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും കോടതി നിരീക്ഷിച്ചു.

◾അപകീര്‍ത്തി കേസില്‍ വ്യക്തിപരമായി പരാമര്‍ശിക്കപ്പെട്ട ആളായിരിക്കണം പരാതിക്കാരനെന്നാണ് അടിസ്ഥാന നിയമമെന്ന് കോണ്‍ഗ്രസ്. അപ്പീല്‍ തള്ളിയ സൂററ്റ് സെഷന്‍സ് കോടതി വിധി നിയമപരമല്ല. മേല്‍കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു.

◾ഗുജറാത്തിലെ നരോദ ഗാം കൂട്ടക്കൊലക്കേസില്‍ 68 പ്രതികളെയും അഹമ്മദാബാദ് സ്പെഷ്യല്‍ കോടതി വെറുതെ വിട്ടു. തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ബിജെപി മുന്‍മന്ത്രി മായാകോട്നാനി അടക്കമുള്ള പ്രതികളെ വെറുതെ വിട്ടത്. ഗുജറാത്ത് കലാപകാലത്ത് നരോദ ഗാമില്‍ 11 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസിലാണ് 13 വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ വിധി പ്രസ്താവിച്ചത്. ആകെ 86 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. 18 പേര്‍ വിചാരണ കാലത്ത് മരിച്ചു.

◾രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് മുപ്പതു ദിവസം മുമ്പ് നോട്ടീസ് പതിച്ചു കാത്തിരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീംകോടതി. പരസ്യ നോട്ടീസ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് സ്വവര്‍ഗ വിവാഹത്തിന് അനുമതി തേടിയുള്ള വാദത്തിനിടെ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

◾ഖാലിസ്ഥാന്‍ വാദി നേതാവും 'വാരിസ് പഞ്ചാബ് ദേ' തലവനുമായ അമൃത്പാല്‍ സിംഗിന്റെ ഭാര്യയെ പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ലണ്ടനിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിലെത്തിയ ഭാര്യ കിരണ്‍ ദീപ് കൗറിനെയാണ് കസ്റ്റഡിയിലെടുത്തത്.

◾ബുദ്ധന്റെ ആശയങ്ങള്‍ മനുഷ്യത്വത്തെ ഒരൊറ്റ നൂലില്‍ ബന്ധിപ്പിക്കുന്നതാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ആഗോള ബുദ്ധ ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബുദ്ധന്‍ വ്യക്തിക്ക് അതീതമായ ഒരു ചിന്താധാരയാണ്. അതിഥികള്‍ ദൈവത്തിനു തുല്യരാണെന്ന തത്ത്വമാണ് ഇന്ത്യ പിന്തുടരുന്നതെന്നും മോദി പറഞ്ഞു.

◾ചലച്ചിത്ര നിര്‍മ്മാതാവും ഗായികയുമായ പമേല ചോപ്ര മുംബൈയില്‍ അന്തരിച്ചു. 74 വയസായിരുന്നു. വിഖ്യാത ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവും ആയിരുന്ന യാഷ് ചോപ്രയുടെ ഭാര്യയായിരുന്നു.  

◾കൊറിയന്‍ പോപ് ഗായകന്‍ മൂണ്‍ബിന്‍ വീട്ടില്‍ മരിച്ച നിലയില്‍. പ്രശസ്ത ബോയ് ബാന്‍ഡായ 'ആസ്ട്രോ'യിലെ അംഗമാണ് ഇരുപത്തഞ്ചുകാരനായ മൂണ്‍ബിന്‍.

◾സൗദിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ തായിഫില്‍ ആലിപ്പഴ വര്‍ഷം. റോഡുകളില്‍ അട്ടിയായി മഞ്ഞടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പട്ടണത്തിന്റെ വടക്ക് ഭാഗങ്ങളിലെ റോഡുകളിലാണ് പ്രധാനമായും ഈ മഞ്ഞുവീഴ്ചയുണ്ടായത്.

◾ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 24 റണ്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 56 പന്തില്‍ 84 റണ്‍സ് നേടിയ ഫാഫ് ഡുപ്ലെസിസിന്റേയും 47 പന്തില്‍ 59 റണ്‍സ് നേടിയ വിരാട് കോലിയുടേയും മികവില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് 18.1 ഓവറില്‍ 150 റണ്‍സിന് ഓള്‍ ഔട്ടായി. 21 റണ്‍സ് വിട്ടുകൊടുത്ത് 4വിക്കറ്റെടുത്ത ബാംഗ്ലൂരിന്റെ മൊഹമദ് സിറാജാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ വിജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് വിക്കറ്റിന് തകര്‍ത്താണ് ഡല്‍ഹി ആദ്യ വിജയമാഘോഷിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. 41 പന്തില്‍ 57 റണ്‍സ് നേടിയ നായകന്‍ ഡേവിഡ് വാര്‍ണറും മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍മാരുമാണ് ഡല്‍ഹിയ്ക്ക് വിജയം സമ്മാനിച്ചത്.

◾കേരളം ആസ്ഥാനമായുള്ള പ്രമുഖ വെജിറ്റേറിയന്‍ ഭക്ഷ്യോത്പന്ന നിര്‍മ്മാതാക്കളായ ബ്രാഹ്‌മിന്‍സിനെ ഏറ്റെടുത്ത് വിപ്രോ. 2003ല്‍ ചന്ദ്രിക സോപ്പിനെയും 2022ല്‍ നിറപറയെയും വിപ്രോ ഏറ്റെടുത്തിരുന്നു. ദേശീയതലത്തില്‍ ഇതുവരെ 14 കമ്പനികളെ വിപ്രോ ഏറ്റെടുത്തുകഴിഞ്ഞു. 2022-23ല്‍ 10,000 കോടി രൂപയാണ് വിപ്രോയുടെ വിറ്റുവരവ്. ബ്രാഹ്‌മിന്‍സ് എന്ന ബ്രാന്‍ഡ് നാമം ഇനിയും നിലനിര്‍ത്തും. 2022-23ല്‍ 15 ശതമാനം വളര്‍ച്ചയോടെ 120 കോടി രൂപയുടെ വിറ്റുവരവാണ് ബ്രാഹ്‌മിന്‍സ് നേടിയത്. നടപ്പുവര്‍ഷം 15-20 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യം. 2018-19ല്‍ 75 കോടി രൂപയും 2019-20ല്‍ 85 കോടി രൂപയും ആയിരുന്നു. മസാല കൂട്ടുകള്‍ മുതല്‍ റെഡി ടു കൂക്ക് ഉത്പന്നങ്ങള്‍ വരെമെട്രോ നഗരങ്ങളിലും ഒന്നാം കിട നഗരങ്ങളിലുമുള്ള ശക്തമായ സാന്നിധ്യവും സാമ്പാര്‍ മസാലകളിലെ കീര്‍ത്തിയുമാണ് ബ്രാഹ്‌മിന്‍സിനെ ഏറ്റെടുക്കാന്‍ വിപ്രോ മുന്നോട്ടു വരാന്‍ കാരണം. ബ്രാഹ്‌മിന്‍സിന്റെ ബിസിനസിന്റെ 66 ശതമാനവും കേരളത്തില്‍ നിന്നാണ്. നാല് ശതമാനം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 30 ശതമാനം വിദേശ വിപണികളില്‍ നിന്നുമാണ്. യു.കെയാണ് ബ്രാഹ്‌മിന്‍സിന്റെ മുഖ്യ വിദേശ വിപണി. തൊട്ടു പിന്നില്‍ ദുബൈ ആണ്. യു.എസ്, ജി.സി.സി, ആസ്‌ട്രേലിയ എന്നിവിടങ്ങളിലും ബ്രാഹ്‌മിന്‍സിന് സാന്നിധ്യമുണ്ട്.

◾അല്‍ഫോണ്‍സ് പുത്രന്‍ സംഗീത സംവിധായകന്‍ ഇളയരാജയുമായി ഒന്നിക്കുന്നു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇനി തമിഴിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു റൊമാന്റിക് ചിത്രമായിരിക്കും ഇതെന്നുമായിരുന്നു റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. പുതിയ ഒരു സിനിമയ്ക്കായി ഇളയരാജ സാറുമായി ഒന്നിക്കുന്നു എന്ന് അല്‍ഫോണ്‍സാണ് ആരാധകരെ അറിയിച്ചത്. റോമിയോ പിക്ചേഴ്സുമായുള്ള സിനിമയ്ക്ക് ശേഷമായിരിക്കും ഇത് എന്നും അല്‍ഫോണ്‍സ് വ്യക്തമാക്കി. അല്‍ഫോണ്‍സ് പുത്രന്റെ സിനിമയില്‍ ആദ്യമായിട്ടായിരിക്കും ഇളയരാജ പ്രവര്‍ത്തിക്കുന്നത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് ഒടുവിലായി പ്രദര്‍ശനത്തിനെത്തിയത് 'ഗോള്‍ഡ്' ആണ്.

◾കീര്‍ത്തി സുരേഷ് നായികയായും നാനി നായകനായും പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'ദസറ'. ചിത്രം ഇപ്പോള്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 27 മുതല്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് നടത്തും. 'ധരണി' എന്ന കഥാപാത്രമായിട്ടാണ് നാനി ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ശ്രീകാന്ത് ഒധേലയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ജെല്ല ശ്രീനാഥ്, അര്‍ജുന പതുരി, വംശികൃഷ്ണ പി എന്നിവര്‍ സഹ തിരക്കഥാകൃത്തുക്കളുമാണ്. നവീന്‍ നൂലിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം. സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തില്‍ നാനി അവതരിപ്പിക്കുന്ന 'ധരണി' എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് 'ദസറ'യുടെ കഥ വികസിക്കുന്നത്. 65 കോടി ബജറ്റിലാണ് ചിത്രം. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ 'വെണ്ണേല'യെന്ന കഥാപാത്രമായിട്ടാണ് വേഷമിടുന്നത്. സമുദ്രക്കനി, സായ് കുമാര്‍, ഷംന കാസിം, സറീന വഹാബ് എന്നിവരും 'ദസറ'യില്‍ വേഷമിടുന്നു.

◾70 ലക്ഷം യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കി ഉല്‍പ്പാദനത്തില്‍ നാഴികക്കല്ല് കൈവരിച്ച് ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ. കമ്പനിയുടെ ഗുരുഗ്രാമിലെ ഖേര്‍ക്കി ധൗല പ്ലാന്റില്‍ നിന്ന് പുറത്തിറക്കിയ സുസുക്കി വി-സ്ട്രോം എസ്എക്സ് മോട്ടോര്‍ബൈക്കാണ് 70 ലക്ഷം തികച്ച ആഘോഷ യൂണിറ്റ്. ഒരു ചാമ്പ്യന്‍ യെല്ലോ നമ്പര്‍ 2 കളര്‍ സ്‌കീമോടെയാണ് ഈ മോട്ടോര്‍സൈക്കിള്‍ എത്തിയിരിക്കുന്നത്. കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച് 17 വര്‍ഷത്തിന് ശേഷമാണ് ഈ ഉല്‍പ്പാദന നാഴികക്കല്ല് പിന്നിടുന്നത്. സുസുക്കി ഇന്ത്യയുടെ ശ്രേണിയില്‍ നിലവില്‍ വി-സ്ട്രോം എസ്എക്സ്, ജിക്സര്‍ എസ് എഫ് 250, ജിക്സര്‍ 250, ജിക്സര്‍ എസ്എഫ്, ജികസര്‍, ആക്സസ് 125, അവെനിസ്, ബര്‍ഗ്മാന്‍ സ്ട്രീറ്റ്, ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇഎക്സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളുണ്ട് . സുസുക്കി ഹയബൂസ, വി-സ്ട്രോം 650എക്സ്ടി, കറ്റാന എന്നിവ പോര്‍ട്ട്‌ഫോളിയോയിലെ ചില വലിയ ബൈക്കുകളില്‍ ഉള്‍പ്പെടുന്നു.

◾അസാധാരണമായ ഹൃദയ ബന്ധങ്ങളെ ആവിഷ്‌കരിക്കുന്ന നോവലുകളുടെ സമാഹാരം. ഡോക്ടര്‍ ദേവയാനിയുടെ പ്രണയ കഥയാണ് ജീവിതമെന്ന നദിയിലുള്ളതെങ്കില്‍ നഴ്സിങ് വിദ്യാര്‍ത്ഥി റോസിയുടെ പ്രണയാനുഭവങ്ങളാണ് വെള്ളിരേഖയിലുള്ളത്. 'വെള്ളി രേഖകള്‍'. സാറാ തോമസ്. ചിന്ത പബ്ളിക്കേഷന്‍സ്. വില 144 രൂപ.

◾വേനല്‍ക്കാലത്ത് ഉറപ്പായും ആശ്രയിക്കാവുന്ന ഒരു പഴമാണ് പൈനാപ്പിള്‍. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കും എന്നുമാത്രമല്ല ധാരാളം പോഷകങ്ങള്‍ അടങ്ങിയ പൈനാപ്പിള്‍ ആരോഗ്യത്തിന് ഏറെ നല്ലതുമാണ്. പൈനാപ്പിള്‍ കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്തി ശരീരത്തെ ആരോഗ്യത്തോടെ കാക്കാന്‍ സഹായിക്കും. അതുമാത്രമല്ല പൈനാപ്പിളില്‍ നിന്ന് ലഭിക്കുന്ന കാല്‍ഷ്യം പേശി വേദന അകറ്റുകയും ചെയ്യും. പൈനാപ്പിള്‍ ധാരാളം നാരുകള്‍ അടങ്ങിയ പഴമാണ്, അതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കും. പൈനാപ്പിള്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കും എന്നുമാത്രമല്ല പൊണ്ണത്തടി പോലുള്ള പ്രശ്‌നങ്ങളെയും അകറ്റാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ വേനല്‍ക്കാലത്ത് പൈനാപ്പിള്‍ കഴിക്കുന്നത് ഇതിന് സഹായിക്കും. ഇത് വയറിലെ കൊഴുപ്പടക്കം കുറയ്ക്കും. പൈനാപ്പിള്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. വേനല്‍ക്കാലത്ത് പലരെയും അലട്ടുന്ന പ്രശ്‌നമാണ് ഓക്കാനം, മനം മറിച്ചില്‍, ഛര്‍ദ്ദി തുടങ്ങിയവ. പൈനാപ്പിള്‍ കഴിക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. വേനല്‍ക്കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ സഹായിക്കുന്ന പഴമാണ് പൈനാപ്പിള്‍. പൈനാപ്പിളില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ഇമ്മ്യൂണിറ്റി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
ലോക ബോക്‌സിങ്ങ് വേദി കണ്ണീരില്‍ കുതിര്‍ന്ന ദിവസമായിരുന്നു 1991 സെപ്‌ററംബര്‍ 11. അന്നാണ് ബ്രിട്ടൂഷുകാരനായ ബോക്‌സര്‍ മൈക്കിള്‍ വാട്‌സണ്‍ ബോക്‌സിങ്ങ് റിങ്ങില്‍ ഗുരുതരമായി പരിക്കേറ്റ് വീണത്. ലണ്ടനിലെ വൈറ്റ് ഹാര്‍ട്‌ലെയിന്‍ സ്റ്റേഡിയത്തില്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് ജേതാവിനെ തീരുമാനിക്കാനുള്ള മത്സരത്തിനിടെ എതിരാളി ക്രിസ് യുബാങ്കിന്റെ ഇടിയേറ്റ് ബോക്‌സിങ്ങ് റിങ്ങില്‍ തലയിടിച്ചാണ് മൈക്കിള്‍ വാട്‌സന്‍ മറിഞ്ഞുവീണത്. ആ 26കാരന്റെ ജീവിതം പിന്നീട് നിരവധി ശസ്ത്രക്രിയകളും നീണ്ട ആശുപത്രിവാസവുമായി ഒതുങ്ങി. ഒരിക്കലും എഴുന്നേറ്റ് നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. പക്ഷേ, ആ വിധിയെ വിറപ്പിച്ചുകൊണ്ട് 2003 ലെ ലണ്ടന്‍ മാരത്തോണ്‍ അദ്ദേഹം പൂര്‍ത്തിയാക്കി. സ്പിരിറ്റ് ഓഫ് ലണ്ടന്‍ അവാര്‍ഡ് നല്‍കി രാജ്യം അന്ന് വാട്‌സനെ ആദരിച്ചു. തിരിച്ചുവരവുകള്‍ക്ക് എപ്പോഴും ചന്തം കൂടുതലായിരിക്കും.. കാരണം.. യാഥാര്‍ത്ഥ്യത്തിന്റെ തീയില്‍ വെന്തുരുകിയാണ് ഓരോ തിരിച്ചുവരവുകളും മനോഹരമാക്കപ്പെടുന്നത്.. അതിന് സെല്‍ഫ് ലവ് എന്നും നമുക്ക് വിളിക്കാം.. സെല്‍ഫ് ലവ് നമ്മുടെ ജീവിതത്തിലും ഉണ്ടാകട്ടെ... ഓരോ തിരിച്ചുവരവുകളും ആഘാഷിക്കപ്പെടട്ടെ - ശുഭദിനം.